ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എവറസ്റ്റ് ഇപ്പോൾ കടുത്ത മനുഷ്യനിർമിത മാലിന്യ പ്രതിസന്ധി നേരിടുകയാണ്. അടുത്തിടെ സമുദ്രനിരപ്പിൽ നിന്ന് 7,900 മീറ്റർ ഉയരത്തിലുള്ള ക്യാമ്പ്-4ൽ നിന്നും പുറത്തുവന്ന ദൃശ്യങ്ങൾ ഇതിന് തെളിവാണ്. പർവതാരോഹകർ ഉപേക്ഷിച്ചുപോയ നൂറുകണക്കിന് ടെന്റുകളും പ്ലാസ്റ്റിക് അവശിഷ്ടങ്ങളും ഓക്സിജൻ സിലിണ്ടറുകളും കാരണം പ്രകൃതിരമണീയമായ ഈ പ്രദേശം ഒരു മാലിന്യക്കൂമ്പാരമായി മാറിക്കൊണ്ടിരിക്കുകയാണ്.
ഈ വർഷം നേപ്പാൾ സർക്കാർ റെക്കോർഡ് എണ്ണം പർവതാരോഹണ പെർമിറ്റുകളാണ് അനുവദിച്ചത്. സഞ്ചാരികളും അവരുടെ സഹായികളായ ഷെർപ്പകളും ഉൾപ്പെടെ ആയിരത്തിലധികം ആളുകൾ എത്തിയതോടെ എവറസ്റ്റിൽ താൽക്കാലിക നഗരങ്ങൾ തന്നെ രൂപപ്പെട്ടു. കൊടുമുടിയിലെ കടുത്ത തണുപ്പും വായു കുറഞ്ഞ ‘ഡെത്ത് സോൺ’ സാഹചര്യങ്ങളും കാരണം ജീവൻ നിലനിർത്തി വേഗത്തിൽ താഴെയിറങ്ങാൻ ശ്രമിക്കുന്ന പര്യവേക്ഷകർ തങ്ങൾ കൊണ്ടുവരുന്ന സാധനങ്ങളും മനുഷ്യവിസർജ്യവുമെല്ലാം പർവതമുകളിൽത്തന്നെ ഉപേക്ഷിച്ചു പോകുന്നതാണ് ഈ പാരിസ്ഥിതിക തകർച്ചയ്ക്ക് കാരണം.
ഈ ഗുരുതരമായ സാഹചര്യം നേരിടാൻ നേപ്പാൾ ഭരണകൂടം ഇപ്പോൾ കർശനമായ പുതിയ നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. എവറസ്റ്റ് കീഴടക്കി ബേസ് ക്യാമ്പിലേക്ക് മടങ്ങിയെത്തുന്ന ഓരോ സഞ്ചാരിയും കുറഞ്ഞത് എട്ട് കിലോഗ്രാം മാലിന്യമെങ്കിലും നിർബന്ധമായും തിരികെ കൊണ്ടുവരണമെന്നും, മനുഷ്യവിസർജ്യം നീക്കം ചെയ്യാൻ പ്രത്യേക പൂപ്പ് ബാഗുകൾ ഉപയോഗിക്കണമെന്നും നിർദ്ദേശമുണ്ട്. ഡ്രോണുകളുടെ സഹായത്തോടെയും പ്രത്യേക ഫീസ് ഈടാക്കിയും എവറസ്റ്റിനെ ശുദ്ധീകരിക്കാനുള്ള കടുത്ത ശ്രമത്തിലാണ് അധികൃതർ.





