ഒരിക്കൽ ക്യാമറയ്ക്ക് മുന്നിലുണ്ടായിരുന്ന പെൺകുട്ടി. പിന്നെ ക്യാമറയ്ക്ക് പിന്നിലെത്തി കഥകൾ പറഞ്ഞ സംവിധായിക. ഇന്ന്, ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരങ്ങളിലൊരാളായ യാഷിനൊപ്പം കോടികൾ മുടക്കുന്നൊരു ബ്രഹ്മാണ്ഡ സിനിമയുടെ അമരത്ത്.

ഗീതു മോഹൻദാസിന്റെ സിനിമാ യാത്രയിലെ ഏറ്റവും വലിയ വഴിത്തിരിവാണ് ‘ടോക്സിക്’. ‘കേൾക്കുന്നുണ്ടോ?’ എന്ന ഹ്രസ്വചിത്രത്തിലൂടെ തുടങ്ങിയ യാത്ര ‘ലയേഴ്‌സ് ഡൈസി’ലും ‘മൂത്തോനി’ലും എത്തുമ്പോൾ ഗീതു തിരഞ്ഞെടുത്തത് വലിയ സെറ്റുകളേക്കാൾ ശക്തമായ കഥകളെയും കഥാപാത്രങ്ങളെയുമായിരുന്നു. ‘ലയേഴ്‌സ് ഡൈസ്’ ഓസ്‌കർ നോമിനേഷൻ ഉൾപ്പെടെ അന്താരാഷ്ട്ര ശ്രദ്ധ നേടിയപ്പോൾ, ‘മൂത്തോൻ’ ഗീതുവിന്റെ വേറിട്ട സിനിമാഭാഷയ്ക്ക് കൂടുതൽ പ്രേക്ഷകരെ പരിചയപ്പെടുത്തി. പക്ഷേ ഗീതുവിന്റെ അടുത്ത ഫ്രെയിം ചെറുതായിരുന്നില്ല. കെ.ജി.എഫിന് ശേഷം യാഷ് എന്ന താരത്തിന്റെ അടുത്ത സിനിമ ആരുടേതാകും എന്ന ആകാംക്ഷയ്ക്കിടെയാണ് ഗീതുവിന്റെ പേര് അപ്രതീക്ഷിതമായി എത്തിയത്. ഗ്യാങ്സ്റ്റർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ‘ടോക്സിക്’ പ്രഖ്യാപിക്കപ്പെട്ടതോടെ സിനിമാലോകത്ത് ഉയർന്ന ചോദ്യം ഒന്നായിരുന്നു—ഓഫ്‌ബീറ്റ് സിനിമകളിലൂടെ ശ്രദ്ധ നേടിയ ഗീതു എങ്ങനെയായിരിക്കും ഈ ബ്രഹ്മാണ്ഡ ലോകം ഒരുക്കുക? വമ്പൻ താരനിരയും വലിയ നിർമാണവും ഹോളിവുഡ് സാങ്കേതിക വിദഗ്ധരുടെ സാന്നിധ്യവും ചേർന്നപ്പോൾ ഗീതുവിന്റെ സിനിമാ യാത്രയ്ക്ക് പുതിയൊരു സ്കെയിൽ ലഭിച്ചു. ചിത്രത്തിന്റെ മേക്കിങ്ങും ദൃശ്യഭംഗിയും ഇതിനോടകം വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ചെറിയ കഥകളിൽ നിന്ന് വലിയ സ്വപ്നങ്ങളിലേക്ക്.ക്യാമറയ്ക്ക് മുന്നിൽ നിന്ന് പിന്നിലേക്ക്.അവിടെ നിന്ന് ഇന്ത്യൻ സിനിമയുടെ ഏറ്റവും വലിയ ഫ്രെയിമിലേക്ക്. ഗീതു മോഹൻദാസിന്റെ യാത്രയെ ‘ടോക്സിക്’ എന്ന ഒറ്റ സിനിമ കൊണ്ട് അളക്കാനാകില്ല. എന്നാൽ, ഇതുവരെ നടന്ന വഴികളിൽ നിന്ന് തികച്ചും വ്യത്യസ്തമായൊരു പാതയിലേക്കാണ് ഗീതു ഇപ്പോൾ ക്യാമറ തിരിക്കുന്നത്.

