കഴുത്തില്‍ ചെരുപ്പുമാല, അര്‍ദ്ധനഗ്‌നയാക്കി നടത്തി; മഹാരാഷ്ട്രയില്‍ യുവതിയെ പരസ്യമായി അപമാനിച്ച് ആള്‍ക്കൂട്ടം

ഒരു ക്ഷേത്രപ്രവേശന തര്‍ക്കത്തിന്റെ പേരില്‍ മഹാരാഷ്ട്രയില്‍ യുവതിക്ക് നേരിടേണ്ടി വന്നത് കണ്ണില്ലാത്ത ക്രൂരതയാണ്.മഹാരാഷ്ട്രയിലെ താനെ ജില്ലയിലുള്ള ഉല്ലാസ്‌നഗറിലെ വാഘ്രി നഗര്‍ പ്രദേശത്താണ് ഈ അതിക്രമം അരങ്ങേറിയത്. പ്രദേശത്തെ രജപുത്ര കുടുംബത്തിന് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഈ നിയന്ത്രണത്തെ കുടുംബത്തിലെ യുവതി ചോദ്യം ചെയ്തുകൊണ്ട് ക്ഷേത്രത്തില്‍ പ്രവേശിച്ചതാണ് വലിയ അക്രമത്തിലേക്ക് നയിച്ചത്. ഒരു സ്ത്രീയാണെന്ന പരിഗണന പോലും നല്‍കാതെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുക മാത്രമല്ല, അവരെ അര്‍ദ്ധനഗ്‌നയാക്കി ഗ്രാമത്തിലൂടെ നടത്തിക്കുകയും ചെയ്തു.പിന്നീട് യുവതിയുടെ കഴുത്തില്‍ ചെരുപ്പുമാല ചാര്‍ത്തി പരസ്യമായി അപമാനിക്കാനും ആള്‍ക്കൂട്ടം മുതിര്‍ന്നു. സ്ത്രീത്വത്തെ ഒന്നടങ്കം അപമാനിക്കുന്ന ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു.സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബസ് മാത്രമല്ല, ഇനി കപ്പലും വിമാനവും! ലക്ഷദ്വീപിലേക്കും ഗള്‍ഫിലേക്കും കെ.എസ്.ആര്‍.ടി.സി.യില്‍ പറക്കാം

കെ.എസ്.ആര്‍.ടി.സി. ഇനി കടലും ആകാശവും കീഴടക്കാന്‍ ഒരുങ്ങുകയാണ്. തീവണ്ടിക്ക് പിന്നാലെ കപ്പലിലും വിമാനത്തിലും കയറി ലക്ഷദ്വീപിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കും പറക്കാവുന്ന വമ്പന്‍ ടൂര്‍ പാക്കേജുകളാണ് കെ.എസ്.ആര്‍.ടി.സി. ഒരുക്കുന്നത്. സ്ത്രീകള്‍ക്ക് ബസ് യാത്ര സൗജന്യമാക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള വരുമാന ഇടിവ് മറികടക്കാന്‍ കെ.എസ്.ആര്‍.ടി.സി. കണ്ടെത്തിയ തുറുപ്പുചീട്ടാണ് ഈ ബജറ്റ് ടൂറിസം. കേരളത്തിലെ 93 ഡിപ്പോകളില്‍ 80 ഇടങ്ങളില്‍ നിന്നും നിലവില്‍ ടൂര്‍ പാക്കേജുകളുണ്ട്. വോള്‍വോ, ഡീലക്‌സ് ബസുകള്‍ക്ക് പുറമെയാണ് ഇപ്പോള്‍ പുതിയ യാത്രാമാര്‍ഗ്ഗങ്ങള്‍ തുറക്കുന്നത്. 2021-ല്‍ തുടങ്ങിയ കെ.എസ്.ആര്‍.ടി.സി. യുടെ ബജറ്റ് ടൂറിസം പാക്കേജിലെ വരുമാനപ്പട്ടിക ഓരോ വര്‍ഷവും കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലുടനീളവും ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ അന്താരാഷ്ട്രതലത്തിലേക്കും വിനോദസഞ്ചാരികളെയെത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി. ഒരുങ്ങുന്നത്. കപ്പല്‍ വഴിയും വിമാനം വഴിയും ലക്ഷദ്വീപിലെത്താന്‍ കഴിയുന്ന ഡബിള്‍ ഓപ്ഷന്‍ പാക്കേജ് ഉടന്‍ വരും. കശ്മീര്‍ ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ യാത്രകളും, ഈ വര്‍ഷം തന്നെ അഖിലേന്ത്യാ ടൂര്‍ പാക്കേജും യാഥാര്‍ത്ഥ്യമാകും.ഓരോ യാത്രയ്ക്കും പ്രത്യേകം ഇന്‍ഷുറന്‍സ് പരിരക്ഷയും കെ.എസ്.ആര്‍.ടി.സി. ഉറപ്പുനല്‍കുന്നുണ്ട്.

