അന്താരാഷ്ട്ര കമ്പനികളുടെ പേരിൽ വ്യാജ മരുന്ന്; ബെംഗളൂരുവിൽ 5 കോടിയുടെ മരുന്നുകൾ പിടികൂടി

അന്താരാഷ്ട്ര ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ പേരിൽ വ്യാജ മരുന്നുകൾ നിർമ്മിച്ച് വിപണനം ചെയ്തിരുന്ന കേന്ദ്രം ബെംഗളൂരുവിൽ കണ്ടെത്തി. കർണാടക ഭക്ഷ്യസുരക്ഷാ-ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഏകദേശം അഞ്ച് കോടി രൂപ വിലമതിക്കുന്ന മരുന്നുകളാണ് പിടിച്ചെടുത്തത്. മൈസൂരു റോഡിലെ ബിഡദി കുറുമ്പരകനേഹള്ളിയിലുള്ള ഫാംഹൗസിലാണ് അനധികൃത മരുന്ന് നിർമ്മാണ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ എത്തിച്ച ശേഷം അന്താരാഷ്ട്ര കമ്പനികളുടെ പേരിലുള്ള കുപ്പികളിൽ നിറച്ച് ലേബലുകൾ ഒട്ടിച്ചാണ് വിപണനം നടത്തിയിരുന്നത്. പ്രശസ്ത അമേരിക്കൻ മരുന്ന് കമ്പനികളിൽ നിന്ന് ഇറക്കുമതി ചെയ്തതാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു മരുന്നുകളുടെ വിൽപ്പന. പിടിച്ചെടുത്ത മരുന്നുകളിൽ ഭൂരിഭാഗവും ഉപയോഗയോഗ്യമല്ലെന്നും ആരോഗ്യത്തിന് ഹാനികരമായ അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചാണ് ഇവ നിർമ്മിച്ചതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കുത്തിവെപ്പിനുള്ള മരുന്നുകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. മരുന്നുകളുടെ പാക്കറ്റുകളിലെ സ്കാനിങ് കോഡുകളും പ്രവർത്തനക്ഷമമായിരുന്നില്ല. പിടിച്ചെടുത്ത മരുന്നുകളിൽ ഏകദേശം 35 ലക്ഷം രൂപ വിലവരുന്നവ കാലാവധി കഴിഞ്ഞവയാണെന്നും പരിശോധനയിൽ കണ്ടെത്തി. ആരോഗ്യ-ഭക്ഷ്യസുരക്ഷാ വകുപ്പ് മന്ത്രി യു.ടി. ഖാദർ നടത്തിയ വാർത്താസമ്മേളനത്തിലാണ് പരിശോധനയുടെ വിവരങ്ങൾ പുറത്തുവിട്ടത്. കേന്ദ്രം നടത്തിയിരുന്നത് ആരാണെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. മരുന്നുകളുടെ ഉറവിടം സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ തവരകെര പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പിടിച്ചെടുത്ത മരുന്നുകൾ ബെംഗളൂരു സൗത്ത് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. സംഭവവുമായി ബന്ധപ്പെട്ട് ഒരു ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
തിരുവന്തപുരത്ത് അനധികൃത തട്ടുകടകൾക്ക് പിന്നിൽ വൻ റാക്കറ്റ്

തിരുവനന്തപുരം നഗരത്തിലെ അനധികൃത തട്ടുകടകൾക്ക് പിന്നിൽ വൻകിട ഹോട്ടൽ ഗ്രൂപ്പുകളുടെ ഇടപെടലുണ്ടെന്ന് പോലീസ് പരിശോധനയിൽ കണ്ടെത്തൽ. സാധാരണക്കാരുടെ പേരും മറയും ഉപയോഗിച്ച് പലയിടത്തും ചെയിൻ മാതൃകയിൽ തട്ടുകടകൾ പ്രവർത്തിക്കുന്നതായാണ് കണ്ടെത്തിയത്. കുറവൻകോണത്ത് നടത്തിയ പരിശോധനയിൽ ഒരാൾക്ക് മാത്രമാണ് ലൈസൻസുള്ളത്. ചില കച്ചവടക്കാരുടെ യു.പി.ഐ. അക്കൗണ്ടുകളിൽ ലക്ഷങ്ങളും കോടികളും വരുന്ന ഇടപാടുകൾ കണ്ടെത്തിയതായും പോലീസ് അറിയിച്ചു. പല തട്ടുകടകളിലേക്കും ഭക്ഷണം എത്തിക്കുന്നത് വൻകിട ഹോട്ടലുകളിൽ നിന്നാണ്. ഒരേ ഗ്രൂപ്പിന്റെ കീഴിൽ വിവിധ സ്ഥലങ്ങളിൽ കടകൾ പ്രവർത്തിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഹോട്ടലിൽ വിൽക്കുന്നതിനേക്കാൾ ഉയർന്ന വില ഈടാക്കുന്ന സാഹചര്യങ്ങളുമുണ്ട്. വഴുതക്കാട്, പാളയം, മെഡിക്കൽ കോളേജ്, പരുത്തിപ്പാറ, കാര്യവട്ടം തുടങ്ങിയ മേഖലകളിലും അനധികൃത തട്ടുകടകൾ വ്യാപകമായി പ്രവർത്തിച്ചിരുന്നതായി അധികൃതർ കണ്ടെത്തി. റോഡുകളും നടപ്പാതകളും കൈയേറിയുള്ള കച്ചവടം യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. നേരത്തെ ഒഴിപ്പിച്ച തട്ടുകടകൾ ചിലയിടങ്ങളിൽ വീണ്ടും പ്രവർത്തനം ആരംഭിച്ചതോടെയാണ് പോലീസ് നടപടി ശക്തമാക്കിയത്. അനധികൃത കൈയേറ്റങ്ങൾക്കെതിരെ നടപടികൾ തുടരുമെന്നും തട്ടുകടകൾ നിയമാനുസൃതമായി പ്രവർത്തിപ്പിക്കാൻ ഫുഡ് സ്ട്രീറ്റുകൾ നിശ്ചയിക്കാനുള്ള അധികാരം കോർപ്പറേഷനാണെന്നും അധികൃതർ വ്യക്തമാക്കി.
രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്? റിപ്പോർട്ട് തേടി കണ്ണൂർ എഡിഎം

മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ പോലും പണയംവെച്ച രാജേഷ്… മരണശേഷവും അദ്ദേഹത്തിന് അർഹിച്ച ആദരവ് ലഭിച്ചോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. കണ്ണൂരിൽ നിന്ന് തിരുവനന്തപുരം ജില്ലയിലേക്കുള്ള ദീർഘയാത്ര ഫ്രീസർ സൗകര്യമില്ലാത്ത ആംബുലൻസിലായിരുന്നുവെന്നാണ് ബന്ധുക്കളുടെ പരാതി. മൃതദേഹം അഴുകിത്തുടങ്ങിയതിനാൽ ഫ്രീസർ സൗകര്യമുള്ള ആംബുലൻസ് വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നെങ്കിലും അത് ലഭിച്ചില്ലെന്ന് അവർ പറയുന്നു. യാത്രയ്ക്കിടെ ദുര്‍ഗന്ധം വമിച്ചതിനെ തുടർന്ന് ചാവക്കാട് വെച്ചാണ് മൃതദേഹം മറ്റൊരു ഫ്രീസർ ആംബുലൻസിലേക്ക് മാറ്റിയത്. ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രതിഷേധം ശക്തമായി. മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന പരാതിയിൽ കണ്ണൂർ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് (എഡിഎം) റിപ്പോർട്ട് തേടി. സംഭവത്തിൽ വീഴ്ച സംഭവിച്ചതായി ജില്ലാ കളക്ടറും സമ്മതിച്ചു. ഫ്രീസർ സൗകര്യമുള്ള ആംബുലൻസ് ഒരുക്കാൻ നിർദേശം നൽകിയിരുന്നുവെന്നും അതിന് സാമ്പത്തിക തടസ്സമൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിച്ച് മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നും കളക്ടർ വ്യക്തമാക്കി.
മാനസിക ഒറ്റപ്പെടലിന്റെ ഇന്ത്യ: ആഗോള ഏകാന്തതാ സൂചികയിൽ രാജ്യം മുന്നിൽ

അടുപ്പമുള്ള കുടുംബബന്ധങ്ങൾക്കും സജീവമായ സാമൂഹിക ജീവിതത്തിനും പേരുകേട്ട ഇന്ത്യയിൽ, ആളുകൾക്കിടയിൽ മാനസികമായ ഒറ്റപ്പെടൽ വൻതോതിൽ വർദ്ധിക്കുന്നതായി പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. ലോകത്തെ 36 രാജ്യങ്ങളെ ഉൾപ്പെടുത്തി നടത്തിയ ആഗോള ഏകാന്തതാ സർവേയിലാണ് ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്. സന്തോഷം, മാനസികാരോഗ്യം, വിഷാദം, ഒറ്റയ്ക്കുള്ള താമസം, കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ വിവിധ മാനദണ്ഡങ്ങൾ പരിശോധിച്ചാണ് ഈ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ഈ സൂചികയിൽ ഒന്നാമത് നിൽക്കുന്നത് തുർക്കിയാണ്. ഇന്ത്യയ്ക്ക് പിന്നാലെ ബ്രസീൽ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളും പട്ടികയിൽ മുൻനിരയിലുണ്ട്. കണക്കുകൾ പ്രകാരം ഇന്ത്യയിലെ വലിയൊരു ശതമാനം ജനങ്ങളും കടുത്ത മാനസിക സംഘർഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. സംയുക്ത കുടുംബങ്ങളിലോ ഒന്നിലധികം അംഗങ്ങളുള്ള വീടുകളിലോ താമസിക്കുമ്പോൾ പോലും തങ്ങൾ ഒറ്റപ്പെട്ടുപോയതായി സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം ഇന്ത്യക്കാരും സമ്മതിക്കുന്നു. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ കടന്നുകയറ്റവും സോഷ്യൽ മീഡിയയുടെ അമിത ഉപയോഗവും മനുഷ്യർ തമ്മിലുള്ള നേരിട്ടുള്ള സമ്പർക്കം കുറച്ചതാണ് ഇതിന് പ്രധാന കാരണമായി വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം, ഉസ്ബെക്കിസ്ഥാൻ, നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങളാണ് ലോകത്തിൽ ഏറ്റവും കുറഞ്ഞ ഏകാന്തത അനുഭവിക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു.
കേരളത്തെ വീണ്ടും നിപ വൈറസ് ഭീതിയിലാഴ്ത്തുകയാണ്. കോഴിക്കോട് ഫറോക്ക് സ്വദേശിയായ 43 കാരനാണ് നിലവിൽ രോഗബാധ സ്ഥിരീകരിച്ച് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി നമ്മുടെ സംസ്ഥാനത്ത്, പ്രത്യേകിച്ച് കോഴിക്കോട് ജില്ലയിൽ നിപ ആവർത്തിച്ചു വരുന്നത് എന്തുകൊണ്ടാകാം എന്ന ഗൗരവമേറിയ ചർച്ചകൾക്ക് കൂടിയാണ് ഈ സാഹചര്യം വഴിതുറക്കുന്നത്. ആരോഗ്യവകുപ്പ് ഇതിനകം തന്നെ പ്രതിരോധ നടപടികളും സമ്പർക്കപ്പട്ടിക തയ്യാറാക്കലും ആരംഭിച്ചിട്ടുണ്ട്. ഭയന്ന് പരിഭ്രാന്തരാകുന്നതിനേക്കാൾ, ഈ വൈറസിന്റെ സ്വഭാവത്തെക്കുറിച്ചും അത് പകരുന്ന രീതികളെക്കുറിച്ചും കൃത്യമായ ധാരണയുണ്ടാക്കുകയാണ് ഇപ്പോൾ വേണ്ടത്. മുൻവർഷങ്ങളിൽ ഈ വില്ലനെ നമ്മൾ ഒരുമിച്ച് നിന്ന് തോൽപ്പിച്ചതാണ് എന്ന ആത്മവിശ്വാസം കൈവിടാതെ തന്നെ, ഈ ആവർത്തനത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശാസ്ത്രീയമായ അന്വേഷണങ്ങൾക്കും നാം മുൻഗണന നൽകേണ്ടതുണ്ട്. നിപയെ പ്രതിരോധിക്കാൻ നമ്മൾ ഓരോരുത്തരും വ്യക്തിപരമായ തലത്തിൽ മുൻകരുതലുകൾ എടുത്തേ മതിയാകൂ. വവ്വാലുകൾ കടിച്ചിട്ടതോ കേടുവന്നതോ ആയ ചാമ്പങ്ങ, പേരയ്ക്ക, മാങ്ങ തുടങ്ങിയ പഴങ്ങൾ ഒരു കാരണവശാലും കഴിക്കരുത്. വവ്വാലുകൾ കൂടുതലുള്ള സ്ഥലങ്ങളിൽ തുറന്ന കലങ്ങളിൽ ശേഖരിക്കുന്ന കള്ള് കുടിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണം. കടുത്ത പനി, കഠിനമായ തലവേദന, ശ്വാസതടസ്സം, ഛർദ്ദി, അസ്വസ്ഥതകൾ, ബോധക്ഷയം എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഒളിച്ചുവെക്കാനോ സ്വയംചികിത്സയ്ക്ക് മുതിരാനോ നിൽക്കാതെ ഉടൻ തന്നെ ഡോക്ടറെ സമീപിക്കണം. പനി ബാധിച്ചവരുമായി ഇടപഴകുമ്പോൾ കൃത്യമായ അകലം പാലിക്കുകയും മാസ്ക്, ഗ്ലൗസ് എന്നിവ ഉപയോഗിക്കുകയും ചെയ്യുക. പുറത്തുപോയി വന്നാൽ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കാനും മറക്കരുത്. ഇത്തരം ഘട്ടങ്ങളിൽ സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങളും അനാവശ്യ ഭീതിയും പടരാൻ വലിയ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യവകുപ്പ് നൽകുന്ന ഔദ്യോഗിക നിർദ്ദേശങ്ങൾ മാത്രം പിന്തുടരുകയും വ്യാജ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കാനും ഓരോരുത്തരും ശ്രദ്ധിക്കണം. ഭയമല്ല, കൃത്യമായ അറിവും കനത്ത ജാഗ്രതയുമാണ് ഇത്തരം മഹാമാരികളെ നേരിടാൻ നമുക്ക് കരുത്താകുന്നത്. ഒത്തൊരുമയോടെയും ഉത്തരവാദിത്തത്തോടെയും കൂടെനിന്നാൽ ഈ ഘട്ടത്തെയും നമുക്ക് അതിജീവിക്കാം.
കോംഗോയിലെ എബോള വ്യാപനം: ആശങ്കകളും സംഘർഷങ്ങളും

കോംഗോയിൽ എബോള വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വലിയ ആശങ്കയാണ് ലോകമെമ്പാടുമുള്ള ആരോഗ്യപ്രവർത്തകർക്കിടയിലുള്ളത്. ഇതിനിടെ, എബോള ബാധിതരെ ചികിത്സിക്കുന്ന ആരോഗ്യകേന്ദ്രത്തിന് നേരെ പ്രതിഷേധക്കാർ നടത്തിയ ആക്രമണം സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിരിക്കുകയാണ്. റ്വാംപാറ ആശുപത്രിയിൽ എബോള ബാധിച്ച് മരിച്ച യുവാവിന്റെ മൃതദേഹം ബലംപ്രയോഗിച്ച് കൊണ്ടുപോകാൻ ബന്ധുക്കൾ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. മൃതദേഹം കൈമാറാൻ അധികൃതർ വിസമ്മതിച്ചതോടെ രോഷാകുലരായ കുടുംബാംഗങ്ങൾ ആശുപത്രി ടെന്റുകളിലേക്ക് വസ്തുക്കൾ വലിച്ചെറിയുകയും ഇതിനെത്തുടർന്ന് രണ്ട് ആശുപത്രി ടെന്റുകൾ പൂർണ്ണമായി കത്തിനശിക്കുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ റോയിട്ടേഴ്‌സ് വാർത്താ ഏജൻസി പുറത്തുവിട്ടിരുന്നു. പോലീസ് സ്ഥലത്തെത്തി ക്രമസമാധാനം പുനഃസ്ഥാപിച്ചു.ആരോഗ്യ കേന്ദ്രങ്ങളെക്കുറിച്ച് പ്രചരിക്കുന്ന തെറ്റായ വിവരങ്ങളാണ് ഇത്തരം അക്രമ സംഭവങ്ങൾക്ക് കാരണമെന്ന് അധികൃതർ വിലയിരുത്തുന്നു. ഇറ്റൂരി പ്രവിശ്യയിലെ പലരും എബോള ഒരു നുണയാണെന്നും അത് വെള്ളക്കാരുടെ കണ്ടുപിടുത്തമാണെന്നും വിശ്വസിക്കുന്നവരാണ്. കോംഗോയിലെ എ2ആർസി രാഷ്ട്രീയ പാർട്ടി നേതാവായ ലൂക് മാംബെലെയാണ് ഇക്കാര്യം സിഎൻഎന്നിനോട് പങ്കുവെച്ചത്. രോഗത്തിന്റെ ഗൗരവത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ എത്തിക്കുന്നതിൽ നിലനിൽക്കുന്ന കുറവുകൾ രോഗവ്യാപനത്തെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയാണ്. മരണപ്പെട്ടവരുടെ സംസ്കാര ചടങ്ങുകൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചല്ല നടത്തുന്നതെങ്കിൽ അത് രോഗം കൂടുതൽ ആളുകളിലേക്ക് പകരാൻ ഇടയാക്കുമെന്ന് ലോകാരോഗ്യ സംഘടന നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. നിലവിൽ കുറഞ്ഞത് 160 മരണങ്ങളും 671 സംശയാസ്പദമായ കേസുകളുമാണ് കോംഗോയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഈ സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.എബോളയുടെ വളരെ അപൂർവ്വമായ ബൂൻഡിബുഗോ വകഭേദമാണ് ഇപ്പോൾ കോംഗോയിൽ പടരുന്നത്. എബോള വൈറസിന്റെ ആറ് വകഭേദങ്ങളിൽ ഒന്നായ ഇതിന് നിലവിൽ വാക്സിനോ പ്രത്യേക ചികിത്സയോ ലഭ്യമല്ല എന്നത് വലിയ വെല്ലുവിളിയാണ്. അതിനാൽ തന്നെ ഇതൊരു അസാധാരണ വകഭേദമായാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്. 1976-ൽ എബോള കണ്ടെത്തിയ ശേഷം കോംഗോയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന 17-ാമത്തെ വ്യാപനമാണിത്. 2014-2016 കാലഘട്ടത്തിൽ പടിഞ്ഞാറൻ ആഫ്രിക്കയിലുണ്ടായ വ്യാപനത്തിൽ 28,600-ലധികം പേർക്ക് രോഗബാധയുണ്ടായതാണ് ചരിത്രത്തിലെ ഏറ്റവും വലിയ എബോള ദുരന്തം.രോഗബാധിതരുടെയോ മരണപ്പെട്ടവരുടെയോ രക്തം, വിസർജ്ജ്യം, മറ്റ് സ്രവങ്ങൾ എന്നിവയിലൂടെയാണ് എബോള പ്രധാനമായും പകരുന്നത്. കുരങ്ങുകൾ, മാനുകൾ, മുള്ളൻപന്നി, പന്നി തുടങ്ങിയ മൃഗങ്ങളിൽ നിന്നും രോഗം മനുഷ്യരിലേക്ക് പകരാം. വൈറസ് ശരീരത്തിൽ പ്രവേശിച്ച് 2 മുതൽ 21 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. പനി, തലവേദന, പേശിവേദന, തൊണ്ടവേദന എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ.ചിലരിൽ ഛർദ്ദിയും തൊലിപ്പുറത്ത് തിണർപ്പും കണ്ടേക്കാം. ഗുരുതരമായ കേസുകളിൽ അഞ്ച് മുതൽ ഏഴ് ദിവസത്തിനുള്ളിൽ ആന്തരിക രക്തസ്രാവം ഉണ്ടാകുകയും കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനം തകരാറിലായി മരണം സംഭവിക്കുകയും ചെയ്യുന്നു. കൃത്യസമയത്ത് സപ്പോർട്ടീവ് ചികിത്സ ലഭ്യമാക്കുക എന്നതാണ് നിലവിലെ പ്രധാന പ്രതിരോധ മാർഗ്ഗം. ജന്തുജന്യ രോഗമായതിനാൽ ശരിയായി പാകം ചെയ്ത മാംസം മാത്രം ഉപയോഗിക്കുക, രോഗബാധിതരുമായുള്ള സമ്പർക്കം ഒഴിവാക്കുക, ഐസലേഷൻ വിഭാഗത്തിൽ ചികിത്സ ഉറപ്പാക്കുക എന്നിവയാണ് പ്രതിരോധത്തിനുള്ള ഫലപ്രദമായ വഴികൾ. വായു, വെള്ളം, ഭക്ഷ്യവസ്തുക്കൾ എന്നിവയിലൂടെ ഈ വൈറസ് പകരുന്നില്ല എന്നത് ഒരു ആശ്വാസകരമായ കാര്യമാണ്. അതുകൊണ്ട് തന്നെ ശരിയായ മുൻകരുതലുകൾ സ്വീകരിച്ചാൽ രോഗപ്പകർച്ച ഫലപ്രദമായി തടയാൻ സാധിക്കും.
എബോള ഭീതിയിൽ ആഫ്രിക്കൻ രാജ്യങ്ങൾ; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്ലോകാരോഗ്യ സംഘടന

ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും ഉഗാണ്ടയിലും എബോള വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന (WHO) അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾക്കായി അന്താരാഷ്ട്ര സഹായങ്ങൾ എത്രയും വേഗം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ അടിയന്തര നടപടി. വൈറസിന്റെ ഏറ്റവും അപകടകരവും അപൂർവവുമായ വകഭേദമാണ് ഇപ്പോൾ പടർന്നുപിടിക്കുന്നത്.രോഗബാധമൂലം ഇവിടെ 88 മരണങ്ങളും, 336-ഓളം സംശയാസ്പദമായ കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ഈ വകഭേദത്തിന് അംഗീകൃത വാക്‌സിനുകളോ കൃത്യമായ ചികിത്സാരീതികളോ ലഭ്യമല്ല. പനി, തലവേദന, പേശികളിലെ വേദന, വയറിളക്കം, ഛർദി ശരീരത്തിൽ നിന്നും രക്തം ഒഴുകിപ്പോകൽ എന്നിവയാണ് വൈറസിന്റെ രോഗലക്ഷണങ്ങൾ.നിലവിൽ ചികിത്സ ലഭ്യമല്ലാത്തതിനാൽ രോഗത്തെ പ്രതിരോധിക്കുകയാണ് ചെയ്യാവുന്ന ഏറ്റവും ഫലപ്രദമായ കാര്യം.രോഗബാധിത പ്രദേശങ്ങളിൽനിന്ന് വരുന്ന യാത്രക്കാരെ നിരീക്ഷിക്കുക, കഴിഞ്ഞ 21 ദിവസത്തിനുള്ളിൽ യുഗാണ്ട, ഡി.ആർ. കോംഗോ, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിൽ താമസിച്ചിരുന്ന യുഎസ് ഇതര പാസ്പോർട്ട് ഉടമകൾക്ക് പ്രവേശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയവ കർക്കശമാക്കിയിട്ടുണ്ട്.
പാർക്കിംഗ് ഏരിയയിൽ മൊബൈൽ വെളിച്ചത്തിൽ പ്രസവം.

ഹരിയാനയിലെ ഫരീദാബാദിൽ പ്രസവവേദനയുമായി ആശുപത്രിയിലെത്തിയ യുവതിക്ക് നേരിടേണ്ടി വന്ന ദുരനുഭവം നമ്മളെ എല്ലാവരെയും ഞെട്ടിപ്പിക്കുന്ന ഒന്നാണ്. നമ്മുടെ ആരോഗ്യസംരക്ഷണ സംവിധാനങ്ങളുടെ ദയനീയാവസ്ഥയെ തുറന്നുകാണിക്കുന്ന മറ്റൊരു മുന്നറിയിപ്പ് മാത്രമായി വീണ്ടും മാറുന്നു. മുപ്പത് ബെഡുകളുള്ള ഒരു പ്രധാന ആശുപത്രിയുടെ ഗേറ്റുകൾ അടഞ്ഞുകിടക്കുകയും, അടിയന്തര ഘട്ടത്തിൽ വൈദ്യസഹായം നൽകാൻ ആരുമില്ലാതെ വരികയും ചെയ്തത് അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പിക്കുന്നതാണ്. മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ, ഒരു ആശുപത്രി പാർക്കിംഗിൽ കിടന്ന് പ്രസവിക്കേണ്ടി വന്ന ബാലേഷ് എന്ന യുവതിയുടെ അവസ്ഥ പരിഷ്കൃത സമൂഹത്തിന് തന്നെ അപമാനകരമാണ്. ഒരു ജീവൻ ഭൂമിയിലേക്ക് എത്തുമ്പോൾ നൽകേണ്ട പരിഗണനയും സുരക്ഷിതത്വവും ഉറപ്പാക്കാൻ പോലും സാധിക്കാത്ത വിധം അനാസ്ഥ പടർന്നുപിടിച്ചിരിക്കുന്നു എന്നത് ഗൗരവകരമായ ചിന്തകൾക്ക് വഴിമരുന്നിടുന്നു. ഇവിടെ ഗൗരവമായി ചർച്ച ചെയ്യപ്പെടേണ്ടത് നമ്മുടെ പൊതുജനാരോഗ്യ കേന്ദ്രങ്ങളിലെ ഉത്തരവാദിത്തമില്ലായ്മയെ കുറിച്ചാണ്. അർദ്ധരാത്രിയിൽ സഹായത്തിനായി ഗേറ്റിൽ മുട്ടിവിളിച്ചിട്ടും തുറക്കാൻ ആരുമില്ലാതിരുന്നതും, ഡ്യൂട്ടിയിലുണ്ടാകേണ്ട ഡോക്ടർമാരും നഴ്സുമാരും അപ്രത്യക്ഷമായതും വലിയ വീഴ്ച തന്നെയാണ്. ഭാഗ്യം കൊണ്ടും ബന്ധുക്കളുടെ മനക്കരുത്ത് കൊണ്ടും മാത്രമാണ് ആ അമ്മയും കുഞ്ഞും ഇന്ന് സുരക്ഷിതരായിരിക്കുന്നത്. എന്നാൽ എല്ലാ സാഹചര്യങ്ങളിലും ഇതാകണമെന്നില്ല ഫലം. പ്രസവം പോലുള്ള അങ്ങേയറ്റം സങ്കീർണ്ണമായ ഒരു ശാരീരിക അവസ്ഥയിൽ ശാസ്ത്രീയമായ ചികിത്സാ സൗകര്യങ്ങൾ നിഷേധിക്കപ്പെടുന്നത് മനുഷ്യത്വരഹിതമാണ്. ആശുപത്രി ജീവനക്കാരെ സസ്പെൻഡ് ചെയ്തതുകൊണ്ട് മാത്രം ഇത്തരം സംഭവങ്ങൾ അവസാനിക്കില്ല, മറിച്ച് വ്യവസ്ഥാപിതമായ മാറ്റങ്ങളാണ് ഉണ്ടാകേണ്ടത്.ഈ സംഭവം സമൂഹത്തിന് നൽകുന്ന ഏറ്റവും വലിയ അവബോധം ആരോഗ്യ സംവിധാനങ്ങളിൽ സാധാരണക്കാർക്ക് ലഭിക്കേണ്ട അവകാശങ്ങളെ കുറിച്ചാണ്. അടിയന്തര വൈദ്യസഹായം എന്നത് ഒരു പൗരന്റെ മൗലികാവകാശമാണ്. ഇത്തരം സന്ദർഭങ്ങളിൽ നിശബ്ദത പാലിക്കുന്നതിന് പകരം ചോദ്യം ചെയ്യാനും ഉത്തരവാദിത്തപ്പെട്ട അധികാരികളെ അറിയിക്കാനും പൊതുജനങ്ങൾ തയ്യാറാകണം. ഓരോ ഗ്രാമത്തിലെയും ആരോഗ്യ കേന്ദ്രങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രാദേശിക ഭരണകൂടങ്ങൾക്കും വലിയ പങ്കുണ്ട്. രാത്രികാലങ്ങളിൽ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുക, അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള ഹെൽപ്പ് ലൈൻ നമ്പറുകൾ പൊതുവിടങ്ങളിൽ പ്രദർശിപ്പിക്കുക എന്നിവ പ്രധാനമാണ്. ഇത്തരം അനാസ്ഥകൾ ഇനിയൊരു കുടുംബത്തിനും ഉണ്ടാകാതിരിക്കാൻ ജാഗ്രതയോടെയുള്ള ഇടപെടലുകൾ അനിവാര്യമാണ്.
വെറുമൊരു പ്രഭാതഭക്ഷണമല്ല; ഇതൊരു വികാരമാണ്! ചെന്നൈയിലെ ഇഡ്ഡലിപ്പെരുമ

ചെന്നൈ നഗരത്തിന്റെ പ്രഭാതങ്ങൾക്ക് ഒരു പ്രത്യേക താളമുണ്ട്. റെയിൽവേ സ്റ്റേഷനുകളിലെ തിരക്കിനിടയിലും തെരുവോരങ്ങളിലെ ചെറിയ തട്ടുകടകളിലും ഉയരുന്ന ആവി പറക്കുന്ന ഇഡ്ഡലിയുടെ മണം ആ നഗരത്തിന്റെ ഉണർവാണ്. തമിഴ് ജനതയ്ക്ക് ഇഡ്ഡലി എന്നത് വെറുമൊരു ഭക്ഷണമല്ല, മറിച്ച് തലമുറകളായി കൈമാറി വരുന്ന ഒരു വികാരമാണ്. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഈ വിഭവം ചെന്നൈയുടെ സാംസ്കാരിക അടയാളമായി ഇന്ന് മാറിയിരിക്കുന്നു. ലളിതമെന്ന് തോന്നുമെങ്കിലും ഇഡ്ഡലിയുടെ പിന്നിൽ കൃത്യമായ പാചകതന്ത്രമുണ്ട്. അരിയും ഉഴുന്നും പാകത്തിന് കുതിർത്ത് അരച്ച്, കൃത്യമായ സമയം പുളിപ്പിക്കാൻ വച്ചതിനുശേഷം ആവിയിൽ വേവിച്ചെടുക്കുമ്പോഴാണ് ആ പഞ്ഞിപോലുള്ള മൃദുത്വം ലഭിക്കുന്നത്. ചെന്നൈയിലെ വീട്ടുമുറ്റങ്ങളിൽ വിരുന്നുകാരെ സ്വീകരിക്കുന്നതിൽ ഇഡ്ഡലിക്കും ഫിൽട്ടർ കോഫിക്കുമുള്ള സ്ഥാനം ഇന്നും മാറ്റമില്ലാതെ തുടരുന്നു. സാമ്പാറും ചമ്മന്തിയും മാത്രമല്ല, പരിപ്പ് പൊടിയും നല്ലെണ്ണയും ചേർത്തുള്ള ഇഡ്ഡലി കോമ്പിനേഷനുകൾ ചെന്നൈയിലെ ഓരോ ഭക്ഷണശാലയിലും വ്യത്യസ്തമായ രുചി അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. രുചിയേക്കാളേറെ ഇഡ്ഡലിയെ പ്രിയപ്പെട്ടതാക്കുന്നത് അതിന്റെ ആരോഗ്യഗുണങ്ങളാണ്. എണ്ണ ഒട്ടും ചേർക്കാതെ ആവിയിൽ വേവിക്കുന്നതിനാൽ ദഹനപ്രക്രിയയ്ക്ക് ഇത് ഏറെ ഉത്തമമാണ്. പ്രോട്ടീനും കാർബോഹൈഡ്രേറ്റും കൃത്യമായ അളവിൽ അടങ്ങിയ ഈ വിഭവം ലോകത്തിലെ തന്നെ ഏറ്റവും മികച്ച പ്രഭാതഭക്ഷണമായി ആരോഗ്യവിദഗ്ധർ വിലയിരുത്തുന്നു. ഒരു നഗരത്തിന്റെ പാരമ്പര്യവും ആരോഗ്യവും ഒരേപോലെ കാത്തുസൂക്ഷിക്കുന്ന ഇഡ്ഡലി സംസ്കാരം ചെന്നൈയെ ലോക ഭൂപടത്തിൽ തന്നെ സവിശേഷമായ ഒരിടമാക്കി മാറ്റുന്നു.
മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക്..ഭീതി പരത്തി ഹാന്റ വൈറസ്!

ലോകത്തെ വീണ്ടും ഭീതിയിലാഴ്ത്തിക്കൊണ്ട് ഹാന്റ വൈറസ് വാർത്തകളിൽ നിറയുകയാണ്. എം വി ഹോണ്ടിയസ് എന്ന ക്രൂസ് കപ്പലിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മരണങ്ങളാണ് ഈ വൈറസിനെ കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും ആക്കം കൂട്ടിയത്. കപ്പലിലുണ്ടായ ഹാന്റ വൈറസ് ബാധയെത്തുടർന്ന് ഇതുവരെ മൂന്ന് യാത്രക്കാർ മരിക്കുകയും നിരവധി പേർക്ക് രോഗം ബാധിക്കുകയും ചെയ്‌തിട്ടുണ്ട്.സാധാരണ വൈറസ് ബാധകളിൽ നിന്ന് വ്യത്യസ്തമായി, എലികളിലൂടെയും മറ്റുമാണ് (Rodents) ഇത് മനുഷ്യരിലേക്ക് എത്തുന്നത്. ആദ്യകാലങ്ങളിൽ എലികളിൽ നിന്ന് എലികളിലേക്ക് വ്യാപിച്ചിരുന്ന ഈ രോഗം ഇന്ന് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുകയാണ്.പ്രധാനമായും എലികളുടെ വിസർജ്യങ്ങളിലൂടെയും ഉമിനീരിലൂടെയും മനുഷ്യരിലേക്ക് പടരുന്ന ഈ വൈറസ് ശ്വാസകോശത്തെയും വൃക്കകളെയുമാണ് ബാധിക്കുന്നത്. അമിതമായ പനിയും വിറയലും,പേശിവേദന (പ്രത്യേകിച്ച് തുടകൾ, ഇടുപ്പ്, പുറംഭാഗം എന്നിവിടങ്ങളിൽ).തലവേദന, ക്ഷീണം, വയറുവേദന എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. നിലവിൽ ഹാന്റ വൈറസിന് ലക്ഷണങ്ങൾ ഇല്ല.തീവ്രപരിചരണവും 24 മണിക്കൂർ നിരീക്ഷണവും മാത്രമാണ് ചികിത്സ.എലികൾ വരാൻ സാധ്യതയുള്ള ഇടങ്ങൾ വൃത്തിയാക്കുമ്പോൾ മാസ്കും കൈയ്യുറയും ധരിക്കുകയും അടച്ചിട്ട മുറികൾ തുറക്കുമ്പോൾ നല്ലതുപോലെ വായുസഞ്ചാരം ഉറപ്പാക്കിയ ശേഷം മാത്രം പ്രവേശിക്കുകയുമാണ് ഹാന്റ വൈറസിൽ നിന്നുള്ള ഏക പ്രതിരോധ മാർഗം. നിലവിൽ 149 യാത്രക്കാരുമായി വെസ്റ്റ് ആഫ്രിക്കൻ തീരത്തുള്ള കപ്പലിൽ ഇന്ത്യൻ ജീവനക്കാരുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.അർജന്റീനയിൽ നിന്ന് യാത്ര തിരിച്ച കപ്പലിൽ പനിയും ശ്വാസതടസ്സവും മൂലമാണ് ആദ്യമരണം സംഭവിച്ചത്. സംഭവത്തിൽ ലോകാരോഗ്യ സംഘടന വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്.ആദ്യ മരണം റിപ്പോർട്ട് ചെയ്‌ത ശേഷവും 12 ദിവസത്തോളം കപ്പലിൽ ഐസൊലേഷൻ നടപടികൾ സ്വീകരിച്ചില്ലെന്ന് ആരോപിച്ച യാത്രക്കാർ വിനോദപരിപാടികളും ഭക്ഷണവിതരണവും സാധാരണ രീതിയിൽ നടന്നതായി ആരോപിക്കുന്നു. പിന്നീട് ആദ്യ മരണം സംഭവിച്ചപ്പോൾ “സ്വാഭാവിക മരണം” എന്നായിരുന്നു അധികൃതർ യാത്രക്കാരോട് പറഞ്ഞിരുന്നത്.കേപ് വെർഡെ തീരത്ത് കപ്പൽ നിരീക്ഷണത്തിൽ തുടരവെ വിവിധ തുറമുഖങ്ങളിൽ കപ്പൽ ഇറങ്ങിയ യാത്രക്കാരെ കണ്ടെത്താൻ അധികൃതർ ശ്രമം തുടങ്ങിയിട്ടുണ്ട്.