ലാലേട്ടന്റെ ജന്മദിനത്തില്‍ ആരാധകരെയും ബിഗ് ബോസ് പ്രേമികളെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് ആ പ്രഖ്യാപനമിതാ…എട്ടാം സീസണ്‍ ഉടന്‍ ?

മലയാളം ടെലിവിഷന്‍ ചരിത്രത്തെത്തന്നെ മാറ്റിമറിച്ച റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഏഴാം സീസണിന്റെ ഗംഭീര വിജയത്തിന് പിന്നാലെ എട്ടാം സീസണ്‍ വരുന്നു എന്ന വാര്‍ത്ത ഗ്രാന്‍ഡ് ഫിനാലെ വേദിയില്‍ വെച്ച് തന്നെ മോഹന്‍ലാല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ, തന്റെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കായി ഡബിള്‍ ധമാക്കയുമായാണ് അവതാരകനായ മോഹന്‍ലാല്‍ എത്തിയിരിക്കുന്നത്. മിനിസ്‌ക്രീന്‍ താരങ്ങളും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സേഴ്‌സും മാത്രമല്ല, കഴിഞ്ഞ കുറച്ചു സീസണുകളായി ‘കോമണര്‍’ കാറ്റഗറിയിലൂടെ സാധാരണക്കാരും ബിഗ് ബോസ് വീട്ടിലെത്താറുണ്ട്. കഴിഞ്ഞ സീസണിലെ അനീഷ് ടി.എ ഈ കാറ്റഗറിയിലൂടെ വന്ന് റണ്ണറപ്പായ ആളാണ്. എന്നാല്‍ ഇത്തവണ കളി മാറും. സീസണ്‍ 8-ല്‍ ഒന്നോ രണ്ടോ പേരല്ല, മറിച്ച് നിരവധി സാധാരണക്കാരാണ് മത്സരിക്കാന്‍ ഒരുങ്ങുന്നത്. ഏഷ്യാനെറ്റ് പുറത്തുവിട്ട പുതിയ വീഡിയോയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഈ ബിഗ് ബ്രേക്കിംഗ് വാര്‍ത്ത പങ്കുവെച്ചത്. സാധാരണക്കാരില്‍ നിന്ന് ഏറ്റവും മികച്ചവരെ കണ്ടെത്താനാണ് ഏഷ്യാനെറ്റ് ഈ എട്ടാം സീസണ്‍ ഒരുക്കുന്നത്. ആദ്യം ‘ബിഗ് ബോസ് അഗ്നിപരീക്ഷ’ വിജയിക്കണം. ഇതില്‍ വിജയിച്ചു വരുന്നവര്‍ക്ക്, ഷോയിലെ പ്രകടന മികവിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ബിഗ് ബോസ് മലയാളം സീസണ്‍ 8 ലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുന്നതാണ്. ബിഗ് ബോസ് എന്ന സ്വപ്ന കോട്ടയിലേക്ക് നടന്നു കയറാന്‍ ആഗ്രഹിക്കുന്ന ഏതൊരു സാധാരണക്കാരനും ലഭിക്കാവുന്ന ഏറ്റവും വലിയ സുവര്‍ണ്ണാവസരമാണിത്. നേരിട്ട് ബിഗ് ബോസ് ഹൗസിലേക്ക് കയറുന്നതിന് മുന്‍പ് ‘അഗ്‌നിപരീക്ഷ’ നേരിട്ട് വരണമെന്നത് വരാനിരിക്കുന്ന സീസണിന്റെ ആവേശം ഇരട്ടിയാക്കും എന്നതില്‍ സംശയമില്ല. ഷോയുടെ കൂടുതല്‍ വിവരങ്ങളും ഓഡിഷന്‍ തീയതികളും ഉടന്‍ തന്നെ പുറത്തുവിടുമെന്നാണ് സൂചന.
മഴക്കാലമായാല്‍ മൂഡ് ഓഫാകാറുണ്ടോ? കാരണമിതാണ്; നിങ്ങള്‍ തനിച്ചല്ല!