അന്ധവിശ്വാസങ്ങളെ ട്രോളി സുധിപുരാണം;കോമഡി സറ്റയർ ഇനി ഒ.ടി.ടിയിൽ…

അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ഹാസ്യത്തിന്റെ ചരടില്‍ കോര്‍ത്ത് മൂര്‍ച്ചയേറിയ ഭാഷയില്‍ വിമര്‍ശിക്കുന്ന പുത്തന്‍ കോമഡി സറ്റയര്‍ ചിത്രം ‘സുധിപുരാണം’ പ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോമായ എ.ബി.സി ടാക്കീസിലൂടെ ഡിജിറ്റല്‍ റിലീസ് ചെയ്തു. ‘എഫ്.ജി.എഫ്.എം’ ബാനറില്‍ പുറത്തിറങ്ങുന്ന ആദ്യ ചലച്ചിത്രമാണിത്. ചിരിയും ചിന്തയും ഉണര്‍ത്തുന്ന കഥാപശ്ചാത്തലം സിനിമ സംവിധാനം ചെയ്യണമെന്ന കടുത്ത മോഹവുമായി നടക്കുന്ന സുധീഷ് രവീന്ദ്രന്‍ എന്ന യുവാവാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രം. സ്വന്തം കഴിവില്‍ വിശ്വസിക്കുന്നതിനേക്കാള്‍, വേഗത്തില്‍ പ്രശസ്തനാകാന്‍ വേണ്ടി അവന്‍ ചില അന്ധവിശ്വാസങ്ങളുടെ കെണിയില്‍ വീഴുന്നു. ഒരു മന്ത്രവാദിയുടെ സഹായത്തോടെ ഒരു ‘ചാത്തന്റെ പ്രതിമ’ സ്വന്തമാക്കാന്‍ സുധീഷ് ശ്രമിക്കുന്നതും, തുടര്‍ന്ന് അവന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന തികച്ചും രസകരവും അപ്രതീക്ഷിതവുമായ സംഭവവികാസങ്ങളുമാണ് ചിത്രം ഹാസ്യത്തിന്റെ അകമ്പടിയോടെ ദൃശ്യവല്‍ക്കരിക്കുന്നത്. ‘പാരനോര്‍മല്‍ പ്രൊജക്റ്റ്’, ‘റോട്ടന്‍ സൊസൈറ്റി’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രിന്‍സ് ജോണ്‍സണ്‍, രമേഷ് ആറ്റുകാല്‍, അരുണ്‍ എന്നിവര്‍ക്കൊപ്പം എഫ്.ജി.എഫ്.എം സംഘടനയിലെ നിരവധി കലാകാരന്മാരും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നുണ്ട്. എസ്.എസ് ജിഷ്ണു ദേവ് തിരക്കഥ എഴുതി സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ സിനിമയുടെ സിനിമാറ്റോഗ്രഫി കൈകാര്യം ചെയ്യുന്നത് ദിപിന്‍ എ.വി യാണ്. ദേവസംഗീത് ആണ് പശ്ചാത്തല സംഗീതം. സിനിമയുടെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നതും സംവിധായകനായ എസ്.എസ് ജിഷ്ണു ദേവ് ആണ്. പബ്ലിസിറ്റി ഡിസൈന്‍ പ്രജിന്‍ ഡിസൈന്‍സ്,പി ആര്‍ ഓ അജയ് തുണ്ടത്തില്‍. സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയം ലളിതവും ആസ്വാദ്യകരവുമായ രീതിയില്‍ അവതരിപ്പിക്കുന്ന ‘സുധിപുരാണം’ ഇപ്പോള്‍ തന്നെ എ.ബി.സി ടാക്കീസില്‍ ലഭ്യമാണ്. കുടുംബത്തോടൊപ്പം ആസ്വദിച്ചു കാണാന്‍ പറ്റിയ ഒരു മികച്ച സറ്റയര്‍ ചിത്രമാണിത്.

