ആരാധകർ കാത്തിരുന്ന ആ ചിത്രങ്ങൾ ഇനി ഒടിടിയിൽ കാണാം…

തീയേറ്ററുകൾക്ക് പിന്നാലെ ഒടിടി പ്ലാറ്റ്‌ഫോമുകളിലും വമ്പൻ റിലീസുകളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ വരും ദിവസങ്ങൾ കളറാക്കാൻ എത്തുന്ന ചിത്രങ്ങളിതാ… സൂര്യയുടെ കരിയറിലെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്റർ വിജയവുമായി ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത ‘കറുപ്പ്’ ഇനി ഒടിടിയിലേക്ക്. റെക്കോർഡ് തുകയ്ക്കാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കിയിരിക്കുന്നത്. ജൂൺ 12 മുതൽ ചിത്രം പ്രൈമിൽ സ്ട്രീമിങ് ആരംഭിക്കും. തീയേറ്ററിൽ ഇതിനോടകം തന്നെ ചിത്രം 300 കോടിക്ക് മുകളിൽ നേടിക്കഴിഞ്ഞു. ആർ. ജെ. ബാലാജി സംവിധാനം ചെയ്ത ചിത്രത്തിൽ സൂര്യയുടെ മികച്ച പ്രകടനത്തോടൊപ്പം തൃഷയുടെ നായികാവേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതുകൂടാതെ മലയാളി താരങ്ങളായ ഇന്ദ്രൻസ്, അനഘ രവി, സ്വാസിക, ശിവദ തുടങ്ങിയ വലിയൊരു താരനിരയും ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്. തീയേറ്ററുകളിൽ പ്രേക്ഷകരെ മുൾമുനയിൽ നിർത്തിയ ഷെയ്ൻ നിഗത്തിന്റെ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘ദൃഢം’ ഒടിടിയിലേക്ക്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ജിയോ ഹോട്ട്‌സ്റ്റാറിലൂടെ ജൂൺ 12 മുതൽ ചിത്രം സตรีമിങ് ആരംഭിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. മാർട്ടിൻ ജോസഫ് സ്വതന്ത്ര സംവിധായകനാകുന്ന ആദ്യ ചിത്രമാണിത്.ഒരു സാധാരണക്കാരനായ പൊലീസുകാരന്റെ മാനസിക സമ്മർദ്ദങ്ങളും ഉത്തരവാദിത്തങ്ങളും വളരെ റിയലിസ്റ്റിക്കായി ചിത്രം ചർച്ച ചെയ്യുന്നു. ഷെയ്ൻ നിഗത്തിനൊപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഷോബി തിലകൻ, കോട്ടയം രമേഷ്, ദിനേഷ് പ്രഭാകർ, കൃഷ്ണപ്രഭ, സാനിയ ഫാത്തിമ, അഭിറാം രാധാകൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളി സിനിമാ പ്രേക്ഷകർ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ദൃശ്യം 3’ ഒടിടിയിലേക്ക്. ജോർജുകുട്ടിയും കുടുംബവും വീണ്ടും സ്ക്രീനിലേക്ക് എത്തുന്ന ‘ദൃശ്യം 3’ ജൂൺ 18-ന് ആമസോൺ പ്രൈം വീഡിയോയിലാണ് റിലീസ് ചെയ്യുന്നത്. മോഹൻലാലിന് പുറമേ മീന, അൻസിബ ഹസൻ, എസ്തർ അനിൽ, ആശാ ശരത്, സിദ്ദിഖ്, കലാഭാവൻ ഷാജോൺ, ഇർഷാദ്, ഗണേഷ് കുമാർ തുടങ്ങിയ താരങ്ങളും സിനിമയിലുണ്ട്. ഈ ജീത്തു ജോസഫ് ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിക്കുന്നത്. ടൊവിനോ തോമസ് – ബേസിൽ ജോസഫ് ചിത്രം ‘അതിരടിയും’ ഒടുവിൽ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവിൽ ജൂൺ 19 മുതൽ ചിത്രം സ്ട്രീം ചെയ്തു തുടങ്ങും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ലഭ്യമാകും. ഒരു എൻജിനീയറിങ് കോളേജിന്റെ പശ്ചാത്തലത്തിൽ ക്യാമ്പസ് നൊസ്റ്റാൾജിയയും ആക്ഷനും കോമഡിയും സർപ്രൈസ് ട്വിസ്റ്റുകളും നിറഞ്ഞ ഒരു കംപ്ലീറ്റ് പാക്കേജായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അരുൺ അനിരുദ്ധൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ബേസിൽ ജോസഫും ഡോ. അനന്തു എസും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ദർശന രാജേന്ദ്രൻ, റിയ ഷിബു, സറിൻ ഷിഹാബ്, ജിയോ ബേബി, വിഷ്ണു, ഷെൽവിൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ വിനീത് ശ്രീനിവാസനും സംഗീതസംവിധായകൻ ഷാൻ റഹ്മാനും തങ്ങളായിത്തന്നെ ചിത്രത്തിൽ എത്തുന്നുണ്ട്.

