കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ‘ഭരതനാട്യം’ എന്ന സിനിമയുടെ രണ്ടാം ഭാഗമായ ‘മോഹിനിയാട്ടം’ ഒരു പക്കാ ഫാമിലി എന്റർടെയ്നറാണ്. സൈജു കുറുപ്പ് എന്റർടെയ്ൻമെന്റ്സും തോമസ് തിരുവല്ല ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒടിടിയിൽ ലഭിച്ച വൻ പ്രേക്ഷകസ്വീകാര്യത കണക്കിലെടുത്ത് തിയേറ്ററിലെത്തിയ “മോഹിനിയാട്ടം” ആദ്യ ഭാഗത്തേക്കാൾ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.
“ആദ്യ സിനിമ തിയേറ്ററിൽ പൊട്ടിക്കുകയും അതേ സിനിമയുടെ രണ്ടാം ഭാഗം സൂപ്പർഹിറ്റാക്കുകയും ചെയ്ത മിഥുൻ ആണ് ഞങ്ങളുടെ പ്രചോദനം,” എന്ന് എഴുതി കാണിച്ചുകൊണ്ടാണ് ചിത്രം ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തിയത്.
‘ഭരതനാട്യ’ത്തിൽ ഭരതൻ നായരുടെ മരണത്തോടെയാണ് ആദ്യ ഭാഗം അവസാനിച്ചത്. എന്നാൽ ‘മോഹിനിയാട്ടത്തിൽ’ കഥ തുടരുന്നത് ഭരതൻ നായരുടെ അന്ത്യകർമ്മങ്ങളിൽ നിന്നാണ്. ഭരതൻ നായരുടെ രണ്ടാം ഭാര്യയായ രുക്മിണിയമ്മയുടെയും മകൻ അജയ് ഘോഷിന്റെയും നാട്ടിലേക്ക് ശശിധരൻ നായരും കുടുംബവും എത്തുന്നതും അവിടെയുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
മരണം പോലും ഹാസ്യമായി അവതരിപ്പിക്കപ്പെടുമ്പോൾ, ഇടയ്ക്കിടെ വില്ലന്റെ നെഗറ്റീവ് വശങ്ങൾ ആളുകളിലേക്ക് എത്തിച്ചുകൊണ്ട് അവരെ കുറ്റബോധത്തിൽ നിന്ന് മുക്തരാക്കി ഹാസ്യം ആസ്വദിക്കാനുള്ള ശ്രമവും സിനിമയിൽ ഒരുക്കുന്നുണ്ട്. എടുത്തു പറയേണ്ട മറ്റൊന്ന് അഭിനയ പ്രകടനം തന്നെയാണ്. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോർട്ട്, ബേബി ജീൻ, കലാരഞ്ജിനി, ശ്രീജ രവി, അഭിറാം രാധാകൃഷ്ണൻ, സ്വാതി ദാസ് പ്രഭു, ദിവ്യ നായർ, ശ്രുതി സുരേഷ്, നന്ദു പൊതുവാൾ, ജിനിൽ, ജിവിൻ, സന്തോഷ് ഗുരുവായൂർ, നിസ്‌താർ സേട്ട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബാലചന്ദ്രൻ ചുള്ളിക്കാട്, സന്തോഷ് കെ. നായർ തുടങ്ങിയവരും വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു.
മൊത്തത്തിൽ ലോജിക് നോക്കാതെ, കുറച്ചുനേരം അടിച്ചുപൊളിച്ച് ചിരിക്കണമെന്നുണ്ടെങ്കിൽ ‘മോഹിനിയാട്ടത്തിന്’ ധൈര്യമായി ടിക്കറ്റെടുക്കാം!



