ബിരിയാണി മുതൽ സകല വിഭവങ്ങളും വെറുതെ കളയുന്ന കാലം കഴിഞ്ഞു; ഹോട്ടലുകളിൽ ബാക്കി വരുന്ന ഫ്രഷ് ഭക്ഷണം പാതിവിലയ്ക്ക് നിങ്ങളുടെ വീട്ടിലെത്തിക്കാൻ ഇതാ പ്ലെന്റി (Plenty) ആപ്പ് .നാഗ്പൂർ ഐ.ഐ.എമ്മിൽ പഠിക്കുമ്പോൾ മെസ്സിലെ ഭക്ഷണം പാഴാകുന്നത് കണ്ട് മാത്യൂസ് മാർട്ടിന്റെ ഉള്ളിൽ ഉദിച്ച ആ കൊച്ചു ബുദ്ധി ഇന്ന് കേരളം ഏറ്റെടുക്കുന്ന വലിയൊരു സംരംഭമായി മാറിയിരിക്കുകയാണ്.
ഐ.ഐ.എം നാഗ്പൂരിലെ മാത്യൂസ് മാർട്ടിൻ, സഹോദരൻ സിറിയക് മാർട്ടിൻ, ചെന്നൈ ഐ.ഐ.എച്ച്.എമ്മിൽ നിന്ന് പഠിച്ചിറങ്ങിയ ഭരത് മോഹൻ, ഐ.ഐ.ടി മദ്രാസിലെ താരം മുഹമ്മദ് ഷൈൻ എന്നീ നാല് ചങ്ങാതിമാരാണ് ഈ കിടിലൻ ഐഡിയയ്ക്ക് പിന്നിൽ. വേളി, ശാസ്തമംഗലം, കഴക്കൂട്ടം സ്വദേശികളായ ഈ നാലുപേരും ചേർന്ന് തുടങ്ങിയ പ്ലെന്റി ആപ്പ് കൊച്ചിയിലും തിരുവനന്തപുരത്തും വൻ ഹിറ്റായിക്കഴിഞ്ഞു. ഐ.ഐ.ടിയിലെയും ഐ.ഐ.എമ്മിലെയും ബുദ്ധിരാക്ഷസന്മാർ ഡിസൈൻ ചെയ്ത ഈ പ്ലാൻ പ്രകാരം മെയ് 15 മുതൽ കോഴിക്കോട്ടുകാർക്കും വൻ ഡിസ്കൗണ്ടിൽ ഭക്ഷണം ഓർഡർ ചെയ്യാം. ഭക്ഷണം പാഴാക്കാതെ, കുറഞ്ഞ വിലയിൽ വയറുനിറയ്ക്കാൻ ഇതിലും നല്ലൊരു വഴി ഇനി വേറെ എവിടെ തിരഞ്ഞാലും കിട്ടില്ല!





