എസി ആശ്വാസമോ അപകടമോ? ഉപയോഗത്തിലെ പിഴവുകൾ ആരോഗ്യത്തിന് തിരിച്ചടിയാകുമ്പോൾ

തീഷ്ണമായ വേനൽച്ചൂടിൽ നിന്ന് രക്ഷനേടാൻ എയർ കണ്ടീഷണറുകൾ ഇന്ന് നമ്മുടെ ദിനചര്യയിലെ ഒരു അനിവാര്യ ഘടകമായി മാറിയിട്ടുണ്ട്. എന്നാൽ പൊള്ളുന്ന വെയിലിൽ നിന്ന് വിയർപ്പോടെ നേരിട്ട് എസി മുറിയിലേക്ക് കയറുന്ന ശീലം ആരോഗ്യത്തിന് ഗുണത്തേക്കാൾ ദോഷം ചെയ്യുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ശരീരത്തിന്റെ സ്വാഭാവിക താപനില നിയന്ത്രണ സംവിധാനമായ തർമ്മോറെഗുലേഷൻ പെട്ടെന്നുള്ള ഈ താപനില വ്യത്യാസം മൂലം തകരാറിലാകാൻ സാധ്യതയുണ്ട്. വെയിലത്ത് ഏറെ നേരം ചെലവഴിച്ചതിന് ശേഷം ശരീരം വിയർപ്പിലൂടെയും രക്തക്കുഴലുകളുടെ വികാസത്തിലൂടെയും ചൂട് നിയന്ത്രിക്കാൻ ശ്രമിക്കുന്ന അവസ്ഥയിലാണ്. ഈ ഘട്ടത്തിൽ അതിശൈത്യമുള്ള എസി അന്തരീക്ഷത്തിലേക്ക് പെട്ടെന്ന് മാറുമ്പോൾ ശരീരം കടുത്ത സമ്മർദ്ദത്തിലാകുന്നു. ഇതിന്റെ ഫലമായി മൂക്കടപ്പ്, തൊണ്ടവേദന, ശ്വാസതടസ്സം പോലുള്ള ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾ അനുഭവപ്പെടാം. കൂടാതെ തലവേദന, സൈനസ് പ്രശ്നങ്ങൾ, ആസ്തമയുടെ ലക്ഷണങ്ങൾ എന്നിവയും ശക്തമാകാൻ സാധ്യതയുണ്ട്. എസി വായുവിലെ ഈർപ്പം കുറവായതിനാൽ ചർമ്മവും ശ്വാസകോശത്തിലെ ശ്ലേഷ്മ സ്തരങ്ങളും വരണ്ടുപോകുന്നതും സാധാരണമാണ്. എസി ഉപയോഗിച്ചതിന് ശേഷം ഉണ്ടാകുന്ന ചുമയോ തൊണ്ടവേദനയോ പലരും അണുബാധയായി കരുതാറുണ്ടെങ്കിലും, പല സാഹചര്യങ്ങളിലും ഇത് വായുവിലെ ഈർപ്പമില്ലായ്മയുടേതാണ്. ഇതിന് പുറമെ, വൃത്തിയാക്കാത്ത എസി ഫിൽട്ടറുകൾ പൊടിപടലങ്ങളും സൂക്ഷ്മാണുക്കളും പരത്തുന്നതിനാൽ ഇൻഡോർ വായു മലിനീകരണവും ആരോഗ്യപ്രശ്നങ്ങളും വർധിപ്പിക്കാൻ ഇടയാക്കുന്നു. വേനൽക്കാലത്ത് എസി സുരക്ഷിതമായി ഉപയോഗിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. വെയിലത്ത് നിന്ന് വന്ന ഉടനെ എസി മുറിയിലേക്ക് കയറാതെ, ശരീരത്തിന്റെ താപനില സാധാരണ നിലയിലാകാൻ കുറച്ച് സമയം നൽകുന്നത് നല്ലതാണ്. എസിയുടെ താപനില 24 മുതൽ 26 ഡിഗ്രി സെൽഷ്യസ് വരെ നിലനിർത്തുന്നത് ശരീരത്തിന് അനുയോജ്യമായ ഒരു സമതുലിതാവസ്ഥ നൽകുന്നു. എസിയിൽ നിന്നുള്ള തണുത്ത കാറ്റ് നേരിട്ട് ശരീരത്തിലേക്ക് പതിക്കുന്നത് ഒഴിവാക്കണം. എസി മുറിയിലായാലും ശരീരത്തിലെ ഈർപ്പം നിലനിർത്താൻ ആവശ്യമായത്ര വെള്ളം കുടിക്കുന്നത് നിർബന്ധമാണ്. ഫിൽട്ടറുകൾ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കുന്നതിലൂടെ വായുവിന്റെ ഗുണമേന്മ ഉറപ്പാക്കാം. രാത്രിയിൽ സ്ലീപ്പ് മോഡ് ഉപയോഗിക്കുന്നത് അമിതമായ തണുപ്പ് ഒഴിവാക്കാൻ സഹായിക്കും.ചൂടിനെ പ്രതിരോധിക്കാൻ എയർ കണ്ടീഷണറുകൾ ആവശ്യമായെങ്കിലും, അവ ഉപയോഗിക്കുന്ന രീതിയാണ് ആരോഗ്യത്തെ നിർണ്ണയിക്കുന്നത്. മിതത്വവും മുൻകരുതലുകളും പാലിച്ചാൽ എസി ഉപയോഗം സുരക്ഷിതമാക്കാം. വിട്ടുമാറാത്ത പനിയോ ശ്വാസതടസ്സമോ അനുഭവപ്പെടുന്ന സാഹചര്യത്തിൽ വൈകാതെ വൈദ്യസഹായം തേടുന്നതാണ് ഉചിതം.j

ഫിറ്റ്നസ് പ്രേമികള്‍ അറിയാന്‍; രാവിലെയോ വൈകുന്നേരമോ വര്‍ക്ക് ഔട്ട് ചെയ്യാന്‍ അനുയോജ്യം?

ഫിറ്റായ ശരീരവും ഊര്‍ജ്ജസ്വലമായ ജീവിതവുമാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ വ്യായാമം അനിവാര്യമാണ്. എന്നാല്‍ പലരെയും കുഴപ്പിക്കുന്ന ചോദ്യമാണ് ‘ഏത് സമയത്ത് വര്‍ക്ക് ഔട്ട് ചെയ്യണം?’ എന്നത്. രാവിലെ ഉന്മേഷത്തോടെ തുടങ്ങണോ അതോ വൈകുന്നേരം ജോലി കഴിഞ്ഞ് സ്‌ട്രെസ്സ് മാറ്റാന്‍ ജിമ്മില്‍ പോകണോ? ഫിറ്റ്നസ് വിദഗ്ധനായ കുശ് പാല്‍ സിങ് ഇതിനെക്കുറിച്ച് പങ്കുവെക്കുന്ന പ്രധാന നിര്‍ദേശങ്ങള്‍ നോക്കാം. വര്‍ക്ക് ഔട്ടിനായി രാവിലെ തന്നെ സമയം തിരഞ്ഞെടുക്കുന്നത് സ്ഥിരമായി ചെയ്യാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ഉന്മേഷത്തില്‍ ഉണര്‍ന്നിരിക്കുന്ന ഉടന്‍ വ്യായാമം ചെയ്യുന്നത് ദിവസത്തെ ഊര്‍ജ്ജം നിലനിര്‍ത്താനും സഹായിക്കും.മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഇത് നല്ലതാണ്. എന്നാല്‍ രാവിലെ സമയത്ത് ശരീരത്തിലെ ഊര്‍ജ്ജം കുറവായിരിക്കുമെന്നതിനാല്‍ മിതമായ തീവ്രതയിലുള്ള വ്യായാമമാണ് വേണ്ടതെന്നും കുശ് പാല്‍ സിങ് അഭിപ്രായപ്പെട്ടു. ശരീരം കൂടുതല്‍ ചൂട് പിടിച്ചും വഴക്കമുള്ളതുമായിരിക്കുന്ന സമയമാണ് വൈകുന്നേരം. അതിനാല്‍ കഠിനമായ വ്യായാമം താങ്ങാനുള്ള ശേഷിയും ഈ സമയത്ത് ശരീരത്തിന് ഉണ്ടാകും. ദിവസത്തെ മുഴുവന്‍ മാനസിക സമ്മര്‍ദ്ദവും ഇല്ലാതാക്കാന്‍ വൈകുന്നേരത്തെ വര്‍ക്ക് ഔട്ടിലൂടെ സാധിക്കും.എന്നാല്‍ ഈ വര്‍ക്ക് ഔട്ട് തുടക്കത്തില്‍ ഉറക്കത്തിനെ ബാധിക്കുമെന്നാണ് കുശ് പാല്‍ സിങ് പറയുന്നത്. ശരിയായ ഉറക്കം ലഭിക്കാന്‍ ശരീരം ഇതുമായി പൊരുത്തപ്പെടേണ്ട സമയം അനിവാര്യമാണ്.എന്നാല്‍ വൈകുന്നേരത്തെ വ്യായാമം സ്ഥിരതയെ ബാധിക്കുമെന്നും അദ്ദേഹം പറയുന്നു. ഏത് സമയത്ത് ചെയ്യുന്നു എന്നതിനേക്കാള്‍ പ്രധാനമാണ് എത്ര കൃത്യമായി ചെയ്യുന്നു എന്നത്.’ വ്യായാമം ചെയ്യുന്നതിനായി ഓരോരുത്തരുടെയും ജീവിതശൈലിക്കും ശരീരപ്രകൃതിക്കും അനുസരിച്ചുള്ള സമയം തിരഞ്ഞെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.