വായിൽ പാസിഫയറും കയ്യിൽ പാൽക്കുപ്പിയും; 12-കാരി ചമഞ്ഞ് ഒരു കുടുംബത്തെ മുഴുവൻ പറ്റിച്ച് 37-കാരി പിടിയിൽ

ക്രൂരരായ മാതാപിതാക്കളുടെ മന്ത്രവാദത്തിനും പീഡനങ്ങൾക്കും ഇരയായി രക്ഷപ്പെട്ടോടിയ 12 വയസ്സുകാരിയാണെന്ന് നടിച്ച്, ഒരു കുടുംബത്തെയും പള്ളിയെയും വഞ്ചിച്ച് സാമ്പത്തിക ലാഭം കൊയ്ത 37 വയസ്സുകാരി ഒടുവിൽ പോലീസിൻ്റെ പിടിയിലായി. അമണ്ട മരിയ സൂസ ഒലിവേര എന്ന സ്ത്രീയാണ് വഞ്ചന, വ്യാജ ഐഡൻ്റിറ്റി നിർമ്മാണം എന്നീ കുറ്റങ്ങൾ ചുമത്തപ്പെട്ട് ബ്രസീലിലെ ജോയിൻവില്ലെ നഗരത്തിൽ വച്ച് പിടിയിലായിരിക്കുന്നത്. ഗബ്രിയേൽ എന്ന വ്യാജപേരിൽ ഓട്ടിസം ബാധിച്ച കുട്ടിയാണെന്ന് വിശ്വസിപ്പിച്ച ഇവർ, മുൻപ് കഴിക്കേണ്ടി വന്ന കടുത്ത ഹോർമോൺ മരുന്നുകളാണ് തൻ്റെ മുതിർന്ന ശരീരപ്രകൃതിക്ക് കാരണമെന്ന് പറഞ്ഞ് പ്രാദേശിക കുടുംബത്തെ വിശ്വസിക്കുകയും 14 മാസത്തോളം അവർക്കൊപ്പം മകളെപ്പോലെ കഴിയുകയുമായിരുന്നു. താൻ പൈശാചിക ആചാരങ്ങളുടെ ഇരയാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ സ്വന്തം ശരീരത്തിൽ നൂറിലധികം സൂചികൾ കുത്തിക്കയറ്റിയ ഇവർ, കള്ളത്തരം പുറത്താകാതിരിക്കാൻ പാൽക്കുപ്പിയിൽ പാൽ കുടിക്കുക, പാസിഫയർ ഉപയോഗിക്കുക, രാത്രിയിൽ ഭയന്നുവിറയ്ക്കുന്നതായി അഭിനയിക്കുക തുടങ്ങിയ രീതികളാണ് സ്വീകരിച്ചത്. ഒടുവിൽ, നിയമപരമായ ദത്തെടുക്കൽ നടപടികളിൽ നിന്ന് ഇവർ ഒഴിഞ്ഞുമാറിയതിനെ തുടർന്ന് സംശയം തോന്നിയ ഒരു ബന്ധു പോലീസിൽ വിവരമറിയിച്ചതാണ് ബ്രസീലിലെ വിവിധ സംസ്ഥാനങ്ങളിൽ സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിവന്ന ഈ 37-കാരിയുടെ അവിശ്വസനീയമായ മുഖംമൂടി അഴിഞ്ഞു വീണത്

മലിനീകരണത്തിന്റെ നെറുകയിൽ എവറസ്റ്റ്;നിയമങ്ങൾ കടുപ്പിച്ച് നേപ്പാൾ

ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എവറസ്റ്റ് ഇപ്പോൾ കടുത്ത മനുഷ്യനിർമിത മാലിന്യ പ്രതിസന്ധി നേരിടുകയാണ്. അടുത്തിടെ സമുദ്രനിരപ്പിൽ നിന്ന് 7,900 മീറ്റർ ഉയരത്തിലുള്ള ക്യാമ്പ്-4ൽ നിന്നും പുറത്തുവന്ന ദൃശ്യങ്ങൾ ഇതിന് തെളിവാണ്. പർവതാരോഹകർ ഉപേക്ഷിച്ചുപോയ നൂറുകണക്കിന് ടെന്റുകളും പ്ലാസ്റ്റിക് അവശിഷ്ടങ്ങളും ഓക്സിജൻ സിലിണ്ടറുകളും കാരണം പ്രകൃതിരമണീയമായ ഈ പ്രദേശം ഒരു മാലിന്യക്കൂമ്പാരമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ വർഷം നേപ്പാൾ സർക്കാർ റെക്കോർഡ് എണ്ണം പർവതാരോഹണ പെർമിറ്റുകളാണ് അനുവദിച്ചത്. സഞ്ചാരികളും അവരുടെ സഹായികളായ ഷെർപ്പകളും ഉൾപ്പെടെ ആയിരത്തിലധികം ആളുകൾ എത്തിയതോടെ എവറസ്റ്റിൽ താൽക്കാലിക നഗരങ്ങൾ തന്നെ രൂപപ്പെട്ടു. കൊടുമുടിയിലെ കടുത്ത തണുപ്പും വായു കുറഞ്ഞ ‘ഡെത്ത് സോൺ’ സാഹചര്യങ്ങളും കാരണം ജീവൻ നിലനിർത്തി വേഗത്തിൽ താഴെയിറങ്ങാൻ ശ്രമിക്കുന്ന പര്യവേക്ഷകർ തങ്ങൾ കൊണ്ടുവരുന്ന സാധനങ്ങളും മനുഷ്യവിസർജ്യവുമെല്ലാം പർവതമുകളിൽത്തന്നെ ഉപേക്ഷിച്ചു പോകുന്നതാണ് ഈ പാരിസ്ഥിതിക തകർച്ചയ്ക്ക് കാരണം. ഈ ഗുരുതരമായ സാഹചര്യം നേരിടാൻ നേപ്പാൾ ഭരണകൂടം ഇപ്പോൾ കർശനമായ പുതിയ നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. എവറസ്റ്റ് കീഴടക്കി ബേസ് ക്യാമ്പിലേക്ക് മടങ്ങിയെത്തുന്ന ഓരോ സഞ്ചാരിയും കുറഞ്ഞത് എട്ട് കിലോഗ്രാം മാലിന്യമെങ്കിലും നിർബന്ധമായും തിരികെ കൊണ്ടുവരണമെന്നും, മനുഷ്യവിസർജ്യം നീക്കം ചെയ്യാൻ പ്രത്യേക പൂപ്പ് ബാഗുകൾ ഉപയോഗിക്കണമെന്നും നിർദ്ദേശമുണ്ട്. ഡ്രോണുകളുടെ സഹായത്തോടെയും പ്രത്യേക ഫീസ് ഈടാക്കിയും എവറസ്റ്റിനെ ശുദ്ധീകരിക്കാനുള്ള കടുത്ത ശ്രമത്തിലാണ് അധികൃതർ.

