ചെപ്പോക്കിൽ ക്ലാസിക് പോരാട്ടം: തിരിച്ചുവരവിനായി ചെന്നൈയും മുംബൈയും നേർക്കുനേർ

ഐപിഎല്ലിലെ ക്ലാസിക് പോരാട്ടം രണ്ടാം പാദത്തിലേക്ക് കടക്കുമ്പോൾ ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത് ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലേക്കാണ്.അഞ്ച് കിരീടങ്ങൾ വീതം സ്വന്തമാക്കി ലീഗിലെ ഏറ്റവും കരുത്തരായ ചെന്നൈ സൂപ്പർ കിങ്‌സും മുംബൈ ഇന്ത്യൻസും ഇത്തവണ പട്ടികയുടെ താഴെത്തട്ടിലാണ് നിലയുറപ്പിച്ചിരിക്കുന്നത്.എട്ട് മത്സരങ്ങളിൽ നിന്ന് വെറും രണ്ട് വിജയങ്ങൾ മാത്രം സ്വന്തമായുള്ള ഹാർദിക് പാണ്ഡ്യയുടെ മുംബൈയ്ക്ക് ഇനി ശേഷിക്കുന്ന ആറ് മത്സരങ്ങളും വിജയിച്ചാലും പ്ലേ ഓഫ് ഉറപ്പിക്കാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. മുംബൈയെ സംബന്ധിച്ചിടത്തോളം ബാറ്റിങ് നിരയിലെ പരീക്ഷണങ്ങൾ ഇതുവരെ ഫലം കണ്ടിട്ടില്ല. രോഹിത് ശർമ്മയുടെ പരിക്കും ക്വിന്റൺ ഡി കോക്കിന്റെ പിന്മാറ്റവും ടീമിനെ സാരമായി ബാധിച്ചു.എങ്കിലും ഹൈദരാബാദിനെതിരെ പുറത്താകാതെ 123 റൺസ് നേടി റയാൻ റിക്കൽട്ടൺ ഫോമിലേക്ക് ഉയർന്നത് അവർക്ക് പ്രതീക്ഷ നൽകുന്നുണ്ട്. എന്നാൽ സൂര്യകുമാർ യാദവ്, തിലക് വർമ്മ, നമൻ ധിർ എന്നിവരടങ്ങുന്ന മധ്യനിര പ്രതീക്ഷക്കൊത്ത് ഉയരാത്തതാണ് നിലവിൽ ടീമിനെ വലയ്ക്കുന്നത്.മുൻ സീസണിലെ മികവ് ആവർത്തിക്കാൻ സൂര്യകുമാറിന് ഇതുവരെ സാധിച്ചിട്ടില്ല.ബാറ്റിങ്ങിനേക്കാൾ ഉപരിയായി മുംബൈയുടെ ബൗളിങ് നിര വലിയ ആശങ്കയാണ് ഉയർത്തുന്നത്. അവസാന മത്സരത്തിൽ 243 റൺസ് പ്രതിരോധിക്കാൻ കഴിയാതിരുന്നത് ടീമിന്റെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്. ലോകോത്തര ബൗളറായ ജസ്പ്രീത് ബുംറയുടെ ഫോമില്ലായ്മയാണ് ഏറ്റവും വലിയ തിരിച്ചടി. 132 എന്ന ബൗളിങ് ശരാശരിയിൽ പന്തെറിയുന്ന ബുംറയ്ക്ക് ചെന്നൈയിലെ വലിയ ബൗണ്ടറികൾ പ്രയോജനപ്പെടുത്താൻ സാധിക്കുമോ എന്നാണ് ആരാധകർ നോക്കുന്നത്.മറുഭാഗത്ത് ചെന്നൈ സൂപ്പർ കിങ്‌സും സ്ഥിരതയില്ലാത്ത പ്രകടനമാണ് കാഴ്ചവെക്കുന്നത്. എട്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയങ്ങൾ മാത്രമാണ് ചെന്നൈയ്ക്കുള്ളത്. ആയുഷ് മത്രെയുടെ പരിക്ക് ടീമിന് തിരിച്ചടിയായപ്പോൾ സഞ്ജു സാംസണിന്റെ ഒറ്റയാൾ പോരാട്ടത്തിലാണ് ടീം പലപ്പോഴും മുന്നോട്ട് നീങ്ങുന്നത്.നായകൻ റുതുരാജ് ഗെയ്‌ക്‌വാദിന്റെ മങ്ങിയ ഫോമും മധ്യനിരയിലെ മെല്ലെപ്പോക്കും ചെന്നൈയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. മുൻപ് മുംബൈയെ അവരുടെ തട്ടകത്തിൽ 103 റൺസിന് തോൽപ്പിച്ചതിന്റെ ആത്മവിശ്വാസം ചെന്നൈയ്ക്കുണ്ട്.ബൗളിങ്ങിൽ അൻഷുൽ കംബോജും നൂർ അഹമ്മദും മികച്ച പ്രകടനം നടത്തുന്നത് ചെന്നൈയ്ക്ക് ആശ്വാസകരമാണ്. സ്പിന്നിനെ തുണയ്ക്കാറുള്ള ചെപ്പോക്കിലെ പിച്ചിൽ ഇത്തവണ പേസർമാരാണ് കൂടുതൽ വിക്കറ്റുകൾ വീഴ്ത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഈ സീസണിൽ മൂന്ന് തവണ 200 കടന്ന ചെപ്പോക്കിൽ ടോസ് നേടുന്നവർ ബാറ്റിങ് തിരഞ്ഞെടുക്കാനാണ് സാധ്യത കൂടുതൽ.തങ്ങളുടെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന ഒരു പോരാട്ടത്തിലൂടെ ടൂർണമെന്റിലേക്ക് തിരിച്ചുവരാനാകും ഇരു ടീമുകളും ശ്രമിക്കുന്നത്.

