താരസംഘടനയായ ‘അമ്മ’യിൽ ഭിന്നതയും പ്രതിസന്ധിയും കൂടുതൽ രൂക്ഷമാകുന്നു. സംഘടനയുടെ ഔദ്യോഗിക പദവികളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും ശ്വേതാ മേനോനെ അടിയന്തരമായി നീക്കണമെന്നും, ഭരണപരമായ സ്തംഭനാവസ്ഥ പരിഹരിക്കാൻ സഹകരണ സംഘം രജിസ്ട്രാറുടെ ഭരണം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് വനിതാ അംഗങ്ങൾ രംഗത്തെത്തി.
മാലാ പാർവതി, ഉഷ ഹസീന, പൊന്നമ്മ ബാബു, അൻസിബ ഹസ്സൻ എന്നിവരുൾപ്പെടെയാണ് ആവശ്യവുമായെത്തിയത്.
ഇതുസംബന്ധിച്ച കത്ത് ഇവർ
കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ജോയിന്റ് റജിസ്ട്രാർക്ക് കൈമാറി.
സംഘടനയുടെ നിലവിലെ നേതൃത്വ സ്ഥാനങ്ങളിൽ ശ്വേതാ മേനോൻ തുടരുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അടിയന്തരമായി ആ സ്ഥാനം റദ്ദാക്കണമെന്നുമാണ് കത്തിലെ പ്രധാന ആവശ്യം.താഴെത്തട്ടിലുള്ള വനിതാ കലാകാരികളുടെ ശബ്ദം കേൾക്കാനും, സംഘടനയ്ക്കുള്ളിൽ ജനാധിപത്യപരമായ അന്തരീക്ഷം ഉറപ്പുവരുത്താനും നിലവിലെ സംവിധാനത്തിന് സാധിക്കുന്നില്ലെന്ന് വനിതാ അംഗങ്ങളുടെ പ്രധാന ആരോപണം.
സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾ സുതാര്യമാക്കാനും ഭരണ പ്രതിസന്ധി ഒഴിവാക്കാനും സഹകരണ സംഘം രജിസ്ട്രാറുടെയോ അല്ലെങ്കിൽ ഒരു പ്രത്യേക അഡ്മിനിസ്ട്രേറ്ററുടെയോ കീഴിലേക്ക് ‘അമ്മ’യുടെ ഭരണം മാറ്റണം എന്നാണ് നിലവിൽ ഇവർ ആവശ്യപ്പെടുന്നത്.
സംഘടനയുടെ അക്കൗണ്ടിൽ നിലവിൽ ആറ് കോടിയോളം രൂപ ബാലൻസുണ്ട്. എന്നാൽ രാജിവച്ചുപോയ ഭരണസമിതിയുടെ കയ്യിലാണ് ഇപ്പോഴും ചെക്ക് ബുക്ക് ഉൾപ്പെടെയുള്ള നിർണായക രേഖകൾ ഉള്ളത് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
അതിനാൽ ചെക്കുകൾ പാസാക്കുന്നത് തടഞ്ഞ് അക്കൗണ്ടുകൾ മരവിപ്പിക്കണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടു.
തുടർച്ചയായ വിവാദങ്ങൾക്കും രാജി സമർപ്പണങ്ങൾക്കും പിന്നാലെ വനിതാ അംഗങ്ങൾ പരസ്യമായി ഇത്തരമൊരു കടുത്ത നിലപാടിലേക്ക് കടന്നത് ‘അമ്മ’യെ കൂടുതൽ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ സംഘടനയുടെ ഭരണസമിതി ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നും രജിസ്ട്രാർതലത്തിൽ എന്തൊക്കെ നടപടികൾ ഉണ്ടാകുമെന്നതിലേക്കുമാണ് ചലച്ചിത്ര ലോകം ഉറ്റുനോക്കുന്നത്.





