ആപ്പിളിന്റെ വമ്പൻ വരവ്; മടക്കാവുന്ന ഐഫോൺ ഡ്യൂവോ അവതരിപ്പിച്ചു, ഒപ്പം ഐഫോൺ 18 പ്രോ സീരീസും

വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് ആപ്പിൾ ആദ്യത്തെ ഫോൾഡബിൾ ഐഫോൺ അവതരിപ്പിച്ചു. ഐഫോൺ ഡ്യൂവോ എന്ന പേരിലെത്തിയ ഫോൺ മടക്കിയാൽ 5.4 ഇഞ്ച് ഡിസ്പ്ലേയും നിവർത്തിയാൽ 7.6 ഇഞ്ച് വലിയ ഇൻറർ ഡിസ്പ്ലേയുമാണ് നൽകുന്നത്. A20 പ്രോ ചിപ്പും ആപ്പിൾ പെൻസിൽ പിന്തുണയും ഉൾപ്പെടെയുള്ള ഫീച്ചറുകളോടെയാണ് ഫോൺ എത്തുന്നത്. ഇന്ത്യയിൽ ₹2,99,900 മുതലാണ് വില; ഒക്ടോബർ 16 മുതൽ പ്രീ-ഓർഡർ ആരംഭിക്കും. ഇതിനൊപ്പം ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് മോഡലുകളും ആപ്പിൾ അവതരിപ്പിച്ചു. 48MP ഫ്യൂഷൻ മെയിൻ ക്യാമറയിലെ പുതിയ വേരിയബിൾ അപ്പർചർ സംവിധാനമാണ് പ്രധാന ആകർഷണം. A20 പ്രോ ചിപ്പ്, മെച്ചപ്പെടുത്തിയ ബാറ്ററി, പുതിയ സിറി എ ഐ ഫീച്ചറുകൾ എന്നിവയും ഫോണിലുണ്ട്. ബ്ലാക്ക്, സിൽവർ, ഗ്ലേഷ്യർ എന്നിവയ്ക്കൊപ്പം പുതിയ ബർഗണ്ടി നിറത്തിലും മോഡലുകൾ ലഭ്യമാകും. ഇന്ത്യയിൽ ഐഫോൺ 18 പ്രോ-യുടെ വില ₹1,64,900 മുതലാണ്. സെപ്റ്റംബർ 12ന് പ്രീ-ഓർഡർ ആരംഭിച്ച് സെപ്റ്റംബർ 18 മുതൽ വിൽപ്പന തുടങ്ങും. ഫോൾഡബിൾ ഫോണുകളുടെ ലോകത്തേക്ക് ആപ്പിൾ കൂടി എത്തിയതോടെ സാംസങ് ഉൾപ്പെടെയുള്ള ബ്രാൻഡുകൾക്ക് ഇനി മത്സരം കൂടുതൽ കടുക്കുമെന്നാണ് വിലയിരുത്തൽ.
കൗമാരക്കാർക്കായി ചാറ്റ് ജിപിടിയുടെ പുതിയ പതിപ്പുമായി ഓപ്പൺ എ ഐ

സ്കൂൾ പഠനം, ദൈനംദിന ജീവിതം, സൗഹൃദം തുടങ്ങിയ കാര്യങ്ങൾക്കായി എ ഐ ഉപയോഗിക്കുന്ന കൗമാരക്കാർക്കായി ചാറ്റ് ജിപിടിയുടെ പുതിയ പതിപ്പ് അവതരിപ്പിച്ച് ഓപ്പൺ എ ഐ. 13 മുതൽ 17 വയസ്സുവരെയുള്ള കുട്ടികളെ ലക്ഷ്യമിട്ടാണ് ചാറ്റ് ജിപിടി ഫോർ ടീൻസ് അവതരിപ്പിച്ചിരിക്കുന്നത്. കൗമാരക്കാർക്ക് അനുയോജ്യമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് പുതിയ പതിപ്പ് ഒരുക്കിയിരിക്കുന്നത്. ആത്മഹത്യ, സ്വയം ഉപദ്രവിക്കൽ, പ്രണയപരമോ ലൈംഗികമോ ആയ സംഭാഷണങ്ങൾ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ശക്തമായ നിയന്ത്രണങ്ങളും സുരക്ഷാ സംവിധാനങ്ങളും ഇതിലുണ്ടാകും. പഠനത്തിനിടെ നേരിട്ട് ഉത്തരങ്ങളോ ഉപന്യാസങ്ങളോ നൽകുന്നതിനുപകരം ആശയങ്ങൾ മനസ്സിലാക്കാനും പഠിക്കാനും സഹായിക്കുന്ന രീതിയിലാണ് ഹോംവർക്ക്, സ്റ്റഡി സപ്പോർട്ട് സംവിധാനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രായത്തിനനുസരിച്ചുള്ള സുരക്ഷിതമായ അന്തരീക്ഷത്തിൽ കൗമാരക്കാരെ എ ഐ ആരോഗ്യകരമായി ഉപയോഗിക്കാൻ പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്ന് ഓപ്പൺ എ ഐ വ്യക്തമാക്കി. എന്നാൽ പുതിയ സുരക്ഷാ സംവിധാനങ്ങൾ എത്രത്തോളം ഫലപ്രദമാകുമെന്ന് ഇപ്പോഴും വ്യക്തമല്ലെന്ന് കുട്ടികളുടെ അവകാശ സംഘടനയായ ഫെയർപ്ലേ ചൂണ്ടിക്കാട്ടി. എ ഐ ചാറ്റ്ബോട്ടുകളോടുള്ള അമിതമായ ആശ്രിതത്വം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കൂടുതൽ ജാഗ്രത ആവശ്യമാണെന്നും സംഘടന മുന്നറിയിപ്പ് നൽകി.
AMCAയുടെ കരുത്താകാൻ ഇന്ത്യയിൽ തന്നെ എൻജിൻ; റിലയൻസ്–റോള്സ് റോയ്സ് കൂട്ടുകെട്ട്

ഇന്ത്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനമായ AMCAയ്ക്കായി തദ്ദേശീയമായി എൻജിൻ വികസിപ്പിക്കാൻ റിലയൻസ് ഇൻഡസ്ട്രീസും ബ്രിട്ടീഷ് കമ്പനിയായ റോള്സ് റോയ്സും കൈകോർക്കുന്നു. എൻജിന്റെ രൂപകൽപ്പന, വികസനം, നിർമാണം, വിതരണം തുടങ്ങിയ മേഖലകളിൽ ഇരു കമ്പനികളും സഹകരിക്കും. ഇന്ത്യയുടെ പ്രതിരോധ സ്വയംപര്യാപ്തതാ പദ്ധതിയായ ‘ആത്മനിർഭർ ഭാരത്’ ലക്ഷ്യത്തിലേക്കുള്ള നിർണായക ചുവടുവയ്പ്പായാണ് പങ്കാളിത്തത്തെ വിലയിരുത്തുന്നത്. പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ എയ്‌റോസ്‌പേസ് ഗ്യാസ് ടർബൈൻ കോംപ്ലക്‌സ് സ്ഥാപിക്കുന്നതിനുള്ള സാധ്യതയും ഇരു കമ്പനികളും പരിശോധിക്കും. റോള്സ് റോയ്സിന്റെ പ്രൊപ്പൽഷൻ സാങ്കേതികവിദ്യയും അനുഭവസമ്പത്തും റിലയൻസിന്റെ നിർമാണശേഷിയും വ്യവസായിക അടിസ്ഥാനസൗകര്യങ്ങളും സംയോജിപ്പിച്ചായിരിക്കും പദ്ധതി മുന്നോട്ടുപോകുക. ഇതിലൂടെ രാജ്യത്ത് സമഗ്രമായ എയ്റോ-എൻജിൻ വ്യവസായ സംവിധാനം വളർത്തുകയാണ് ലക്ഷ്യം. ഇരട്ട എൻജിനുള്ള മധ്യഭാര വിഭാഗത്തിലെ അഞ്ചാം തലമുറ യുദ്ധവിമാനമായാണ് AMCA വികസിപ്പിക്കുന്നത്. പദ്ധതിയുടെ ആദ്യ പ്രോട്ടോടൈപ്പ് 2028-ഓടെ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. എയർഫ്രെയിം, റഡാർ, ഏവിയോണിക്സ്, ആയുധ സംവിധാനങ്ങൾ തുടങ്ങിയ മേഖലകളിൽ ഇന്ത്യ മുന്നേറിയിട്ടുണ്ടെങ്കിലും അത്യാധുനിക ജെറ്റ് എൻജിൻ സാങ്കേതികവിദ്യ ഇപ്പോഴും വലിയ വെല്ലുവിളിയാണ്.
സൂര്യനെ നിർമ്മിക്കാൻ ചൈന

ചൈനയുടെ ചരിത്രപരമായ ഒരു കുതിച്ചുചാട്ടത്തിന് ശാസ്ത്രലോകം സാക്ഷ്യം വഹിച്ചിരിക്കുകയാണ്! പരിധിയില്ലാത്തതും ശുദ്ധവുമായ ഊർജം ഉത്പാദിപ്പിക്കാനുള്ള ‘കൃത്രിമ സൂര്യൻ’ പദ്ധതിയിൽ നിർണായക മുന്നേറ്റം നടത്തിയിരിക്കുകയാണ് ചൈന. ലോകത്തിലെ ഏറ്റവും വലിയ സൂപ്പർകണ്ടക്റ്റിങ് ഫ്യൂഷൻ മാഗ്‌നെറ്റിന്റെ നിർമാണവും പരീക്ഷണവും അവർ വിജയകരമായി പൂർത്തിയാക്കി. 2030 ഓടെ ന്യൂക്ലിയർ ഫ്യൂഷൻ വഴി വൈദ്യുതി ഉത്പാദിപ്പിക്കുക എന്ന വൻ ലക്ഷ്യത്തിലേക്ക് ചൈനയെ അടുപ്പിക്കുന്ന സുപ്രധാന നാഴികക്കല്ലാണിത്. കാർബൺ രഹിത ഊർജത്തിന്റെ ആത്യന്തിക ഉറവിടം സ്വന്തമാക്കാനുള്ള ആഗോള മത്സരത്തിൽ ചൈനയെ ഏറെ മുന്നിലെത്തിക്കാൻ ഈ നേട്ടത്തിന് സാധിക്കും.ചൈനീസ് അക്കാദമി ഓഫ് സയൻസസിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്മ ഫിസിക്‌സാണ് ഈ കൂറ്റൻ സൂപ്പർകണ്ടക്റ്റിങ് മാഗ്‌നെറ്റ് വികസിപ്പിച്ചെടുത്തത്. 21 മീറ്റർ നീളവും 12 മീറ്റർ വീതിയും 582 ടൺ ഭാരവുമുള്ള ഒരു ഭീമൻ ഡി-ആകൃതിയിലുള്ള ഘടനയാണിത്. ഇന്റർനാഷണൽ തെർമോന്യൂക്ലിയർ എക്‌സ്പിരിമെന്റൽ റിയാക്ടറിനായി (ITER) വികസിപ്പിച്ച മാഗ്‌നെറ്റുകളേക്കാൾ 1.3 മടങ്ങ് വ്യാപ്തി ഇതിനുണ്ട്. പൂർണ്ണമായും ചൈനയുടെ തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ഈ മാഗ്നറ്റുകൾ വിദേശ വിതരണക്കാരെ ആശ്രയിക്കുന്നത് പൂർണമായി ഒഴിവാക്കാൻ അവരെ സഹായിക്കും. യഥാർത്ഥ സൂര്യനിൽ ഊർജ്ജം ഉത്പാദിപ്പിക്കപ്പെടുന്ന അതേ ന്യൂക്ലിയർ ഫ്യൂഷൻ പ്രക്രിയ ഭൂമിയിൽ പുനരാവിഷ്‌കരിക്കുകയാണ് ‘കൃത്രിമ സൂര്യൻ’ റിയാക്ടറിലൂടെ ചൈന ചെയ്യുന്നത്. 100 ദശലക്ഷം ഡിഗ്രി സെൽഷ്യസിനു മുകളിൽ താപനിലയിൽ ഹൈഡ്രജൻ ആറ്റങ്ങളെ സംയോജിപ്പിച്ച്, കാർബൺ മലിനീകരണമില്ലാതെ വൻതോതിൽ ഊർജ്ജം ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. ഇത്രയും ഭീമമായ താപനിലയിലെത്തുന്ന പ്ലാസ്മ റിയാക്ടറിന്റെ ഭിത്തികളിൽ തൊടാതെ നിലനിർത്താൻ വളരെ ശക്തമായ കാന്തികക്ഷേത്രം ആവശ്യമാണ്, അത് സാധ്യമാക്കുക എന്നതാണ് ഈ പുതിയ മാഗ്‌നെറ്റിന്റെ ദൗത്യം. ഇതോടൊപ്പം തന്നെ ഫ്യൂഷൻ റിയാക്ടറിന്റെ ഹൃദയമെന്ന് വിശേഷിപ്പിക്കാവുന്ന സൂപ്പർകണ്ടക്റ്റിങ് സെൻട്രൽ സോളിനോയിഡ് കോയിലും ചൈന വിജയകരമായി പരീക്ഷിച്ചു. ഒരു കാർ എഞ്ചിനിലെ സ്പാർക്ക് പ്ലഗ് പോലെ ഫ്യൂഷൻ പ്രതിപ്രവർത്തനങ്ങൾക്ക് ആവശ്യമായ പ്ലാസ്മയെ ജ്വലിപ്പിക്കാനും നിലനിർത്താനും സഹായിക്കുന്നത് ഈ ഘടകമാണ്. സുരക്ഷിതവും പരിധിയില്ലാത്തതുമായ ശുദ്ധമായ വൈദ്യുതി നിർമ്മാണത്തിൽ വിപ്ലവം സൃഷ്ടിക്കാൻ പോകുന്ന ഈ കണ്ടുപിടുത്തം ഭാവി ഊർജ ലോകത്തിന്റെ ചിത്രം തന്നെ മാറ്റിവരയ്ക്കുമെന്നാണ് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നത്.
ഓഹരി വിപണിയിൽ എഐ തകർച്ച!

ദക്ഷിണ കൊറിയന്‍ ഓഹരി വിപണിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സെമികണ്ടക്ടര്‍ കമ്പനികളുടെ ഓഹരികള്‍ക്ക് കനത്ത തിരിച്ചടി നേരിടുകയാണ്. പ്രമുഖ സൂചികയായ ‘കോസ്പി’യിലാണ് ഈ ഇടിവ് പ്രകടമായിരിക്കുന്നത്. പ്രമുഖ കമ്പനികളായ എസ്‌കെ ഹൈനിക്‌സിന്റെ ഓഹരികള്‍ 15.37 ശതമാനവും സാംസങ് ഇലക്ട്രോണിക്സിന്റെ ഓഹരികള്‍ 10.7 ശതമാനവും ഇടിഞ്ഞതോടെ വിപണി ഔദ്യോഗികമായി ഒരു ‘ബെയര്‍ മാര്‍ക്കറ്റിലേക്ക്’ കൂപ്പുകുത്തി. ലാഭമെടുപ്പും ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങളുമാണ് തകര്‍ച്ചയ്ക്ക് കാരണമായി പറയുന്നതെങ്കിലും, ഒരു പ്രത്യേക മേഖലയിലേക്ക് മാത്രം നിക്ഷേപകര്‍ ഇരച്ചുകയറിയതും പ്രതീക്ഷകള്‍ അതിരുകടന്നതുമാണ് യഥാര്‍ത്ഥ പ്രതിസന്ധിക്ക് പിന്നിലെന്ന് അനലിസ്റ്റുകള്‍ വിലയിരുത്തുന്നു.എന്നാൽ വിപണി തകര്‍ന്നുവെങ്കിലും കമ്പനികളുടെ സാമ്പത്തിക നില ഭദ്രമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജൂലൈ ആദ്യത്തെ പത്ത് ദിവസങ്ങളില്‍ മാത്രം ദക്ഷിണ കൊറിയയുടെ സെമികണ്ടക്ടര്‍ കയറ്റുമതി മുന്‍വര്‍ഷത്തേക്കാള്‍ 193 ശതമാനം വര്‍ധിച്ച് 1,07,520 കോടി രൂപയിലെത്തിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം കമ്പനികള്‍ക്ക് ലഭിച്ചേക്കാവുന്ന വളര്‍ച്ച മുന്നില്‍ക്കണ്ട് ഇപ്പോഴേ ഉയര്‍ന്ന വില കൊടുത്ത് ഓഹരികള്‍ വാങ്ങിക്കൂട്ടിയ നിക്ഷേപകർക്ക്, പ്രതീക്ഷിച്ചതിലും അല്പം കുറഞ്ഞ വളര്‍ച്ച ഉണ്ടായത് വലിയ നിരാശയായി മാറുകയായിരുന്നു.കടമെടുത്ത് ഓഹരി വിപണിയില്‍ പണമിറക്കുന്ന പ്രവണത കൊറിയന്‍ വിപണിയിലെ തകര്‍ച്ചയുടെ ആക്കം കൂട്ടിയിട്ടുണ്ട്. ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത് ഈ വര്‍ഷം ആദ്യം സർവകാല റെക്കോർഡിലെത്തിയ കോറു ഇടിഎഫിന്റെ വില മൂന്നിലൊന്നായി ചുരുങ്ങിയതാണ്. ചെറുകിട നിക്ഷേപകര്‍ കടമെടുത്ത് വന്‍തോതില്‍ പണമിറക്കിയതിനെ തുടർന്ന് ലക്ഷക്കണക്കിന് റീട്ടെയിൽ അക്കൗണ്ടുകൾക്കാണ് ‘മാർജിൻ കോൾ’ വന്നത്. ഇതില്‍ പണം അടക്കാന്‍ കഴിയാതിരുന്ന ലക്ഷക്കണക്കിന് അക്കൗണ്ടുകളിലെ ഓഹരികള്‍ ബ്രോക്കര്‍മാര്‍ നിര്‍ബന്ധിതമായി വിറ്റൊഴിവാക്കുകയും ചെയ്തു. കോസ്പി സൂചികയുടെ വലിയൊരു ഭാഗവും സാംസങ്, എസ്‌കെ ഹൈനിക്‌സ് എന്നീ രണ്ട് കമ്പനികളെ മാത്രം ആശ്രയിച്ചു നില്‍ക്കുന്നതും കൊറിയൻ വിപണിയുടെ ഈ പെട്ടെന്നുള്ള തകർച്ചയ്ക്ക് ആക്കം കൂട്ടി.
