മെസ്സിപ്പട വരണോ?എങ്കില്‍ ഇങ്ങനെ വിളിക്കണം…

അര്‍ജന്റീന ടീം കേരളത്തിലേക്കില്ല എന്ന വാര്‍ത്ത കേട്ട് നിരാശരായ ആരാധര്‍ക്ക് പ്രതീക്ഷക്ക് വകയുണ്ട്.വിഷയത്തില്‍ ചാപ്റ്റര്‍ ഫോറിനു നല്‍കിയ ആഭിമുഖത്തില്‍ പ്രതികരിച്ചി രിക്കുകയാണ് സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റായ കമാല്‍ വരദൂര്‍. 2014 -ല്‍ ബ്രസീല്‍ ലോകകപ്പിന്റ സമയത്ത് മെസ്സിയെ അഭിമുഖം നടത്താന്‍ കമാല്‍ വരദൂറിന് അവസരം ലഭിച്ചിരുന്നു. നവംബറില്‍ അര്‍ജന്റീന ടീം കൊച്ചിയില്‍ കളിക്കും എന്നായിരുന്നു സര്‍ക്കാരും സ്‌പോണ്‍സറും അറിയിച്ചിരുന്നത്. എന്നാല്‍ പ്രഖ്യാപനത്തിന് പിന്നാലെ മെസ്സി വരില്ല എന്ന അഭിപ്രായം പങ്കുവെച്ച കമാല്‍ വരദൂറിന് സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. ഇതിനിടയിലാണ് നവംബറില്‍ അംഗോളയുമായാണ് സൗഹൃദ മത്സരമെന്നും ടൂറിലെ ഏക സൗഹൃദ മത്സരമാണ് ഇതെന്നും അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ (എഎഫ്എ) വ്യക്തമാക്കിയത്. പിന്നീട് സ്‌പോണ്‍സറും നവംബറില്‍ അര്‍ജന്റീന ടീം കേരളത്തിലേക്ക് ഇല്ലെന്ന കാര്യം സ്ഥിരീകരിക്കുകയായിരുന്നു.ഈ സാഹചര്യത്തില്‍ മെസ്സി വരില്ല എന്ന അഭിപ്രായം പങ്കുവെച്ചതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് കമാല്‍ വരദൂര്‍. ഇവിടെനിന്ന് നേരിട്ട് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി നിയമപരമായി ബന്ധപ്പെടാന്‍ പറ്റില്ല. അതിന് ചട്ടപ്രകാരമുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്. ആദ്യം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി ബന്ധപ്പെടണം, അവരുടെ കൂടിയാലോചനയില്‍ ലെറ്റര്‍ ഫിഫയിലേക്ക് പോകും.ഫിഫ അംഗീകരിച്ചാല്‍ സ്റ്റേഡിയം ഉള്‍പ്പെടെയുള്ള സൗകര്യം ഒരുക്കുക, പിന്നീട് ഫിഫ സ്റ്റേഡിയം പരിശോധിച്ചാല്‍ കളി നടക്കും ഇതാണ് ചട്ട പ്രകാരമുള്ള മാര്‍ഗം. എന്നാല്‍ ഇവിടെ നിന്നും മെസ്സിയിലേക്ക് പോയ വഴി തെറ്റിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.മെസ്സി വരുന്നു എന്ന കാര്യം ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ അസോസിയേഷന് പോലും അറിയില്ല. നിയമവ്യവസ്ഥകള്‍ അനുസരിച്ചല്ല മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചതെന്നും മാഡ്രിഡിന് പകരം മന്ത്രി പോവേണ്ടിയിരുന്നത് അര്‍ജന്റീനയുടെ ഫുട്‌ബോള്‍ അസോസിയേഷന്‍ ഉള്ള ബ്യൂണസ് അയേഴ്‌സ് ലേക്ക് ആയിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.പിന്നീട് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് 100 കോടി രൂപ കൊടുത്തു എന്ന് പറഞ്ഞു സ്‌പോണ്‍സര്‍ വന്നു, പക്ഷെ അതിന് എന്ത് തെളിവ് ആണുള്ളതെന്നും കമാല്‍ വരദൂര്‍ ചോദിക്കുന്നു.കൂടാതെ ഫിഫ അംഗീകാരമുള്ള സ്റ്റേഡിയം ഒരുക്കാന്‍ 70 കോടികൊണ്ട് സാധിക്കില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രതികരണത്തോടെ തീരുന്നതാണോ പ്രതിപക്ഷ ധര്‍മ്മം? തുറന്നടിച്ച് ശ്രീജിത്ത് പണിക്കര്‍

കേരളത്തിലെ പ്രതിപക്ഷം പ്രതിപക്ഷധര്‍മ്മം നിര്‍വഹിക്കുന്നില്ലെന്നും അവര്‍ നിഷ്‌ക്രിയരാണെന്നും രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ ചൂണ്ടിക്കാട്ടുന്നു. ഭരണകക്ഷിയുടെ വീഴ്ചകളില്‍ പ്രതികരണം നടത്തുന്നതല്ലാതെ ശക്തമായ പോരാട്ടം കാഴ്ചവെക്കാന്‍ പ്രതിപക്ഷത്തിന് സാധിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തുണ്ടായ ഒരു വിവാദം പോലും പ്രതിപക്ഷത്തിന് അര്‍ത്ഥവത്തായ പരിസമാപ്തിയില്‍ എത്തിക്കാന്‍ സാധിച്ചില്ല. കേസുകളായി മാറുമ്പോള്‍ പ്രതിപക്ഷം പോരാട്ടം ഉപേക്ഷിക്കുന്നു. അന്വേഷണങ്ങള്‍ മന്ദഗതിയിലാകുന്നത് പോലും ചോദ്യം ചെയ്യപ്പെടുന്നില്ല എന്നും അദ്ദേഹം ആരോപിക്കുന്നു. ഒരു പ്രതികരണം കൊടുക്കുക എന്നതില്‍ പ്രതിപക്ഷധര്‍മ്മം തീരുന്നു. ഇതിനപ്പുറം സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളില്‍ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അത് കുറച്ചു ദിവസമേ നിലനില്‍ക്കൂ എന്ന് മനസ്സിലാക്കിയാണ് ഭരണകൂടം പ്രവര്‍ത്തിക്കുന്നത്. ഇത് പ്രതിപക്ഷത്തിന്റെ ബലഹീനതയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. കോട്ടയത്ത് ആശുപത്രികെട്ടിടം വീണു വീട്ടമ്മ മരിച്ച സംഭവത്തില്‍ അവര്‍ക്ക് നേരിട്ട അനീതിക്കെതിരെ പ്രതിപക്ഷം വേണ്ട രീതിയില്‍ പ്രതികരിച്ചില്ലെന്നും അദ്ദേഹം പറയുന്നു. ഇത്തരം സാഹചര്യങ്ങളില്‍ പ്രതികരിക്കേണ്ടത് പ്രതിപക്ഷ ത്തിന്റെ ഉത്തരവാദിത്വം ആണ്. വീണ ജോര്‍ജിനെ പോലെ ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യാന്‍ പ്രാപ്തി ഇല്ലാത്ത ഒരു മന്ത്രി വേറെ ഒരു വകുപ്പില്‍ ഉണ്ടായിട്ടില്ല. ഇങ്ങനെ ഒരാളിന് ഉത്തരവാദിത്വം എന്തെന്ന് പഠിപ്പിക്കാന്‍ പോലും പ്രതിപക്ഷത്തിന് സാധിച്ചില്ലെങ്കില്‍ എന്തിനാണ് രാഷ്ട്രിയ പ്രവര്‍ത്തനം നടത്തുന്നത് എന്നും അദ്ദേഹം ചോദിക്കുന്നു. മുന്‍പ് സി.പി.എം. പ്രതിപക്ഷത്തിരുന്നപ്പോള്‍ ഇതിലും മെച്ചപ്പെട്ട രീതിയില്‍ പ്രതിപക്ഷധര്‍മ്മം നിര്‍വഹിച്ചിരുന്നു. ഇപ്പോള്‍ പിണറായി സര്‍ക്കാരിനെ മടുക്കുമ്പോള്‍ ജനം തങ്ങളെ തിരഞ്ഞെടുത്തോളും എന്ന നിഷ്‌ക്രിയമായ കാത്തിരിപ്പിലാണ് പ്രതിപക്ഷമുള്ളതെന്നും ശ്രീജിത്ത് പണിക്കര്‍ തുറന്നടിക്കുന്നു.

ഷാരുഖ് ഖാന് അവാർഡ് കിട്ടിയെങ്കിൽ എനിക്കും കിട്ടിക്കൂടെ? സന്തോഷ്‌ പണ്ഡിറ്റ്‌

തനത് ശൈലിയിലൂടെയും നിലപാടുകളിലൂടെ സോഷ്യൽ മീഡിയയിൽ എപ്പോഴും ചർച്ചാ വിഷയമാകാറുള്ള വ്യക്തിയാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. അദ്ദേഹത്തിൻറെ അഭിപ്രായങ്ങൾ പലപ്പോഴും വലിയ രീതിയിൽ ശ്രദ്ധ നേടാറുണ്ട്. ദേശീയ അവാർഡുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങൾ എന്നും ചർച്ചാവിഷയമാവുന്ന ഒന്നാണ്.ഷാരൂഖ് ഖാന് ദേശീയ അവാർഡ് കിട്ടിയത് അർഹതയില്ലാതെയാണ് എന്ന തരത്തിലുള്ള വിവാദങ്ങൾ ഉയർന്നുവന്നിരുന്നു. ഇതിൽ പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ സന്തോഷ്‌ പണ്ഡിറ്റ്‌. ഇതുവരെ ദേശീയ അവാർഡിനൊന്നും കൊടുത്തിട്ടില്ല എന്നാൽ ജവാൻ എന്ന സിനിമയിൽ ഷാരൂഖ് ഖാന് അവാർഡ് കിട്ടിയപ്പോൾ മുതൽ തനിക്ക്ആത്മവിശ്വാസം വന്നെന്നാണ് സന്തോഷ്‌ പണ്ഡിറ്റ്‌ പറയുന്നത്.മോഹൻ ലാൽ, മമ്മൂട്ടി, അല്ലു അർജുൻ, പ്രഭാസ്, എന്നിവരെ നോക്കുമ്പോൾ ദേശീയ അവാർഡ് കിട്ടില്ല എന്നാണ് വിചാരിച്ചിരുന്നത്. ജവാനിൽ ഷാരൂഖ് ഖാന് കിട്ടിയത് നോക്കുമ്പോൾ ‘കേരള ലൈവ് ‘ എന്ന തന്റെ ചിത്രം ദേശീയ അവാർഡിന് കൊടുത്തു നോക്കിയാലോ എന്ന് തോന്നി എന്നും സന്തോഷ്‌ പണ്ഡിറ്റ്‌ പറയുന്നു. ഷാരൂഖ് ഖാൻ മോശമാണെന്ന് അല്ല അദ്ദേഹം ഒരു മികച്ച നടൻ തന്നെയാണ്. പക്ഷെ ജവാൻ എന്ന സിനിമയിലെ പ്രകടനം ദേശീയ അവാർഡ് അർഹിക്കുന്നില്ല. ഇത്രയും വർഷം സിനിമയിൽ അഭിനയിച്ചിട്ട് ഇപ്പോഴാണ് അവാർഡ് കിട്ടിയതെന്നും സന്തോഷ്‌ പണ്ഡിറ്റ്‌ പറയുന്നു. ഇതോടൊപ്പം ദേശീയ അവാർഡ് പ്രഖ്യാപിക്കുന്നതിൽ ഒരു രാഷ്ട്രീയ ഇടപെടലും ഇല്ലെന്നും അങ്ങനെ ആയിരുന്നെങ്കിൽ ബിജെപി യുമായി തർക്കങ്ങൾ ഉണ്ടായിരുന്ന ഷാരൂഖ് ഖാന് അവാർഡ് കിട്ടുകയില്ലായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്തുകൊണ്ട് മീഡിയക്ക് മുഖം കൊടുക്കുന്നില്ല?രാഷ്ട്രീയത്തിലെ വേറിട്ട മുഖം സി. കെ നാണു മനസ്സ് തുറക്കുന്നു…

സ്വന്തം നിലപാടുകളിലൂടെയും പ്രവർത്തിയിലൂടെയും രാഷ്ട്രീയത്തിലെ വേറിട്ട മുഖമാണ് സി. കെ നാണുവെന്ന വടകരയുടെ സ്വന്തം നാണുവേട്ടൻ.വടകര മണ്ഡലത്തിൽ നിന്നും നിയമസഭയിലെത്തിയ അദ്ദേഹം നിരവധി പദവികളും ഒപ്പം വിവിധ വകുപ്പുകളിൽ മന്ത്രി സ്ഥാനവും അലങ്കരിച്ചിട്ടുണ്ട്. എന്തുകൊണ്ട് മീഡിയക്ക് മുഖം കാണിക്കുന്നില്ല എന്ന ചോദ്യം പലപ്പോഴും അദ്ദേഹത്തിന് നേരെ ഉയരാറുണ്ട്. “ജനങ്ങളാണ് എന്റെ മീഡിയ “എന്ന ലളിതമായ മറുപടിയാണ് അതിനുള്ള ഉത്തരവും. പൊതുപ്രവർത്തനം എന്നാൽ സ്വന്തം കീശ നിറക്കാനുള്ള ഉപാധിയല്ല എന്ന് മനസ്സിലാക്കിയ ഒരു നേതാവ് എന്ന നിലയിലുള്ള പ്രവർത്തനങ്ങളാണ് രാഷ്ട്രീയത്തിലെ അദ്വിതീയനായ നേതാവാക്കി അദ്ദേഹത്തെ മാറ്റിയത്. ഇപ്പോൾ രാഷ്ട്രീയത്തിൽ വരാൻ ഇടയായ സാഹചര്യം വ്യക്തമാക്കിയിരിക്കുകയാണ് സി. കെ നാണു. സാധാരണക്കാരനായിരുന്ന സി. കെ. നാണുവിന്റെ രാഷ്ട്രീയപ്രവേശം തികച്ചും ആകസ്മികമായിരുന്നു.രാഷ്ട്രീയത്തിലേക്കു തന്നെ കൊണ്ട് വന്നതിൽ പ്രധാന പങ്കു വഹിച്ചത് എക്സറെ വേണുഗോപാൽ ആണെന്ന് അദ്ദേഹം ഓർമ്മിക്കുന്നു. കോൺഗ്രസിന് പണ്ടുകാലത്ത്‌ പ്രസംഗികർ കുറവായിരുന്നു.തുടക്കത്തിൽ പ്രഭാഷണം നടത്തിയാണ് രാഷ്ട്രീയത്തിലേക്ക് വന്നത്.താൻ കോൺഗ്രസ് അനുകൂലിയാണെന്ന് മനസ്സിലാക്കി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം എന്ന് വേണുഗോപാൽ പറഞ്ഞു. തന്നെ വലിയ രാഷ്ട്രീയ പ്രവർത്തകനാക്കിയത് എല്ലാ പിന്തുണയും നൽകി കൂടെയുണ്ടായിരുന്ന വേണുഗോപാൽ ആണെന്നും അദ്ദേഹം ഓർമ്മിക്കുന്നു. രാഷ്ട്രീയത്തിലിറങ്ങിയപ്പോൾ അടിയന്തരാവസ്ഥയുടെ നാളുകളിൽ സി. കെ നാണുവിനെ ജയിൽവാസം വരെ അനുഭവിക്കേണ്ടി വന്നിരുന്നു.പിന്നീട് ഗാന്ധിയൻ ആദർശങ്ങളെ മുറുകെ പിടിച്ച യാത്രയിൽ പതിറ്റാണ്ടുകളോളം വടകരയുടെ ശബ്ദമായി അദ്ദേഹം മാറുകയായിരുന്നു.

‘വാലിബൻ രണ്ട് ഭാഗമാക്കുന്നതിനോട് മോഹൻലാലിനും എതിർപ്പുണ്ടായിരുന്നു ‘; തുറന്നുപറഞ്ഞ് ഷിബു ബേബി ജോൺ

