മമ്മൂട്ടിക്കൊപ്പം ഹാഷിറും!നിതീഷ് സഹദേവ് ചിത്രം ലോഡിങ്…

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതീഷ് സഹദേവ് ഒരുക്കുന്ന പുതിയ പടത്തിന്റെ ചിത്രീകരണം ആരംഭിച്ചു. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഒൻപതാമത് ചിത്രമാണിത്. സംവിധായകൻ നിതീഷ് സഹദേവും അനുരാജ് ഒ ബിയും ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.വാഴ 2 താരം ഹാഷിർ ഈ മമ്മൂട്ടി പടത്തിന്റെ ഭാഗമാണ് എന്നാണ് റിപ്പോർട്ടുകൾ.ജിംഷി ഖാലിദ് ആണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്.പിആർഒ : വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ്.മലയാളത്തിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെയും സാങ്കേതിക പ്രവർത്തകരുടെയും വിവരങ്ങൾ ഉടൻ പുറത്തുവിടും.മലയാളത്തിൽ ‘ഫാലിമി’, തമിഴിൽ ‘തലൈവർ തമ്പി തലൈമയിൽ’ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം നിതീഷ് വീണ്ടും മലയാളത്തിലേക്ക് എത്തുമ്പോൾ ഒരു അസ്സൽ കൊമേർഷ്യൽ വിരുന്ന് തന്നെയാകും എന്ന പ്രതീക്ഷയിലാണ് ആരാധകരും.
ബ്രഹ്മമുഹൂർത്തത്തിൽ ബ്രഹ്മാണ്ഡ റിലീസ്!രാമായണ അപ്ഡേറ്റ് പുറത്ത്

രൺബീർ കപൂറും യഷും സായ് പല്ലവിയും പ്രധാന വേഷങ്ങളിലെത്തുന്ന ‘രാമായണ’ എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ ട്രെയിലർ അപ്ഡേറ്റും റിലീസ് തീയതിയും പുറത്ത്. ജൂലൈ 30 വ്യാഴാഴ്ച പുലർച്ചെ 4.15-ന് ട്രെയ്‌ലർ ആഗോളതലത്തിൽ പുറത്തുവിടുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.ചിത്രം നവംബറിൽ ദീപാവലി റിലീസായി പുറത്തെത്തും. ഇന്റർനാഷണൽ സ്റ്റുഡിയോസ് ആയ സോണി പിക്ചേഴ്സ് ആണ് ചിത്രം ആഗോള തലത്തിലെത്തിക്കുന്നത്. ചിത്രത്തിന്റെ ഇന്ത്യൻ വിതരണാവകാശം കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസും ഓവർസീസ് വിതരണാവകാശം വാർണർ ബ്രോസ് പിക്ചേഴ്സിനുമാണ്. രൺബീർ കപൂർ രാമനെ അവതരിപ്പിക്കുന്ന ടീസർ ആണ് നേരത്തെ പുറത്തുവന്നത്. രാമനായി രൺബീറിന്റെ മികച്ച ട്രാൻസ്ഫോർമേഷനും വമ്പൻ ക്യാൻവാസിലെ വിഷ്വൽ ട്രീറ്റുംടീസറിലുണ്ട്.ചിത്രത്തിലെ രാമനായി അഭിനയിക്കാൻ രൺബീർ കപൂറിന് 150 കോടിയും സീതയായി എത്തുന്ന സായ് പല്ലവിക്ക് ആറ് കോടിയുമാണ് പ്രതിഫലം. രാവണന്റെ വേഷമിടുന്ന യഷിന് ലഭിക്കുന്ന പ്രതിഫലം 50 കോടിയുമാണ്. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ സിനിമയുടെ വിഷ്വൽ എഫക്ട്സിന് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്. ചില ഷോട്ടുകൾ എഐ പോലെയുണ്ട്,4000 കോടിക്ക് മുകളിൽ ബജറ്റുള്ള ഒരു സിനിമയുടെ വിഷ്വലുകൾ പോലെയല്ല എന്നിങ്ങനെയുള്ള വിമർശനങ്ങളാണ് ചിത്രത്തിനെതിരെ ഉയരുന്നത്.
കണ്ടിട്ടും’ഒഡീസി’യിൽ നാം കാണാതെ പോയത്?

ഇന്ത്യയിൽ വാനോളം ഹൈപ്പുമായെത്തിയ ‘ഒഡിസി’ എന്ന ചിത്രം കണ്ടവർ കാണാതെ പോയ ചിലതുണ്ട്,നോളൻ തന്റെ ക്യാമറയിൽ പകർത്തിയ ‘ദൃശ്യവിസ്മയത്തിന്റെ’ യഥാർത്ഥ ചിത്രം.ഓപ്പൺഹൈമർ, ഇന്റർസ്റ്റെല്ലാർ,ഡൻക്രിക്,ടെനറ്റ് തുടങ്ങിയ സിനിമകളിൽ ഐമാക്സ് ക്യാമറകൾ ഭാഗികമായി ഉപയോഗിച്ച നോളൻ, സിനിമാചരിത്രത്തിൽ ആദ്യമായി പൂർണ്ണമായും 70 എംഎം ഐമാക്സ് ഫിലിം ക്യാമറയിൽ ചിത്രീകരിച്ച ചിത്രമാണ് ഒഡിസി.സിനിമയിലെ ‘ഗോൾഡൻ സ്റ്റാൻഡേർഡ്’ എന്നാണ് ഈ ഫോർമാറ്റ് അറിയപ്പെടുന്നത്.അനലോഗ് ഫിലിമിനെ പ്രേമിക്കുന്ന നോളൻ പ്രകൃതി ദൃശ്യങ്ങൾക്ക് കൂടുതൽ യാഥാർത്ഥ്യബോധം നൽകാനാണ് ഈസാങ്കേതികവിദ്യ ഉപയോഗിച്ചത്.ആക്ഷൻ രംഗങ്ങൾക്ക് അതിവിശാലത നൽകാനും വെളിച്ചത്തിന്റെയും നിഴലിന്റെയും സ്വാഭാവിക തനിമ നിലനിർത്താനും ഈ ഐമാക്സ് ഫിലിമുകൾക്ക് സാധിക്കുന്നു.എന്നാൽ ഫിലിമുകൾ ചിത്രീകരിക്കാൻ ഇത്തരം ഐമാക്സ് അനുയോജ്യമാണോ?സാധാരണ 35 എംഎം ആണ് ഫിലിം ഫ്രയിമിന്റെ അടിസ്ഥാന വലിപ്പം.ഇത് ഐ മാക്സിനേക്കാൾപതിൻമടങ്ങ് ചെറുതാണ്. 70 എംഎം ഫ്രയിമിലൂടെ ലഭിക്കുന്നത് ലോകത്തിലെ ഏറ്റവും മികച്ചതും വിശദാംശങ്ങൾ നിറഞ്ഞതുമായ ദൃശ്യാനുഭവമാണ്.ഐമാക്സ് ഫിലിം പ്രൊജക്ട് ചെയ്യാൻ പ്രത്യേകതരം പ്രൊജക്ടറുകളും ഭീമാകാരമായ ഫിലിം റീലുകളും വേണം.ഇത് ചിലവേറിയതായതിനാൽ ലോകത്തിലാകെ വെറും 41 തിയേറ്ററുകളിൽ മാത്രമാണ് ഈ സൗകര്യമുള്ളത്.ഇന്ത്യയിൽ ഇത്തരം ഫ്രയിമുകൾഅപര്യാപ്തമായതിനാൽ സാധാരണ ഡിജിറ്റൽ ഫ്രയിമിലേക്ക് മാറ്റിയ പതിപ്പാണ് കാണാൻ സാധിക്കുക.അതുകൊണ്ടു തന്നെ ഇന്ത്യയിലെ തിയേറ്ററുകളിൽ ‘ഒഡീസി’ കാണുമ്പോൾ, അണിയറപ്രവർത്തകർ ചിത്രീകരിച്ച ഫ്രെയിമിന്റെ മുകളിലും താഴെയുമുള്ള ഒരു വലിയ ഭാഗം നമുക്ക് നഷ്ടപ്പെടുന്നുണ്ട്.അതിനാൽ നോളൻ തന്റെ ക്യാമറയിൽ പകർത്തിയ ആ യഥാർത്ഥ ദൃശ്യാവിഷ്കാരം മുഴുവനായികാണണമെങ്കിൽ ലോകത്തിലെ ആ 41 തിയേറ്ററുകളിൽ ഒന്നിൽ തന്നെ പോകേണ്ടിവരും.
ചരിത്രം കുറിച്ച് മീരാഭായ്

ഗ്ലാസ്ഗോയിൽ സ്വർണത്തിളക്കത്തോടെ ഇന്ത്യ 2026 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണമെഡൽ സമ്മാനിച്ച് വെയ്റ്റ്‌ലിഫ്റ്റിംഗ് താരം മീരാഭായ് ചാനു വീണ്ടും ചരിത്രം കുറിച്ചിരിക്കുകയാണ്. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ ആകെ 190 കിലോഗ്രാം ഉയർത്തി പുതിയ ഗെയിംസ് റെക്കോർഡോടെയാണ് ചാനുവിന്റെ ഈ മിന്നുന്ന നേട്ടം. സ്നാച്ച് റൗണ്ടിൽ 85 കിലോഗ്രാമും ക്ലീൻ ആൻഡ് ജെർക്കിൽ 105 കിലോഗ്രാമും ഉയർത്തിയ താരം, തൊട്ടടുത്ത എതിരാളിയേക്കാൾ 22 കിലോഗ്രാം മുന്നിലെത്തിയാണ് മത്സരത്തിൽ പൂർണ്ണ ആധിപത്യം ഉറപ്പിച്ചത്. 2018, 2022 വർഷങ്ങളിലെ സ്വർണനേട്ടങ്ങൾക്ക് ശേഷം ഗ്ലാസ്ഗോയിലും ഒന്നാമതെത്തിയതോടെ തുടർച്ചയായ മൂന്നാം തവണയാണ് മീരാഭായ് കോമൺവെൽത്ത് ചാമ്പ്യനാകുന്നത്.എന്നാൽ ഈ മത്സരത്തിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം അവരുടെ റിക്കോർഡ് നേട്ടം മാത്രമല്ല, വിജയപീഠത്തിൽ നിൽക്കുമ്പോൾ മീരാഭായ് പങ്കുവെച്ച അതിവൈകാരികമായ നിമിഷങ്ങൾ കൂടിയാണ്. ദേശീയപതാക ഉയരുകയും ദേശീയഗാനം മുഴങ്ങുകയും ചെയ്തപ്പോൾ വിങ്ങിപ്പൊട്ടിയ താരത്തിന്റെ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. ഈ വിജയത്തിന് പിന്നിൽ താൻ സഹിച്ച കഠിനമായ ത്യാഗങ്ങളെക്കുറിച്ചും മീരാഭായ് വെളിപ്പെടുത്തുകയുണ്ടായി . മത്സരത്തിന് മുന്നോടിയായി ശരീരഭാരം കൃത്യമായി നിലനിർത്താൻ മൂന്നു ദിവസത്തോളമാണ് ഭക്ഷണവും വെള്ളവുമില്ലാതെ അവർക്ക് കഴിയേണ്ടി വന്നത്. വിശ്രമമില്ലാത്ത പരിശീലനവും പരിക്കുകളും അതിജീവിച്ച് രാജ്യം നേടിയ ഈ സ്വർണത്തിളക്കം കായികലോകത്തിന് എന്നും ഒരു വലിയ പ്രചോദനമാണ്..
