ഓഹരി വിപണിയിൽ എഐ തകർച്ച!

ദക്ഷിണ കൊറിയന്‍ ഓഹരി വിപണിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സെമികണ്ടക്ടര്‍ കമ്പനികളുടെ ഓഹരികള്‍ക്ക് കനത്ത തിരിച്ചടി നേരിടുകയാണ്. പ്രമുഖ സൂചികയായ ‘കോസ്പി’യിലാണ് ഈ ഇടിവ് പ്രകടമായിരിക്കുന്നത്. പ്രമുഖ കമ്പനികളായ എസ്‌കെ ഹൈനിക്‌സിന്റെ ഓഹരികള്‍ 15.37 ശതമാനവും സാംസങ് ഇലക്ട്രോണിക്സിന്റെ ഓഹരികള്‍ 10.7 ശതമാനവും ഇടിഞ്ഞതോടെ വിപണി ഔദ്യോഗികമായി ഒരു ‘ബെയര്‍ മാര്‍ക്കറ്റിലേക്ക്’ കൂപ്പുകുത്തി. ലാഭമെടുപ്പും ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങളുമാണ് തകര്‍ച്ചയ്ക്ക് കാരണമായി പറയുന്നതെങ്കിലും, ഒരു പ്രത്യേക മേഖലയിലേക്ക് മാത്രം നിക്ഷേപകര്‍ ഇരച്ചുകയറിയതും പ്രതീക്ഷകള്‍ അതിരുകടന്നതുമാണ് യഥാര്‍ത്ഥ പ്രതിസന്ധിക്ക് പിന്നിലെന്ന് അനലിസ്റ്റുകള്‍ വിലയിരുത്തുന്നു.എന്നാൽ വിപണി തകര്‍ന്നുവെങ്കിലും കമ്പനികളുടെ സാമ്പത്തിക നില ഭദ്രമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജൂലൈ ആദ്യത്തെ പത്ത് ദിവസങ്ങളില്‍ മാത്രം ദക്ഷിണ കൊറിയയുടെ സെമികണ്ടക്ടര്‍ കയറ്റുമതി മുന്‍വര്‍ഷത്തേക്കാള്‍ 193 ശതമാനം വര്‍ധിച്ച് 1,07,520 കോടി രൂപയിലെത്തിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം കമ്പനികള്‍ക്ക് ലഭിച്ചേക്കാവുന്ന വളര്‍ച്ച മുന്നില്‍ക്കണ്ട് ഇപ്പോഴേ ഉയര്‍ന്ന വില കൊടുത്ത് ഓഹരികള്‍ വാങ്ങിക്കൂട്ടിയ നിക്ഷേപകർക്ക്, പ്രതീക്ഷിച്ചതിലും അല്പം കുറഞ്ഞ വളര്‍ച്ച ഉണ്ടായത് വലിയ നിരാശയായി മാറുകയായിരുന്നു.കടമെടുത്ത് ഓഹരി വിപണിയില്‍ പണമിറക്കുന്ന പ്രവണത കൊറിയന്‍ വിപണിയിലെ തകര്‍ച്ചയുടെ ആക്കം കൂട്ടിയിട്ടുണ്ട്. ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത് ഈ വര്‍ഷം ആദ്യം സർവകാല റെക്കോർഡിലെത്തിയ കോറു ഇടിഎഫിന്റെ വില മൂന്നിലൊന്നായി ചുരുങ്ങിയതാണ്. ചെറുകിട നിക്ഷേപകര്‍ കടമെടുത്ത് വന്‍തോതില്‍ പണമിറക്കിയതിനെ തുടർന്ന് ലക്ഷക്കണക്കിന് റീട്ടെയിൽ അക്കൗണ്ടുകൾക്കാണ് ‘മാർജിൻ കോൾ’ വന്നത്. ഇതില്‍ പണം അടക്കാന്‍ കഴിയാതിരുന്ന ലക്ഷക്കണക്കിന് അക്കൗണ്ടുകളിലെ ഓഹരികള്‍ ബ്രോക്കര്‍മാര്‍ നിര്‍ബന്ധിതമായി വിറ്റൊഴിവാക്കുകയും ചെയ്തു. കോസ്പി സൂചികയുടെ വലിയൊരു ഭാഗവും സാംസങ്, എസ്‌കെ ഹൈനിക്‌സ് എന്നീ രണ്ട് കമ്പനികളെ മാത്രം ആശ്രയിച്ചു നില്‍ക്കുന്നതും കൊറിയൻ വിപണിയുടെ ഈ പെട്ടെന്നുള്ള തകർച്ചയ്ക്ക് ആക്കം കൂട്ടി.
