ദൃശ്യം ഒന്നും രണ്ടും നല്‍കിയ വിജയക്കരുത്തില്‍ 3-ാം ഭാഗം വന്‍ പ്രതീക്ഷയിലാണ് ഇത്തവണ വെള്ളിത്തിരയില്‍ ഇറക്കിയത്.ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഈ മോഹന്‍ലാല്‍ ചിത്രത്തിന് വന്‍ സ്വീകരണവും ആരാധകര്‍ ഒരുക്കിയിരുന്നു.എന്നാല്‍ ആരാധകരുടെ പ്രതീക്ഷക്കൊപ്പം ഉയരാന്‍ ദൃശ്യം 3ക്ക് സാധിച്ചിട്ടുണ്ടോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ദൃശ്യത്തിന്റെ ടീസറിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.ചിത്രത്തിന്റെ മേക്കിങ്ങിനെ കുറിച്ചാണ് പ്രധാനമായും സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറയുന്നത്. ദൃശ്യം 2 റിലീസായ സമയത്തും ഇത്തരം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.ഒ.ടി.ടി റിലീസായി എത്തിയ രണ്ടാം ഭാഗം വലിയ വിജയമായിരുന്നുവെങ്കിലും, ‘സീരിയല്‍ ലെവല്‍ മേക്കിങ്’ എന്ന വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. ഇപ്പോള്‍ മൂന്നാം ഭാഗത്തിന്റെ ടീസറിന് പിന്നാലെ സമാന പ്രതികരണങ്ങളാണ് ലഭിക്കുന്നത്. വീണ്ടും സീരിയല്‍ ലെവല്‍ മേക്കിങ് തന്നെയോ?, ക്ലൈമാക്സ് കൊണ്ട് മാത്രം സിനിമ രക്ഷപ്പെടുമോ?’ തുടങ്ങിയ കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.
ഇതിനു മുന്‍പും സമാന രീതിയിലുള്ള മേക്കിങ് ആണെങ്കിലും ക്ലൈമാക്‌സ് കത്തിക്കുമെന്ന് പറഞ്ഞുകൊണ്ടുള്ള പിന്തുണയും ഇതിനൊപ്പമുണ്ട്.മോഹന്‍ലാലിന്റെ അഭിനയ മികവും ജിത്തു ജോസഫിന്റെ തിരക്കഥയും ഒരിക്കല്‍ കൂടി ഒത്തുചേരുന്ന ചിത്രത്തില്‍ കഴിഞ്ഞ രണ്ട് ഭാഗങ്ങളിലെ താരങ്ങള്‍ തന്നെ വീണ്ടും വരുന്നതും സിനിമയെ വിജയത്തില്‍ എത്തിക്കുമെന്നാണ് കരുതുന്നത്.ടീസറിന് പിന്നാലെ ഇത്തരത്തിലുള്ള ചര്‍ച്ചകളും വിമര്‍ശനങ്ങളും ഉയരുമ്പോഴും മറ്റൊരു വന്‍ ഹിറ്റായി ദൃശ്യം 3 മാറും എന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.