സൂര്യനെ നിർമ്മിക്കാൻ ചൈന

ചൈനയുടെ ചരിത്രപരമായ ഒരു കുതിച്ചുചാട്ടത്തിന് ശാസ്ത്രലോകം സാക്ഷ്യം വഹിച്ചിരിക്കുകയാണ്! പരിധിയില്ലാത്തതും ശുദ്ധവുമായ ഊർജം ഉത്പാദിപ്പിക്കാനുള്ള ‘കൃത്രിമ സൂര്യൻ’ പദ്ധതിയിൽ നിർണായക മുന്നേറ്റം നടത്തിയിരിക്കുകയാണ് ചൈന. ലോകത്തിലെ ഏറ്റവും വലിയ സൂപ്പർകണ്ടക്റ്റിങ് ഫ്യൂഷൻ മാഗ്‌നെറ്റിന്റെ നിർമാണവും പരീക്ഷണവും അവർ വിജയകരമായി പൂർത്തിയാക്കി. 2030 ഓടെ ന്യൂക്ലിയർ ഫ്യൂഷൻ വഴി വൈദ്യുതി ഉത്പാദിപ്പിക്കുക എന്ന വൻ ലക്ഷ്യത്തിലേക്ക് ചൈനയെ അടുപ്പിക്കുന്ന സുപ്രധാന നാഴികക്കല്ലാണിത്. കാർബൺ രഹിത ഊർജത്തിന്റെ ആത്യന്തിക ഉറവിടം സ്വന്തമാക്കാനുള്ള ആഗോള മത്സരത്തിൽ ചൈനയെ ഏറെ മുന്നിലെത്തിക്കാൻ ഈ നേട്ടത്തിന് സാധിക്കും.ചൈനീസ് അക്കാദമി ഓഫ് സയൻസസിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്മ ഫിസിക്‌സാണ് ഈ കൂറ്റൻ സൂപ്പർകണ്ടക്റ്റിങ് മാഗ്‌നെറ്റ് വികസിപ്പിച്ചെടുത്തത്. 21 മീറ്റർ നീളവും 12 മീറ്റർ വീതിയും 582 ടൺ ഭാരവുമുള്ള ഒരു ഭീമൻ ഡി-ആകൃതിയിലുള്ള ഘടനയാണിത്. ഇന്റർനാഷണൽ തെർമോന്യൂക്ലിയർ എക്‌സ്പിരിമെന്റൽ റിയാക്ടറിനായി (ITER) വികസിപ്പിച്ച മാഗ്‌നെറ്റുകളേക്കാൾ 1.3 മടങ്ങ് വ്യാപ്തി ഇതിനുണ്ട്. പൂർണ്ണമായും ചൈനയുടെ തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ഈ മാഗ്നറ്റുകൾ വിദേശ വിതരണക്കാരെ ആശ്രയിക്കുന്നത് പൂർണമായി ഒഴിവാക്കാൻ അവരെ സഹായിക്കും. യഥാർത്ഥ സൂര്യനിൽ ഊർജ്ജം ഉത്പാദിപ്പിക്കപ്പെടുന്ന അതേ ന്യൂക്ലിയർ ഫ്യൂഷൻ പ്രക്രിയ ഭൂമിയിൽ പുനരാവിഷ്‌കരിക്കുകയാണ് ‘കൃത്രിമ സൂര്യൻ’ റിയാക്ടറിലൂടെ ചൈന ചെയ്യുന്നത്. 100 ദശലക്ഷം ഡിഗ്രി സെൽഷ്യസിനു മുകളിൽ താപനിലയിൽ ഹൈഡ്രജൻ ആറ്റങ്ങളെ സംയോജിപ്പിച്ച്, കാർബൺ മലിനീകരണമില്ലാതെ വൻതോതിൽ ഊർജ്ജം ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. ഇത്രയും ഭീമമായ താപനിലയിലെത്തുന്ന പ്ലാസ്മ റിയാക്ടറിന്റെ ഭിത്തികളിൽ തൊടാതെ നിലനിർത്താൻ വളരെ ശക്തമായ കാന്തികക്ഷേത്രം ആവശ്യമാണ്, അത് സാധ്യമാക്കുക എന്നതാണ് ഈ പുതിയ മാഗ്‌നെറ്റിന്റെ ദൗത്യം. ഇതോടൊപ്പം തന്നെ ഫ്യൂഷൻ റിയാക്ടറിന്റെ ഹൃദയമെന്ന് വിശേഷിപ്പിക്കാവുന്ന സൂപ്പർകണ്ടക്റ്റിങ് സെൻട്രൽ സോളിനോയിഡ് കോയിലും ചൈന വിജയകരമായി പരീക്ഷിച്ചു. ഒരു കാർ എഞ്ചിനിലെ സ്പാർക്ക് പ്ലഗ് പോലെ ഫ്യൂഷൻ പ്രതിപ്രവർത്തനങ്ങൾക്ക് ആവശ്യമായ പ്ലാസ്മയെ ജ്വലിപ്പിക്കാനും നിലനിർത്താനും സഹായിക്കുന്നത് ഈ ഘടകമാണ്. സുരക്ഷിതവും പരിധിയില്ലാത്തതുമായ ശുദ്ധമായ വൈദ്യുതി നിർമ്മാണത്തിൽ വിപ്ലവം സൃഷ്ടിക്കാൻ പോകുന്ന ഈ കണ്ടുപിടുത്തം ഭാവി ഊർജ ലോകത്തിന്റെ ചിത്രം തന്നെ മാറ്റിവരയ്ക്കുമെന്നാണ് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നത്.