ചായയിൽ മുക്കിയ ഇഡ്ഡലി! നെറ്റിചുളിച്ച് സോഷ്യൽ മീഡിയ, കടുത്ത വിയോജിപ്പുമായി ശശി തരൂരും

ഭക്ഷണ കാര്യങ്ങളിൽ മലയാളിക്ക് പരീക്ഷണങ്ങൾ പുത്തരിയല്ലെങ്കിലും, ചില കോമ്പിനേഷനുകൾ കാണുമ്പോൾ അറിയാതെ നെറ്റിചുളിച്ചു പോകാറുണ്ട്. ചോക്ലേറ്റ് ബിരിയാണിയും മാംഗോ മാഗിയുമൊക്കെ കണ്ട് അന്തംവിട്ടിരുന്ന സോഷ്യൽ മീഡിയയുടെ മുന്നിലേക്ക് ഇതാ പുതിയൊരു വിചിത്ര വിഭവം എത്തിയിരിക്കുകയാണ്; ‘ചായയും ഇഡ്ഡലിയും’. ചായയിൽ ഇഡ്ഡലി മുക്കി കഴിക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ ഇൻ്റർനെറ്റിൽ വൻ ചർച്ചയായി മാറിയിരിക്കുന്നത്. സാധാരണയായി ഇത്തരം ഭക്ഷണ പരീക്ഷണങ്ങൾ ട്രോളുകളിൽ ഒതുങ്ങാറാണ് പതിവ്. എന്നാൽ ഇത്തവണ കാര്യം അങ്ങനെയല്ല, സാക്ഷാൽ ശശി തരൂർ എംപി വരെ ഈ വിഷയത്തിൽ ശക്തമായ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. തനത് ശൈലിയിലുള്ള ഇംഗ്ലീഷ് ട്വീറ്റുകളിലൂടെ ശ്രദ്ധേയനായ തരൂരിനെ ഈ വിചിത്ര കോമ്പോ ശരിക്കും പ്രകോപിപ്പിച്ചു എന്ന് വേണം പറയാൻ.ഒരു വനിതാ ഉപയോക്താവ് തൻ്റെ എക്സ് (ട്വിറ്റർ) ഹാൻഡിലിൽ ‘ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും മികച്ച കോമ്പിനേഷൻ’ എന്ന ക്യാപ്‌ഷനോടെ ചായയിൽ ഇഡ്ഡലി മുക്കി കഴിക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ്. സംഭവങ്ങളുടെ തുടക്കം. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ശശി തരൂർ അത്ഷെയർ തൻ്റെ വിയോജിപ്പ് പരസ്യമാക്കുകയും ചെയ്തു. ആ ചിത്രത്തിലെ ഈഡ്ഡലി കണ്ടിട്ട് ഒട്ടും നല്ലതായി തോന്നുന്നില്ല, അത് വളരെ കട്ടിയുള്ളതും രൂപത്തിൽ മാറ്റമുള്ളതാണെന്നും തരൂർ നിരീക്ഷിച്ചു. പഞ്ഞിപോലെയുള്ള വെളുത്ത ഇഡ്ഡലിയെ വെല്ലാൻ മറ്റൊന്നിനും കഴിയില്ല, ചിത്രത്തിൽ കാണുന്നത് ചവച്ചരച്ച് കഴിക്കേണ്ടി വരുന്ന റബ്ബർ പോലെയുള്ള ഒന്നായിരിക്കാനാണ് സാധ്യതയെന്നും അദ്ദേഹം കുറിച്ചു.ഒരു കടുത്ത ചായപ്രേമിയായ തനിക്ക് ഭക്ഷണത്തിൽ ചായ മുക്കി കഴിക്കുന്ന ശീലത്തോട് യോജിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നല്ല മൃദുവായ ഇഡ്ഡലി ചായയിൽ മുക്കിയാൽ അത് ലയിച്ചുചേർന്ന് ചായയുടെ രുചി നശിപ്പിക്കും, അതുകൊണ്ട് ചായ കപ്പിലും ഇഡ്ഡലി പ്ലേറ്റിലും തന്നെ ഇരിക്കുന്നതാണ് ഭംഗിയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ശശി തരൂരിൻ്റെ ഈ പോസ്റ്റോടുകൂടി ചായയും ഇഡ്‌ലിയും പാൻ ഇന്ത്യ തലത്തിൽ അറിയപ്പെട്ടു.