ഫഹദ് ഫാസിലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് മോഹൻലാൽ.

അമേരിക്കയിലെ ഡാലസിൽ നടന്ന അർജന്റീന–ഇംഗ്ലണ്ട് ലോകകപ്പ് മത്സരം കാണാനെത്തിയപ്പോഴെടുത്ത ചിത്രമാണ് മോഹൻലാൽ പങ്കുവച്ചത്. വെള്ള കൗബോയ് തൊപ്പിയും സ്റ്റൈലിഷ് കണ്ണടയും ധരിച്ച ലുക്കാണ് ചിത്രത്തിന്റെ ഹൈലൈറ്റായി മാറിയത്. ‘Hats off to good company’ എന്ന അടിക്കുറിപ്പോടെയായിരുന്നു മോഹൻലാലിന്റെ പോസ്റ്റ്. എന്നാൽ ആരാധകരെ കൂടുതൽ ആവേശത്തിലാക്കിയത് ഫഹദ് ഫാസിലിന്റെ കമന്റാണ്. ‘When എടാ മോനെ meets എന്താ മോനെ’ എന്ന രംഗണ്ണൻ റഫറൻസ് നിറഞ്ഞ കമന്റ് നിമിഷങ്ങൾക്കകം തന്നെ വൈറലായി. ഇരുവരുടെയും സൗഹൃദവും രസകരമായ സംഭാഷണവും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. മോഹൻലാലിന്റെ പോസ്റ്റിന് പിന്നാലെ ആന്റണി പെരുമ്പാവൂരും കൗബോയ് തൊപ്പികളണിഞ്ഞ ചിത്രങ്ങൾ പങ്കുവച്ചു. ലോകകപ്പ് മത്സരവേദിയിൽ നിന്നുള്ള മോഹൻലാലിന്റെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. ഫൈനൽ മത്സരത്തിലും താരം സ്റ്റേഡിയത്തിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

‘അടിയേ എൻ പൊൻതേനേ…’; അനിരുദ്ധിന്റെ മാജിക്കിൽ വൈറലായി ‘ജന നായകനി’ലെ പുതിയ പാട്ട്

വിജയ് നായകനാകുന്ന ‘ജനനായകൻ’ സിനിമയിലെ പുതിയ ഗാനമായ ‘അടിയേ എൻപൊൻതേനേ…’ പുറത്തിറങ്ങി. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തിൽ എത്തിയ ഗാനം ഇതിനോടകം ആരാധകർക്കിടയിൽ ശ്രദ്ധ നേടുകയാണ്. ജൂലൈ 24ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിൽ പൂജ ഹെഗ്ഡെ നായികയായും മലയാളികളുടെ പ്രിയതാരം മമിത ബൈജു പ്രധാന വേഷത്തിലും എത്തുന്നു. ബോബി ഡിയോൾ, പ്രകാശ് രാജ്, പ്രിയാമണി, ഗൗതം വാസുദേവ് മേനോൻ തുടങ്ങി വലിയ താരനിരയും ചിത്രത്തിന്റെ ഭാഗമാണ്. വിജയിയുടെ 69-ാമത്തെ ചിത്രമായ ‘ജനനായകൻ’ ഏകദേശം 300 കോടി രൂപ മുതൽമുടക്കിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം കൂടിയാണ്.