ഫോമിൽ ചെന്നൈക്ക് മേൽക്കൈ; കമ്മിൻസിന്റെ തിരിച്ചുവരവ് കാത്ത് ഹൈദരാബാദ്
ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗ് 2026 ലെ ഇരുപത്തിയേഴാം മത്സരത്തിൽ ഇന്ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഗ്രൗണ്ടിൽ സൺറൈസേഴ്സ് ഹൈദരാബാദും ചെന്നൈ സൂപ്പർ കിംഗ്സും നേർക്കുനേർ എത്തുന്നു. അഞ്ചു മത്സരങ്ങളിൽ രണ്ട് വിജയങ്ങളുമായി ഇരു ടീമുകളും തുല്യ നിലയിൽ തുടരുമ്പോഴും സമീപകാല പ്രകടനങ്ങളിൽ വ്യത്യാസം വ്യക്തമാണ്. തുടർച്ചയായ വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ചെന്നൈ ഇറങ്ങുന്നത്, അതേസമയം കഴിഞ്ഞ മത്സരത്തിലെ ആവേശകരമായ വിജയം ഹൈദരാബാദിന് പ്രതിക്ഷ നൽകുന്നു. രാജസ്ഥാനെതിരായ ജയത്തിൽ യുവ ബൗളർമാരായ പ്രഭുൽ ഹിംഗെയും സാക്കിബ് ഹസൈനും നാല് വിക്കറ്റുകൾ വീതം വീഴ്ത്തിയ പ്രകടനം ശ്രദ്ധേയമായി, പാറ്റ് കമ്മിൻസിന്റെ അഭാവത്തിൽ ഉണ്ടായിരുന്ന ക്ഷീണം കുറയ്ക്കാൻ ഇത് സഹായിച്ചു. ബാറ്റിംഗിൽ അഭിഷേക് ശർമ്മയും ട്രാവിസ് ഹെഡും സ്ഥിരതയില്ലാതെ തുടരുമ്പോഴും ഹെൻറിച്ച് ക്ലാസന്റെ മികവും താൽക്കാലിക നായകൻ ഇഷാൻ കിഷന്റെ നല്ല പ്രകടനവും ഹൈദരാബാദിന് കരുത്താകുന്നു. മറുവശത്ത് പരിക്കുകളുടെ പിടിയിലായ ചെന്നൈ നിരയിൽ നഥാൻ എല്ലിസ്, സ്പെൻസർ ജോൺസൺ, ഖലീൽ അഹമ്മദ് എന്നിവരുടെ അഭാവം ബൗളിംഗ് നിരയെ ദുർബലമാക്കുമ്പോൾ മുകേഷ് ചൗധരിയെ പകരക്കാരനായി ഇറക്കാൻ സാധ്യതയുണ്ട്; നായകൻ ഋതുരാജ് ഗെയ്ക്‌വാദ് റൺ കണ്ടെത്താൻ പാടുപെടുമ്പോഴും സഞ്ജു സാംസണും ആയുഷ് മ്ഹാത്രെയും മികച്ച ഫോമിൽ തുടരുന്നു. നൂർ അഹമ്മദ്, അഖീൽ ഹൊസൈൻ എന്നിവർ ചേർന്ന സ്പിൻ സഖ്യം ഹൈദരാബാദ് ബാറ്റിംഗ് നിരയ്ക്ക് വെല്ലുവിളിയാകും. ഹൈദരാബാദ് മൈതാനത്തിലെ കണക്കുകൾ ചെന്നൈക്ക് അനുകൂലമല്ല. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ ഒറ്റ വിജയം മാത്രമാണ് ഇവിടെ നേടിയിട്ടുള്ളത്, ഈ സീസണിലെ പുറം മൈതാന മത്സരങ്ങളിലും അവർ വിജയിച്ചിട്ടില്ല. പിച്ച് ഇപ്പോൾ മന്ദഗതിയിലുള്ളതായതിനാൽ പന്ത് സാവധാനം വരുന്നത് ബാറ്റർമാർക്ക് ബുദ്ധിമുട്ടാകാൻ സാധ്യതയുണ്ട്. പാറ്റ് കമ്മിൻസിന്റെ തിരിച്ചുവരവ് ഹൈദരാബാദിനെ കൂടുതൽ ശക്തമാക്കുമോ അല്ലെങ്കിൽ ചെന്നൈയുടെ വിജയം തുടരുമോ എന്നതാണ് ഇന്നത്തെ പോരാട്ടത്തിലെ പ്രധാന ചോദ്യമായി മാറുന്നത്.