മഴ, കട്ടന്‍ ചായ, പിന്നെ ജോണ്‍സണ്‍ മാഷിന്റെ പാട്ട്.. ആഹാ അന്തസ്സ്. മഴക്കാലമാവുമ്പോള്‍ പാട്ടും സിനിമയുമൊക്കെയായി ആഘോഷിക്കുകയാണ് ഒരു കൂട്ടം ആളുകള്‍. മഴ പെയ്യുന്നത് അവര്‍ക്ക് ഗൃഹാതുരത്വവും സന്തോഷവും നല്‍കുമ്പോള്‍, മറ്റ് ചിലര്‍ക്ക് ഇത് കടുത്ത വിഷാദത്തിന്റെയും തളര്‍ച്ചയുടെയും സമയമാണ്. മഴക്കാലമായാല്‍ ഒന്നിനും താല്‍പര്യമില്ലാതെ, കാരണം കൂടാതെ സങ്കടം വന്ന് മൂഡ് ഓഫാകുന്ന അവസ്ഥ നിങ്ങള്‍ക്കുണ്ടാകാറുണ്ടോ? എങ്കില്‍ ഓര്‍ക്കുക, നിങ്ങള്‍ ഒറ്റയ്ക്കല്ല. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ നേരിടുന്ന, ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള ഒരു മെഡിക്കല്‍ അവസ്ഥയാണിത്.സീസണല്‍ അഫക്റ്റീവ് ഡിസോര്‍ഡര്‍ എന്നാണ് ഈ വിഷാദരോഗം അറിയപ്പെടുന്നത്.മേഘാവൃതമായ അന്തരീക്ഷവും മാനസികാവസ്ഥയും തമ്മില്‍ വലിയ ബന്ധമുണ്ടെന്നാണ് ശാസ്ത്രം പറയുന്നത്. ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന കാര്‍മേഘങ്ങളും അന്ധകാരവും നമ്മുടെ ശരീരത്തില്‍ ചില രാസമാറ്റങ്ങള്‍ ഉണ്ടാക്കുന്നു.അന്തരീക്ഷത്തില്‍ വെളിച്ചം കുറയുമ്പോള്‍ ഉറക്കത്തെ സഹായിക്കുന്ന ‘മെലാറ്റോണിന്‍’ എന്ന ഹോര്‍മോണ്‍ ശരീരത്തില്‍ അമിതമായി ഉത്പാദിപ്പിക്കപ്പെടുന്നു. മഴക്കാലത്ത് എത്ര ഉറങ്ങിയാലും മാറാത്ത വല്ലാത്തൊരു തളര്‍ച്ചയും എപ്പോഴും കിടക്കാന്‍ തോന്നുന്നതും ഇതിനാലാണ്. സൂര്യപ്രകാശം ഏല്‍ക്കാതാകുന്നതോടെ ശരീരത്തില്‍ വിറ്റാമിന്‍ ഡി-യുടെ അളവ് കുറയുന്നു. ഇത് വിട്ടുമാറാത്ത ശരീരവേദനയ്ക്കും കടുത്ത ക്ഷീണത്തിനും വിഷാദാവസ്ഥയ്ക്കും വഴിതെളിക്കും. മഴക്കാലത്തെ അലസത കാരണം നമ്മള്‍ ശാരീരിക അധ്വാനങ്ങള്‍ കുറയ്ക്കുന്നതും, എണ്ണപ്പലഹാരങ്ങളും മധുരവുമൊക്കെ അമിതമായി കഴിക്കാന്‍ തോന്നുന്നതുമെല്ലാം ഈ ഹോര്‍മോണ്‍ വ്യതിയാനങ്ങളുടെ ഭാഗമായാണ് സംഭവിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളിലെ മഞ്ഞുകാലത്താണ് ഈ അവസ്ഥ കൂടുതലായി കണ്ടുവരുന്നതെങ്കിലും, ഇന്ത്യയെപ്പോലുള്ള ഉഷ്ണമേഖലാ രാജ്യങ്ങളില്‍ കനത്ത കാലവര്‍ഷവും സമാനമായ മാനസിക ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകാറുണ്ട്. ലളിതമായ ചില ജീവിതശൈലി മാറ്റങ്ങളിലൂടെ ഈ മഴക്കാല വിഷാദത്തെ നമുക്ക് മറികടക്കാന്‍ സാധിക്കും.പകല്‍ സമയങ്ങളില്‍ വീടിനകത്തേക്ക് പരമാവധി വെളിച്ചം കയറാന്‍ അനുവദിക്കുക. മഴ മാറി അല്പം വെളിച്ചം വരുമ്പോള്‍ പുറത്തിറങ്ങി നടക്കാന്‍ ശ്രമിക്കുക. വീടിനുള്ളില്‍ ചെയ്യാന്‍ പറ്റുന്ന ലളിതമായ വ്യായാമങ്ങളിലോ യോഗയിലോ ഏര്‍പ്പെടുന്നത് ശരീരത്തില്‍ ‘ഹാപ്പി ഹോര്‍മോണുകള്‍’ ഉത്പാദിപ്പിക്കാന്‍ സഹായിക്കും.മധുരവും കൊഴുപ്പും നിറഞ്ഞ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് ഒഴിവാക്കി, പോഷകഗുണമുള്ള ആഹാരങ്ങള്‍ ശീലമാക്കുക. ‘എനിക്ക് മാത്രം എന്താണിങ്ങനെ’ എന്ന് കരുതി ഈ അവസ്ഥയെ ആരും നിസ്സാരമായി തള്ളിക്കളയേണ്ടതില്ല. കൃത്യമായ തിരിച്ചറിവിലൂടെയും ചെറിയ മാറ്റങ്ങളിലൂടെയും ഈ മെഡിക്കല്‍ അവസ്ഥയെ മാറ്റിയെടുക്കാം.
ഒടിടിയില്‍ റിലീസുകളുടെ പൂരം;മധുവിധു മുതല്‍ ഭീഷ്മര്‍ വരെ…

‘കറുപ്പ്’, ‘ദൃശ്യം 3’ തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങള്‍ തിയറ്ററുകള്‍ കീഴടക്കുമ്പോള്‍, ഡിജിറ്റല്‍ സ്‌ക്രീനുകളില്‍ പൊട്ടിച്ചിരിയും ത്രില്ലും നിറയ്ക്കാന്‍ ഒരുപിടി പുതിയ ചിത്രങ്ങളാണ് ഈ വാരം എത്തിയിരിക്കുന്നത്.വിക്കെന്‍ഡ് ആഘോഷമാക്കാന്‍ മെയ് 22 മുതല്‍ ഒടിടിയില്‍ കാണാന്‍ കഴിയുന്ന 5 പ്രധാന റിലീസുകള്‍ ഇതാ: ഷറഫുദീന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘മധുവിധു’. വിഷ്ണു അരവിന്ദ് സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെ പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകള്‍ കല്യാണി പണിക്കര്‍ നായികയായി അരങ്ങേറ്റം കുറിക്കുന്നു. ഒരു ഫാമിലി എന്റര്‍ടൈനര്‍ പ്രതീക്ഷിക്കുന്ന ചിത്രം സോണി ലിവ് (SonyLIV) വഴിയാണ് സ്ട്രീം ചെയ്യുന്നത്. അദിതി ബാലന്‍, ദുഷാര വിജയന്‍, ഒരുകാലത്തെ ചോക്ലേറ്റ് ഹീറോ അബ്ബാസ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന തമിഴ് ക്രൈം ത്രില്ലര്‍ സീരീസാണ് ‘എക്‌സാം’. ദുഷാരയും അദിതിയും പൊലീസ് ഓഫീസര്‍മാരായി എത്തുന്ന ഈ ഇന്‍വെസ്റ്റിഗേഷന്‍ സീരീസ് ഇതിനകം സ്ട്രീമിങ് ആരംഭിച്ചുകഴിഞ്ഞു. ധ്യാന്‍ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ഔട്ട് ആന്‍ഡ് ഔട്ട് റൊമാന്റിക് കോമഡി ത്രില്ലറാണ് ‘ഭീഷ്മര്‍’. ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ദിവ്യ പിള്ള, ഇന്ദ്രന്‍സ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. തിയറ്ററുകളില്‍ ചിരിയുണര്‍ത്തിയ ചിത്രം ഒരേസമയം രണ്ട് പ്ലാറ്റ്ഫോമുകളിലാണ് എത്തുന്നത്.ആമസോണ്‍ പ്രൈം വിഡിയോ, സണ്‍ നെക്സ്റ്റ് എന്നിവയില്‍ റിലീസ് ചെയ്യും. ജ്യോതികയും സൊനാക്ഷി സിന്‍ഹയും സ്‌ക്രീനില്‍ ഒന്നിക്കുന്ന ബോളിവുഡ് ചിത്രം ‘സിസ്റ്റം’ നേരിട്ടുള്ള ഒടിടി റിലീസായാണ് എത്തുന്നത്. അശ്വിന്‍ അയ്യര്‍ തിവാരിയാണ് ഈ ചിത്രത്തിന്റെ സംവിധാനം. ആമസോണ്‍ പ്രൈമിലാണ് സിനിമ റിലീസ് ചെയ്യുന്നത്. തമിഴ് ക്രൈം ത്രില്ലര്‍ പ്രേമികള്‍ക്കായി വിഗ്‌നേഷ് നടരാജന്‍ സംവിധാനം ചെയ്ത വെബ് സീരീസാണ് ‘വാറന്റ്’. പ്രശാന്ത് പാണ്ഡ്യരാജ്, പ്രശസ്ത സംവിധായകന്‍ ബാലാജി ശക്തിവേല്‍, അരുള്‍ ദോസ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍. സീ5 ല്‍ റിലീസ് ചെയ്യും.
നീറ്റ് പരീക്ഷയിൽ വൻ മാറ്റങ്ങളൊരുക്കി കേന്ദ്ര സർക്കാർ

നീറ്റ് യുജി പരീക്ഷയിൽ വൻ മാറ്റങ്ങൾ കൊണ്ടുവരാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. പരീക്ഷ എഴുതുന്നതിന് ഉയർന്ന പ്രായപരിധി ഏർപ്പെടുത്താനും, എത്ര തവണ പരീക്ഷ എഴുതാം എന്നതിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനും ആലോചനയുണ്ട്. മെഡിക്കൽ, എൻജിനീയറിങ് പ്രവേശനത്തിനായി ഏകീകൃത പരീക്ഷ നടപ്പിലാക്കുന്നതിനെക്കുറിച്ചും വിദ്യാഭ്യാസ മന്ത്രാലയം ചർച്ചകൾ സജീവമാക്കിയിട്ടുണ്ട്. അടുത്ത വർഷം മുതൽ നീറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാക്കി മാറ്റുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഈ മാറ്റങ്ങൾക്കൊപ്പം പുതിയ പരിഷ്കാരങ്ങളും നടപ്പിലാക്കാനാണ് നീക്കം. സർക്കാർ നിയോഗിച്ച വിദഗ്ധ സമിതികൾ ഇത്തരം നിർദേശങ്ങൾ നേരത്തേ തന്നെ മുന്നോട്ടുവെച്ചിരുന്നു. നിലവിൽ 17 വയസ്സ് പൂർത്തിയായിരിക്കണം എന്നത് മാത്രമാണ് പരീക്ഷ എഴുതുന്നതിനുള്ള യോഗ്യത, ഉയർന്ന പ്രായപരിധിയോ പരീക്ഷ എഴുതുന്നവരുടെ എണ്ണത്തിൽ നിയന്ത്രണമോ ഇപ്പോഴില്ല. നീറ്റിന് ഉയർന്ന പ്രായപരിധി നിശ്ചയിക്കണമെന്ന ആവശ്യം ശക്തമാവുകയാണെന്ന് ഇന്നലെ നടന്ന പാർലമെന്ററി സമിതി യോഗത്തിൽ എൻടിഎ അറിയിച്ചു. അതേസമയം, നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നാലുപേർ കൂടി കസ്റ്റഡിയിലായിട്ടുണ്ട്. മഹാരാഷ്ട്രയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ചോർത്തിയ ചോദ്യപേപ്പർ പണം നൽകി വാങ്ങിയ രക്ഷിതാക്കളാണ് ഇവരെന്നാണ് റിപ്പോർട്ട്.
പലിശ കുറയുമ്പോഴും ബോണ്ടുകളുടെ വരുമാനം ഉയരുന്നത് എന്തുകൊണ്ട്.

രാജ്യത്ത് ബാങ്ക് പലിശ നിരക്കുകൾ കുറയുമ്പോൾ സാധാരണയായി സർക്കാർ കടപ്പത്രങ്ങളായ ബോണ്ടുകളുടെ വരുമാനവും കുറയുമെന്നാണ് സാമ്പത്തിക രംഗത്തിന്റെ പതിവ് ധാരണ. എന്നാൽ ഇപ്പോൾ ഇന്ത്യയിൽ സംഭവിക്കുന്നത് അതിന്റെ നേർവിപരീതമാണ്. ആർ.ബി.ഐ പലിശ കുറയ്ക്കുകയും വിപണിയിലേക്ക് കൂടുതൽ പണം എത്തിക്കാനും ശ്രമിക്കുമ്പോഴും സർക്കാർ ബോണ്ടുകളിൽ നിന്നുള്ള വരുമാനം ഉയരുകയാണ്. ഇത് സാമ്പത്തിക രംഗത്ത് വലിയ ചർച്ചകൾക്കും ആശങ്കകൾക്കും വഴിവെച്ചിരിക്കുകയാണ്. 2025 മേയ് മാസത്തിന് ശേഷം സർക്കാർ കടപ്പത്രങ്ങളുടെ യീൽഡിൽ ശ്രദ്ധേയമായ വർധനവാണ് ഉണ്ടായിരിക്കുന്നത്. സാധാരണയായി വിപണിയിൽ പണലഭ്യത കൂടുമ്പോൾ ബോണ്ടുകളുടെ പലിശ കുറയേണ്ടതാണ്. പക്ഷേ കേന്ദ്രവും സംസ്ഥാനങ്ങളും വൻതോതിൽ കടമെടുക്കാൻ തുടങ്ങിയത് സ്ഥിതി മാറ്റിമറിച്ചു. കേന്ദ്ര സർക്കാർ ചില മേഖലകളിൽ ചെലവ് നിയന്ത്രിക്കാൻ ശ്രമിച്ചാലും സംസ്ഥാനങ്ങൾ വികസനപദ്ധതികൾക്കും ക്ഷേമപദ്ധതികൾക്കുമായി വലിയ തോതിൽ വായ്പ എടുക്കുന്നുണ്ട്. ഇതോടെ വിപണിയിലെ പണത്തിനായി സർക്കാരുകൾ തമ്മിൽ തന്നെ മത്സരം ശക്തമായി. കൂടുതൽ നിക്ഷേപകരെ ആകർഷിക്കാൻ ഉയർന്ന പലിശ വാഗ്ദാനം ചെയ്യേണ്ട സാഹചര്യം ഉണ്ടാകുകയും അതുവഴി ബോണ്ടുകളുടെ വരുമാനം ഉയരുകയും ചെയ്തു. ഇതിന് പുറമെ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളും ആഗോള ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളും ഇന്ത്യയുടെ സാമ്പത്തിക നിലയെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. ക്രൂഡ് ഓയിൽ വില ഉയരുന്നത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് വർധിപ്പിക്കുന്നു. അതിന്റെ പ്രതിഫലനമായി രൂപയുടെ മൂല്യം താഴേക്ക് പോകുകയും പണപ്പെരുപ്പ സാധ്യതകൾ ഉയരുകയും ചെയ്യുന്നു. രൂപ ദുർബലമാകുമ്പോൾ വിദേശ നിക്ഷേപകരും കൂടുതൽ സുരക്ഷിതമായ വരുമാനം ആവശ്യപ്പെടും. ഇതും സർക്കാർ ബോണ്ടുകളുടെ യീൽഡ് ഉയരാൻ കാരണമാകുന്ന ഘടകമാണ്. ഈ സാഹചര്യം സാധാരണക്കാരനെയും നേരിട്ട് ബാധിക്കുന്നുണ്ട്. ബോണ്ടുകളുടെ വരുമാനം ഉയരുമ്പോൾ ബാങ്കുകൾക്കും വായ്പാ പലിശ പെട്ടെന്ന് കുറയ്ക്കാൻ കഴിയില്ല. ഇതോടെ വീട്, വാഹനം, വിദ്യാഭ്യാസം തുടങ്ങിയ വായ്പകളുടെ പലിശനിരക്കിൽ പ്രതീക്ഷിച്ച ഇളവ് ലഭിക്കാതെ പോകാം. അതേസമയം പണപ്പെരുപ്പം കൂടിയാൽ ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ നിത്യോപയോഗ സാധനങ്ങളുടെ വില ഉയരുകയും കുടുംബച്ചെലവ് വർധിക്കുകയും ചെയ്യും. സാമ്പത്തിക മേഖലയിലെ ഈ സമ്മർദ്ദം കുറയ്ക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കടമെടുക്കുന്ന രീതിയിൽ നിയന്ത്രണവും ഏകോപനവും ആവശ്യമാണ്. ആർ.ബി.ഐ പണലഭ്യത ഉറപ്പാക്കുന്നതിനൊപ്പം വിദേശ നിക്ഷേപങ്ങളെ ആകർഷിക്കുന്ന നടപടികളും ശക്തമാക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ സർക്കാർ കടപ്പത്രങ്ങളുടെ ഉയർന്ന വരുമാനനിരക്ക് ഭാവിയിൽ വലിയ സാമ്പത്തിക വെല്ലുവിളികളിലേക്ക് നയിക്കാനിടയുണ്ട്.
