ആഗോള തിരക്കേറിയ വിമാനത്താവളങ്ങളിൽ ഡൽഹിക്ക് 11-ാം സ്ഥാനം

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇടം നേടി ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം. 2025ൽ 7.81 കോടിയിലധികം യാത്രക്കാരെയാണ് വിമാനത്താവളം കൈകാര്യം ചെയ്തത്. എയർപോർട്ട്സ് കൗൺസിൽ ഇന്റർനാഷണലിന്റെ കണക്കുകൾ പ്രകാരം ആഗോളതലത്തിൽ 11-ാം സ്ഥാനത്താണ് ഡൽഹി. ആദ്യ 20ൽ ഇടം നേടിയ ഏക ഇന്ത്യൻ വിമാനത്താവളവും ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമാണ്.

2024ലെ 7.78 കോടി യാത്രക്കാരെ അപേക്ഷിച്ച് 0.42 ശതമാനം വർധനവാണ് 2025ൽ രേഖപ്പെടുത്തിയത്. യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്ത എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് എസിഐ റാങ്കിങ് തയ്യാറാക്കുന്നത്. അമേരിക്കയിലെ ഹാർട്സ്ഫീൽഡ്-ജാക്സൺ അറ്റ്ലാന്റ അന്താരാഷ്ട്ര വിമാനത്താവളം 10.63 കോടി യാത്രക്കാരുമായി ഒന്നാം സ്ഥാനത്തെത്തി. ദുബായ്, ടോക്കിയോ ഹനേഡ, ഡാലസ് ഫോർട്ട് വർത്ത്, ഷാങ്ഹായ് പുഡോങ് വിമാനത്താവളങ്ങളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ.

സിയോൾ, ലോസ് ആഞ്ചലസ് തുടങ്ങിയ പ്രമുഖ വിമാനത്താവളങ്ങളെ പിന്നിലാക്കിയാണ് ഡൽഹി 11-ാം സ്ഥാനത്തെത്തിയത്. 2025ൽ ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങളിലൂടെ ഏകദേശം 980 കോടി യാത്രക്കാരാണ് കടന്നുപോയത്. 2024നെ അപേക്ഷിച്ച് 3.7 ശതമാനം വർധനവാണിത്. കോവിഡ് മഹാമാരിക്ക് മുമ്പുള്ള 2019ലെ കണക്കുകളേക്കാൾ 6.5 ശതമാനം കൂടുതലായതോടെ ആഗോള വ്യോമയാന മേഖല ശക്തമായ തിരിച്ചുവരവ് നടത്തിയെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *