ഇറാനുമായുള്ള സംഘർഷം; കൂട്ടക്കുഴിമാടങ്ങൾ ഒരുക്കാൻ യു.എസ്. സൈനിക പരിശീലനം

ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ യുദ്ധത്തിൽ കൊല്ലപ്പെടുന്ന സൈനികരെ കൂട്ടത്തോടെ സംസ്കരിക്കുന്നതിനുള്ള പരിശീലനവുമായി യു.എസ്. സൈന്യം. 1950-53ലെ കൊറിയൻ യുദ്ധത്തിനുശേഷം ആദ്യമായാണ് ഇത്ര വിപുലമായ പരിശീലനം നടത്തുന്നത്. ഭാവിയിൽ വലിയ തോതിൽ സൈനികനഷ്ടമുണ്ടാകാവുന്ന സാഹചര്യം മുന്നിൽക്കണ്ടാണ് നീക്കമെന്നാണ് റിപ്പോർട്ട്.

നോർത്ത് കരോലൈനയിലെ ഫോർട്ട് ബ്രാഗിൽ ‘ഓപ്പറേഷൻ ഡ്രാഗൺ കവനന്റ് ഫെയ്‌സ് 2’ എന്ന പേരിലാണ് പരിശീലനം. ബുൾഡോസറുകളും എക്‌സ്‌കവേറ്ററുകളും ഉപയോഗിച്ച് താത്കാലിക കുഴിമാടങ്ങൾ ഒരുക്കുന്നതും മൃതദേഹങ്ങൾ കൈകാര്യം ചെയ്യുന്നതുമാണ് പരിശീലനത്തിന്റെ ഭാഗം. 24 മണിക്കൂറിനുള്ളിൽ 2,400 സൈനികരുടെ മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള ശേഷി ഒരുക്കുകയാണ് ലക്ഷ്യം.

കൊറിയൻ യുദ്ധത്തിൽ 36,515 യു.എസ്. സൈനികർ കൊല്ലപ്പെടുകയോ കാണാതാകുകയോ ചെയ്തിരുന്നു. ഇറാഖ്, അഫ്ഗാനിസ്താൻ യുദ്ധങ്ങളിൽ മൃതദേഹങ്ങൾ വേഗത്തിൽ നാട്ടിലെത്തിച്ചിരുന്നതിനാൽ സമാനമായ സംവിധാനം ആവശ്യമായി വന്നിരുന്നില്ല. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനും സംരക്ഷിച്ച് യു.എസിലെത്തിക്കുന്നതിനുമുള്ള പരിശീലനവും സൈന്യം നൽകുന്നുണ്ട്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *