‘ഒരു ദുരൂഹ സാഹചര്യത്തില്‍’കയ്യടി നേടി ചാക്കോച്ചന്‍ ;തിയേറ്ററുകളില്‍ തരംഗമായ് ചിത്രം

രതീഷ് ബാലകൃഷ്ണന്‍ പൊതുവാളും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിച്ചപ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ വാനോളമായിരുന്നു. ഇപ്പോള്‍ ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ സേതു എന്ന കഥാപാത്രമാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. വയനാട് തിരുനെല്ലിയിലെ തോല്‍പ്പട്ടി എന്ന ഗ്രാമത്തെ പശ്ചാത്തലമാക്കിയാണ് ഈ ചിത്രം വികസിക്കുന്നത്. വെറുമൊരു പേരില്‍ ഒതുങ്ങാതെ സിനിമയുടെ ടോണിനെ മൊത്തത്തില്‍ നിര്‍വചിക്കുന്ന ഒരു അനുഭവമായി ‘ഒരു ദുരൂഹ സാഹചര്യത്തില്‍’ മാറുന്നു.സേതുവിന്റെയും മധുവിന്റെയും ജീവിതത്തിലൂടെയാണ് കഥ മുന്നോട്ട് പോവുന്നത്. ഒരു ഗവണ്‍മെന്റ് ഹെല്‍ത്ത് വര്‍ക്കറായ സേതു (കുഞ്ചാക്കോ ബോബന്‍) ആണ് കഥയിലെ കേന്ദ്രബിന്ദു. കിടപ്പിലായ സഹോദരന്‍ മധുവിനെ പരിചരിക്കുന്നതാണ് സേതുവിന്റെ ലോകം. മരിച്ചുപോയ ഇളയപ്പന്‍ മാര്‍ക്കോസിന്റെ വിയോഗം താങ്ങാനാവാത്ത മധുവിന്റെ മനസ്സ് ഒരു ഭ്രമലോകം സൃഷ്ടിക്കുന്നു. മധുവിന്റെ മാനസികാരോഗ്യം നിലനിര്‍ത്താന്‍, സേതുവിന് ഇടയ്ക്കിടെ മരിച്ചുപോയ ഇളയപ്പന്‍ മാര്‍ക്കോസായി അഭിനയിക്കേണ്ടി വരുന്നു. ഈ വൈകാരിക പശ്ചാത്തലത്തില്‍ നിന്നാണ് ചിത്രം ഒരു ഉദ്വേഗഭരിതമായ ത്രില്ലറിലേക്ക് വഴിമാറുന്നത്.സേതുവിന്റെ മാനസിക സംഘര്‍ഷങ്ങളെ വളരെ കൃത്യമായി ചാക്കോച്ചന്‍ സ്‌ക്രീനില്‍ എത്തിക്കുന്നുണ്ട്.കുഞ്ചാക്കോ ബോബന്റെ പ്രകടനം കരിയറിലെ തന്നെ ഏറ്റവും ഞെട്ടിക്കുന്നതും പക്വവുമായ പ്രകടനമാണ് സേതുവിലൂടെ ആരാധകര്‍ വിലയിരുത്തുന്നത്.ചിത്രത്തിലെ പ്രകടനം കണ്ട ആരാധകര്‍ പറയുന്നത് ചാക്കോച്ചനെ തേടി ഇത്തവണ പുരസ്‌കാരങ്ങള്‍ എത്തുമെന്നാണ്.

സൈബര്‍ ക്രൈം ത്രില്ലറുമായി പുനീത്; ‘അച്യുത അവതാര’ത്തിന്റെ പുത്തന്‍ പോസ്റ്റര്‍ പുറത്തിറങ്ങി!

