രതീഷ് ബാലകൃഷ്ണന്‍ പൊതുവാളും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിച്ചപ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ വാനോളമായിരുന്നു. ഇപ്പോള്‍ ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ സേതു എന്ന കഥാപാത്രമാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.
വയനാട് തിരുനെല്ലിയിലെ തോല്‍പ്പട്ടി എന്ന ഗ്രാമത്തെ പശ്ചാത്തലമാക്കിയാണ് ഈ ചിത്രം വികസിക്കുന്നത്. വെറുമൊരു പേരില്‍ ഒതുങ്ങാതെ സിനിമയുടെ ടോണിനെ മൊത്തത്തില്‍ നിര്‍വചിക്കുന്ന ഒരു അനുഭവമായി ‘ഒരു ദുരൂഹ സാഹചര്യത്തില്‍’ മാറുന്നു.സേതുവിന്റെയും മധുവിന്റെയും ജീവിതത്തിലൂടെയാണ് കഥ മുന്നോട്ട് പോവുന്നത്.
ഒരു ഗവണ്‍മെന്റ് ഹെല്‍ത്ത് വര്‍ക്കറായ സേതു (കുഞ്ചാക്കോ ബോബന്‍) ആണ് കഥയിലെ കേന്ദ്രബിന്ദു. കിടപ്പിലായ സഹോദരന്‍ മധുവിനെ പരിചരിക്കുന്നതാണ് സേതുവിന്റെ ലോകം. മരിച്ചുപോയ ഇളയപ്പന്‍ മാര്‍ക്കോസിന്റെ വിയോഗം താങ്ങാനാവാത്ത മധുവിന്റെ മനസ്സ് ഒരു ഭ്രമലോകം സൃഷ്ടിക്കുന്നു. മധുവിന്റെ മാനസികാരോഗ്യം നിലനിര്‍ത്താന്‍, സേതുവിന് ഇടയ്ക്കിടെ മരിച്ചുപോയ ഇളയപ്പന്‍ മാര്‍ക്കോസായി അഭിനയിക്കേണ്ടി വരുന്നു. ഈ വൈകാരിക പശ്ചാത്തലത്തില്‍ നിന്നാണ് ചിത്രം ഒരു ഉദ്വേഗഭരിതമായ ത്രില്ലറിലേക്ക് വഴിമാറുന്നത്.സേതുവിന്റെ മാനസിക സംഘര്‍ഷങ്ങളെ വളരെ കൃത്യമായി ചാക്കോച്ചന്‍ സ്‌ക്രീനില്‍ എത്തിക്കുന്നുണ്ട്.കുഞ്ചാക്കോ ബോബന്റെ പ്രകടനം കരിയറിലെ തന്നെ ഏറ്റവും ഞെട്ടിക്കുന്നതും പക്വവുമായ പ്രകടനമാണ് സേതുവിലൂടെ ആരാധകര്‍ വിലയിരുത്തുന്നത്.ചിത്രത്തിലെ പ്രകടനം കണ്ട ആരാധകര്‍ പറയുന്നത് ചാക്കോച്ചനെ തേടി ഇത്തവണ പുരസ്‌കാരങ്ങള്‍ എത്തുമെന്നാണ്.