മോഹൻലാൽ-ലിജോ ജോസ് പെല്ലിശേരി കൂട്ടുകെട്ടിൽ 2024- ൽ പുറത്തിറങ്ങിയ ചിത്രമാണ് മലൈക്കോട്ട വാലിബൻ.മലയാളസിനിമയിൽ വലിയ ഹൈപ് കൊടുത്തിറങ്ങിയ ചിത്രം എന്നാൽ പ്രതീക്ഷകൾക്കൊപ്പം ഉയരാൻ മലയ്ക്കോട്ടെ വാലിബന് സാധിച്ചില്ല. ആരാധകർക്കിടയിൽ ഈ ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചില്ല. ഇപ്പോൾ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകില്ലെന്ന് അറിയിച്ചിരിക്കുകയാണ് നിർമാതാവ് ഷിബു ബേബി ജോൺ. ചാപ്റ്റർ ഫോറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോഹൻലാൽ പത്ത്‌ മിനിറ്റു കൊണ്ട് അംഗീകരിച്ച കഥയായിരുന്നു. ചിത്രം ഒറ്റ ഭാഗമായാണ് ഇറക്കാൻ തീരുമാനിച്ചതിരുന്നത് എന്നാൽ ചില കാരണങ്ങൾ കൊണ്ട് ഒരു ഘട്ടമെത്തിയപ്പിൽ രണ്ട് ഭാഗമായി ഇറക്കണം എന്ന അഭിപ്രായം ഉയർന്നു വന്നു.ആദ്യം പറഞ്ഞ സിനിമ തന്നെ എടുത്താൽ മതിയെന്ന് പറഞ്ഞുകൊണ്ട് താനും മോഹൻലാലുമടക്കമുള്ളവർ വിയോജിപ്പ് അറിയിച്ചു. രണ്ടാംഭാഗത്തിനുവേണ്ടിയുള്ള രീതിയിൽ കഥ അവസാനിപ്പിക്കുകയായിരുന്നു. നല്ലൊരു സിനിമയാണ്. ലിജോയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ വലിയ പ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ രണ്ടാംഭാഗത്തിലേക്ക് പോവാൻ നിർബന്ധിതമായ സാഹചര്യം ഒഴിവാക്കിയിരുന്നെങ്കിൽ നന്നാകുമായിരുന്നു. ചിത്രത്തിന് ഇനി രണ്ടാം ഭാഗം ഉണ്ടാകില്ലെന്നും ഷിബു ബേബി ജോൺ പറഞ്ഞു. ഈ വെളിപ്പെടുത്തൽ ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്.

കണ്ണൂരിൽ ഒറ്റയ്ക്ക് പോരാടി വിജയിച്ചവനാണ്!കെ.സുധാകരനെക്കുറിച്ച് സി. കെ നാണു

കേരള രാഷ്ട്രീയത്തിലെ അദ്വിതീയനായ രാഷ്ട്രീയ പ്രവർത്തകനാണ് സി. കെ നാണു. വടകര മണ്ഡലത്തിൽ നിന്നും നിയമസഭയിലെത്തി നിരവധി പദവികളും ഒപ്പം വിവിധ വകുപ്പുകളിൽ മന്ത്രി സ്ഥാനവും അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിൽ സി. കെ നാണു തന്റെ ഗുരുസ്ഥാനീയനാണെന്ന് കെ. സുധാകരൻ പറഞ്ഞിരുന്നു. ഇപ്പോൾ കെ. സുധാകരനുമായി ഉണ്ടായിരുന്ന ആത്മബന്ധവും ഓർമ്മകളും തുറന്ന് പറയുകയാണ് സി. കെ നാണു. കെ. സുധാകരനുമായി നല്ല ആത്മബന്ധമുണ്ട്.സുധാകരനെ പോലെ തന്റേടം ഉള്ള ഒരുത്തനെ രാഷ്ട്രീയത്തിൽ ഇതുവരെ കണ്ടിട്ടില്ല, സിപിഎം അടക്കിവാണ കണ്ണൂരിൽ ഒറ്റയ്ക്ക് നിന്ന് വിജയിച്ച ധീരനാണ് സുധാകരനെന്നും അദ്ദേഹം പറയുന്നു. കെ.സുധാകരൻ ഇന്ന് രാഷ്ട്രീയത്തിന്റെ ഉന്നതിയിലെത്തിയത് ഈ പോരാട്ടവീര്യത്തിലൂടെയാണെന്നും അദ്ദേഹം ഓർമ്മിക്കുന്നു. കണ്ണൂരിൽ കോൺഗ്രസിന്റെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സമയത്താണ് സുധാകരനെ ആദ്യമായി കാണുന്നത്. അന്ന് സുധാകരൻബ്രണ്ണൻ കോളേജിൽ പഠിക്കുകയാണ്. കോളേജിൽ ഒരു പ്രശ്നമുണ്ടായപ്പോൾ ഒന്നും നോക്കാതെ കൂടെയുള്ള ആളെ രക്ഷപ്പെടുത്തിയ ധീരനാണ് കെ. സുധാകരൻ. ഇങ്ങനെ ഒരു വല്ലാത്ത വ്യക്തിത്വത്തിനുടമയാണ് സുധാകരനെന്നും സി. കെ നാണു പറയുന്നു. ചാപ്റ്റർ ഫോർ എന്ന മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സിനിമ സംവിധായകൻ മൊഴ്തു താഴത്തിനോട് സംസാരിക്കുകയായിരുന്നു സി. കെ നാണു. ഇപ്പോൾ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത്തരം പരാമർശം നടത്തിയത് സിപിഎമ്മിൽ വലിയ ചർച്ചയായിരിക്കുകയാണ്.

ഒന്നാം പ്രതി കടകംപള്ളി സുരേന്ദ്രൻ ; സ്വർണ്ണ പാളി വിവാദത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് ഷിബു ബേബി ജോൺ

ശബരിമല സ്വർണ്ണ പാളി വിവാദം കൊഴുക്കുമ്പോൾ സർക്കാരിനെതിരെ ആഞ്ഞടിച്ച് ആർ. എസ്. പി നേതാവ് ഷിബു ബേബി ജോൺ രംഗത്ത്. ശബരിമലയിലെ സ്വർണ്ണ തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയം കണ്ടെത്തിയതും കേസ് എടുക്കാൻ നിർദേശം നൽകിയതും ഹൈകോടതി ആണ്. കേസ്ഒളിപ്പിച്ചുവെക്കാൻ ആണ് സർക്കാർ ശ്രമിക്കുന്നത്. കേസിൽ ഒന്നാം പ്രതിയായി വരേണ്ടത് മുൻ ദേവസ്വംമന്ത്രി കടകംപള്ളിസുരേന്ദ്രനാണ്.കേസിൽ വാസുവിനെ പോലുള്ളവരുടെ പങ്ക് അന്വേഷിക്കണമെന്നും രാഷ്ട്രീയപ്രവർത്തകരുടെ അറിവില്ലാതെ ഇത്രയും വലിയൊരു തട്ടിപ്പ് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ദേവസ്വം കമ്മീഷണറെ തന്നെ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ ആക്കിയത്. ഇത് രാഷ്ട്രീയ താല്പര്യം മുൻനിർത്തിയാണെന്നും അദ്ദേഹം ആരോപിക്കുന്നു. സ്വർണ്ണ കൊള്ളക്ക് പിണറായി സർക്കാർ ഒത്താശ ചെയ്യുകയാണെന്നും കേസിൽപോറ്റിയെയും പത്മകുമാറിനെയും ഇട്ടുകൊടുത്തു ശ്രദ്ധ തിരിക്കാനാണ് പാർട്ടി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.

ശബരിമലയിലെ സ്വര്‍ണ്ണ തട്ടിപ്പ്,ദേവസ്വം ബോര്‍ഡിന് മിടുക്ക് പറ്റിയത്; രാഹുല്‍ ഈശ്വര്‍

ശബരിമലയില്‍ സ്വര്‍ണ്ണ പാളിയിലെ തനിതങ്കം ചെമ്പായി മാറിയത് വീഴ്ച്ചയല്ല മറിച്ച് അത് ദേവസ്വം ബോര്‍ഡിന് മിടുക്ക് പറ്റിയതാണെന്നും രാഹുല്‍ ഈശ്വര്‍. സംഭവവുമായി ബന്ധപ്പെട്ട് ഉണ്ണി കൃഷ്ണന്‍ പോറ്റിയെ അറസ്റ്റ് ചെയ്യണമെന്നും കേസില്‍ ഒന്നാം പ്രതി ഉണ്ണി കൃഷ്ണന്‍ പോറ്റിയല്ല കാണാമറയത്ത് ഇനിയും കള്ളന്മാര്‍ ഉണ്ടെന്നും രാഹുല്‍ ഈശ്വര്‍പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ആരാധനാലയങ്ങള്‍ രാഷ്ട്രീയ മുക്തമാവേണ്ടത്തിന്റെ ആവശ്യകതയും രാഹുല്‍ ഈശ്വര്‍ ചൂണ്ടിക്കാണിക്കുന്നു.രാഷ്ട്രീയത്തില്‍ സ്ഥാനം നല്‍കാന്‍ സാധിക്കാത്തവരെ പുനരധിവാസത്തിന് വേണ്ടി കൊണ്ട് വരുന്ന സ്ഥലമാണ് ദേവസ്വം ബോര്‍ഡ്.ക്ഷേത്ര കാര്യങ്ങളില്‍ താൽപര്യവും അറിവും ഉള്ള ആളുകളെയാണ് യഥാര്‍ത്ഥത്തില്‍ ദേവസ്വം ബോര്‍ഡിന്റെ തലപ്പത്തേക്ക് വരേണ്ടതെന്നും അദ്ദേഹം അഭിപ്രായപെട്ടു.ചരിത്രത്തില്‍ സംഭവിച്ച ഏറ്റവും വലിയ തെറ്റാണ് ജാതീയത. പിന്നാക്ക വിഭാഗങ്ങള്‍ക്കും സ്ഥാനം നല്‍കി ജാതീയത പരിഹരിച്ചു ഭക്തര്‍ക്ക് പ്രാതിനിധ്യം നല്‍കണമെന്നും വിഷയത്തിൽ രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു.

അറിയാതെ പോകരുത്!!കുട്ടികളിൽ കാണുന്ന ഈ പെരുമാറ്റ രീതി

ലോകാരോഗ്യ സംഘടനയുടെ ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്! പകർച്ചവ്യാധികളോ, പോഷകാഹാരക്കുറവോ മാത്രമല്ല മാനസികാരോഗ്യമാണ് ഇന്ന് കുട്ടികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഒരു മുറിയിലിരുന്ന് മൊബൈലിൽ കളിച്ചിരിക്കുന്ന ബാല്യം. മുഖത്ത് ചിരിയില്ല. കണ്ണുകളിൽ ജീവനില്ല. മുറിയാണ് കളിസ്ഥലം. ഫോൺ കൂട്ടുകാരനും.ഇങ്ങനെയുള്ള ജീവിതം ഒരു കുട്ടിയുടെ കഥയല്ല. ചുറ്റിലുംഒന്ന് ശ്രദ്ധിച്ച് നോക്കിയാൽ കാണാം ഇവരെ. സന്തോഷവും ഊർജസ്വലതയും നഷ്ടപ്പെട്ട് വീടിനുള്ളിൽ ഒറ്റപ്പെടൽ അനുഭവിച്ചു വളർന്നു വരുന്ന ഒരു തലമുറ. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച്, ഒറ്റപ്പെടൽ കുട്ടികളിൽ മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടാക്കുകയും അത് കൗമാരക്കാരെ ആത്മഹത്യാ പ്രവണതയിലേക്ക് നയിക്കുകയും ചെയ്യുന്നു. ഏകാന്തത എങ്ങനെ സമൂഹത്തെ ബാധിക്കുന്നു എന്നതായിരുന്നു ലോകാരോഗ്യ സംഘടന നിയോഗിച്ച കമ്മീഷൻ പഠനവിധേയമാക്കിയത്. ഇതിൽ ഏറ്റവും കൂടുതൽ ഏകാന്തത അനുഭവിക്കുന്നത് കൗമാരപ്രായക്കാർ ആണ്.ഒരു വർഷത്തിനിടെ ഏകദേശം 8,70,000 കുട്ടികൾ ഒറ്റപ്പെടൽ മൂലം മരിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടന കണ്ടെത്തിയത്. കളിചിരികൾ നഷ്ടപ്പെട്ട് മൊബൈൽ സ്‌ക്രീനുകളിലേക്ക് ഒതുങ്ങുന്ന ജീവിതം.പുറം ലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ട് പോകുന്ന ബാല്യം.അമിതമായ അക്കാദമിക് സമ്മർദ്ദങ്ങൾ തുടങ്ങിയവ കുട്ടികളുടെ മാനസിക ആരോഗ്യത്തെ ബാധിക്കുന്നു. കേരളത്തിലും കൗമാരക്കാരിൽആത്മഹത്യാ പ്രവണത വർധിച്ചുവരികയാണ്. ഇരുപത് ശതമാനം കൗമാരക്കാർ ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുന്നു എന്നാണ് നിലവിലെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

തിരുവോണം ബംപർ എടുത്തോ?ഭാഗ്യം വരുമ്പോൾ ബാധ്യത അറിയണ്ടേ!.

