മല്‍സരങ്ങളില്‍ ജയവും തോല്‍വിയും ഉണ്ടാവും.അതൊരുസ്വഭാവികമായ അന്ത്യം മാത്രമാണ്.എന്നാല്‍ ചില അപൂര്‍വ നിമിഷങ്ങളുണ്ട്. വിജയത്തെക്കാള്‍ വലിയ സന്ദേശം ലോകത്തിന് പകര്‍ന്നു നല്‍കുന്ന മനോഹരമായ ചില മുഹൂര്‍ത്തങ്ങള്‍.

ജപ്പാന്റെ തോല്‍വിയില്‍ കണ്ണീരോടെ നിന്ന ടനാകയെ, ബ്രസീലിന്റെ മത്തേയൂസ് കുഞ്ഞ ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിച്ച ആ നിമിഷം… അതായിരുന്നു ഇന്നത്തെ മത്സരത്തിലെ യഥാര്‍ത്ഥ വിജയം.തൊട്ടുമുന്‍പ് വരെ അവര്‍ പരസ്പരം പോരടിച്ച എതിരാളികള്‍ ആയിരുന്നു.പക്ഷേ ആ നിമിഷത്തില്‍ അവര്‍ മനുഷ്യത്വത്തിന്റെ പ്രതീകങ്ങളായി മാറുകയായിരുന്നു.നെയ്മറും അലിസണ്‍ ബെക്കറും ജപ്പാന്‍ താരങ്ങളെ ആശ്വസിപ്പിച്ച കാഴ്ച ഒരേയൊരു കാര്യം ഓര്‍മ്മിപ്പിക്കുന്നു… ഫുട്‌ബോള്‍ ജയിക്കാന്‍ മാത്രമുള്ള കളിയല്ല, മനുഷ്യരെ ഒന്നിപ്പിക്കുന്ന ഒന്നുകൂടെയാണ്. കാണികളുടെ കണ്ണു നനയിക്കുന്ന ഇങ്ങനെയുള്ള നിമിഷങ്ങളാണ് ട്രോഫികളേക്കാള്‍ കൂടുതല്‍ കാലം ആരാധകരുടെ മനസ്സില്‍ ജീവിക്കുന്നതും.

കോച്ചിങ് സെന്ററുകൾക്ക് ഇനി കടിഞ്ഞാൺ

ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ വിവാദങ്ങളും രാജ്യത്തെ പിടിച്ചുലച്ച പശ്ചാത്തലത്തിൽ കോച്ചിംഗ് സെന്ററുകളുടെ പപ്പടം പൊടിക്കുന്ന ലൈനിലുള്ള പരസ്യങ്ങൾക്കും അമിത ചൂഷണങ്ങൾക്കും ഒടുവിൽ പൂട്ടു വീഴാൻ പോവുകയാണ്. ജെഇഇ, നീറ്റ്, സിയുഇടി പരീക്ഷകളിൽ വലിയ പരിഷ്കാരങ്ങൾക്കൊപ്പം കോച്ചിങ് സെന്ററുകൾക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തുന്ന ഒരു ദേശീയ നിയമം തന്നെയാണ് കേന്ദ്ര സർക്കാർ ഇപ്പോൾ അണിയറയിൽ ഒരുക്കുന്നത്. ഇനിമുതൽ “ഞങ്ങളുടെ അടുത്ത് പഠിച്ചാൽ ഒന്നാം റാങ്ക് ഉറപ്പ്” എന്ന് പറഞ്ഞ് ടോപ്പർമാരുടെ പടം വെച്ചുള്ള ബഹളമൊന്നും നടക്കില്ല. ഏത് അധ്യാപകരാണ് പഠിപ്പിക്കുന്നത്, അവരുടെ യോഗ്യത എന്താണ്, യഥാർത്ഥ വിജയശതമാനം എത്രയാണ് എന്നൊക്കെ കൃത്യമായി വെളിപ്പെടുത്തിയാൽ മാത്രമേ ഇനി സ്ഥാപനങ്ങൾക്ക് മുന്നോട്ട് പോകാൻ കഴിയൂ. സ്കൂൾ കുട്ടികളെ രാപ്പകലില്ലാതെ ക്ലാസിലിരുത്തി പീഡിപ്പിക്കുന്ന രീതിക്കും ഇതോടെ അറുതിയാകും. സ്കൂൾ വിദ്യാർഥികൾക്ക് ദിവസേന രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ മാത്രമേ കോച്ചിങ് നൽകാവൂ എന്നും, കഠിനമായ എൻട്രൻസ് കോച്ചിങ് പന്ത്രണ്ടാം ക്ലാസിന് ശേഷം മാത്രമേ പാടുള്ളൂ എന്നുമുള്ള കർശന നിർദ്ദേശങ്ങളാണ് പുതിയ നിയമത്തിൽ വരുന്നത്. വിദ്യാഭ്യാസ മന്ത്രാലയം നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് പുറത്തുവരുന്നതോടെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വലിയൊരു മാനസിക സമ്മർദ്ദത്തിന് ഇത് പരിഹാരമാകുമെന്നാണ് കരുതപ്പെടുന്നത്. വിദ്യാഭ്യാസ മേഖലയിലെ ഈ ശുദ്ധീകരണ പ്രക്രിയ സ്വാഗതാർഹമാണ്. ഇതുപോലെ തുടർന്നും വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന ചൂഷണങ്ങൾ ചോദ്യം ചെയ്യപ്പെടേണ്ടതായിരിക്കുന്നു.

കണ്ടോ കണ്ടോ താക്കോല്…ആ സൂപ്പര്‍ഹിറ്റ് ഗാനത്തിന്റെ പിറവിയിങ്ങനെ!

കണ്ടോ കണ്ടോ താക്കോല്…സിനിമ റിലീസ് ചെയ്ത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രേക്ഷകരുടെ മനസ്സില്‍ നിന്ന് മായാതെ നില്‍ക്കുകയാണ് ആ ഗാനം. എന്നാല്‍ ഈ ഗാനത്തിന്റെ സൃഷ്ടിക്ക് പിന്നില്‍ രസകരമായ ഒരു കഥയുണ്ടെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സാധാരണ പാട്ടുകളില്‍ നിന്ന് വ്യത്യസ്തമായി, ഈ ഗാനത്തിന് ആദ്യം വരികള്‍ എഴുതിയ ശേഷമാണ് സംഗീതം ഒരുക്കിയത്. പാട്ടിന്റെ റൈമിങ് സെറ്റ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അണിയറപ്രവര്‍ത്തകരുടെ മനസ്സില്‍ ആദ്യം വന്നത് ‘കാക്കേ കാക്കേ കൂടെവിടെ, കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ’ എന്ന പ്രശസ്തമായ നഴ്‌സറി റൈം ആയിരുന്നു. ഈ വരികള്‍ തന്നെ പാട്ടില്‍ നേരിട്ട് ഉപയോഗിക്കാമെന്നാണ് ആദ്യം ആലോചിച്ചിരുന്നത്. ശരിക്കും സിനിമയുടെ കഥയുമായി നൂറു ശതമാനം ചേരുന്നതായിരുന്നു ആ വരികള്‍. എന്നാല്‍, ‘കാക്കേ കാക്കേ’ എന്ന വരികള്‍ക്ക് പകരം അതിന്റെ റൈമിങ് മാത്രം നിലനിര്‍ത്തി, സിനിമയുടെ കഥയ്ക്ക് അനുയോജ്യമായ പുതിയൊരു ഗാനം ഒരുക്കാമെന്ന് പിന്നീട് തീരുമാനിക്കുകയായിരുന്നു. നഷ്ടപ്പെട്ട ഒരു താക്കോല്‍ തേടി നടക്കുന്ന രീതിയിലേക്ക് പാട്ടിന്റെ കഥ മാറ്റാമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത് സംവിധായകന്‍ ചിദംബരമായിരുന്നു.ആ റൈമിങ് നിലനിര്‍ത്തിക്കൊണ്ട് പുതിയൊരു മെലഡി ഒരുക്കി. അതിനെ കുറച്ചുകൂടി ഹൊറര്‍ മൂഡിലേക്ക് മാറ്റിയെടുത്തതാണ് ആ ഗാനത്തെ വേറിട്ടു നിര്‍ത്തുന്നത്.ആദ്യം പ്ലാന്‍ ചെയ്ത നഴ്‌സറി റൈമില്‍ നിന്ന് തുടങ്ങി, പിന്നീട് വരികളില്‍ വരുത്തിയ ഈ പരീക്ഷണമാണ് തിയേറ്ററുകളില്‍ പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തിയ ആ ജനപ്രിയ ഹൊറര്‍ ട്രാക്കിലേക്ക് വഴിമാറിയത്.

ക്ലാസെടുക്കാൻ വന്നതാ,ഒടുവിൽ പോലീസ് എടുത്തു ബുക്കിൽ നിന്ന് എംഡിഎംഎ

നാട്ടുകാരെ ബോധവൽക്കരിക്കാൻ പുള്ളി ഇറക്കിയ നോട്ടീസുകളേക്കാൾ കട്ടിയിലാണ് പുസ്തകത്തിന് ഇടയിൽ എംഡിഎംഎ (MDMA) ഒളിപ്പിച്ചു വെച്ചിരുന്നത്! ‘ആന്റി ഡ്രഗ്സ് മൂവ്മെന്റ്’ എന്ന പേരിൽ വ്യാജ ലഹരിവിരുദ്ധ സംഘടനയൊക്കെ ഉണ്ടാക്കി സംസ്ഥാന പ്രസിഡന്റ് ചമഞ്ഞു നടന്ന പത്തനംതിട്ട എഴുമറ്റൂർ സ്വദേശി ഷർഫിൻ സെബാസ്റ്റ്യനാണ് ഇപ്പോൾ പെരുമ്പെട്ടി പോലീസിന്റെയും ഡാൻസാഫിന്റെയും ‘ഓപ്പറേഷൻ തൂഫാൻ’ റഡാറിൽ കുടുങ്ങിയത്. പകൽ മുഴുവൻ ലഹരിക്ക് എതിരെ മൈക്കും കെട്ടി പ്രസംഗിക്കുക, രാത്രിയാകുമ്പോൾ പുസ്തകത്തിന്റെ ഇടയിൽ നിന്ന് 1.5 ഗ്രാം എംഡിഎംഎയും ലഹരി വലിക്കാനുള്ള സെറ്റപ്പും ഒക്കെയായി ഇരിക്കുക! എമ്മാതിരി ഇരട്ടത്താപ്പാണിത്? വേലി തന്നെ വിളവു തിന്നുക എന്ന് പറയുന്നത് ഇങ്ങനെയുള്ളവരെ കുറിച്ചാണ്. ലഹരി മാഫിയകൾക്ക് എതിരെ നമ്മൾ ജാഗ്രതൈ എന്ന് പറയുമ്പോൾ, ആ ജാഗ്രതയുടെ മുഖംമൂടി അണിഞ്ഞു വരുന്നവരെയാണ് സത്യത്തിൽ പേടിക്കേണ്ടത്.സംഘടനയുടെ പേര് കേട്ട് വിശ്വസിച്ച് കൂടെ നിൽക്കുന്ന പാവം ചെറുപ്പക്കാരെ ലഹരിയുടെ വഴിയിലേക്ക് വലിച്ചിഴയ്ക്കാൻ ഇങ്ങനെയുള്ള ഒരു ‘വ്യാജൻ’ മാത്രം മതി. ഏതായാലും ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ ആ രഹസ്യവിവരം കൃത്യമായി, ഇല്ലെങ്കിൽ ഇനിയും എത്ര പേരുടെ ജീവിതം മാറിയേനെ! ലഹരിക്ക് എതിരെ പ്രസംഗിക്കുന്നവരുടെയൊക്കെ ബാക്ക്ഗ്രൗണ്ട് കൂടെ ഒന്ന് ചെക്ക് ചെയ്യേണ്ട അവസ്ഥയിലാണ് നമ്മൾ ജീവിക്കുന്നത്.ഈ കാപട്യങ്ങൾക്കൊപ്പമല്ല, ലഹരിയില്ലാത്ത നല്ലൊരു നാളേക്കായി കണ്ണ് തുറന്നു പിടിക്കുന്ന പോലീസിനും സമൂഹത്തിനുമൊപ്പമാണ് നമ്മൾ നിൽക്കേണ്ടത്.