ഇറാനുമായുള്ള സംഘർഷം; കൂട്ടക്കുഴിമാടങ്ങൾ ഒരുക്കാൻ യു.എസ്. സൈനിക പരിശീലനം

ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ യുദ്ധത്തിൽ കൊല്ലപ്പെടുന്ന സൈനികരെ കൂട്ടത്തോടെ സംസ്കരിക്കുന്നതിനുള്ള പരിശീലനവുമായി യു.എസ്. സൈന്യം. 1950-53ലെ കൊറിയൻ യുദ്ധത്തിനുശേഷം ആദ്യമായാണ് ഇത്ര വിപുലമായ പരിശീലനം നടത്തുന്നത്. ഭാവിയിൽ വലിയ തോതിൽ സൈനികനഷ്ടമുണ്ടാകാവുന്ന സാഹചര്യം മുന്നിൽക്കണ്ടാണ് നീക്കമെന്നാണ് റിപ്പോർട്ട്. നോർത്ത് കരോലൈനയിലെ ഫോർട്ട് ബ്രാഗിൽ ‘ഓപ്പറേഷൻ ഡ്രാഗൺ കവനന്റ് ഫെയ്‌സ് 2’ എന്ന പേരിലാണ് പരിശീലനം. ബുൾഡോസറുകളും എക്‌സ്‌കവേറ്ററുകളും ഉപയോഗിച്ച് താത്കാലിക കുഴിമാടങ്ങൾ ഒരുക്കുന്നതും മൃതദേഹങ്ങൾ കൈകാര്യം ചെയ്യുന്നതുമാണ് പരിശീലനത്തിന്റെ ഭാഗം. 24 മണിക്കൂറിനുള്ളിൽ 2,400 സൈനികരുടെ മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള ശേഷി ഒരുക്കുകയാണ് ലക്ഷ്യം. കൊറിയൻ യുദ്ധത്തിൽ 36,515 യു.എസ്. സൈനികർ കൊല്ലപ്പെടുകയോ കാണാതാകുകയോ ചെയ്തിരുന്നു. ഇറാഖ്, അഫ്ഗാനിസ്താൻ യുദ്ധങ്ങളിൽ മൃതദേഹങ്ങൾ വേഗത്തിൽ നാട്ടിലെത്തിച്ചിരുന്നതിനാൽ സമാനമായ സംവിധാനം ആവശ്യമായി വന്നിരുന്നില്ല. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനും സംരക്ഷിച്ച് യു.എസിലെത്തിക്കുന്നതിനുമുള്ള പരിശീലനവും സൈന്യം നൽകുന്നുണ്ട്.

ജി.പി.എസിന് ബദലായി നാവിക്; എൻ.വി.എസ്.-03 വിക്ഷേപിച്ചു

ഇന്ത്യയുടെ തദ്ദേശീയ നാവിഗേഷൻ സംവിധാനമായ ‘നാവിക്’ ശ്രേണിയിലെ എൻ.വി.എസ്.-03 ഉപഗ്രഹം ഒക്ടോബർ 30-ന് ശ്രീഹരിക്കോട്ടയിൽനിന്ന് വിക്ഷേപിച്ചു. ജി.എസ്.എൽ.വി.-എഫ് 18 റോക്കറ്റിലായിരുന്നു വിക്ഷേപണം. വിദേശ ജി.പി.എസ് സംവിധാനങ്ങൾക്ക് പകരമായി രാജ്യത്തിന് സ്വന്തമായ ഗതിനിർണയ സൗകര്യമൊരുക്കുകയാണ് ലക്ഷ്യം. 2,232 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന് 12 വർഷമാണ് പ്രവർത്തനകാലാവധി. പഴയ നാവിക് ഉപഗ്രഹങ്ങൾ പ്രവർത്തനരഹിതമായതോടെ സംവിധാനത്തിന്റെ കാര്യക്ഷമത കുറഞ്ഞിരുന്നു. ഇത് പരിഹരിക്കാൻ പുതിയ ഉപഗ്രഹത്തിന്റെ വരവ് സഹായിക്കും. ജി.പി.എസിനേക്കാൾ കൃത്യമായ ലൊക്കേഷൻ സേവനം നൽകാൻ എൻ.വി.എസ്.-03ന് കഴിയും. മൊബൈൽ ഫോണുകളിലെ ലൊക്കേഷൻ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം ട്രെയിനുകളുടെ യാത്ര തത്സമയം നിരീക്ഷിക്കാനും നാവിക് സംവിധാനത്തിലൂടെ സാധിക്കും.

ഇറാൻ യുദ്ധം ഉടൻ അവസാനിക്കുമെന്ന് ട്രംപ്

യു.എസും ഇറാനും തമ്മിലുള്ള യുദ്ധം ഉടൻ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ, യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് വ്യക്തമായ സൂചനകൾ നൽകിയില്ല. നവംബർ മൂന്നിന് നടക്കുന്ന ഇടക്കാല കോൺഗ്രസ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. ഇറാൻ ഇനി ഒരിക്കലും ആണവായുധം നിർമിക്കില്ലെന്ന ഉറപ്പാണ് യു.എസിന് വേണ്ടതെന്ന് ട്രംപ് പറഞ്ഞു. തിരഞ്ഞെടുപ്പിന് മുൻപ് ഇറാനെതിരെ സൈനികാക്രമണം നടത്തില്ലെന്ന മുൻ നിലപാടും അദ്ദേഹം ആവർത്തിച്ചു.

ബന്ധം തകർന്നാൽ ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം ബലാത്സംഗമാകില്ല: സുപ്രീം കോടതി

പ്രണയബന്ധം അവസാനിച്ചതിന്റെ പേരിൽ മുൻപ് പരസ്പരസമ്മതത്തോടെ നടന്ന ലൈംഗികബന്ധത്തെ ബലാത്സംഗമായി ചിത്രീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി. ബന്ധങ്ങൾ തകരുമ്പോൾ പങ്കാളികൾക്കെതിരെ ക്രിമിനൽ പരാതികൾ നൽകുന്ന പ്രവണതയിൽ കോടതി ആശങ്ക രേഖപ്പെടുത്തി. എന്നാൽ വഞ്ചനയിലൂടെ ലൈംഗികബന്ധത്തിന് സമ്മതം നേടിയ കേസുകളെ ഇതിൽനിന്ന് വേർതിരിച്ചുകാണണമെന്നും കോടതി വ്യക്തമാക്കി. മലയാളിയായ സന്തോഷ് കുമാർ എൻ.പി നൽകിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. ആദ്യവിവാഹം മറച്ചുവെച്ച് മൈസൂരിൽവെച്ച് തന്നെ രണ്ടാമത് വിവാഹം കഴിച്ചെന്നും 1996 മുതൽ 2003 വരെ ഒരുമിച്ച് താമസിച്ച കാലയളവിൽ വഞ്ചിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തെന്നുമായിരുന്നു പരാതിക്കാരിയുടെ ആരോപണം. തനിക്കെതിരായ ക്രിമിനൽ നടപടികൾ റദ്ദാക്കണമെന്ന സന്തോഷ് കുമാറിന്റെ ഹർജി കേരള ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. ബന്ധം തകർന്നതിന്റെ പേരിൽ ക്രിമിനൽ നിയമം ദുരുപയോഗം ചെയ്യുന്നത് വ്യക്തിസ്വാതന്ത്ര്യത്തെ ബാധിക്കുമെന്നും യഥാർഥ ബലാത്സംഗ കേസുകളുടെ ഗൗരവം കുറയ്ക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് സന്തോഷ് കുമാറിനെ ബലാത്സംഗം, വഞ്ചന എന്നീ കുറ്റങ്ങളിൽനിന്ന് ഒഴിവാക്കി.

ഐ. എൻ. എസ് വിക്രാന്തിൽ റഫാൽ മറൈൻ വിജയകരമായി ലാൻഡ് ചെയ്തു

ഇന്ത്യ തദ്ദേശീയമായി നിർമിച്ച വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ് വിക്രാന്തിൽ റഫാൽ മറൈൻ യുദ്ധവിമാനം വിജയകരമായി ലാൻഡ് ചെയ്തു. ഒക്ടോബർ 29ന് ഗോവയിൽ നടന്ന ആദ്യ പരീക്ഷണപ്പറക്കലിലാണ് നാവികസേന ഈ നേട്ടം കൈവരിച്ചത്. വിമാനത്തെ വിക്രാന്തിന്റെ പ്രവർത്തനങ്ങളുമായി സംയോജിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു പരീക്ഷണം. പ്രവർത്തനക്ഷമത വിലയിരുത്തി ആവശ്യമായ മാറ്റങ്ങൾ വരുത്തുകയാണ് ലക്ഷ്യം. ലാൻഡിങ്ങിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നാവികസേനയ്ക്കായി 26 റഫാൽ മറൈൻ വിമാനങ്ങൾ വാങ്ങാൻ ഫ്രാൻസുമായി 63,000 കോടി രൂപയുടെ കരാറിൽ ഇന്ത്യ ഒപ്പിട്ടിട്ടുണ്ട്. 2030 ഓടെ വിതരണം പൂർത്തിയാകും വിമാനങ്ങൾ എത്തുന്നതോടെ ഇന്ത്യൻ നാവികസേനയുടെ സമുദ്ര പ്രതിരോധശേഷിക്ക് കൂടുതൽ കരുത്തേകും.

ജാതി വേർതിരിവ് ശ്മശാനങ്ങളിലുമോ? തമിഴ്നാട് സർക്കാരിനോട് വിശദീകരണം തേടി മദ്രാസ് ഹൈക്കോടതി

സ്കൂളുകൾ എല്ലാ സമുദായങ്ങൾക്കും ഒരുപോലെയായിരിക്കെ ശ്മശാനങ്ങൾ മാത്രം എന്തുകൊണ്ട് വ്യത്യസ്തമാകുന്നുവെന്ന് മദ്രാസ് ഹൈക്കോടതി. ജാതിയുടെ അടിസ്ഥാനത്തിൽ ശ്മശാനങ്ങൾ വേർതിരിക്കപ്പെടുന്നുണ്ടോയെന്നും തമിഴ്നാട്ടിലെ ശ്മശാനങ്ങൾ എല്ലാവർക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്നവയല്ലേയെന്നും കോടതി ചോദിച്ചു. ജസ്റ്റിസുമാരായ വേൽമുരുകനും രാമകൃഷ്ണനും ഉൾപ്പെട്ട ബെഞ്ചാണ് സർക്കാരിനോട് വിശദീകരണം തേടിയത്. മൃതശരീരം ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നതിന് സ്വകാര്യ ഭൂവുടമകൾ തടസ്സം സൃഷ്ടിക്കുന്നുവെന്നാരോപിച്ച് തിരുനെൽവേലി കീലാരിയകുളം സ്വദേശി ചെല്ലപ്പ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. തന്റെ ഗ്രാമത്തിലെ ശ്മശാനത്തിലേക്ക് റോഡ് സൗകര്യമില്ലാത്തതിനാൽ സ്വകാര്യ വ്യക്തികളുടെ കൃഷിഭൂമിയിലൂടെയാണ് മൃതദേഹങ്ങൾ കൊണ്ടുപോകേണ്ടിവരുന്നതെന്ന് ഹർജിയിൽ പറയുന്നു. എന്നാൽ കൃഷിവിളകൾ നശിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഭൂവുടമകൾ മൃതദേഹം ഇതുവഴി കൊണ്ടുപോകാൻ അനുവദിക്കുന്നില്ലെന്നാണ് ചെല്ലപ്പയുടെ പരാതി. ഇതോടെ സംസ്കാര ചടങ്ങുകൾ നടത്തുന്നതിന് നേരിടുന്ന പ്രതിസന്ധിയും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തിൽ തമിഴ്നാട് സർക്കാർ വിശദമായ വിശദീകരണം നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

വിതാഭായിയായി ശ്രദ്ധ കപൂർ‘ഈഠ’ ട്രെയിലർ പുറത്ത്

ശ്രദ്ധ കപൂർ പ്രധാന വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം ‘ഈഠ’യുടെ ട്രെയിലർ പുറത്തിറങ്ങി. പ്രശസ്ത മറാഠി തമാശ, ലാവണി കലാകാരിയായ വിതാഭായ് നാരായണൻഗാവോങ്കറിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. 1950 മുതൽ 1980 വരെയുള്ള വിതാഭായിയുടെ ജീവിതമാണ് ലക്ഷ്മൺ ഉതേകർ സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രമേയം. ‘സ്ത്രീ 2’വിന്റെ വിജയത്തിന് ശേഷം ശ്രദ്ധ കപൂർ എത്തുന്ന ശക്തമായ കഥാപാത്രമാണ് ചിത്രത്തിലേത്. മഹാരാഷ്ട്രയുടെ പരമ്പരാഗത കലാരൂപങ്ങളായ ലാവണിയിലും തമാശയിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു വിതാഭായ്. നൃത്തത്തിനും അഭിനയത്തിനും ഏറെ പ്രാധാന്യമുള്ള വേഷത്തിൽ ശ്രദ്ധ എത്തുമ്പോൾ രൺദീപ് ഹൂഡയും മൊഹമ്മദ് സീഷാനും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘സ്ത്രീ’ ഫ്രാഞ്ചൈസിക്ക് ശേഷം നിർമാതാവ് ദിനേശ് വിജനുമായി ശ്രദ്ധ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ‘ഛാവ’യുടെ വിജയത്തിന് ശേഷം ലക്ഷ്മൺ ഉതേകർ സംവിധാനം ചെയ്യുന്ന ‘ഈഠ’ ഡിസംബർ 4ന് തിയറ്ററുകളിലെത്തും.

‘ബാച്ച്ലർ പാർട്ടി Deux’ ആവേശം കൂട്ടി രണ്ടാം ഗാനം

അമൽ നീരദ് സംവിധാനം ചെയ്യുന്ന ‘ബാച്ച്ലർ പാർട്ടി Deux’ എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം ‘ശിശിരമോ’ പുറത്തിറങ്ങി. ക്രിസ്റ്റോ സേവ്യർ സംഗീതം നൽകിയ ഗാനത്തിന് വിനായക് ശശികുമാറാണ് വരികൾ ഒരുക്കിയിരിക്കുന്നത്. ശക്തിശ്രീ ഗോപാലൻ ആലപിച്ച ഗാനം ലിറിക്കൽ വീഡിയോയായാണ് പുറത്തുവിട്ടത്. നേരത്തെ പുറത്തിറങ്ങിയ ആദ്യ ഗാനം ‘വാഴ്‌വേ മായം’ ശ്രദ്ധ നേടിയിരുന്നു. നവംബർ 19-നാണ് ചിത്രത്തിന്റെ ആഗോള റിലീസ്. കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, നസ്ലൻ, സൗബിൻ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്. നദിയ, രജിഷ വിജയൻ, ജ്യോതിർമയി, ഹൻസിക, പാരിസ് ലക്ഷ്മി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. താരങ്ങളെ ഉൾപ്പെടുത്തി പുറത്തിറങ്ങിയ പോസ്റ്ററുകളും ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. 2012-ൽ പുറത്തിറങ്ങി തരംഗമായ ‘ബാച്ച്ലർ പാർട്ടി’യുടെ രണ്ടാം ഭാഗം 14 വർഷങ്ങൾക്കിപ്പുറം പുതിയ കാലത്തിന്റെ ജെൻ സി പശ്ചാത്തലത്തിലാണ് എത്തുന്നത്. ചിത്രത്തിന്റെ റെഡ്-ഗോൾഡൻ റെട്രോ ശൈലിയിലുള്ള ഫസ്റ്റ് ലുക്കും വലിയ ശ്രദ്ധ നേടിയിരുന്നു. ആദ്യഭാഗം കൾട്ട് ക്ലാസിക്കായി മാറിയതോടെ രണ്ടാം ഭാഗത്തിനായുള്ള പ്രേക്ഷക പ്രതീക്ഷകളും ഉയർന്നിരിക്കുകയാണ്.

മോഹൻലാലും അനൂപ് സത്യനും ഒന്നിക്കുന്നു; പുതിയ ചിത്രത്തിന് തുടക്കം

മലയാള സിനിമയിൽ പുതിയ കൂട്ടുകെട്ടിന് തുടക്കമിട്ട് മോഹൻലാലും സംവിധായകൻ അനൂപ് സത്യനും ഒന്നിക്കുന്നു. മോഹൻലാലിന്റെ 368-ാമത്തെ ചിത്രമായി ഒരുങ്ങുന്ന സിനിമയ്ക്ക് കൊച്ചിയിൽ പൂജയോടെ തുടക്കമായി. സത്യൻ അന്തിക്കാടിന്റെ മകനായ അനൂപ് സത്യൻ ആദ്യമായി മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കി. കടലും കായലും പച്ചപ്പും നിറഞ്ഞ തീരദേശ പശ്ചാത്തലമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. മോഹൻലാലിനൊപ്പം രണ്ട് പെൺകുട്ടികളെയും പോസ്റ്ററിൽ കാണാം. കുട്ടികൾക്കൊപ്പം സന്തോഷത്തോടെ സമയം ചെലവിടുന്ന താരത്തിന്റെ ചിത്രവും നിറമുള്ള കടലാസ് രൂപങ്ങളും പോസ്റ്ററിന് വ്യത്യസ്തമായ ഭാവം നൽകുന്നുണ്ട്. കുടുംബബന്ധങ്ങളുടെയും ബാല്യത്തിന്റെയും സൂചനകൾ നൽകുന്ന പോസ്റ്റർ സിനിമയുടെ പ്രമേയത്തെക്കുറിച്ച് നിരവധി ആകാംക്ഷകളും ഉയർത്തുന്നു. ചിത്രം കോമഡി ആക്ഷൻ ത്രില്ലറായിരിക്കുമെന്നും വൈകാരികമായൊരു പ്രമേയം കൂടി സിനിമയിലുണ്ടാകുമെന്നും അനൂപ് സത്യൻ നേരത്തേ വ്യക്തമാക്കിയിരുന്നു. ശാന്തമായ തീരദേശ പശ്ചാത്തലത്തിനപ്പുറം നർമ്മവും ആക്ഷനും വൈകാരികതയും നിറഞ്ഞൊരു സിനിമാനുഭവമായിരിക്കും സംവിധായകൻ ഒരുക്കുന്നതെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.

കള്ളുഷാപ്പുകളില്‍ ഇനി സ്ത്രീകള്‍ക്കും ജോലി ചെയ്യാം; വിലക്ക് ചട്ടം റദ്ദാക്കി ഹൈക്കോടതി

കള്ളുഷാപ്പുകളില്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നത് വിലക്കിയുള്ള ചട്ടം റദ്ദാക്കി കേരള ഹൈക്കോടതി. സ്ത്രീകളുടെ മൗലികാവകാശങ്ങള്‍ക്കും തൊഴില്‍ സ്വാതന്ത്ര്യത്തിനുമെതിരെയുള്ള ലംഘനമാണ് ഈ വിലക്കെന്ന് കോടതി ചൂണ്ടിക്കാട്ടി. 2002ലെ കേരള അബ്കാരി ഷോപ്പ്സ് ഡിസ്പോസല്‍ ചട്ടങ്ങളിലെ റൂള്‍ 7(37) ആണ് ജസ്റ്റിസ് ഗോപിനാഥ് അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്. സ്ത്രീകളുടെ സുരക്ഷയുടെ പേരില്‍ തൊഴില്‍ അവസരങ്ങള്‍ നിഷേധിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും കോടതി വ്യക്തമാക്കി. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയായ 47കാരി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. കള്ളുഷാപ്പില്‍ ജോലി ചെയ്തിരുന്ന ഇവരുടെ ഭര്‍ത്താവ് 2024ല്‍ മരിച്ചിരുന്നു. തുടര്‍ന്ന് ആശ്രിത നിയമന വ്യവസ്ഥ പ്രകാരം കള്ളുഷാപ്പില്‍ ജോലി ആവശ്യപ്പെട്ടെങ്കിലും സ്ത്രീകള്‍ക്ക് ജോലി വിലക്കുന്ന ചട്ടം ചൂണ്ടിക്കാട്ടി അപേക്ഷ നിരസിച്ചു. ഇതോടെയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. സ്ത്രീകളെ ചൂഷണത്തില്‍ നിന്നും തൊഴില്‍സ്ഥലത്തെ പീഡനങ്ങളില്‍ നിന്നും സംരക്ഷിക്കാനാണ് വിലക്കെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. കള്ളുഷാപ്പുകള്‍ പലപ്പോഴും വിദൂര സ്ഥലങ്ങളിലായതിനാല്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ സുരക്ഷയുടെ പേരില്‍ എല്ലാ സ്ത്രീകള്‍ക്കും തൊഴില്‍ നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് കോടതി ചട്ടം റദ്ദാക്കിയത്. കള്ളുഷാപ്പുകളിലെ തൊഴില്‍ സാഹചര്യങ്ങളും വിദേശമദ്യ വില്‍പ്പനശാലകളിലെ സാഹചര്യങ്ങളും വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടി ഷാപ്പ് ലൈസന്‍സിയും ഹര്‍ജിയെ എതിര്‍ത്തിരുന്നു.