പുതിയ തൊഴിൽനിയമങ്ങളുടെ ഭാഗമായി ഗുജറാത്തിലെ സാനന്ദിലുള്ള മൈക്രോൺ സെമികണ്ടക്ടർ ചിപ്പ് ഫാക്ടറിയിൽ 12 മണിക്കൂർ ഷിഫ്റ്റിന് സർക്കാർ ഉപാധികളോടെ അനുമതി നൽകി. ഗുജറാത്തിൽ 12 മണിക്കൂർ ഷിഫ്റ്റിന് ലഭിക്കുന്ന ആദ്യ അനുമതിയാണിത്.
ആഴ്ചയിൽ 48 മണിക്കൂർ ജോലി എന്ന വ്യവസ്ഥ പാലിച്ചാൽ രണ്ട് ദിവസത്തെ ശമ്പളത്തോടെയുള്ള അവധി തൊഴിലാളികൾക്ക് ലഭിക്കും. ഇടവേളയും ഉൾപ്പെടുന്നതാണ് 12 മണിക്കൂർ ഷിഫ്റ്റ്. ചിപ്പ് നിർമാണത്തിന് പൊടിവിമുക്ത അന്തരീക്ഷം അനിവാര്യമായതിനാൽ ഷിഫ്റ്റ് മാറ്റം കുറയ്ക്കാൻ ദീർഘ ഷിഫ്റ്റ് സഹായിക്കുമെന്നാണ് സർക്കാർ നിലപാട്.
അതേസമയം, സൂറത്തിലെ ടെക്സ്റ്റൈൽ-എംബ്രോയിഡറി മേഖലയിലെ തൊഴിലാളികൾ 12 മണിക്കൂർ ജോലിക്കെതിരെ പ്രതിഷേധത്തിലാണ്. നേരത്തെ എട്ട് മണിക്കൂറായിരുന്ന ജോലി സമയം സർക്കാർ നിയമഭേദഗതിക്ക് പിന്നാലെ ഉടമകൾ 12 മണിക്കൂറാക്കി ഉയർത്തിയെന്നാണ് തൊഴിലാളികളുടെ ആരോപണം.
ആഴ്ചയിലെ അവധി നിഷേധിക്കുന്നതിനെതിരെയും തൊഴിലാളികൾ രംഗത്തുണ്ട്. ഓഗസ്റ്റ് 16, 17 തീയതികളിൽ അഫ്രോളി മേഖലയിൽ നടന്ന പ്രതിഷേധത്തിന് പിന്നാലെ 26 വാട്‌സാപ്പ് അഡ്മിനുകൾക്കെതിരെ പൊലീസ് കേസെടുത്തു. തൊഴിലാളി സംഘടനകളില്ലാത്തതിനാൽ സാമൂഹികമാധ്യമങ്ങളിലൂടെയായിരുന്നു പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.