കന്നഡയിലെ പ്രമുഖ എഴുത്തുകാരനും ചലച്ചിത്ര പ്രവര്‍ത്തകനുമായ പുനീത് ആദ്യമായി മലയാളത്തില്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അച്യുത അവതാര’ത്തിന്റെ പുത്തന്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. റെയ്‌റ വെഞ്ചേഴ്സിന്റെ ബാനറില്‍ രമേശ.സി, രുദ്രമൂര്‍ത്തി, രാജേഷ്.ആര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.ഒരു പക്കാ സൈബര്‍ ക്രൈം ത്രില്ലറായി ഒരുങ്ങുന്ന ചിത്രം മെയ് മാസത്തില്‍ തീയേറ്ററുകളിലെത്തും.മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. സൈബര്‍ ആസക്തിയുടെ ഭയാനകമായ പ്രത്യാഘാതങ്ങളും അതോടൊപ്പം ഹൃദയസ്പര്‍ശിയായ ഫാമിലി ഡ്രാമയും സമന്വയിപ്പിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.മാളവിക നന്ദന്‍, അവിനാശ് (കാന്താര ഫെയിം), സീമ ജി. നായര്‍ എന്നിവര്‍ക്കൊപ്പം പ്രമുഖ ദക്ഷിണേന്ത്യന്‍ താരങ്ങളും വേഷമിടുന്നു. ദേശീയ അവാര്‍ഡ് ജേതാവായ ആനന്ദ് മീനാക്ഷിയാണ് ചിത്രില്‍ കാമറ കൈകാര്യം ചെയ്യുന്നത്.ഹരീഷ് മോഹനന്റെ വരികള്‍ക്ക് പ്രസന്ന കുമാര്‍ എം.എസ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. എഡിറ്റിങ്: പവന്‍ പൂവയ്യ & മഹേഷ് തോട്ട, ആര്‍ട്ട്: നാഗരാജു & നവീന്‍, വി. എഫ്.എക്‌സ് & ഡിസൈന്‍സ്: ഐഡന്റ് ലാബ്‌സ്, ലൈന്‍ പ്രൊഡ്യൂസര്‍: ലോഹിത് ഷെട്ടി പാല്‍ഗെ & അഖില്‍ ഉച്ചില്‍, മേക്കപ്പ്: വികാസ് & ഷിജിനി, കോസ്റ്റ്യൂംസ്: മഞ്ജുനാഥ്. വി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: വിശ്വനാഥ് ബി.എച്ച് കുമാര്‍, ജഗദീഷ് മളവള്ളി, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: വൈറ്റ് പേപ്പര്‍, പി.ആര്‍.ഓ: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