കോംഗോയിലെ എബോള വ്യാപനം: ആശങ്കകളും സംഘർഷങ്ങളും

കോംഗോയിൽ എബോള വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വലിയ ആശങ്കയാണ് ലോകമെമ്പാടുമുള്ള ആരോഗ്യപ്രവർത്തകർക്കിടയിലുള്ളത്. ഇതിനിടെ, എബോള ബാധിതരെ ചികിത്സിക്കുന്ന ആരോഗ്യകേന്ദ്രത്തിന് നേരെ പ്രതിഷേധക്കാർ നടത്തിയ ആക്രമണം സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിരിക്കുകയാണ്. റ്വാംപാറ ആശുപത്രിയിൽ എബോള ബാധിച്ച് മരിച്ച യുവാവിന്റെ മൃതദേഹം ബലംപ്രയോഗിച്ച് കൊണ്ടുപോകാൻ ബന്ധുക്കൾ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. മൃതദേഹം കൈമാറാൻ അധികൃതർ വിസമ്മതിച്ചതോടെ രോഷാകുലരായ കുടുംബാംഗങ്ങൾ ആശുപത്രി ടെന്റുകളിലേക്ക് വസ്തുക്കൾ വലിച്ചെറിയുകയും ഇതിനെത്തുടർന്ന് രണ്ട് ആശുപത്രി ടെന്റുകൾ പൂർണ്ണമായി കത്തിനശിക്കുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ റോയിട്ടേഴ്‌സ് വാർത്താ ഏജൻസി പുറത്തുവിട്ടിരുന്നു. പോലീസ് സ്ഥലത്തെത്തി ക്രമസമാധാനം പുനഃസ്ഥാപിച്ചു.ആരോഗ്യ കേന്ദ്രങ്ങളെക്കുറിച്ച് പ്രചരിക്കുന്ന തെറ്റായ വിവരങ്ങളാണ് ഇത്തരം അക്രമ സംഭവങ്ങൾക്ക് കാരണമെന്ന് അധികൃതർ വിലയിരുത്തുന്നു. ഇറ്റൂരി പ്രവിശ്യയിലെ പലരും എബോള ഒരു നുണയാണെന്നും അത് വെള്ളക്കാരുടെ കണ്ടുപിടുത്തമാണെന്നും വിശ്വസിക്കുന്നവരാണ്. കോംഗോയിലെ എ2ആർസി രാഷ്ട്രീയ പാർട്ടി നേതാവായ ലൂക് മാംബെലെയാണ് ഇക്കാര്യം സിഎൻഎന്നിനോട് പങ്കുവെച്ചത്. രോഗത്തിന്റെ ഗൗരവത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ എത്തിക്കുന്നതിൽ നിലനിൽക്കുന്ന കുറവുകൾ രോഗവ്യാപനത്തെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയാണ്. മരണപ്പെട്ടവരുടെ സംസ്കാര ചടങ്ങുകൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചല്ല നടത്തുന്നതെങ്കിൽ അത് രോഗം കൂടുതൽ ആളുകളിലേക്ക് പകരാൻ ഇടയാക്കുമെന്ന് ലോകാരോഗ്യ സംഘടന നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. നിലവിൽ കുറഞ്ഞത് 160 മരണങ്ങളും 671 സംശയാസ്പദമായ കേസുകളുമാണ് കോംഗോയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഈ സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.എബോളയുടെ വളരെ അപൂർവ്വമായ ബൂൻഡിബുഗോ വകഭേദമാണ് ഇപ്പോൾ കോംഗോയിൽ പടരുന്നത്. എബോള വൈറസിന്റെ ആറ് വകഭേദങ്ങളിൽ ഒന്നായ ഇതിന് നിലവിൽ വാക്സിനോ പ്രത്യേക ചികിത്സയോ ലഭ്യമല്ല എന്നത് വലിയ വെല്ലുവിളിയാണ്. അതിനാൽ തന്നെ ഇതൊരു അസാധാരണ വകഭേദമായാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്. 1976-ൽ എബോള കണ്ടെത്തിയ ശേഷം കോംഗോയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന 17-ാമത്തെ വ്യാപനമാണിത്. 2014-2016 കാലഘട്ടത്തിൽ പടിഞ്ഞാറൻ ആഫ്രിക്കയിലുണ്ടായ വ്യാപനത്തിൽ 28,600-ലധികം പേർക്ക് രോഗബാധയുണ്ടായതാണ് ചരിത്രത്തിലെ ഏറ്റവും വലിയ എബോള ദുരന്തം.രോഗബാധിതരുടെയോ മരണപ്പെട്ടവരുടെയോ രക്തം, വിസർജ്ജ്യം, മറ്റ് സ്രവങ്ങൾ എന്നിവയിലൂടെയാണ് എബോള പ്രധാനമായും പകരുന്നത്. കുരങ്ങുകൾ, മാനുകൾ, മുള്ളൻപന്നി, പന്നി തുടങ്ങിയ മൃഗങ്ങളിൽ നിന്നും രോഗം മനുഷ്യരിലേക്ക് പകരാം. വൈറസ് ശരീരത്തിൽ പ്രവേശിച്ച് 2 മുതൽ 21 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. പനി, തലവേദന, പേശിവേദന, തൊണ്ടവേദന എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ.ചിലരിൽ ഛർദ്ദിയും തൊലിപ്പുറത്ത് തിണർപ്പും കണ്ടേക്കാം. ഗുരുതരമായ കേസുകളിൽ അഞ്ച് മുതൽ ഏഴ് ദിവസത്തിനുള്ളിൽ ആന്തരിക രക്തസ്രാവം ഉണ്ടാകുകയും കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനം തകരാറിലായി മരണം സംഭവിക്കുകയും ചെയ്യുന്നു. കൃത്യസമയത്ത് സപ്പോർട്ടീവ് ചികിത്സ ലഭ്യമാക്കുക എന്നതാണ് നിലവിലെ പ്രധാന പ്രതിരോധ മാർഗ്ഗം. ജന്തുജന്യ രോഗമായതിനാൽ ശരിയായി പാകം ചെയ്ത മാംസം മാത്രം ഉപയോഗിക്കുക, രോഗബാധിതരുമായുള്ള സമ്പർക്കം ഒഴിവാക്കുക, ഐസലേഷൻ വിഭാഗത്തിൽ ചികിത്സ ഉറപ്പാക്കുക എന്നിവയാണ് പ്രതിരോധത്തിനുള്ള ഫലപ്രദമായ വഴികൾ. വായു, വെള്ളം, ഭക്ഷ്യവസ്തുക്കൾ എന്നിവയിലൂടെ ഈ വൈറസ് പകരുന്നില്ല എന്നത് ഒരു ആശ്വാസകരമായ കാര്യമാണ്. അതുകൊണ്ട് തന്നെ ശരിയായ മുൻകരുതലുകൾ സ്വീകരിച്ചാൽ രോഗപ്പകർച്ച ഫലപ്രദമായി തടയാൻ സാധിക്കും.
ജോലി നിലനിർത്താൻ സ്വന്തം ഗർഭപാത്രം നീക്കം ചെയ്യേണ്ടി വരുന്നവർ

മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ കരിമ്പ് പാടങ്ങളിൽ ജോലി ചെയ്യുന്ന വനിതാ തൊഴിലാളികൾ നേരിടുന്ന കടുത്ത ആരോഗ്യ-സാമ്പത്തിക പ്രതിസന്ധി അതീവ ഗുരുതരമാണ്. ജീവിക്കാനുള്ള വരുമാനം നിലനിർത്താനും ജോലി നഷ്ടപ്പെടാതിരിക്കാനുമായി ഇവിടുത്തെ നൂറുക്കണക്കിന് സ്ത്രീകളാണ് ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നത്. കരിമ്പ് വെട്ടുന്നതും കനത്ത കെട്ടുകൾ ചുമന്ന് വണ്ടികളിൽ കയറ്റുന്നതുമുൾപ്പെടെ കഠിനമായ ശാരീരിക അധ്വാനം ആവശ്യമുള്ള ജോലികളാണ് ഇവർ ചെയ്യുന്നത്. ദിവസം അഞ്ഞൂറ് രൂപയോളം മാത്രം കൂലി ലഭിക്കുന്ന ഈ ജോലി, കടുത്ത ദാരിദ്ര്യം കാരണം ചെയ്യാൻ ഇവർ നിർബന്ധിതരാകുകയാണ്. എന്നാൽ ആർത്തവ ദിവസങ്ങളിലെ കഠിനമായ ശാരീരിക ബുദ്ധിമുട്ടുകൾ കാരണം ഈ സ്ത്രീകൾക്ക് മറ്റ് ദിവസങ്ങളിലെപ്പോലെ വേഗത്തിൽ ജോലി ചെയ്യാൻ കഴിയാറില്ല. തൊഴിലാളികൾക്ക് അനുകൂലമല്ലാത്ത കരാർ വ്യവസ്ഥകളും അവധി ആനുകൂല്യങ്ങളുടെ അഭാവവുമാണ് ഈ പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കുന്നത്. ആർത്തവവേദനയോ ഗർഭധാരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളോ കാരണം ഒരു ദിവസം ജോലിക്ക് പോകാതിരുന്നാൽ കൂലി വെട്ടിക്കുറയ്ക്കുകയാണ് . ഈ സാമ്പത്തിക നഷ്ടം ഒഴിവാക്കാനും ആർത്തവ ദിനങ്ങളിലെ ബുദ്ധിമുട്ടുകൾ ശാശ്വതമായി ഇല്ലാതാക്കാനുമായി ഈ സ്ത്രീകൾ ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയ തെരഞ്ഞെടുക്കുന്നു. ഒരു തവണ ശസ്ത്രക്രിയ നടത്തിയാൽ പിന്നീട് അവധിയെടുക്കാതെ എന്നും ജോലിക്ക് പോകാമെന്ന് അവർ കരുതുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ പതിമൂവായിരത്തിലധികം സ്ത്രീകൾ ഈ ജില്ലയിൽ മാത്രം ഗർഭപാത്രം നീക്കം ചെയ്തിട്ടുണ്ട്. ഇതിൽ ഇരുപത്തിയഞ്ച് വയസ്സിൽ താഴെയുള്ള യുവതികളും ഉൾപ്പെടുന്നു എന്നത് ഞെട്ടിക്കുന്ന യാഥാർത്ഥ്യമാണ്. വളരെ ചെറിയ പ്രായത്തിലുള്ള വിവാഹങ്ങളും തുടർന്ന് കരിമ്പ് പാടങ്ങളിലെ കഠിനമായ ജോലിയിലേക്ക് എത്തുന്നതുമാണ് ഇവിടുത്തെ പെൺകുട്ടികളുടെ ജീവിത സാഹചര്യം. ഔദ്യോഗികമായി അന്വേഷണങ്ങളും ആരോഗ്യ ബോധവൽക്കരണങ്ങളും നടക്കുന്നുണ്ടെങ്കിലും, അടിസ്ഥാനപരമായ ദാരിദ്ര്യത്തിനും സാമ്പത്തിക ചൂഷണങ്ങൾക്കും ശാശ്വത പരിഹാരം ഉണ്ടാകാത്തതിനാൽ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകുന്നില്ല. കരിമ്പ് തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് കർശന നിരീക്ഷണങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ഒരു നേരത്തെ ആഹാരത്തിനും നിലനിൽപ്പിനുമായി സ്ത്രീകൾക്ക് സ്വന്തം ആരോഗ്യവും ശരീരവും ബലിനൽകേണ്ടി വരുന്ന ഈ സാഹചര്യം വലിയൊരു മനുഷ്യാവകാശ പ്രതിസന്ധിയായി തുടരുകയാണ്.
മാംസത്തിലെ മായം കണ്ടെത്താൻ ഡിഎൻഎ പിസിആർ ടെസ്റ്റ്; പുതിയ മാനദണ്ഡങ്ങളുമായി കേന്ദ്രം

ഭക്ഷണസാധനങ്ങളിൽ മായം ചേർക്കുന്നത് കണ്ടുപിടിക്കാൻ ഇന്ന് പലവിധ ശാസ്ത്രീയ മാർഗ്ഗങ്ങളുണ്ട്. അതിൽ ഏറ്റവും പുതിയതും കൃത്യതയേറിയതുമായ ഒരു സാങ്കേതികവിദ്യയാണ് ‘ഡിഎൻഎ പിസിആർ’ (DNA PCR) പരിശോധന. ഇന്ത്യയിൽ നിന്നും വിദേശങ്ങളിലേക്ക് കയറ്റി അയക്കുന്ന പോത്തിറച്ചിയിൽ മറ്റ് മാംസങ്ങൾ കലരുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ കേന്ദ്ര സർക്കാർ ഇപ്പോൾ ഈ പരിശോധനാ രീതിയാണ് നടപ്പിലാക്കാൻ ഒരുങ്ങുന്നത്. കാഴ്ചയിൽ തിരിച്ചറിയാൻ പറ്റാത്ത വിധം ചെറുതായി അരിഞ്ഞതോ പാകം ചെയ്തതോ ആയ മാംസത്തിൽ പോലും ഏത് മൃഗത്തിന്റെ ജനിതക ഘടനയാണ് അടങ്ങിയിരിക്കുന്നതെന്ന് ഈ ടെസ്റ്റിലൂടെ കൃത്യമായി കണ്ടെത്താനാകും. മനുഷ്യരെപ്പോലെ തന്നെ ഓരോ ജീവിക്കുമുണ്ട് തനതായ ഡിഎൻഎ (DNA) ഘടന. മൃഗങ്ങളുടെ മാംസത്തിൽ നിന്ന് ഈ ഡിഎൻഎ വേർതിരിച്ചെടുത്ത്, ‘പോളിമറേസ് ചെയിൻ റിയാക്ഷൻ’ (PCR) എന്ന ലബോറട്ടറി സാങ്കേതികവിദ്യ ഉപയോഗിച്ച് അതിന്റെ ലക്ഷക്കണക്കിന് കോപ്പികൾ ഉണ്ടാക്കി പരിശോധിക്കുന്നതാണ് ഈ രീതി. കടുത്ത ചൂടിൽ വേവിച്ചെടുത്ത ഇറച്ചിയാണെങ്കിൽ പോലും അതിലെ ജനിതക വിവരങ്ങൾ നശിക്കാതെ അവശേഷിക്കും എന്നതാണ് പിസിആർ ടെസ്റ്റിന്റെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ട് തന്നെ ഇതിൽ യാതൊരുവിധ കൃത്രിമത്വവും കാണിക്കാൻ സാധിക്കില്ല. ലോകത്തിൽ ഏറ്റവും കൂടുതൽ പോത്തിറച്ചി കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പല വിദേശ രാജ്യങ്ങളിലും പശുവിറച്ചി നിരോധനം ഉള്ളതുകൊണ്ടും, ഗുണനിലവാരം ഉറപ്പാക്കേണ്ടതുകൊണ്ടും കയറ്റുമതി ചെയ്യുന്ന മാംസം പൂർണ്ണമായും പോത്തിറച്ചി തന്നെയാണെന്ന് തെളിയിക്കേണ്ടത് അത്യാവശ്യമാണ്. നിലവിലുള്ള അന്താരാഷ്ട്ര ഐഎസ്ഒ (ISO) മാനദണ്ഡങ്ങളിൽ പോത്തിന്റെ ഡിഎൻഎ മാത്രം പ്രത്യേകം തിരിച്ചറിയാനുള്ള കൃത്യമായ സംവിധാനങ്ങൾ ഇല്ലാത്തതിനാലാണ് ഇന്ത്യ സ്വന്തമായി ഒരു ദേശീയ സുരക്ഷാ മാനദണ്ഡം ഇതിനായി രൂപീകരിക്കുന്നത്. ഈ പുതിയ പരിശോധനാ രീതി വരുന്നതോടെ ഇന്ത്യൻ മാംസ കയറ്റുമതി മേഖലയിൽ കൂടുതൽ സുതാര്യതയും വിശ്വാസ്യതയും കൈവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഭൂമിക്ക് ഉൾക്കൊള്ളാനാവുക 250 കോടി ജനങ്ങളെ മാത്രം; മൂന്നിരട്ടി ആളുകളുമായി ലോകം അപകടത്തിലേക്ക്

ഭൂമിക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറം മനുഷ്യരുടെ എണ്ണം കൂടുന്നത് നമ്മുടെ ലോകത്തെ വലിയൊരു അപകടത്തിലേക്കാണ് എത്തിക്കുന്നത് എന്ന് പുതിയ പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു. ഒരു ഭൂമിക്ക് അതിന്റെ വിഭവങ്ങൾ നശിപ്പിക്കാതെ എത്ര ആളുകളെ സുരക്ഷിതമായി നോക്കാൻ കഴിയും എന്നതിനെയാണ് ‘കാരിയിംഗ് കപ്പാസിറ്റി’ (താങ്ങാനുള്ള ശേഷി) എന്ന് പറയുന്നത്. പ്രകൃതിക്ക് ദോഷമില്ലാത്ത രീതിയിൽ ഭൂമിക്ക് സുസ്ഥിരമായി ഉൾക്കൊള്ളാൻ കഴിയുന്നത് 250 കോടി മനുഷ്യരെ മാത്രമാണ്. എന്നാൽ ഇന്ന് ലോകജനസംഖ്യ 830 കോടി കടന്നിരിക്കുന്നു. അതായത്, ഭൂമിയുടെ യഥാർത്ഥ ശേഷിയേക്കാൾ മൂന്നിരട്ടിയിലധികം ആളുകളാണ് ഇന്ന് ഭൂമിയിലുള്ളത്. പെട്രോളിയം, കൽക്കരി തുടങ്ങിയ ഇന്ധനങ്ങളുടെ സഹായത്തോടെയും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുമാണ് ഇത്രയും വലിയ ജനസംഖ്യയ്ക്ക് ആവശ്യമായ ഭക്ഷണവും മറ്റ് സൗകര്യങ്ങളും നമ്മൾ ഉണ്ടാക്കുന്നത്. രാസവളങ്ങൾ ഉപയോഗിച്ച് കൃഷി കൂട്ടി താൽക്കാലികമായി നമ്മൾ പിടിച്ചുനിൽക്കുന്നുണ്ടെങ്കിലും, ഇത് ഭൂമിയുടെ സ്വാഭാവികമായ കരുത്ത് ചോർത്തിക്കളയുകയാണ് ചെയ്യുന്നത്. മനുഷ്യൻ പ്രകൃതി വിഭവങ്ങൾ അമിതമായി എടുത്ത് ഉപയോഗിക്കുന്നത് കൊണ്ട് പ്രകൃതിക്ക് സ്വയം പുതുക്കപ്പെടാൻ സമയം കിട്ടുന്നില്ല. ഇതാണ് ആഗോള താപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും ജീവജാലങ്ങളുടെ വംശനാശത്തിനും കാരണമാകുന്നത്. ഇതേ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ 2060-ഓടെ ലോകജനസംഖ്യ 1100 കോടിയും കടന്ന് മുകളിലേക്ക് പോകും. ഇത്രയും വലിയൊരു ജനസംഖ്യയെ ഉൾക്കൊള്ളാൻ നമ്മുടെ ഭൂമിക്ക് കഴിയില്ല. ഇത് വരും നാളുകളിൽ കടുത്ത ജലക്ഷാമത്തിനും ഭക്ഷണക്ഷാമത്തിനും വലിയ പാരിസ്ഥിതിക തകർച്ചയ്ക്കും കാരണമാകും. ഈ പ്രതിസന്ധി മറികടക്കാൻ വിഭവങ്ങളുടെ അമിതമായ ഉപയോഗം കുറയ്ക്കുകയും പരിസ്ഥിതിയെ സംരക്ഷിക്കുന്ന ജീവിതരീതികൾ ശീലമാക്കുകയും വേണം. മനുഷ്യൻ പ്രകൃതിയോട് ചെയ്യുന്ന ചൂഷണം അവസാനിപ്പിച്ചില്ലെങ്കിൽ വരുംതലമുറകൾക്ക് ജീവിക്കാൻ കഴിയാത്ത വിധം ഭൂമി നശിച്ചുപോകുമെന്നാണ് ഈ പഠനം നമ്മളെ ഓർമ്മിപ്പിക്കുന്നത്.