കേരള സർക്കാർ തിരുവോണം ബംപർ 2025 ന്റെ നറുക്കെടുപ്പ് ഫലം വന്നു. ഒന്നാം സമ്മാനം 25 കോടി രൂപയാണ്. ലോട്ടറി അടിച്ചാൽ മുഴുവൻതുകയും നമ്മുടെ കൈയിൽ കിട്ടില്ല. കാരണം അതിൽ ഒരു വലിയ തുകയോളം ടാക്സ് ആയിട്ട് പോകും. ലോട്ടറി അടിച്ച വ്യക്തി എത്ര ശതമാനം ടാക്സ് അടക്കണം? എന്തൊക്കെ ടാക്സ് ആണ് അടക്കാൻ ഉള്ളത്? ലോട്ടറി അടിച്ചാൽ നിങ്ങൾ അറിയേണ്ട ടാക്സ് നിയമങ്ങളുണ്ട്. അതിൽഒന്നാണ് ഏജന്റ് കമ്മീഷൻ.മുൻപ് ഏജന്റ് കമ്മീഷൻ 12% ആയിരുന്നത് ജിഎസ്ടി യിൽ വന്ന മാറ്റം മൂലം ഇപ്പോൾ 10% ആയി കുറച്ചു. അത് 25 കോടിയുടെ 10% രണ്ടര കോടിയോളം രൂപ അടക്കേണ്ടി വരും. പിന്നീട് അടക്കേണ്ടത് ടിഡിഎസ് (ടാക്സ് ഡിടക്റ്റീവ് സോഴ്സ്)ആണ്. ടിഡിഎസ് 30% വരുമ്പോൾ 6, 75,00,000 കുറച്ച് ബാക്കി 15 കോടി 75 ലക്ഷം രൂപ ലോട്ടറി അടിച്ച വ്യക്തിക്ക് കൈയിൽ കിട്ടും. ഇതോടെ ടാക്സ് തീർന്നെന്നു വിചാരിക്കുന്നവരാണ് പലരും. എന്നാൽ ഇനി അടക്കാനുള്ള സർചാർജ്, ഹെൽത്ത്‌ ആൻഡ് എഡ്യൂക്കേഷൻ സെസ് എന്നിവയാണ്. ഇൻകം ടാക്സ് റിട്ടേൺ ചെയ്യേണ്ട അവസാന തിയ്യതി 2026 ജൂലായ്‌ 31നാണ്. ഇതിന് മുൻപ് സർചാർജും ഹെൽത്ത്‌ ആൻഡ് എഡ്യൂക്കേഷൻ സെസ് എന്നിവയും അടക്കണം. സർചാർജ് 25% (ടിഡിഎസിന്റെ 25 ശതമാനം) ഇത് 1, 68, 75,000 രൂപയും കൂട്ടി 8,43,75,000 വരും. ഇൻകം ടാക്സ് റിട്ടേൺ ചെയ്യേണ്ടി വരുമ്പോൾ എല്ലാ തരത്തിലുള്ള വരുമാനവും കണക്കാക്കി വേണം നൽകാൻ ( ബിസിനസ്സ്, വരുമാനം, വിവിധ അസ്തികളിൽ നിന്നും ലഭിക്കുന്ന തുക). ഇനി വരുന്നത് ഹെൽത്ത്‌ ആൻഡ് എഡ്യൂക്കേഷൻ സെസ് 4% (33,75000). മൊത്തം 8,77,50,000 രൂപയോളം ലോട്ടറി അടിച്ച വ്യക്തിക്ക് ടാക്സ് ആയി അടക്കേണ്ടതായി വരും. സമയപരിധിക്കുള്ളിൽ ഈ തുക അടച്ചില്ലെങ്കിൽ നിയമ നടപടികൾക്ക് വിധേയമായി ഒരു വലിയ തുക പലിശയായി അടക്കേണ്ടി വരും.