ടെലഗ്രാം നിരോധനം: സുരക്ഷയോ മാധ്യമവിലക്കോ

ടെലഗ്രാം നിരോധിച്ച കേന്ദ്ര സർക്കാർ നടപടി ശരിവെച്ചിരിക്കുകയാണ് ദില്ലി ഹൈക്കോടതി. നിരോധനത്തിനെതിരെ ടെലഗ്രാം നൽകിയ ഹർജി തള്ളിയ ജസ്റ്റിസ് തേജസ് കരിയയുടെ ബെഞ്ച്, കേന്ദ്രത്തിൻ്റെ തീരുമാനം കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണെന്ന് ചൂണ്ടിക്കാട്ടി. ജൂൺ 21-ന് നടക്കുന്ന നീറ്റ് പുനഃപരീക്ഷയ്ക്ക് (NEET-UG 2026 Re-exam) മുന്നോടിയായി ചോദ്യപേപ്പർ ചോർത്തുന്ന മാഫിയകളും തട്ടിപ്പുകാരും വ്യാപകമായി ടെലഗ്രാം ഉപയോഗിക്കുന്നു എന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ കണ്ടെത്തലിനെ തുടർന്നാണ് ഐടി ആക്ടിലെ സെക്ഷൻ 69A പ്രകാരം കേന്ദ്ര സർക്കാർ ഈ താൽക്കാലിക നിരോധനം ഏർപ്പെടുത്തിയത്. ജൂൺ 22 വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. നിരോധനത്തിന്റെ ഭാഗമായി പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഗൂഗിൾ നീക്കം ചെയ്യുകയും ചെയ്തു.എന്നാൽ ഈ കോടതി ഉത്തരവ് രാജ്യത്ത് മാധ്യമസ്വാതന്ത്ര്യത്തിനും ഫ്രീഡം ഓഫ് സ്പീച്ചിനും ) മേൽ നടക്കുന്ന കടന്നുകയറ്റങ്ങളെക്കുറിച്ചുള്ള വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. ഇന്ത്യയിൽ മാത്രം 15 കോടിയിലധികം സാധാരണ ഉപയോക്താക്കൾ ആശ്രയിക്കുന്ന ഒരു പ്ലാറ്റ്‌ഫോം, ഏതാനും തട്ടിപ്പുകാരുടെ പേരിൽ പൂർണ്ണമായി അടച്ചുപൂട്ടുന്നത് പൗരന്മാരുടെ മൗലികാവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്ന വിമർശനം ശക്തമാണ്. കേസ് പരിഗണിക്കുന്ന വേളയിൽ കോടതി തന്നെ കേന്ദ്ര സർക്കാരിനോട്, “ഒരു വിഭാഗം വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നു എന്നതിൻ്റെ പേരിൽ 15 കോടി ജനങ്ങളുടെ അവകാശങ്ങൾ തടയാൻ കഴിയുമോ?” എന്ന് ചോദിച്ചിരുന്നു. ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ (IFF) ഉൾപ്പെടെയുള്ള സംഘടനകൾ ഇതിനെ ഒരു താൽക്കാലികവും ആനുപാതികമല്ലാത്തതുമായ നടപടിയെന്നാണ് വിശേഷിപ്പിച്ചത്. സുരക്ഷ മുൻനിർത്തിയുള്ള ഇത്തരം പെട്ടെന്നുള്ള നിരോധനങ്ങൾ വിയോജിപ്പുകളെയും സ്വതന്ത്ര ശബ്ദങ്ങളെയും അടിച്ചമർത്താനുള്ള ഒരു ആയുധമായി മാറുമോ എന്ന ആശങ്ക പൊതുസമൂഹത്തിൽ ശക്തമാണ്.കോടതിയിൽ കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചത്, ടെലഗ്രാമിലെ ‘ബോട്ട്’ (Bot) സംവിധാനങ്ങളും ക്ലൗഡ് ആർക്കിടെക്ചറും കാരണം കുറ്റവാളികളെ കണ്ടെത്തുക അസാധ്യമാണെന്നും, ഒരു ബോട്ട് നിരോധിച്ചാൽ ഉടൻ തന്നെ അടുത്തത് വ്യാജമായി നിർമ്മിക്കപ്പെടുമെന്നുമാണ്. പഴയ പോസ്റ്റുകൾ എഡിറ്റ് ചെയ്ത് ചോദ്യപേപ്പർ ചോർന്നുവെന്ന വ്യാജ പ്രചാരണം നടത്താൻ തട്ടിപ്പുകാർ ഈ ആപ്പ് ദുരുപയോഗം ചെയ്യുന്നുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. എന്നാൽ, 900-ലധികം നിയമവിരുദ്ധ ലിങ്കുകൾ തങ്ങൾ ഇതിനകം നീക്കം ചെയ്തിട്ടുണ്ടെന്നും, ഏതാനും ചാനലുകൾക്ക് വേണ്ടി കോടിക്കണക്കിന് സാധാരണ ഉപയോക്താക്കളെ ശിക്ഷിക്കുന്നത് ശരിയല്ലെന്നുമാണ് ടെലഗ്രാം സിഇഒ പവൽ ഡുറോവ് പ്രതികരിച്ചത്. പരീക്ഷാ തട്ടിപ്പ് തടയാൻ പ്ലാറ്റ്‌ഫോം പൂർണ്ണമായി നിരോധിക്കുന്ന ഇത്തരം നടപടികൾ സാധാരണക്കാരായ വിദ്യാർത്ഥികളുടെ പഠന ഗ്രൂപ്പുകളെയും ചെറുകിട കച്ചവടക്കാരെയും മാധ്യമപ്രവർത്തകരെയുമാണ് യഥാർത്ഥത്തിൽ ബാധിക്കുന്നത് എന്ന വാദത്തോടെയാണ് ഈ ചർച്ചകൾ ഇപ്പോൾ കൊഴുക്കുന്നത്.
നെറ്റ് കട്ടായതല്ല, മെറ്റാ പണിതന്നതാണ്! മണിക്കൂറുകളോളം പണിമുടക്കി സമൂഹമാധ്യമങ്ങൾ

ഇന്നലെ ആഗോളതലത്തിൽ മെറ്റായുടെ പ്രധാന പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, മെസഞ്ചർ എന്നിവയുടെ പ്രവർത്തനം മണിക്കൂറുകളോളം തടസ്സപ്പെട്ടത് ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ ബുദ്ധിമുട്ടിലാക്കി. മൊബൈൽ ആപ്പുകൾ ഒരു പരിധിവരെ പ്രവർത്തിച്ചെങ്കിലും, കമ്പ്യൂട്ടറുകളിൽ ബ്രൗസർ വഴി ഉപയോഗിക്കുന്ന വെബ് പതിപ്പുകൾ (Web Versions) പൂർണ്ണമായും പണിമുടക്കുകയായിരുന്നു. ലോഗിൻ ചെയ്യാനാകാതെ വന്നതോടെ ലോകമെമ്പാടുമുള്ള എൺപതിനായിരത്തിലധികം ആളുകളാണ് ‘ഡൗൺ ഡിറ്റക്ടർ’ വഴി പരാതികൾ നൽകിയത്. മെറ്റാ പ്ലാറ്റ്‌ഫോമുകൾ നിശ്ചലമായതോടെ ഉപയോക്താക്കൾ കൂട്ടത്തോടെ എക്സിലേക്ക് (ട്വിറ്റർ) മാറുകയും, ട്രോളുകളും മീമുകളുമായി #MetaDown ഹാഷ്‌ടാഗ് ആഗോളതലത്തിൽ ട്രെൻഡിംഗാക്കുകയും ചെയ്തു. സെർവർ തകരാറാണ് ഈ ആഗോള ഔട്ടേജിന് കാരണമായതെന്നും, നിലവിൽ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് സേവനങ്ങൾ പൂർണ്ണമായും സാധാരണ നിലയിലാക്കിയിട്ടുണ്ടെന്നും മെറ്റാ ഔദ്യോഗികമായി അറിയിച്ചു.
“മെറ്റ” വഴി വീണ്ടെടുത്തത് ഒരു മനുഷ്യജീവൻ

“ഇനി നീ നിന്റെ ജീവിതത്തിൽ സന്തോഷമായിരിക്കൂ…”ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ട ഈയൊരു വരിയും, ഒപ്പം കയ്യിൽ വെള്ള നിറത്തിലുള്ള ദ്രാവകം പിടിച്ചിരിക്കുന്ന ഒരു വിഡിയോയും മീററ്റ് സ്വദേശിയായ ഇരുപത്തഞ്ചുകാരന്റെ ജീവിതത്തിലെ അവസാന നിമിഷങ്ങളാകുമായിരുന്നു.സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിലൂടെ മരണത്തിന്റെ വക്കിലേക്ക് നീങ്ങിയ മീററ്റ് സ്വദേശിയായ ഇരുപത്തഞ്ചുകാരനെ വെറും എട്ട് മിനിറ്റുകൊണ്ട് രക്ഷപെടുത്തി ഉത്തർപ്രദേശ് പൊലീസും മെറ്റയും. പ്രണയനൈരാശ്യത്തെത്തുടർന്ന് യുവാവ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ആത്മഹത്യാ സൂചനയുള്ള വിഡിയോ, മെറ്റയുടെ (Meta) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം ഉടനടി തിരിച്ചറിയുകയും യുപി പൊലീസ് ആസ്ഥാനത്തേക്ക് ‘സൂയിസൈഡ് അലർട്ട്’ അയക്കുകയുമായിരുന്നു. ലഭിച്ച ലൊക്കേഷന്റെ അടിസ്ഥാനത്തിൽ മിന്നൽ വേഗത്തിൽ പ്രവർത്തിച്ച പ്രാദേശിക പൊലീസ്, എട്ടാം മിനിറ്റിൽ യുവാവിന്റെ വീട്ടിലെത്തി അബോധാവസ്ഥയിലായിരുന്ന അവനെ ആശുപത്രിയിലേക്ക് മാറ്റി. ആധുനിക സാങ്കേതികവിദ്യയും പൊലീസിന്റെ കൃത്യസമയത്തുള്ള ഏകോപനവും ഒത്തുചേർന്നപ്പോൾ വലിയൊരു ദുരന്തമാണ് ഒഴിവായത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഈ ഒരു സുരക്ഷാ സംവിധാനത്തിലൂടെ മാത്രം മൂവായിരത്തിലധികം പേരുടെ ജീവൻ രക്ഷിക്കാൻ യുപി പൊലീസിന് സാധിച്ചിട്ടുണ്ട്.