വിഷുക്കൈനീട്ടമായി ‘അതിമനോഹരം’
മോഹൻലാൽ 366-ാം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഹൻലാലും സംവിധായകൻ തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വിഷുദിനത്തിൽ പുറത്തിറങ്ങി. ആരാധകർക്ക് വിഷുക്കൈനീട്ടമായി എത്തിയ പോസ്റ്റർ ഇതിനകം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. ‘തുടരും’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ഒരുങ്ങുന്ന ഈ ചിത്രം ഇതുവരെ L366 എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ വിഷുദിനത്തിൽ രാവിലെ 10:10ന് അണിയറപ്രവർത്തകർ ചിത്രത്തിന്റെ ഔദ്യോഗിക പേര് പ്രഖ്യാപിച്ചു. പോസ്റ്ററിലെ ദൃശ്യമാണ് പ്രധാന ആകർഷണം.കാക്കി വേഷത്തിലുള്ള മോഹൻലാൽ, കൈകൾ വിരിച്ച് ആകാശത്തേക്ക് നോക്കുന്ന ഭാവത്തിൽ നിൽക്കുന്നു. ചുറ്റും ശബരിമലയിലേക്ക് പോകുന്ന അയ്യപ്പഭക്തരുടെ തിരക്ക് — ആ തിരക്കിനിടയിൽ ഒരു പോലീസ് ഓഫീസർ എന്ന കോൺട്രാസ്റ്റ് തന്നെയാണ് പോസ്റ്ററിന്റെ ഹൈലൈറ്റ്. ഫീൽ ഗുഡ് വൈഫ് സൃഷ്ടിച്ച ഈ വിഷ്വൽ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുകയാണ്. മോഹൻലാൽ 366-ാം ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്ക് ഉണ്ട്. ആദ്യമായി പുറത്തുവന്ന അപ്‌ഡേറ്റുകൾ പ്രകാരം പോലീസ് കഥാപാത്രമാണെന്ന് സൂചന ലഭിച്ചിരുന്നു. ചിത്രത്തിന്റെ തിരക്കഥ രതീഷ് രവി ഒരുക്കുന്നു. ഛായാഗ്രഹണം ഷാജി കുമാർ, സംഗീതം ജേക്‌സ് ബിജോയ്. എഡിറ്റിങ് വിവേക് ഹർഷൻ, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ഷൻ ഗോകുൽദാസ്, കോസ്റ്റ്യൂം മഷാർ ഹംസ. പ്രൊഡക്ഷൻ കൺട്രോളർ സുധർമൻ, മേക്കപ്പ് റോണെക്‌സ് സേവിയർ. ഡിജിറ്റൽ മാർക്കറ്റിങ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്. മലയാള സിനിമ ലോകവും ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം പ്രഖ്യാപനത്തോടൊപ്പം തന്നെ വലിയ ഹൈപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്. –
വിഷുവിനു ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച് “മോഹിനിയാട്ടം”; ആദ്യ ഭാഗത്തേക്കാൾ പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുന്നു…

കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ‘ഭരതനാട്യം’ എന്ന സിനിമയുടെ രണ്ടാം ഭാഗമായ ‘മോഹിനിയാട്ടം’ ഒരു പക്കാ ഫാമിലി എന്റർടെയ്നറാണ്. സൈജു കുറുപ്പ് എന്റർടെയ്ൻമെന്റ്സും തോമസ് തിരുവല്ല ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒടിടിയിൽ ലഭിച്ച വൻ പ്രേക്ഷകസ്വീകാര്യത കണക്കിലെടുത്ത് തിയേറ്ററിലെത്തിയ “മോഹിനിയാട്ടം” ആദ്യ ഭാഗത്തേക്കാൾ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. “ആദ്യ സിനിമ തിയേറ്ററിൽ പൊട്ടിക്കുകയും അതേ സിനിമയുടെ രണ്ടാം ഭാഗം സൂപ്പർഹിറ്റാക്കുകയും ചെയ്ത മിഥുൻ ആണ് ഞങ്ങളുടെ പ്രചോദനം,” എന്ന് എഴുതി കാണിച്ചുകൊണ്ടാണ് ചിത്രം ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തിയത്. ‘ഭരതനാട്യ’ത്തിൽ ഭരതൻ നായരുടെ മരണത്തോടെയാണ് ആദ്യ ഭാഗം അവസാനിച്ചത്. എന്നാൽ ‘മോഹിനിയാട്ടത്തിൽ’ കഥ തുടരുന്നത് ഭരതൻ നായരുടെ അന്ത്യകർമ്മങ്ങളിൽ നിന്നാണ്. ഭരതൻ നായരുടെ രണ്ടാം ഭാര്യയായ രുക്മിണിയമ്മയുടെയും മകൻ അജയ് ഘോഷിന്റെയും നാട്ടിലേക്ക് ശശിധരൻ നായരും കുടുംബവും എത്തുന്നതും അവിടെയുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മരണം പോലും ഹാസ്യമായി അവതരിപ്പിക്കപ്പെടുമ്പോൾ, ഇടയ്ക്കിടെ വില്ലന്റെ നെഗറ്റീവ് വശങ്ങൾ ആളുകളിലേക്ക് എത്തിച്ചുകൊണ്ട് അവരെ കുറ്റബോധത്തിൽ നിന്ന് മുക്തരാക്കി ഹാസ്യം ആസ്വദിക്കാനുള്ള ശ്രമവും സിനിമയിൽ ഒരുക്കുന്നുണ്ട്. എടുത്തു പറയേണ്ട മറ്റൊന്ന് അഭിനയ പ്രകടനം തന്നെയാണ്. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോർട്ട്, ബേബി ജീൻ, കലാരഞ്ജിനി, ശ്രീജ രവി, അഭിറാം രാധാകൃഷ്ണൻ, സ്വാതി ദാസ് പ്രഭു, ദിവ്യ നായർ, ശ്രുതി സുരേഷ്, നന്ദു പൊതുവാൾ, ജിനിൽ, ജിവിൻ, സന്തോഷ് ഗുരുവായൂർ, നിസ്‌താർ സേട്ട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബാലചന്ദ്രൻ ചുള്ളിക്കാട്, സന്തോഷ് കെ. നായർ തുടങ്ങിയവരും വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. മൊത്തത്തിൽ ലോജിക് നോക്കാതെ, കുറച്ചുനേരം അടിച്ചുപൊളിച്ച് ചിരിക്കണമെന്നുണ്ടെങ്കിൽ ‘മോഹിനിയാട്ടത്തിന്’ ധൈര്യമായി ടിക്കറ്റെടുക്കാം!