സൂര്യനെ നിർമ്മിക്കാൻ ചൈന

ചൈനയുടെ ചരിത്രപരമായ ഒരു കുതിച്ചുചാട്ടത്തിന് ശാസ്ത്രലോകം സാക്ഷ്യം വഹിച്ചിരിക്കുകയാണ്! പരിധിയില്ലാത്തതും ശുദ്ധവുമായ ഊർജം ഉത്പാദിപ്പിക്കാനുള്ള ‘കൃത്രിമ സൂര്യൻ’ പദ്ധതിയിൽ നിർണായക മുന്നേറ്റം നടത്തിയിരിക്കുകയാണ് ചൈന. ലോകത്തിലെ ഏറ്റവും വലിയ സൂപ്പർകണ്ടക്റ്റിങ് ഫ്യൂഷൻ മാഗ്‌നെറ്റിന്റെ നിർമാണവും പരീക്ഷണവും അവർ വിജയകരമായി പൂർത്തിയാക്കി. 2030 ഓടെ ന്യൂക്ലിയർ ഫ്യൂഷൻ വഴി വൈദ്യുതി ഉത്പാദിപ്പിക്കുക എന്ന വൻ ലക്ഷ്യത്തിലേക്ക് ചൈനയെ അടുപ്പിക്കുന്ന സുപ്രധാന നാഴികക്കല്ലാണിത്.

കാർബൺ രഹിത ഊർജത്തിന്റെ ആത്യന്തിക ഉറവിടം സ്വന്തമാക്കാനുള്ള ആഗോള മത്സരത്തിൽ ചൈനയെ ഏറെ മുന്നിലെത്തിക്കാൻ ഈ നേട്ടത്തിന് സാധിക്കും.
ചൈനീസ് അക്കാദമി ഓഫ് സയൻസസിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്മ ഫിസിക്‌സാണ് ഈ കൂറ്റൻ സൂപ്പർകണ്ടക്റ്റിങ് മാഗ്‌നെറ്റ് വികസിപ്പിച്ചെടുത്തത്. 21 മീറ്റർ നീളവും 12 മീറ്റർ വീതിയും 582 ടൺ ഭാരവുമുള്ള ഒരു ഭീമൻ ഡി-ആകൃതിയിലുള്ള ഘടനയാണിത്.

ഇന്റർനാഷണൽ തെർമോന്യൂക്ലിയർ എക്‌സ്പിരിമെന്റൽ റിയാക്ടറിനായി (ITER) വികസിപ്പിച്ച മാഗ്‌നെറ്റുകളേക്കാൾ 1.3 മടങ്ങ് വ്യാപ്തി ഇതിനുണ്ട്. പൂർണ്ണമായും ചൈനയുടെ തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ഈ മാഗ്നറ്റുകൾ വിദേശ വിതരണക്കാരെ ആശ്രയിക്കുന്നത് പൂർണമായി ഒഴിവാക്കാൻ അവരെ സഹായിക്കും.

യഥാർത്ഥ സൂര്യനിൽ ഊർജ്ജം ഉത്പാദിപ്പിക്കപ്പെടുന്ന അതേ ന്യൂക്ലിയർ ഫ്യൂഷൻ പ്രക്രിയ ഭൂമിയിൽ പുനരാവിഷ്‌കരിക്കുകയാണ് ‘കൃത്രിമ സൂര്യൻ’ റിയാക്ടറിലൂടെ ചൈന ചെയ്യുന്നത്. 100 ദശലക്ഷം ഡിഗ്രി സെൽഷ്യസിനു മുകളിൽ താപനിലയിൽ ഹൈഡ്രജൻ ആറ്റങ്ങളെ സംയോജിപ്പിച്ച്, കാർബൺ മലിനീകരണമില്ലാതെ വൻതോതിൽ ഊർജ്ജം ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. ഇത്രയും ഭീമമായ താപനിലയിലെത്തുന്ന പ്ലാസ്മ റിയാക്ടറിന്റെ ഭിത്തികളിൽ തൊടാതെ നിലനിർത്താൻ വളരെ ശക്തമായ കാന്തികക്ഷേത്രം ആവശ്യമാണ്, അത് സാധ്യമാക്കുക എന്നതാണ് ഈ പുതിയ മാഗ്‌നെറ്റിന്റെ ദൗത്യം.

ഇതോടൊപ്പം തന്നെ ഫ്യൂഷൻ റിയാക്ടറിന്റെ ഹൃദയമെന്ന് വിശേഷിപ്പിക്കാവുന്ന സൂപ്പർകണ്ടക്റ്റിങ് സെൻട്രൽ സോളിനോയിഡ് കോയിലും ചൈന വിജയകരമായി പരീക്ഷിച്ചു. ഒരു കാർ എഞ്ചിനിലെ സ്പാർക്ക് പ്ലഗ് പോലെ ഫ്യൂഷൻ പ്രതിപ്രവർത്തനങ്ങൾക്ക് ആവശ്യമായ പ്ലാസ്മയെ ജ്വലിപ്പിക്കാനും നിലനിർത്താനും സഹായിക്കുന്നത് ഈ ഘടകമാണ്. സുരക്ഷിതവും പരിധിയില്ലാത്തതുമായ ശുദ്ധമായ വൈദ്യുതി നിർമ്മാണത്തിൽ വിപ്ലവം സൃഷ്ടിക്കാൻ പോകുന്ന ഈ കണ്ടുപിടുത്തം ഭാവി ഊർജ ലോകത്തിന്റെ ചിത്രം തന്നെ മാറ്റിവരയ്ക്കുമെന്നാണ് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നത്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *