കോംഗോയിലെ എബോള വ്യാപനം: ആശങ്കകളും സംഘർഷങ്ങളും

കോംഗോയിൽ എബോള വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വലിയ ആശങ്കയാണ് ലോകമെമ്പാടുമുള്ള ആരോഗ്യപ്രവർത്തകർക്കിടയിലുള്ളത്. ഇതിനിടെ, എബോള ബാധിതരെ ചികിത്സിക്കുന്ന ആരോഗ്യകേന്ദ്രത്തിന് നേരെ പ്രതിഷേധക്കാർ നടത്തിയ ആക്രമണം സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിരിക്കുകയാണ്. റ്വാംപാറ ആശുപത്രിയിൽ എബോള ബാധിച്ച് മരിച്ച യുവാവിന്റെ മൃതദേഹം ബലംപ്രയോഗിച്ച് കൊണ്ടുപോകാൻ ബന്ധുക്കൾ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്.

മൃതദേഹം കൈമാറാൻ അധികൃതർ വിസമ്മതിച്ചതോടെ രോഷാകുലരായ കുടുംബാംഗങ്ങൾ ആശുപത്രി ടെന്റുകളിലേക്ക് വസ്തുക്കൾ വലിച്ചെറിയുകയും ഇതിനെത്തുടർന്ന് രണ്ട് ആശുപത്രി ടെന്റുകൾ പൂർണ്ണമായി കത്തിനശിക്കുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ റോയിട്ടേഴ്‌സ് വാർത്താ ഏജൻസി പുറത്തുവിട്ടിരുന്നു. പോലീസ് സ്ഥലത്തെത്തി ക്രമസമാധാനം പുനഃസ്ഥാപിച്ചു.ആരോഗ്യ കേന്ദ്രങ്ങളെക്കുറിച്ച് പ്രചരിക്കുന്ന തെറ്റായ വിവരങ്ങളാണ് ഇത്തരം അക്രമ സംഭവങ്ങൾക്ക് കാരണമെന്ന് അധികൃതർ വിലയിരുത്തുന്നു. ഇറ്റൂരി പ്രവിശ്യയിലെ പലരും എബോള ഒരു നുണയാണെന്നും അത് വെള്ളക്കാരുടെ കണ്ടുപിടുത്തമാണെന്നും വിശ്വസിക്കുന്നവരാണ്.

കോംഗോയിലെ എ2ആർസി രാഷ്ട്രീയ പാർട്ടി നേതാവായ ലൂക് മാംബെലെയാണ് ഇക്കാര്യം സിഎൻഎന്നിനോട് പങ്കുവെച്ചത്. രോഗത്തിന്റെ ഗൗരവത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ എത്തിക്കുന്നതിൽ നിലനിൽക്കുന്ന കുറവുകൾ രോഗവ്യാപനത്തെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയാണ്.

മരണപ്പെട്ടവരുടെ സംസ്കാര ചടങ്ങുകൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചല്ല നടത്തുന്നതെങ്കിൽ അത് രോഗം കൂടുതൽ ആളുകളിലേക്ക് പകരാൻ ഇടയാക്കുമെന്ന് ലോകാരോഗ്യ സംഘടന നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. നിലവിൽ കുറഞ്ഞത് 160 മരണങ്ങളും 671 സംശയാസ്പദമായ കേസുകളുമാണ് കോംഗോയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഈ സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
എബോളയുടെ വളരെ അപൂർവ്വമായ ബൂൻഡിബുഗോ വകഭേദമാണ് ഇപ്പോൾ കോംഗോയിൽ പടരുന്നത്. എബോള വൈറസിന്റെ ആറ് വകഭേദങ്ങളിൽ ഒന്നായ ഇതിന് നിലവിൽ വാക്സിനോ പ്രത്യേക ചികിത്സയോ ലഭ്യമല്ല എന്നത് വലിയ വെല്ലുവിളിയാണ്.

അതിനാൽ തന്നെ ഇതൊരു അസാധാരണ വകഭേദമായാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്. 1976-ൽ എബോള കണ്ടെത്തിയ ശേഷം കോംഗോയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന 17-ാമത്തെ വ്യാപനമാണിത്. 2014-2016 കാലഘട്ടത്തിൽ പടിഞ്ഞാറൻ ആഫ്രിക്കയിലുണ്ടായ വ്യാപനത്തിൽ 28,600-ലധികം പേർക്ക് രോഗബാധയുണ്ടായതാണ് ചരിത്രത്തിലെ ഏറ്റവും വലിയ എബോള ദുരന്തം.
രോഗബാധിതരുടെയോ മരണപ്പെട്ടവരുടെയോ രക്തം, വിസർജ്ജ്യം, മറ്റ് സ്രവങ്ങൾ എന്നിവയിലൂടെയാണ് എബോള പ്രധാനമായും പകരുന്നത്. കുരങ്ങുകൾ, മാനുകൾ, മുള്ളൻപന്നി, പന്നി തുടങ്ങിയ മൃഗങ്ങളിൽ നിന്നും രോഗം മനുഷ്യരിലേക്ക് പകരാം. വൈറസ് ശരീരത്തിൽ പ്രവേശിച്ച് 2 മുതൽ 21 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. പനി, തലവേദന, പേശിവേദന, തൊണ്ടവേദന എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ.
ചിലരിൽ ഛർദ്ദിയും തൊലിപ്പുറത്ത് തിണർപ്പും കണ്ടേക്കാം. ഗുരുതരമായ കേസുകളിൽ അഞ്ച് മുതൽ ഏഴ് ദിവസത്തിനുള്ളിൽ ആന്തരിക രക്തസ്രാവം ഉണ്ടാകുകയും കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനം തകരാറിലായി മരണം സംഭവിക്കുകയും ചെയ്യുന്നു.

കൃത്യസമയത്ത് സപ്പോർട്ടീവ് ചികിത്സ ലഭ്യമാക്കുക എന്നതാണ് നിലവിലെ പ്രധാന പ്രതിരോധ മാർഗ്ഗം. ജന്തുജന്യ രോഗമായതിനാൽ ശരിയായി പാകം ചെയ്ത മാംസം മാത്രം ഉപയോഗിക്കുക, രോഗബാധിതരുമായുള്ള സമ്പർക്കം ഒഴിവാക്കുക, ഐസലേഷൻ വിഭാഗത്തിൽ ചികിത്സ ഉറപ്പാക്കുക എന്നിവയാണ് പ്രതിരോധത്തിനുള്ള ഫലപ്രദമായ വഴികൾ. വായു, വെള്ളം, ഭക്ഷ്യവസ്തുക്കൾ എന്നിവയിലൂടെ ഈ വൈറസ് പകരുന്നില്ല എന്നത് ഒരു ആശ്വാസകരമായ കാര്യമാണ്. അതുകൊണ്ട് തന്നെ ശരിയായ മുൻകരുതലുകൾ സ്വീകരിച്ചാൽ രോഗപ്പകർച്ച ഫലപ്രദമായി തടയാൻ സാധിക്കും.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories

Latest Post

മെസ്സി നേടുന്ന ഓരോ വിജയത്തിനു പിന്നിലും ഫിഫയുടെ വഴിവിട്ടസഹായവുമാണെന്ന വാദം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. എന്നാൽ ആരോപണങ്ങൾ ഉന്നയിക്കുന്നവരും സോഷ്യൽ മീഡിയയിൽ ലൈക്കടിച്ച് കടന്നുപോകുന്നവരും മറന്നുപോകുന്ന ചില പച്ചയായ വസ്തുതകളുണ്ട്.