ഇരട്ട വേഷത്തിൽ യഷ്,ഒപ്പം വമ്പൻ താരനിര; ഗീതു മോഹൻദാസിന്റെ ‘ടോക്സിക്’ ഓഗസ്റ്റ് 26-ന് തിയേറ്ററുകളിലേക്ക്

ഒന്നിന് പുറകെ ഒന്നായി വിവാദങ്ങൾ പുറകെ കൂടുമ്പോഴും അതിനെയെല്ലാം അവഗണിച്ചുകൊണ്ട് ബിഗ് സ്ക്രീൻ ലക്ഷ്യമാക്കി ടോക്സിക് കുതിപ്പ് തുടരുകയാണ്.സൂപ്പർ താരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘ടോക്സിക്’ ഓഗസ്റ്റ് 26-ന് തിയേറ്ററുകളിലെത്തും.ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും തുടരെ ചർച്ചയായികൊണ്ടിരിക്കുകയാണ്.അവസാനമിറങ്ങിയ മധുമോഹിനി എന്ന ഗാനമാണ് ഏറ്റവും ഒടുവിൽ വിവാദത്തിനു കളമൊരുക്കിയത്.ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ താരത്തിളക്കവും അത്യാധുനിക സാങ്കേതികമികവും നിറഞ്ഞു നിൽക്കുന്ന ചിത്രത്തിനായി വലിയ പ്രതീക്ഷയിലാണ് ആരാധകർ. ചിത്രത്തിൽ മുൻനിര നായികമാരുടെ വലിയൊരു നിര തന്നെ അണിനിരക്കുന്നുണ്ട്. കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ തുടങ്ങിയ ശക്തരായ സ്ത്രീ കഥാപാത്രങ്ങളാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. കഥക്കും കഥാപാത്രങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന രീതിയിലാണ് ഇതിന്റെ ആഖ്യാനമെന്നാണ് റിപ്പോർട്ടുകൾ.കൂടാതെ, ചിത്രത്തിൽ യഷ് ഇരട്ട വേഷത്തിലാണ് എത്തുന്നതെന്ന സൂചന ടീസറുകൾ നൽകുന്നുണ്ട്. ടീസറിന്റെ അവസാന ഭാഗത്ത് തികച്ചും വ്യത്യസ്തമായ ലുക്കിൽ പ്രത്യക്ഷപ്പെടുന്ന യഷ്, ആരാധകർക്കിടയിൽ വലിയ ചർച്ചയായിക്കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന പുതിയ പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ തരംഗമാണ്. യഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥയൊരുക്കിയിരിക്കുന്ന ഈ ചിത്രം കന്നഡയിലും ഇംഗ്ലീഷിലുമായാണ് ഒരേസമയം ചിത്രീകരിച്ചിട്ടുള്ളത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഉൾപ്പെടെയുള്ള പ്രധാന ഭാഷകളിലെല്ലാം ഡബ്ബ് പതിപ്പുകളും പുറത്തിറങ്ങും.ഇന്ത്യയിലെ തന്നെ മുൻനിര സാങ്കേതിക വിദഗ്ദ്ധരാണ് ചിത്രത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്.ഛായാഗ്രഹണം: രാജീവ് രവി,സംഗീതം: രവി ബസ്രൂർ,എഡിറ്റിംഗ്: ഉജ്ജ്വൽ കുൽക്കർണിപ്രൊഡക്ഷൻ ഡിസൈൻ: ടി.പി. അബിദ്,ആക്ഷൻ രംഗങ്ങൾ: ജെ.ജെ. പെരി (‘ജോൺ വിക്ക്’ ഫെയിം), വെങ്കട്ട് കെ. നാരായണയും യഷും ചേർന്ന കെവിഎൻ പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറുകളിലാണ് ‘ടോക്സിക്’ നിർമ്മിക്കുന്നത്.ചിത്രത്തിന്റെ പി.ആർ.ഒ പ്രതീഷ് ശേഖർ ആണ്.
‘ലക്കി ഭാസ്കർ’ക്ക് ശേഷം വീണ്ടും തെലുങ്കിൽ തിളങ്ങാൻ ദുൽഖർ സൽമാൻ!

പവൻ സദിനേനി സംവിധാനം ചെയ്യുന്ന ‘ആകാശം ലോ ഒക താര’യിലെ ആദ്യ ഗാനം നാളെ പുറത്തിറങ്ങും. മഹാനടി, സീതാ രാമം, കൽക്കി, ലക്കി ഭാസ്കർ എന്നിവയ്ക്ക് ശേഷം തെലുങ്ക് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ദുൽഖറിന്റെ പുതിയ ചിത്രത്തിനായി വലിയ പ്രതീക്ഷയിലാണ് ആരാധകർ. ജി.വി. പ്രകാശ് കുമാറിന്റെ സംഗീതവും ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവയുടെ അവതരണവും ചിത്രത്തിന്റെ ഹൈലൈറ്റുകളാണ്. തിയേറ്റർ റിലീസിന് ശേഷം ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും. അതേസമയം, മലയാളത്തിൽ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ‘ഐ ആം ഗെയിം’ ഈ വർഷം ഓണം റിലീസായി എത്തും.
ശ്വേതാ മേനോന്റെ സ്ഥാനം റദ്ദാക്കണം, സഹകരണ രജിസ്ട്രാർ ഭരണം ഏർപ്പെടുത്തണം;ശ്വേതയ്ക്കെതിരെ ‘അമ്മ’യിലെവനിതാ അംഗങ്ങൾ!

താരസംഘടനയായ ‘അമ്മ’യിൽ ഭിന്നതയും പ്രതിസന്ധിയും കൂടുതൽ രൂക്ഷമാകുന്നു. സംഘടനയുടെ ഔദ്യോഗിക പദവികളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും ശ്വേതാ മേനോനെ അടിയന്തരമായി നീക്കണമെന്നും, ഭരണപരമായ സ്തംഭനാവസ്ഥ പരിഹരിക്കാൻ സഹകരണ സംഘം രജിസ്ട്രാറുടെ ഭരണം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് വനിതാ അംഗങ്ങൾ രംഗത്തെത്തി.മാലാ പാർവതി, ഉഷ ഹസീന, പൊന്നമ്മ ബാബു, അൻസിബ ഹസ്സൻ എന്നിവരുൾപ്പെടെയാണ് ആവശ്യവുമായെത്തിയത്.ഇതുസംബന്ധിച്ച കത്ത് ഇവർകോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ജോയിന്റ് റജിസ്ട്രാർക്ക് കൈമാറി. സംഘടനയുടെ നിലവിലെ നേതൃത്വ സ്ഥാനങ്ങളിൽ ശ്വേതാ മേനോൻ തുടരുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അടിയന്തരമായി ആ സ്ഥാനം റദ്ദാക്കണമെന്നുമാണ് കത്തിലെ പ്രധാന ആവശ്യം.താഴെത്തട്ടിലുള്ള വനിതാ കലാകാരികളുടെ ശബ്ദം കേൾക്കാനും, സംഘടനയ്ക്കുള്ളിൽ ജനാധിപത്യപരമായ അന്തരീക്ഷം ഉറപ്പുവരുത്താനും നിലവിലെ സംവിധാനത്തിന് സാധിക്കുന്നില്ലെന്ന് വനിതാ അംഗങ്ങളുടെ പ്രധാന ആരോപണം.സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾ സുതാര്യമാക്കാനും ഭരണ പ്രതിസന്ധി ഒഴിവാക്കാനും സഹകരണ സംഘം രജിസ്ട്രാറുടെയോ അല്ലെങ്കിൽ ഒരു പ്രത്യേക അഡ്മിനിസ്ട്രേറ്ററുടെയോ കീഴിലേക്ക് ‘അമ്മ’യുടെ ഭരണം മാറ്റണം എന്നാണ് നിലവിൽ ഇവർ ആവശ്യപ്പെടുന്നത്. സംഘടനയുടെ അക്കൗണ്ടിൽ നിലവിൽ ആറ് കോടിയോളം രൂപ ബാലൻസുണ്ട്. എന്നാൽ രാജിവച്ചുപോയ ഭരണസമിതിയുടെ കയ്യിലാണ് ഇപ്പോഴും ചെക്ക് ബുക്ക് ഉൾപ്പെടെയുള്ള നിർണായക രേഖകൾ ഉള്ളത് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.അതിനാൽ ചെക്കുകൾ പാസാക്കുന്നത് തടഞ്ഞ് അക്കൗണ്ടുകൾ മരവിപ്പിക്കണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടു. തുടർച്ചയായ വിവാദങ്ങൾക്കും രാജി സമർപ്പണങ്ങൾക്കും പിന്നാലെ വനിതാ അംഗങ്ങൾ പരസ്യമായി ഇത്തരമൊരു കടുത്ത നിലപാടിലേക്ക് കടന്നത് ‘അമ്മ’യെ കൂടുതൽ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ സംഘടനയുടെ ഭരണസമിതി ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നും രജിസ്ട്രാർതലത്തിൽ എന്തൊക്കെ നടപടികൾ ഉണ്ടാകുമെന്നതിലേക്കുമാണ് ചലച്ചിത്ര ലോകം ഉറ്റുനോക്കുന്നത്.
കാക്കി വേഷത്തിൽ പാർവതി തിരുവോത്ത്;പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ റിലീസിന്

നീതിക്കായി കാക്കി വേഷത്തിൽ പാർവതി തിരുവോത്ത് വീണ്ടുമെത്തുന്നു. 11 ഐക്കൺ ഫിലിംസിന്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന ‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ എന്ന ചിത്രം സെപ്റ്റംബർ 11-ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ഒരു പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ വളരെ റിയലിസ്റ്റിക്കായി ഒരുക്കിയിരിക്കുന്ന ഈ ത്രില്ലർ ചിത്രം കഥയുടെ കെട്ടുറപ്പുകൊണ്ടും അവതരണ ശൈലികൊണ്ടും ഇതിനോടകം തന്നെ വലിയ പ്രതീക്ഷകളാണ് നൽകുന്നത്.മികച്ചൊരു കഥാപാത്രവുമായി പാർവതി തിരുവോത്ത് വീണ്ടും കേന്ദ്ര കഥാപാത്രമായെത്തുമ്പോൾ വലിയൊരു താരനിര തന്നെ ചിത്രത്തിൽ ഒപ്പമുണ്ട്. വിജയരാഘവൻ, സായ് കുമാർ, മാത്യു തോമസ്, വിനയ് ഫോർട്ട്, അസീസ് നെടുമങ്ങാട്, സിദ്ധാർത്ഥ് ഭരതൻ, ഉണ്ണിമായ പ്രസാദ്, ജയശ്രീ, നിയാസ് ബക്കർ, സിറാജ് എന്നിവർക്കൊപ്പം പ്രശസ്ത തമിഴ് നടൻ പാർത്ഥിപനും ചിത്രത്തിൽ പ്രധാന വേഷത്തിൽ അണിനിരക്കുന്നുണ്ട്. പി.എസ്. സുബ്രഹമണ്യവും വിജേഷ് തോട്ടുങ്കലും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ അണിയറയിലും മികച്ച പ്രതിഭകളുടെ വലിയ നിരതന്നെയുണ്ട്. മുജീബ് മജീദ് സംഗീതവും റോബി രാജ് ഛായാഗ്രഹണവും നിർവ്വഹിക്കുമ്പോൾ എഡിറ്റിംഗ് ചമൻ ചാക്കോയാണ് കൈകാര്യം ചെയ്യുന്നത്. മഹേഷ് മോഹൻ കലാസംവിധാനവും അമൽ മേക്കപ്പും സമീരാ സനീഷ് കോസ്റ്റ്യൂം ഡിസൈനും നിർവ്വഹിക്കുന്നു. ബേബി പണിക്കർ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടറാകുന്ന ചിത്രത്തിന്റെ സ്റ്റിൽസ് റിജാഷ് മുഹമ്മദും ലൈൻ പ്രൊഡക്ഷൻ ദീപകും കൈകാര്യം ചെയ്യുന്നു. എൽദോ ജോൺ, ഫഹദ് (അപ്പു) എന്നിവരാണ് പ്രൊഡക്ഷൻ മാനേജർമാർ. പ്രൊഡക്ഷൻ കൺട്രോളർ സനൂപ് ചങ്ങനാശ്ശേരിയും പി.ആർ.ഒ. വാഴൂർ ജോസുമാണ്. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്.