വേദനസംഹാരികളുടെ അമിതോപയോഗം: കരളിന് നിശ്ശബ്ദ ഭീഷണി

വേദനയെന്നത് ശരീരത്തിന്റെ മുന്നറിയിപ്പാണ്, പക്ഷേ അതിനെ നിശ്ശബ്ദമാക്കാൻ നമ്മൾ പലപ്പോഴും ഉടൻ തേടുന്നത് ഒരു ഗുളികയാണ്. തലവേദനയോ വയറുവേദനയോ വന്നാൽ ഡോക്ടറെ സമീപിക്കാതെ സ്വമേധയാ മരുന്ന് വാങ്ങി കഴിക്കുന്നത് ഇന്നത്തെ ജീവിതശൈലിയുടെ ഭാഗമായിക്കഴിഞ്ഞു. എന്നാൽ ഈ ചെറുതായി തോന്നുന്ന ശീലം തന്നെ കരളിനെ പതുക്കെ ബാധിക്കുന്ന അപകടകരമായ വഴിയാകാമെന്നതാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. തലവേദനയോ വയറുവേദനയോ വന്നാൽ ഡോക്ടറെ സമീപിക്കാതെ സ്വമേധയാ മരുന്ന് വാങ്ങി കഴിക്കുന്ന പ്രവണത സാധാരണമാണ്. നിർദേശിച്ച അളവിലും ശരിയായ രീതിയിലും ഉപയോഗിച്ചാൽ വേദനസംഹാരികൾ സുരക്ഷിതവും ഫലപ്രദവുമാണ്. എന്നാൽ നിയന്ത്രണമില്ലാതെ, സ്വന്തം ഇഷ്ടപ്രകാരം ഉപയോഗിക്കുന്നത് ഡോസ് അമിതമാകാൻ ഇടയാക്കുകയും തുടർന്ന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. വേദനസംഹാരികളുടെ അമിത ഉപയോഗവും കരളിനുള്ള കേടുപാടുകളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന പഠനം Therapeutic Advances in Gastroenterology ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മരുന്നുകളുടെ സ്വാധീനത്താൽ ഉണ്ടാകുന്ന കരളിനുള്ള കേടുപാടുകളെ “ഡ്രഗ് ഇൻഡ്യൂസ്ഡ് ലിവർ ഇഞ്ചുറി” (DILI) എന്നാണ് വിളിക്കുന്നത്. ഉപയോഗിക്കുന്ന മരുന്നിന്റെ സ്വഭാവം അനുസരിച്ച് അപകടസാധ്യതയും മാറുന്നു. ശരീരത്തിൽ പ്രവേശിക്കുന്ന മരുന്നുകളെ വിഘടിപ്പിച്ച് പുറത്താക്കുന്നതിൽ കരളിന് നിർണായക പങ്കുണ്ട്. എന്നാൽ സ്ഥിരമായി കൂടിയ അളവിൽ മരുന്നുകൾ കഴിക്കുമ്പോൾ ഈ പ്രക്രിയ തകരാറിലാകുകയും അത് ക്രമേണ കരളിന്റെ പ്രവർത്തനത്തെ ദുർബലപ്പെടുത്തുകയും ചെയ്യും. ഇതുവഴി ഗുരുതരമായ കരൾരോഗങ്ങൾ വരെ ഉണ്ടാകാൻ സാധ്യതയുണ്ട്. പൊതുവേ വ്യാപകമായി ഉപയോഗിക്കുന്ന വേദനസംഹാരികളിൽ പ്രധാനപ്പെട്ടത് പാരസീറ്റമോളാണ്. നിർദേശിച്ച അളവിൽ അത് സുരക്ഷിതമാണെങ്കിലും അമിതമായി കഴിക്കുമ്പോൾ കരളിന് വലിയ നാശം സംഭവിക്കും. കരൾരോഗമുള്ളവർ, മദ്യപാനം ചെയ്യുന്നവർ, പാരസീറ്റമോൾ അടങ്ങിയ മറ്റ് മരുന്നുകളും ഒരുമിച്ച് ഉപയോഗിക്കുന്നവർ എന്നിവർക്കാണ് അപകടസാധ്യത കൂടുതൽ. വിദഗ്ധർ പറയുന്നതനുസരിച്ച് പാരസീറ്റമോളിനെ അപേക്ഷിച്ച് ഐബുപ്രൂഫൻ കുറച്ചുകൂടി സുരക്ഷിതമായേക്കാം, എന്നാൽ അത് പൂര്‍ണമായും അപകടരഹിതമല്ല. New England Journal of Medicine പ്രസിദ്ധീകരിച്ച പഠനങ്ങൾ പ്രകാരം ഡൈക്ലോഫിനാക് പോലുള്ള ചില വേദനസംഹാരികൾ കരളിനെ വേഗത്തിൽ ബാധിക്കാൻ സാധ്യതയുള്ളവയാണ്. ദീർഘകാല ഉപയോഗം കൂടുതൽ അപകടകരമാണ്. അമിത ക്ഷീണം, ഓക്കാനം, ഛർദി, കണ്ണിനും ചർമത്തിനും മഞ്ഞനിറം, ഇരുണ്ട നിറത്തിലുള്ള മൂത്രം, അടിവയറുവേദന തുടങ്ങിയ ലക്ഷണങ്ങൾ കാണുമ്പോൾ വൈകാതെ ഡോക്ടറെ സമീപിക്കണം. ഇത്തരം ലക്ഷണങ്ങൾ കരളിന്റെ പ്രശ്നങ്ങൾക്ക് സൂചനയായിരിക്കാം. മരുന്നുകൾ ഉപയോഗിക്കുമ്പോൾ ലേബൽ കൃത്യമായി വായിക്കുകയും നിർദേശിച്ച അളവിൽ മാത്രം കഴിക്കുകയും വേണം. ഒരേ ഘടകമുള്ള പല മരുന്നുകളും ഒരുമിച്ച് കഴിക്കരുത്. വേദനസംഹാരികൾ കഴിക്കുമ്പോൾ മദ്യപാനം ഒഴിവാക്കണം. ഡോക്ടറുടെ നിർദേശമില്ലാതെ ദീർഘകാലം മരുന്നുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുകയും സ്ഥിരമായി വേദന അനുഭവപ്പെടുന്നവർ ചികിത്സ തേടുകയും വേണം. വേദന കുറയ്ക്കാനായി കഴിക്കുന്ന ഒരു ചെറിയ ഗുളിക പോലും തെറ്റായ രീതിയിൽ ഉപയോഗിക്കുമ്പോൾ കരളിന് വലിയ ഭീഷണിയാകാം. അതിനാൽ സ്വയം ചികിത്സ ഒഴിവാക്കി, അറിവോടെയും നിയന്ത്രണത്തോടെയും മരുന്നുകൾ ഉപയോഗിക്കുന്നത് ആരോഗ്യകരമായ ജീവിതത്തിനുള്ള പ്രധാന ഘടകമാണ്.

മുംബൈ vs ചെന്നൈ: ഐപിഎൽ ‘എൽ ക്ലാസിക്കോ’ ഇന്ന് വാങ്കഡെയിൽ

ഐപിഎൽ എലെ ക്ലാസിക്കോ പോരാട്ടത്തിന് ഇന്ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം സാക്ഷ്യം വഹിക്കുമ്പോൾ . ഈ സീസണിൽ പ്ലേഓഫ് സാധ്യതകൾ നിലനിർത്താൻ ഇരുടീമുകൾക്കും ഇന്നത്തെ വിജയം അനിവാര്യമാണ്. മത്സരം രാത്രി 7:30-ന് ആരംഭിക്കും. നിലവിലെ ഫോമിൽ മുംബൈയും ചെന്നൈയും ആറു മത്സരങ്ങളിൽ രണ്ടെണ്ണം വീതം ജയിച്ച നിലയിലാണ്. തുടർച്ചയായ നാല് തോൽവികൾക്ക് ശേഷം ഗുജറാത്ത് ടൈറ്റൻസിനെതിരെ നേടിയ 99 റൺസിന്റെ കൂറ്റൻ വിജയം മുംബൈയ്ക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. തിലക് വർമ്മ 45 പന്തിൽ 101* റൺസ് നേടി മികച്ച ഫോമിലേക്ക് തിരിച്ചെത്തിയപ്പോൾ, ജസ്പ്രീത് ബുമ്ര ആദ്യ അഞ്ച് മത്സരങ്ങളിൽ വിക്കറ്റ് ലഭിക്കാതിരുന്ന അവസ്ഥയ്ക്ക് വിരാമമിട്ട് കഴിഞ്ഞ മത്സരത്തിൽ ആദ്യ പന്തിൽ തന്നെ വിക്കറ്റ് നേടി താളം കണ്ടെത്തി. ബോളിംഗ് നിരയിൽ ഷർദുൽ താക്കൂറിന് പകരം എത്തിയ അശ്വനി കുമാറിന്റെ 4 വിക്കറ്റ് പ്രകടനം ടീമിന് പുതിയ ഊർജ്ജം നൽകിയിട്ടുണ്ട്. മികച്ച തുടക്കം ലഭിച്ചെങ്കിലും പരിക്കുകൾ ചെന്നൈയെ തളർത്തുന്നുണ്ട്. ഖലീൽ അഹമ്മദ്, ആയുഷ് മഹാത്രെ എന്നിവർ പുറത്തായത് വലിയ നഷ്ടമാണ്. ക്യാപ്റ്റൻ റുതുരാജ് ഗായകവാഡിന്റെ ഫോം ഇല്ലായ്മ ടീമിനെ അലട്ടുന്നു, ആറു മത്സരങ്ങളിൽ 82 റൺസ് മാത്രമാണ് അദ്ദേഹത്തിനുള്ളത്. അതേസമയം, 13 വിക്കറ്റുകളോടെ പർപ്പിൾ ക്യാപ് സ്വന്തമാക്കിയ അൻഷുൽ കംബോജിന്റെ ബോളിംഗിലാണ് ചെന്നൈയുടെ പ്രധാന പ്രതീക്ഷ. നേർക്കുനേർ കണക്കുകളിൽ മുംബൈയ്ക്ക് നേരിയ മുൻതൂക്കം ഉണ്ട്. ഇതുവരെ നടന്ന 39 മത്സരങ്ങളിൽ 21 ജയം മുംബൈ സ്വന്തമാക്കിയപ്പോൾ, ചെന്നൈ 18 മത്സരങ്ങളിൽ വിജയിച്ചു. ഈ മത്സരത്തിൽ ഉറ്റുനോക്കുന്ന താരങ്ങളിൽ സൂര്യകുമാർ യാദവ് പ്രധാനമാണ്. ചെന്നൈക്കെതിരെ മികച്ച റെക്കോർഡ് ഉള്ള താരം ഇന്ന് വലിയ ഇന്നിംഗ്‌സ് കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അൻഷുൽ കംബോജ് ഡെത്ത് ഓവറുകളിലെ തന്റെ വിക്കറ്റ് നേടുന്ന കഴിവിലൂടെ വീണ്ടും നിർണായകമാകും. അതേസമയം, പരിശീലനത്തിനിറങ്ങിയ എം.എസ്. ധോണി ഇന്ന് കളത്തിലിറങ്ങുമോ എന്നതും പ്രധാന ചോദ്യമായി തുടരുന്നു. വാങ്കഡെയിലെ ബാറ്റിംഗ് സൗഹൃദ പിച്ചിൽ 220-ന് മുകളിലുള്ള സ്കോർ പോലും സുരക്ഷിതമാകില്ല. ടോസ് വിജയിക്കുന്നവർ ബോളിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത. ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യവും തിലക് വർമ്മയുടെ ഫോമും മുംബൈയ്ക്ക് നേരിയ മുൻതൂക്കം നൽകുന്നു.

തൊപ്പി ഇനി വെള്ളിത്തിരയിൽ..ബൂം ബാങ്’ ചിത്രീകരണം ആരംഭിച്ചു.

സോഷ്യൽ മീഡിയ സെൻസേഷൻ നിഹാദ് തൊപ്പി ഇനി വെള്ളിത്തിരയിലേക്ക്! ബ്രിട്ടീഷ് സിനിമാസിന്റെ ബാനറിൽ ജുനൈദ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ‘ബൂം ബാങ്’ എന്ന ചിത്രത്തിന് കൊച്ചിയിൽ ആവേശകരമായ തുടക്കം. കൊച്ചി ചവറ കൾചറൽ സെൻ്ററിൽ വെച്ച് നടന്ന പൂജ ചടങ്ങുകളോടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. സിജു വിൽസൺ, സിദ്ധാർഥ് ഭരതൻ തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പം യൂട്യൂബർ നിഹാദ് തൊപ്പിയും പ്രധാന വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്.സിജു വിൽസൺ, സിദ്ധാർഥ് ഭരതൻ, നിഷാന്ത് സാഗർ, അരുൺ കുര്യൻ, സുബിൻ ടാർസൻ, മിഥുട്ടി, ദേവിക സതീഷ്, ഷാരിക്ക് മുഹമ്മദ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണങ്ങൾ എന്നിവ ഒരുക്കിയിരിക്കുന്നത്ജിൻഷാദ് ഗുരുവായൂർ ആണ് . ലൈൻ പ്രൊഡ്യൂസർ -ഗിരീഷ് കൊടുങ്ങല്ലൂർ.ഛായാഗ്രാഹകൻ- ജിൻഷാദ് ഗുരുവായൂർ, എഡിറ്റർ- നിർമൽ ആർ, ആർട്ട് ഡയറക്ടർ-അനൂപ് വിജയകുമാർ, സംഗീതവും ഒറിജിനൽ സ്കോറും- ജുബൈർ മുഹമ്മദ്, മേക്കപ്പ്- റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം-മെൽവി ജെ, ആക്ഷൻ കൊറിയോഗ്രാഫർ-റോബിൻ ടോം, ഓഡിയോഗ്രാഫി- ഗോകുൽ ഗോപിനാഥ്, സ്റ്റിൽസ്- രാഹുൽ എം സത്യൻ, എസ്. ബി. കെ. ഷുഹൈബ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- തൻവിൻ നസീർ, ചീഫ് അസോസിയേറ്റ് DOP-ഹേമചന്ദ് ഹേമചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ- പ്രസാദ് നമ്പ്യൻകാവ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്ത്സ്, പിആർഒ- വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ, എ എസ് ദിനേശ്, മാർക്കറ്റിംഗ് കൺസൾട്ടന്റ്റ് ബ്രിങ് ഫോർത്ത് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

ദൃശ്യം 3 നിയമക്കുരുക്കിൽ: ഒടിടി അവകാശം വിൽക്കുന്നതിന് ഡൽഹി ഹൈക്കോടതിയുടെ സ്റ്റേ

​മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ദൃശ്യം 3’ സിനിമയുടെ ഒടിടി അവകാശങ്ങൾ വിൽക്കുന്നതിന് ഡൽഹി ഹൈക്കോടതി താൽക്കാലിക വിലക്കേർപ്പെടുത്തി. ചിത്രത്തിന്റെ നിർമ്മാതാക്കൾ കരാർ ലംഘനം നടത്തുന്നു എന്ന് കാണിച്ച് ആമസോൺ പ്രൈം വീഡിയോ നൽകിയ ഹർജിയിലാണ് കോടതിയുടെ ഈ നടപടി. ദൃശ്യം സിനിമയുടെ മുൻ ഭാഗങ്ങളുടെ സ്ട്രീമിംഗ് അവകാശം ആമസോണിനായിരുന്നു എന്നും, പുതിയ ഭാഗത്തിന്റെ കാര്യത്തിലും തങ്ങൾക്കു മുൻഗണന നൽകുന്ന കരാർ വ്യവസ്ഥകൾ നിലവിലുണ്ടെന്നുമാണ് കമ്പനിയുടെ വാദം. എന്നാൽ ഇത് പരിഗണിക്കാതെ മറ്റ് ഒടിടി പ്ലാറ്റ്‌ഫോമുകളുമായി നിർമ്മാതാക്കൾ ചർച്ച നടത്തുന്നു എന്നാരോപിച്ചാണ് ആമസോൺ കോടതിയെ സമീപിച്ചത്. കേസിൽ വ്യക്തത വരുന്നത് വരെ ഒടിടി അവകാശങ്ങൾ മറ്റ് കമ്പനികൾക്ക് കൈമാറരുതെന്ന് കോടതി കർശന നിർദ്ദേശം നൽകി. ദൃശ്യം 3-ന്റെ അണിയറ പ്രവർത്തനങ്ങൾ പുരോഗമിക്കവെ പുറത്തുവന്ന ഈ വാർത്ത സിനിമാ പ്രേമികൾക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.