വീണ്ടും സീരിയല്‍ ലെവല്‍ മേക്കിങ് ?, ‘ഇതോടെ ദൃശ്യം പരിപാടി നിര്‍ത്തുന്നതാണ് നല്ലത്!സോഷ്യല്‍ മീഡിയയില്‍ വിമർശനങ്ങളിൽ നിറഞ്ഞ് ദൃശ്യം 3

ദൃശ്യം ഒന്നും രണ്ടും നല്‍കിയ വിജയക്കരുത്തില്‍ 3-ാം ഭാഗം വന്‍ പ്രതീക്ഷയിലാണ് ഇത്തവണ വെള്ളിത്തിരയില്‍ ഇറക്കിയത്.ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഈ മോഹന്‍ലാല്‍ ചിത്രത്തിന് വന്‍ സ്വീകരണവും ആരാധകര്‍ ഒരുക്കിയിരുന്നു.എന്നാല്‍ ആരാധകരുടെ പ്രതീക്ഷക്കൊപ്പം ഉയരാന്‍ ദൃശ്യം 3ക്ക് സാധിച്ചിട്ടുണ്ടോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ദൃശ്യത്തിന്റെ ടീസറിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.ചിത്രത്തിന്റെ മേക്കിങ്ങിനെ കുറിച്ചാണ് പ്രധാനമായും സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറയുന്നത്. ദൃശ്യം 2 റിലീസായ സമയത്തും ഇത്തരം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.ഒ.ടി.ടി റിലീസായി എത്തിയ രണ്ടാം ഭാഗം വലിയ വിജയമായിരുന്നുവെങ്കിലും, ‘സീരിയല്‍ ലെവല്‍ മേക്കിങ്’ എന്ന വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. ഇപ്പോള്‍ മൂന്നാം ഭാഗത്തിന്റെ ടീസറിന് പിന്നാലെ സമാന പ്രതികരണങ്ങളാണ് ലഭിക്കുന്നത്. വീണ്ടും സീരിയല്‍ ലെവല്‍ മേക്കിങ് തന്നെയോ?, ക്ലൈമാക്സ് കൊണ്ട് മാത്രം സിനിമ രക്ഷപ്പെടുമോ?’ തുടങ്ങിയ കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ഇതിനു മുന്‍പും സമാന രീതിയിലുള്ള മേക്കിങ് ആണെങ്കിലും ക്ലൈമാക്‌സ് കത്തിക്കുമെന്ന് പറഞ്ഞുകൊണ്ടുള്ള പിന്തുണയും ഇതിനൊപ്പമുണ്ട്.മോഹന്‍ലാലിന്റെ അഭിനയ മികവും ജിത്തു ജോസഫിന്റെ തിരക്കഥയും ഒരിക്കല്‍ കൂടി ഒത്തുചേരുന്ന ചിത്രത്തില്‍ കഴിഞ്ഞ രണ്ട് ഭാഗങ്ങളിലെ താരങ്ങള്‍ തന്നെ വീണ്ടും വരുന്നതും സിനിമയെ വിജയത്തില്‍ എത്തിക്കുമെന്നാണ് കരുതുന്നത്.ടീസറിന് പിന്നാലെ ഇത്തരത്തിലുള്ള ചര്‍ച്ചകളും വിമര്‍ശനങ്ങളും ഉയരുമ്പോഴും മറ്റൊരു വന്‍ ഹിറ്റായി ദൃശ്യം 3 മാറും എന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.