ബ്ലൂ ഒറിജിന് വൻ തിരിച്ചടി; ന്യൂ ഗ്ലെൻ റോക്കറ്റ് പരീക്ഷണം സ്ഫോടനത്തിൽ കലാശിച്ചു

ബഹിരാകാശ പര്യവേഷണ രംഗത്ത് ഏറെ പ്രതീക്ഷയുണർത്തിയിരുന്ന ബ്ലൂ ഒറിജിന്റെ ന്യൂ ഗ്ലെൻ റോക്കറ്റ് പരീക്ഷണം വൻ ദുരന്തത്തിൽ കലാശിച്ചു. അമേരിക്കയിലെ ഫ്ലോറിഡയിലെ കേപ്പ് കനവറൽ സ്പേസ് ഫോഴ്‌സ് സ്റ്റേഷനിലെ ലോഞ്ച് കോംപ്ലക്സ് 36-ൽ വ്യാഴാഴ്ച രാത്രി നടന്ന ഹോട്ട് ഫയർ ടെസ്റ്റിനിടെയാണ് റോക്കറ്റ് നിയന്ത്രണം വിട്ട് സ്ഫോടനത്തോടെ തകർന്നത്. സംഭവത്തിൽ ജീവനപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കമ്പനിക്ക് വലിയ തിരിച്ചടിയാണ് ഇത്. 320 അടി ഉയരമുള്ള ന്യൂ ഗ്ലെൻ റോക്കറ്റ് വിക്ഷേപണത്തിന് മുന്നോടിയായുള്ള സ്ഥിരം പരിശോധനയ്ക്കിടെയായിരുന്നു അപകടം. റോക്കറ്റിന്റെ എഞ്ചിനുകൾ പ്രവർത്തനക്ഷമമാണോ എന്ന് ഉറപ്പുവരുത്തുന്നതിനായി വിക്ഷേപണ തറയിൽ തന്നെ നടത്താറുള്ള ഹോട്ട് ഫയർ ടെസ്റ്റിനിടെയാണ് അപ്രതീക്ഷിത സ്ഫോടനം ഉണ്ടായത്. ഏതാനും നിമിഷങ്ങൾക്കകം റോക്കറ്റ് അഗ്നിഗോളമായി മാറുകയും വിക്ഷേപണ തറയുടെ ഭാഗങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. റോക്കറ്റിലുണ്ടായിരുന്ന ആമസോണിന്റെ 48 ലിയോ ബ്രോഡ്ബാൻഡ് ഉപഗ്രഹങ്ങളും അപകടത്തിൽ പൂർണമായും നശിച്ചതായാണ് റിപ്പോർട്ടുകൾ. ആഗോള ഇന്റർനെറ്റ് സേവന ശൃംഖല വികസിപ്പിക്കുന്നതിനായുള്ള ആമസോണിന്റെ പദ്ധതികൾക്കും ഇത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. അപകടത്തെ തുടർന്ന് ഉന്നതതല അന്വേഷണം ആരംഭിക്കുമെന്ന് ബ്ലൂ ഒറിജിൻ സ്ഥാപകൻ ജെഫ് ബെസോസ് അറിയിച്ചു. ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും സംഭവത്തിന്റെ കാരണം കണ്ടെത്താൻ വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി. അതേസമയം, കേപ്പ് കനവറലിലെ പ്രധാന വിക്ഷേപണ സൗകര്യങ്ങൾക്ക് ഉണ്ടായ നാശനഷ്ടം കമ്പനിയുടെ ഭാവി ദൗത്യങ്ങളെ മാസങ്ങളോളം ബാധിക്കാനിടയുണ്ടെന്നാണ് വിലയിരുത്തൽ. ഈ സംഭവം നാസയുടെ ആർട്ടെമിസ് ചന്ദ്രദൗത്യ പദ്ധതികളിലും ആശങ്ക ഉയർത്തിയിട്ടുണ്ട്. മനുഷ്യരെ വീണ്ടും ചന്ദ്രനിലെത്തിക്കാൻ ലക്ഷ്യമിടുന്ന ആർട്ടെമിസ് 5 ദൗത്യത്തിനായി ബ്ലൂ ഒറിജിന്റെ ബ്ലൂ മൂൺ ലാൻഡറുകളെയും അനുബന്ധ സംവിധാനങ്ങളെയും നാസ ആശ്രയിക്കുന്നുണ്ട്. ചന്ദ്രോപരിതലത്തിലേക്കുള്ള ചരക്ക് ഗതാഗതം ഉൾപ്പെടെ നിരവധി പദ്ധതികളിൽ നാസയും ബ്ലൂ ഒറിജിനും തമ്മിൽ വലിയ കരാറുകൾ നിലവിലുണ്ട്. സംഭവത്തെ തുടർന്ന് പദ്ധതികൾക്ക് ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ വിലയിരുത്തുമെന്ന് നാസ അധികൃതർ അറിയിച്ചു. ദൗത്യങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുമോയെന്ന കാര്യത്തിലും അടുത്ത ദിവസങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം, സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്ക് അപകടത്തെ നിർഭാഗ്യകരമെന്ന് വിശേഷിപ്പിച്ചു. സ്പേസ് എക്സിന്റെ ഫാൽക്കൺ 9 വിക്ഷേപണത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് ബ്ലൂ ഒറിജിന്റെ പരീക്ഷണം പരാജയപ്പെട്ടത്. സ്വകാര്യ ബഹിരാകാശ രംഗത്ത് കടുത്ത മത്സരമാണ് നിലവിലുള്ളത്. പ്രത്യേകിച്ച് നാസയുടെ ഭാവി ചന്ദ്രദൗത്യങ്ങളിൽ നിർണായക പങ്ക് നേടാനുള്ള മത്സരത്തിൽ ബ്ലൂ ഒറിജിന് നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായാണ് ഈ അപകടത്തെ വിലയിരുത്തുന്നത്.
കൂട്ടപ്പിരിച്ചുവിടൽ: 60 ദിവസത്തിനകം പുതിയ ജോലി ലഭിച്ചില്ലെങ്കിൽ രാജ്യം വിടേണ്ടി വരുമെന്ന ആശങ്കയിൽ യുഎസിലെ ഇന്ത്യൻ ടെക്കികൾ

ടെക് ലോകത്ത് ഭീതി വിതച്ചുകൊണ്ട് കൂട്ടപ്പിരിച്ചുവിടലുകൾ തുടരുന്നത് വിദേശത്തുള്ള നിരവധി ഇന്ത്യൻ ഐടി ജീവനക്കാരുടെ ജീവിതം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മെറ്റ, ആമസോൺ പോലുള്ള ആഗോള കമ്പനികൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഈ ജോലിനഷ്ടത്തിന് പ്രധാന കാരണം. എച്ച്-1ബി വിസയിൽ അമേരിക്കയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. നിലവിലെ യു.എസ് നിയമപ്രകാരം ജോലി നഷ്ടപ്പെട്ടാൽ വിസ നിലനിർത്താനായി മറ്റൊരു സ്ഥാപനത്തിൽ പുതിയ ജോലി കണ്ടെത്താൻ വെറും 60 ദിവസത്തെ സമയം മാത്രമാണ് ഇവർക്ക് ലഭിക്കുന്നത്. ഇത്രയും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പുതിയൊരു തൊഴിലുടമയെ കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ രാജ്യം വിടേണ്ടി വരുമെന്ന കടുത്ത ആശങ്കയിലാണ് പല കുടുംബങ്ങളും. അമേരിക്കയിൽ സ്ഥിരതാമസമാക്കാൻ പ്ലാൻ ചെയ്യുകയും ലോണുകളും കുട്ടികളുടെ പഠനവുമൊക്കെയായി മുന്നോട്ട് പോവുകയും ചെയ്യുന്നവർക്ക് ഈ സാഹചര്യം വലിയ തിരിച്ചടിയാണ് സമ്മാനിക്കുന്നത്. പുതിയ നിയമനങ്ങൾ കുറവായതിനാൽ തന്നെ രാജ്യത്ത് തുടരാൻ സമയം നീട്ടിക്കിട്ടാനായി പലരും താൽക്കാലികമായി വിസിറ്റർ വിസകളിലേക്ക് മാറാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.