ആശങ്ക വിതച്ച് വർക്ക് ഔട്ടിനിടെയുണ്ടാകുന്ന മരണങ്ങൾ.. ജിം പ്രേമികൾ അറിയേണ്ട റെഡ് സിഗ്നലുകൾ ?

ശരീരസൗന്ദര്യവും ഫിറ്റ്‌നസും നിലനിർത്തുക എന്നത് ഇന്നത്തെ കാലത്ത് യുവാക്കളുടെ ഒരു ഹരമാണ്. അതുകൊണ്ടുതന്നെ നാടുതോറും ഇന്ന് ജിമ്മുകളുണ്ട് . എന്നാൽ കുറച്ചു ദിവസങ്ങളായി വ്യായാമത്തിനിടെ ആളുകൾ കുഴഞ്ഞുവീണു മരിക്കുന്ന വാർത്തകൾ ആശങ്ക വിതയ്ക്കുകയാണ്.വ്യായാമം ആരോഗ്യത്തിന് നല്ലതാണ്, എന്നാൽ അത് പരിധി വിടുമ്പോൾ? കശ്മീരിലെ യുവാവിന്റെ മരണം മുതൽ നാഗ്‌പൂരിലെ 23 കാരന് സംഭവിച്ച മസ്തിഷ്കാഘാതം വരെ.. മറ്റുള്ളവരെ കാണിക്കാനായി ശരീരത്തിന് താങ്ങാൻ കഴിയുന്നതിലപ്പുറം ഭാരം ഉയർത്തുന്നത് ഹൃദയമിടിപ്പിലെ താളപ്പിഴകൾക്കും രക്തധമനികൾ പൊട്ടുന്നതിനും കാരണമാകും.തീവ്രമായ വ്യായാമം ചെയ്യുമ്പോൾ ഹൃദയം വേഗത്തിൽ രക്തം പമ്പ് ചെയ്യാൻ ശ്രമിക്കുന്നു.അമിത മർദ്ദം കൊടുക്കുന്നതിലൂടെ രക്തക്കുഴലുകളിൽ നേരിയ തടസ്സങ്ങൾ ഉണ്ടെങ്കിൽ ഈ മർദ്ദം താങ്ങാനാവാതെ ധമനികൾ പൊട്ടുകയോ രക്തം കട്ടപിടിക്കുകയോ ചെയ്യാം. ഇത് പെട്ടെന്നുള്ള ഹൃദയാഘാതത്തിലേക്ക് നയിക്കുന്നു.കൂടാതെ,ജിമ്മിൽ പോകുന്നതുകൊണ്ട് മാത്രം ഒരാൾ പൂർണ്ണ ആരോഗ്യവാനാകില്ല. അനാരോഗ്യകരമായ ഭക്ഷണരീതിയും കൊളസ്ട്രോളും വ്യായാമത്തിനിടെ വില്ലനാകാം. തീർന്നില്ല, പെട്ടെന്ന് മസിൽ വളർത്താനായി യുവാക്കൾ ആശ്രയിക്കുന്ന പ്രോട്ടീൻ സപ്ലിമെന്റുകളും സ്റ്റിറോയിഡുകളും വലിയ അപകടസാധ്യതയാണ് ഉയർത്തുന്നത്. ശാസ്ത്രീയമായ അറിവില്ലാതെയും വിദഗ്ധ നിർദ്ദേശമില്ലാതെയും ഇത്തരം പദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ താളംതെറ്റിക്കും. ഇനി ശരീരം നൽകുന്ന ‘റെഡ് സിഗ്നലുകളായനെഞ്ചുവേദന അല്ലെങ്കിൽ വല്ലാത്ത അസ്വസ്ഥത,അമിതമായ കിതപ്പും ശ്വാസംമുട്ടലും,തലകറക്കം അല്ലെങ്കിൽ ബോധക്ഷയം അനുഭവപ്പെടുക,കഠിനമായ തലവേദന ഛർദ്ദി എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വ്യായാമം നിർത്തണം. ആദ്യമായി ജിമ്മിൽ പോകുന്നതിന് മുൻപ് സുരക്ഷ ഉറപ്പാക്കുന്നതിനായി ചില മുൻകരുതലുകൾ സ്വീകരിക്കാവുന്നതാണ്.ഇസിജി, സ്ട്രെസ് ടെസ്റ്റ് എന്നിവ നടത്തി ഹൃദയാരോഗ്യം ഉറപ്പുവരുത്തുക,ഒരു സർട്ടിഫൈഡ് ട്രെയിനറുടെ കീഴിൽ മാത്രം വ്യായാമം തുടങ്ങുക, പ്രകൃതിദത്തമായ ഭക്ഷണത്തിന് മുൻഗണന നൽകുക,കൃത്യമായ ഉറക്കവും വിശ്രമവും.ദിവസവും 30-45 മിനിറ്റ് മിതമായ രീതിയിൽ വ്യായാമം ചെയ്യുക എന്നീ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.

വേദനസംഹാരികളുടെ അമിതോപയോഗം: കരളിന് നിശ്ശബ്ദ ഭീഷണി

വേദനയെന്നത് ശരീരത്തിന്റെ മുന്നറിയിപ്പാണ്, പക്ഷേ അതിനെ നിശ്ശബ്ദമാക്കാൻ നമ്മൾ പലപ്പോഴും ഉടൻ തേടുന്നത് ഒരു ഗുളികയാണ്. തലവേദനയോ വയറുവേദനയോ വന്നാൽ ഡോക്ടറെ സമീപിക്കാതെ സ്വമേധയാ മരുന്ന് വാങ്ങി കഴിക്കുന്നത് ഇന്നത്തെ ജീവിതശൈലിയുടെ ഭാഗമായിക്കഴിഞ്ഞു. എന്നാൽ ഈ ചെറുതായി തോന്നുന്ന ശീലം തന്നെ കരളിനെ പതുക്കെ ബാധിക്കുന്ന അപകടകരമായ വഴിയാകാമെന്നതാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. തലവേദനയോ വയറുവേദനയോ വന്നാൽ ഡോക്ടറെ സമീപിക്കാതെ സ്വമേധയാ മരുന്ന് വാങ്ങി കഴിക്കുന്ന പ്രവണത സാധാരണമാണ്. നിർദേശിച്ച അളവിലും ശരിയായ രീതിയിലും ഉപയോഗിച്ചാൽ വേദനസംഹാരികൾ സുരക്ഷിതവും ഫലപ്രദവുമാണ്. എന്നാൽ നിയന്ത്രണമില്ലാതെ, സ്വന്തം ഇഷ്ടപ്രകാരം ഉപയോഗിക്കുന്നത് ഡോസ് അമിതമാകാൻ ഇടയാക്കുകയും തുടർന്ന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. വേദനസംഹാരികളുടെ അമിത ഉപയോഗവും കരളിനുള്ള കേടുപാടുകളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന പഠനം Therapeutic Advances in Gastroenterology ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മരുന്നുകളുടെ സ്വാധീനത്താൽ ഉണ്ടാകുന്ന കരളിനുള്ള കേടുപാടുകളെ “ഡ്രഗ് ഇൻഡ്യൂസ്ഡ് ലിവർ ഇഞ്ചുറി” (DILI) എന്നാണ് വിളിക്കുന്നത്. ഉപയോഗിക്കുന്ന മരുന്നിന്റെ സ്വഭാവം അനുസരിച്ച് അപകടസാധ്യതയും മാറുന്നു. ശരീരത്തിൽ പ്രവേശിക്കുന്ന മരുന്നുകളെ വിഘടിപ്പിച്ച് പുറത്താക്കുന്നതിൽ കരളിന് നിർണായക പങ്കുണ്ട്. എന്നാൽ സ്ഥിരമായി കൂടിയ അളവിൽ മരുന്നുകൾ കഴിക്കുമ്പോൾ ഈ പ്രക്രിയ തകരാറിലാകുകയും അത് ക്രമേണ കരളിന്റെ പ്രവർത്തനത്തെ ദുർബലപ്പെടുത്തുകയും ചെയ്യും. ഇതുവഴി ഗുരുതരമായ കരൾരോഗങ്ങൾ വരെ ഉണ്ടാകാൻ സാധ്യതയുണ്ട്. പൊതുവേ വ്യാപകമായി ഉപയോഗിക്കുന്ന വേദനസംഹാരികളിൽ പ്രധാനപ്പെട്ടത് പാരസീറ്റമോളാണ്. നിർദേശിച്ച അളവിൽ അത് സുരക്ഷിതമാണെങ്കിലും അമിതമായി കഴിക്കുമ്പോൾ കരളിന് വലിയ നാശം സംഭവിക്കും. കരൾരോഗമുള്ളവർ, മദ്യപാനം ചെയ്യുന്നവർ, പാരസീറ്റമോൾ അടങ്ങിയ മറ്റ് മരുന്നുകളും ഒരുമിച്ച് ഉപയോഗിക്കുന്നവർ എന്നിവർക്കാണ് അപകടസാധ്യത കൂടുതൽ. വിദഗ്ധർ പറയുന്നതനുസരിച്ച് പാരസീറ്റമോളിനെ അപേക്ഷിച്ച് ഐബുപ്രൂഫൻ കുറച്ചുകൂടി സുരക്ഷിതമായേക്കാം, എന്നാൽ അത് പൂര്‍ണമായും അപകടരഹിതമല്ല. New England Journal of Medicine പ്രസിദ്ധീകരിച്ച പഠനങ്ങൾ പ്രകാരം ഡൈക്ലോഫിനാക് പോലുള്ള ചില വേദനസംഹാരികൾ കരളിനെ വേഗത്തിൽ ബാധിക്കാൻ സാധ്യതയുള്ളവയാണ്. ദീർഘകാല ഉപയോഗം കൂടുതൽ അപകടകരമാണ്. അമിത ക്ഷീണം, ഓക്കാനം, ഛർദി, കണ്ണിനും ചർമത്തിനും മഞ്ഞനിറം, ഇരുണ്ട നിറത്തിലുള്ള മൂത്രം, അടിവയറുവേദന തുടങ്ങിയ ലക്ഷണങ്ങൾ കാണുമ്പോൾ വൈകാതെ ഡോക്ടറെ സമീപിക്കണം. ഇത്തരം ലക്ഷണങ്ങൾ കരളിന്റെ പ്രശ്നങ്ങൾക്ക് സൂചനയായിരിക്കാം. മരുന്നുകൾ ഉപയോഗിക്കുമ്പോൾ ലേബൽ കൃത്യമായി വായിക്കുകയും നിർദേശിച്ച അളവിൽ മാത്രം കഴിക്കുകയും വേണം. ഒരേ ഘടകമുള്ള പല മരുന്നുകളും ഒരുമിച്ച് കഴിക്കരുത്. വേദനസംഹാരികൾ കഴിക്കുമ്പോൾ മദ്യപാനം ഒഴിവാക്കണം. ഡോക്ടറുടെ നിർദേശമില്ലാതെ ദീർഘകാലം മരുന്നുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുകയും സ്ഥിരമായി വേദന അനുഭവപ്പെടുന്നവർ ചികിത്സ തേടുകയും വേണം. വേദന കുറയ്ക്കാനായി കഴിക്കുന്ന ഒരു ചെറിയ ഗുളിക പോലും തെറ്റായ രീതിയിൽ ഉപയോഗിക്കുമ്പോൾ കരളിന് വലിയ ഭീഷണിയാകാം. അതിനാൽ സ്വയം ചികിത്സ ഒഴിവാക്കി, അറിവോടെയും നിയന്ത്രണത്തോടെയും മരുന്നുകൾ ഉപയോഗിക്കുന്നത് ആരോഗ്യകരമായ ജീവിതത്തിനുള്ള പ്രധാന ഘടകമാണ്.