മൈതാനത്ത് ആരും ഒന്നും വെറുതെ തരുന്നില്ലെന്ന് തെളിയിച്ചു; വിമർശകർക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി ലിയോണൽ മെസി

ഫിഫയുടെയും റഫറിമാരുടെയും വഴിവിട്ട ആനുകൂല്യത്തിലാണ് അർജന്‍റീന വീണ്ടും ലോകകപ്പ് ഫൈനലിൽ എത്തിയതെന്ന ആരോപണങ്ങളുമായി രംഗത്തെത്തിയ വിമർശകർക്ക് കടുത്ത ഭാഷയിൽ മറുപടി നൽകിയിരിക്കുകയാണ് ക്യാപ്റ്റൻ ലിയോണൽ മെസി. സെമിഫൈനലിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് അർജന്‍റീന തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക് യോഗ്യത നേടിയതിന് പിന്നാലെയായിരുന്നു മെസിയുടെ പ്രതികരണം. ആദ്യ പകുതിയിൽ പിന്നിലായിപ്പോയ ശേഷമാണ് മെസിയുടെ രണ്ട് മാന്ത്രിക അസിസ്റ്റുകളുടെ കരുത്തിൽ ആറ് മിനിറ്റിനിടെ രണ്ട് ഗോളുകൾ നേടി അർജന്‍റീന മത്സരം തിരിച്ചുപിടിച്ചത്.ടൂർണമെന്‍റിന്‍റെ തുടക്കം മുതൽ അർജന്‍റീനയ്ക്ക് അനുകൂലമായി റഫറിമാർ വിവാദപരമായ തീരുമാനങ്ങൾ എടുക്കുന്നു എന്ന തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിനെക്കുറിച്ചുള്ള ചോദ്യത്തോട് ഇത് ആർക്കെങ്കിലും വിഷമം ഉണ്ടാക്കുന്നുണ്ടെങ്കിൽ അവർക്ക് അങ്ങനെയാകാം, അവർ എന്തും പറയട്ടെ എന്നായിരുന്നു മെസിയുടെ മറുപടി. മൈതാനത്ത് തങ്ങൾക്ക് ആരും ഒന്നും വെറുതെ തരുന്നില്ലെന്ന് തങ്ങൾ ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണെന്നും, സംശയങ്ങളുടെയും കടുത്ത വിമർശനങ്ങളുടെയും നിഴലിലാണ് ടൂർണമെന്‍റിലേക്ക് എത്തിയതെങ്കിലും ടീമിന്‍റെ പോരാട്ടവീര്യത്തിൽ ഉറച്ച വിശ്വാസമുണ്ടായിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങൾ പരാജയപ്പെടാൻ കാത്തിരുന്നവർക്ക് മൈതാനത്ത് തന്നെ മറുപടി നൽകിയെന്നും മെസി പറഞ്ഞു.ഇംഗ്ലണ്ടിനോട് തോറ്റിരുന്നെങ്കിൽ പലരും തങ്ങളെക്കുറിച്ച് എന്തെങ്കിലുമൊക്കെ അസംബന്ധങ്ങൾ വിളിച്ചുപറയുമായിരുന്നു എന്നും എന്നാൽ അതിനുള്ള അവസരം നൽകിയില്ലെന്നും മെസി വ്യക്തമാക്കി. 200 മത്സരങ്ങളിലേറെ നീണ്ട രാജ്യാന്തര കരിയറിൽ ആദ്യമായിട്ടായിരുന്നു മെസി ഇംഗ്ലണ്ടിനെതിരെ കളിക്കുന്നത്. 40 വർഷങ്ങൾക്ക് മുൻപ് ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിലാണ് ഇതിഹാസ താരം ഡീഗോ മറഡോണ ചരിത്രപ്രസിദ്ധമായ ‘ഹാൻഡ് ഓഫ് ഗോഡ്’ ഗോളും ‘നൂറ്റാണ്ടിന്‍റെ ഗോളും’ നേടി അർജന്‍റീനയെ വിജയിപ്പിച്ചത്. ഇന്നലെ ഇംഗ്ലണ്ടിനെതിരെ നേടിയ ജയം മറഡോണയ്ക്കാണ് സമർപ്പിക്കുന്നതെന്നും മെസി പറഞ്ഞു. തീർച്ചയായും ഡീഗോ മുകളിൽ ഇരുന്ന് ഇത് വളരെയധികം ആസ്വദിക്കുന്നുണ്ടാകും എന്നും അദ്ദേഹത്തിന് വളരെ പ്രത്യേകതയുള്ള ഒരു ദിവസമായതിനാൽ ഈ സന്തോഷം നൽകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും മെസി വ്യക്തമാക്കി. ലോകകപ്പിൽ ഇതുവരെ എട്ട് ഗോളുകളും നാല് അസിസ്റ്റുകളുമായി ടൂർണമെന്‍റിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ റേസിൽ ഏറ്റവും മുന്നിലാണ് 39-കാരനായ മെസി. ഞായറാഴ്ച മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ സ്പെയിനിനെ നേരിടാനൊരുങ്ങുകയാണ് അർജന്‍റീന.
‘ജനനായകന്‍റെ’ കേരളത്തിലെ ആദ്യ ഷോ എപ്പോൾ?; പ്രഖ്യാപനവുമായി വിതരണക്കാര്‍

വന്‍ പ്രതീക്ഷയുണര്‍ത്തുന്ന വിജയ് ചിത്രം ‘ജനനായകന്‍’ റിലീസ് ദിനമായ ജൂലൈ 23-ന് കേരളത്തില്‍ പുലര്‍ച്ചെ 6 മണിക്ക് ആദ്യ പ്രദര്‍ശനങ്ങള്‍ ആരംഭിക്കുമെന്ന് വിതരണക്കാരായ എസ്എസ്ആര്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സ് അറിയിച്ചു. ആദ്യമായി പൊങ്കല്‍ റിലീസായി ജനുവരി 9-ന് എത്താനിരുന്ന ചിത്രം സെന്‍സര്‍ നടപടികളിലെ കാലതാമസം മൂലം മാറ്റിവെക്കുകയായിരുന്നു. ആറുമാസത്തെ കാത്തിരിപ്പിന് ശേഷമാണ് ചിത്രം ഒടുവില്‍ തിയറ്ററുകളിലെത്തുന്നത്. ഇതിനിടെ വിജയ് രാഷ്ട്രീയത്തിലേക്ക് പൂര്‍ണമായി കടന്ന സാഹചര്യത്തില്‍, അദ്ദേഹത്തിന്റെ അവസാന സിനിമയെന്ന നിലയിലും ചിത്രത്തിന് വലിയ ശ്രദ്ധയാണ് ലഭിക്കുന്നത്. നേരത്തെ കേരളത്തിലെ ആദ്യ ഷോകള്‍ പുലര്‍ച്ചെ 4 മണിക്ക് നടത്താനായിരുന്നു പദ്ധതി. എന്നാല്‍ പിന്നീട് അത് 6 മണിയിലേക്ക് മാറ്റിയതായി വിതരണക്കാര്‍ സ്ഥിരീകരിച്ചു. മുന്‍പ് വിജയ്, രജനികാന്ത് തുടങ്ങിയ താരങ്ങളുടെ വലിയ റിലീസുകള്‍ക്ക് കേരളത്തില്‍ 4 മണി ഷോകള്‍ പതിവായിരുന്നു. അതേസമയം, വ്യാജ പതിപ്പ് നേരത്തെ പ്രചരിച്ചതും ബോക്‌സ് ഓഫീസിനെ ബാധിക്കുമോയെന്ന ആശങ്ക സിനിമാ മേഖലയിലുണ്ട്. കെവിഎന്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തില്‍ വിജയിനൊപ്പം മമിത ബൈജു, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ബോബി ഡിയോള്‍, ഗൗതം വാസുദേവ് മേനോന്‍, പ്രിയാമണി, നരെയ്ന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം.
‘പൂന്തോട്ടത്തിൽ വിട്ട ഒരു പൂമ്പാറ്റ പോലെ…’; മോഹൻലാലിനൊപ്പമുള്ള നൃത്തനിമിഷങ്ങൾ ഓർത്തെടുത്ത് സാനിയ ഇയ്യപ്പൻ

മോഹൻലാലിന്റെ നേതൃത്വത്തിൽ നടന്ന യൂറോപ്യൻ സ്റ്റേജ് ഷോകളിലെ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ നിമിഷങ്ങളിലൊന്നായിരുന്നു സാനിയ ഇയ്യപ്പനും സ്വാസികയ്ക്കുമൊപ്പമുള്ള അദ്ദേഹത്തിന്റെ നൃത്തപ്രകടനം. സോഷ്യൽ മീഡിയയിൽ വൈറലായ ആ വീഡിയോയ്ക്ക് പിന്നാലെ, മോഹൻലാലിനൊപ്പം വേദി പങ്കിട്ട അനുഭവം പങ്കുവെച്ചിരിക്കുകയാണ് സാനിയ. ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്. പ്രാക്ടീസ് ആരംഭിച്ചപ്പോൾ തന്നെ മോഹൻലാലിനൊപ്പം നൃത്തം ചെയ്യേണ്ടതിന്റെ ടെൻഷൻ ഉണ്ടായിരുന്നുവെന്ന് സാനിയ പറയുന്നു. എന്നാൽ സ്റ്റേജ് റിഹേഴ്സലിനിടെ തമാശകൾ പറഞ്ഞും എല്ലാവരെയും സ്വാഭാവികരാക്കിയും മോഹൻലാൽ അന്തരീക്ഷം ലളിതമാക്കിയെന്നും താരം പറഞ്ഞു. ജർമനിയിലെ ഷോയിലായിരുന്നു അദ്ദേഹത്തോടൊപ്പമുള്ള ആദ്യ പ്രകടനം. വേദിയിലേക്ക് കയറുന്നതിന് മുമ്പ് മോഹൻലാൽ ‘ഓൾ ദ ബെസ്റ്റ്’ ആശംസിച്ചതും സാനിയ ഓർക്കുന്നു. “പറക്ക പറക്ക’ എന്ന ഗാനത്തിനൊപ്പമുള്ള നൃത്തത്തിനിടെ ഞാൻ സ്റ്റേജിലാണെന്ന കാര്യം പോലും മറന്നുപോയി. പ്രേക്ഷകരെയോ മറ്റൊന്നും ഞാൻ ഓർത്തില്ല. വീഡിയോ കണ്ടാൽ മനസിലാകും, പൂന്തോട്ടത്തിൽ വിട്ട ഒരു പൂമ്പാറ്റ പോലെ ഞാൻ വേദിയിൽ പറക്കുകയായിരുന്നു. സാർ എന്നെ തിരിക്കുന്ന നിമിഷങ്ങളിലൊക്കെ ഞാൻ ആ അനുഭവത്തിൽ മുഴുകിപ്പോയി,” സാനിയ പറഞ്ഞു. മോഹൻലാലിന്റെ ഊർജവും പ്രകടനവും കണ്ട് “Age is just a number” എന്നായിരുന്നു പലരുടെയും പ്രതികരണമെന്നും, അദ്ദേഹത്തിനൊപ്പം വേദി പങ്കിടാൻ കഴിഞ്ഞത് തന്റെ കരിയറിലെ ഏറ്റവും വിലപ്പെട്ട അനുഭവങ്ങളിലൊന്നാണെന്നും സാനിയ കൂട്ടിച്ചേർത്തു.