എസി ആശ്വാസമോ അപകടമോ? ഉപയോഗത്തിലെ പിഴവുകൾ ആരോഗ്യത്തിന് തിരിച്ചടിയാകുമ്പോൾ

തീഷ്ണമായ വേനൽച്ചൂടിൽ നിന്ന് രക്ഷനേടാൻ എയർ കണ്ടീഷണറുകൾ ഇന്ന് നമ്മുടെ ദിനചര്യയിലെ ഒരു അനിവാര്യ ഘടകമായി മാറിയിട്ടുണ്ട്. എന്നാൽ പൊള്ളുന്ന വെയിലിൽ നിന്ന് വിയർപ്പോടെ നേരിട്ട് എസി മുറിയിലേക്ക് കയറുന്ന ശീലം ആരോഗ്യത്തിന് ഗുണത്തേക്കാൾ ദോഷം ചെയ്യുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ശരീരത്തിന്റെ സ്വാഭാവിക താപനില നിയന്ത്രണ സംവിധാനമായ തർമ്മോറെഗുലേഷൻ പെട്ടെന്നുള്ള ഈ താപനില വ്യത്യാസം മൂലം തകരാറിലാകാൻ സാധ്യതയുണ്ട്. വെയിലത്ത് ഏറെ നേരം ചെലവഴിച്ചതിന് ശേഷം ശരീരം വിയർപ്പിലൂടെയും രക്തക്കുഴലുകളുടെ വികാസത്തിലൂടെയും ചൂട് നിയന്ത്രിക്കാൻ ശ്രമിക്കുന്ന അവസ്ഥയിലാണ്. ഈ ഘട്ടത്തിൽ അതിശൈത്യമുള്ള എസി അന്തരീക്ഷത്തിലേക്ക് പെട്ടെന്ന് മാറുമ്പോൾ ശരീരം കടുത്ത സമ്മർദ്ദത്തിലാകുന്നു. ഇതിന്റെ ഫലമായി മൂക്കടപ്പ്, തൊണ്ടവേദന, ശ്വാസതടസ്സം പോലുള്ള ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾ അനുഭവപ്പെടാം. കൂടാതെ തലവേദന, സൈനസ് പ്രശ്നങ്ങൾ, ആസ്തമയുടെ ലക്ഷണങ്ങൾ എന്നിവയും ശക്തമാകാൻ സാധ്യതയുണ്ട്. എസി വായുവിലെ ഈർപ്പം കുറവായതിനാൽ ചർമ്മവും ശ്വാസകോശത്തിലെ ശ്ലേഷ്മ സ്തരങ്ങളും വരണ്ടുപോകുന്നതും സാധാരണമാണ്. എസി ഉപയോഗിച്ചതിന് ശേഷം ഉണ്ടാകുന്ന ചുമയോ തൊണ്ടവേദനയോ പലരും അണുബാധയായി കരുതാറുണ്ടെങ്കിലും, പല സാഹചര്യങ്ങളിലും ഇത് വായുവിലെ ഈർപ്പമില്ലായ്മയുടേതാണ്. ഇതിന് പുറമെ, വൃത്തിയാക്കാത്ത എസി ഫിൽട്ടറുകൾ പൊടിപടലങ്ങളും സൂക്ഷ്മാണുക്കളും പരത്തുന്നതിനാൽ ഇൻഡോർ വായു മലിനീകരണവും ആരോഗ്യപ്രശ്നങ്ങളും വർധിപ്പിക്കാൻ ഇടയാക്കുന്നു. വേനൽക്കാലത്ത് എസി സുരക്ഷിതമായി ഉപയോഗിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. വെയിലത്ത് നിന്ന് വന്ന ഉടനെ എസി മുറിയിലേക്ക് കയറാതെ, ശരീരത്തിന്റെ താപനില സാധാരണ നിലയിലാകാൻ കുറച്ച് സമയം നൽകുന്നത് നല്ലതാണ്. എസിയുടെ താപനില 24 മുതൽ 26 ഡിഗ്രി സെൽഷ്യസ് വരെ നിലനിർത്തുന്നത് ശരീരത്തിന് അനുയോജ്യമായ ഒരു സമതുലിതാവസ്ഥ നൽകുന്നു. എസിയിൽ നിന്നുള്ള തണുത്ത കാറ്റ് നേരിട്ട് ശരീരത്തിലേക്ക് പതിക്കുന്നത് ഒഴിവാക്കണം. എസി മുറിയിലായാലും ശരീരത്തിലെ ഈർപ്പം നിലനിർത്താൻ ആവശ്യമായത്ര വെള്ളം കുടിക്കുന്നത് നിർബന്ധമാണ്. ഫിൽട്ടറുകൾ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കുന്നതിലൂടെ വായുവിന്റെ ഗുണമേന്മ ഉറപ്പാക്കാം. രാത്രിയിൽ സ്ലീപ്പ് മോഡ് ഉപയോഗിക്കുന്നത് അമിതമായ തണുപ്പ് ഒഴിവാക്കാൻ സഹായിക്കും.ചൂടിനെ പ്രതിരോധിക്കാൻ എയർ കണ്ടീഷണറുകൾ ആവശ്യമായെങ്കിലും, അവ ഉപയോഗിക്കുന്ന രീതിയാണ് ആരോഗ്യത്തെ നിർണ്ണയിക്കുന്നത്. മിതത്വവും മുൻകരുതലുകളും പാലിച്ചാൽ എസി ഉപയോഗം സുരക്ഷിതമാക്കാം. വിട്ടുമാറാത്ത പനിയോ ശ്വാസതടസ്സമോ അനുഭവപ്പെടുന്ന സാഹചര്യത്തിൽ വൈകാതെ വൈദ്യസഹായം തേടുന്നതാണ് ഉചിതം.j