12 മണിക്കൂർ ജോലി: ഗുജറാത്തിൽ ആദ്യ അനുമതി; സൂറത്തിൽ തൊഴിലാളി പ്രതിഷേധം

പുതിയ തൊഴിൽനിയമങ്ങളുടെ ഭാഗമായി ഗുജറാത്തിലെ സാനന്ദിലുള്ള മൈക്രോൺ സെമികണ്ടക്ടർ ചിപ്പ് ഫാക്ടറിയിൽ 12 മണിക്കൂർ ഷിഫ്റ്റിന് സർക്കാർ ഉപാധികളോടെ അനുമതി നൽകി. ഗുജറാത്തിൽ 12 മണിക്കൂർ ഷിഫ്റ്റിന് ലഭിക്കുന്ന ആദ്യ അനുമതിയാണിത്. ആഴ്ചയിൽ 48 മണിക്കൂർ ജോലി എന്ന വ്യവസ്ഥ പാലിച്ചാൽ രണ്ട് ദിവസത്തെ ശമ്പളത്തോടെയുള്ള അവധി തൊഴിലാളികൾക്ക് ലഭിക്കും. ഇടവേളയും ഉൾപ്പെടുന്നതാണ് 12 മണിക്കൂർ ഷിഫ്റ്റ്. ചിപ്പ് നിർമാണത്തിന് പൊടിവിമുക്ത അന്തരീക്ഷം അനിവാര്യമായതിനാൽ ഷിഫ്റ്റ് മാറ്റം കുറയ്ക്കാൻ ദീർഘ ഷിഫ്റ്റ് സഹായിക്കുമെന്നാണ് സർക്കാർ നിലപാട്. അതേസമയം, സൂറത്തിലെ ടെക്സ്റ്റൈൽ-എംബ്രോയിഡറി മേഖലയിലെ തൊഴിലാളികൾ 12 മണിക്കൂർ ജോലിക്കെതിരെ പ്രതിഷേധത്തിലാണ്. നേരത്തെ എട്ട് മണിക്കൂറായിരുന്ന ജോലി സമയം സർക്കാർ നിയമഭേദഗതിക്ക് പിന്നാലെ ഉടമകൾ 12 മണിക്കൂറാക്കി ഉയർത്തിയെന്നാണ് തൊഴിലാളികളുടെ ആരോപണം. ആഴ്ചയിലെ അവധി നിഷേധിക്കുന്നതിനെതിരെയും തൊഴിലാളികൾ രംഗത്തുണ്ട്. ഓഗസ്റ്റ് 16, 17 തീയതികളിൽ അഫ്രോളി മേഖലയിൽ നടന്ന പ്രതിഷേധത്തിന് പിന്നാലെ 26 വാട്‌സാപ്പ് അഡ്മിനുകൾക്കെതിരെ പൊലീസ് കേസെടുത്തു. തൊഴിലാളി സംഘടനകളില്ലാത്തതിനാൽ സാമൂഹികമാധ്യമങ്ങളിലൂടെയായിരുന്നു പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.

ആഗോള തിരക്കേറിയ വിമാനത്താവളങ്ങളിൽ ഡൽഹിക്ക് 11-ാം സ്ഥാനം

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇടം നേടി ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം. 2025ൽ 7.81 കോടിയിലധികം യാത്രക്കാരെയാണ് വിമാനത്താവളം കൈകാര്യം ചെയ്തത്. എയർപോർട്ട്സ് കൗൺസിൽ ഇന്റർനാഷണലിന്റെ കണക്കുകൾ പ്രകാരം ആഗോളതലത്തിൽ 11-ാം സ്ഥാനത്താണ് ഡൽഹി. ആദ്യ 20ൽ ഇടം നേടിയ ഏക ഇന്ത്യൻ വിമാനത്താവളവും ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമാണ്. 2024ലെ 7.78 കോടി യാത്രക്കാരെ അപേക്ഷിച്ച് 0.42 ശതമാനം വർധനവാണ് 2025ൽ രേഖപ്പെടുത്തിയത്. യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്ത എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് എസിഐ റാങ്കിങ് തയ്യാറാക്കുന്നത്. അമേരിക്കയിലെ ഹാർട്സ്ഫീൽഡ്-ജാക്സൺ അറ്റ്ലാന്റ അന്താരാഷ്ട്ര വിമാനത്താവളം 10.63 കോടി യാത്രക്കാരുമായി ഒന്നാം സ്ഥാനത്തെത്തി. ദുബായ്, ടോക്കിയോ ഹനേഡ, ഡാലസ് ഫോർട്ട് വർത്ത്, ഷാങ്ഹായ് പുഡോങ് വിമാനത്താവളങ്ങളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ. സിയോൾ, ലോസ് ആഞ്ചലസ് തുടങ്ങിയ പ്രമുഖ വിമാനത്താവളങ്ങളെ പിന്നിലാക്കിയാണ് ഡൽഹി 11-ാം സ്ഥാനത്തെത്തിയത്. 2025ൽ ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങളിലൂടെ ഏകദേശം 980 കോടി യാത്രക്കാരാണ് കടന്നുപോയത്. 2024നെ അപേക്ഷിച്ച് 3.7 ശതമാനം വർധനവാണിത്. കോവിഡ് മഹാമാരിക്ക് മുമ്പുള്ള 2019ലെ കണക്കുകളേക്കാൾ 6.5 ശതമാനം കൂടുതലായതോടെ ആഗോള വ്യോമയാന മേഖല ശക്തമായ തിരിച്ചുവരവ് നടത്തിയെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

രണ്ട് വാണിജ്യ കപ്പലുകൾ റാഞ്ചി സൊമാലിയൻ കടൽക്കൊള്ളക്കാർ; 22 കപ്പലുകളിൽ ഇന്ത്യക്കാർ

യെമൻ, സൊമാലിയ തീരങ്ങളിൽ നിന്നായി രണ്ട് വാണിജ്യ കപ്പലുകൾ സൊമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചി. വ്യാഴാഴ്ച രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലാണ് സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇരു കപ്പലുകളിലുമായി 22 ഇന്ത്യൻ പൗരന്മാരാണ് ജീവനക്കാരായുള്ളത്. യെമൻ തീരത്ത് നിന്ന് 30 നോട്ടിക്കൽ മൈൽ അകലെ ഏദൻ ഉൾക്കടലിൽ എറിത്രിയൻ പതാകയുള്ള എണ്ണ ഉൽപ്പന്ന ടാങ്കർ എം.ടി. സിബു 1 ആണ് ആറ് സായുധ കടൽക്കൊള്ളക്കാർ പിടിച്ചെടുത്തത്. 16 ഇന്ത്യക്കാരുൾപ്പെടെ 20 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ജീവനക്കാർ സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന വിവരം. സിറിയ, ഇറാൻ, സുഡാൻ സ്വദേശികളും കപ്പൽ ജീവനക്കാരിലുണ്ട്. സൊമാലിയയിലെ പുന്റ്ലാൻഡ് തീരത്ത് നിന്ന് കാമറൂൺ പതാകയുള്ള എം/വി ലുടുഫ് ചരക്കുകപ്പലും കടൽക്കൊള്ളക്കാർ പിടിച്ചെടുത്തു. 10 അംഗ ജീവനക്കാരിൽ ആറ് പേർ ഇന്ത്യക്കാരാണ്. എയ്ല്‍ ജില്ലയിലെ മറായയിൽ നിന്ന് 3.5 നോട്ടിക്കൽ മൈൽ അകലെ പിടിച്ചെടുത്ത കപ്പൽ പിന്നീട് നുഗാൾ തീരത്തേക്ക് കൊണ്ടുപോയതായി അധികൃതർ അറിയിച്ചു. തുർക്കി, ജോർജിയ, സെർബിയ സ്വദേശികളും കപ്പലിലുണ്ടായിരുന്നു.

പെറുവിൽ 6.7 തീവ്രതയുള്ള ഭൂചലനം; രണ്ട് പേർക്ക് പരിക്ക്

പെറുവിന്റെ തെക്കൻ ആൻഡീസ് മേഖലയിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. പ്രാദേശിക സമയം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് ഭൂചലനമുണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഇക്ക, അരെക്വിപ, ഹുവാൻകാവെലിക്ക, അപുരിമാക്, കുസ്‌കോ തുടങ്ങിയ തെക്കൻ മേഖലകളിലും തലസ്ഥാനമായ ലിമയിലും പ്രകമ്പനം അനുഭവപ്പെട്ടു. പരിനകോച്ചസ് പ്രവിശ്യയിലെ കൊറക്കോറയിൽ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനിടെ രണ്ട് പേർക്ക് പരിക്കേറ്റു. നിരവധി ജില്ലകളിലായി 22 വീടുകൾക്കും ആറ് ആരോഗ്യകേന്ദ്രങ്ങൾക്കും ഒരു സ്കൂളിനും നാശനഷ്ടമുണ്ടായതായി അധികൃതർ അറിയിച്ചു. നാശനഷ്ടങ്ങളുടെ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.