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പ്രത്യാഘാതമായി രാജ്യത്ത് ഇന്ധനവില ഉയരാൻ തുടങ്ങിയതോടെ വൈദ്യുത വാഹന വിപണിക്ക് പുതിയ ഊർജ്ജം കൈവന്നിരിക്കുകയാണ്.

നീണ്ട നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം മെയ് 15-നാണ് പൊതുമേഖലാ എണ്ണക്കമ്പനികൾ രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചത്. തൊട്ടുപിന്നാലെ ചൊവ്വാഴ്ചയും വില ഉയർത്തി. എന്നാൽ ഇന്ധനവില വർധിക്കുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചു തുടങ്ങിയപ്പോൾ തന്നെ രാജ്യത്ത് വൈദ്യുത ഇരുചക്രവാഹനങ്ങളുടെ വിൽപ്പനയിൽ വലിയ കുതിച്ചുചാട്ടമാണ് പ്രകടമായത്. മെയ് മാസത്തിലെ ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രം രാജ്യത്ത് 49,809 വൈദ്യുത ഇരുചക്ര വാഹനങ്ങളാണ് വിറ്റുപോയത്. മുൻവർഷം ഇതേ കാലയളവിൽ ഇത് 43,897 എണ്ണമായിരുന്നു. അതായത്, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിപണിയിൽ 13.50 ശതമാനത്തിന്റെ മികച്ച വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ധനവില വർധനവിന്റെ ഭാരം വരും മുൻപ് തന്നെ ഉപഭോക്താക്കൾ വലിയ തോതിൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളിലേക്ക് മാറിയെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം, ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ ഈ മുന്നേറ്റം വൈദ്യുത കാറുകളുടെ വിപണിയിൽ ദൃശ്യമായിട്ടില്ല. മെയ് മാസത്തിലെ ആദ്യ രണ്ടാഴ്ചയിൽ 7,975 ഇലക്ട്രിക് കാറുകൾ മാത്രമാണ് വിറ്റുപോയത്. മുൻവർഷം ഇതേ കാലയളവിൽ ഇത് 9,917 എണ്ണമായിരുന്നു. ഇലക്ട്രിക് കാറുകളുടെ വിൽപ്പനയിൽ 20 ശതമാനത്തിന്റെ ഇടിവാണ് ഈ ദിവസങ്ങളിൽ ഉണ്ടായത്. സാധാരണ ഇലക്ട്രിക് കാറുകളുടെ ഉയർന്ന വിലയുമായി താരതമ്യം ചെയ്യുമ്പോൾ, ഇടത്തരം കുടുംബങ്ങൾക്ക് സാമ്പത്തികമായി കൈയൊതുങ്ങുന്ന ഒന്നാണ് ഇലക്ട്രിക് സ്കൂട്ടറുകളും ബൈക്കുകളും എന്നതുതന്നെയാണ് ഇരുചക്ര വാഹന വിപണിക്ക് തുണയായത്. എങ്കിലും വരും ദിവസങ്ങളിലും ഇന്ധനവില തുടർച്ചയായി വർധിക്കുകയാണെങ്കിൽ വരും മാസങ്ങളിൽ അത് കാറുകൾ ഉൾപ്പെടെയുള്ള മൊത്തം വൈദ്യുത വാഹന വിപണിക്കും വലിയ നേട്ടമായി മാറുമെന്നാണ് ഈ മേഖലയിലെ വിദഗ്ധർ വിലയിരുത്തുന്നത്.

ജെന്‍സി പിള്ളേരെ ഇനി അങ്ങനെയൊന്നും പേടിപ്പിക്കാന്‍ പറ്റില്ല.മാറിയ പേടിയുടെ പുതിയ സമവാക്യങ്ങൾ..

ഒരു വെള്ളത്തുണിയും നീളന്‍ മുടിയും പാലപ്പൂവിന്റെ ഗന്ധവുമൊക്കെയായി ഇറങ്ങാന്‍ വരട്ടെ..ഇന്ന് കാലം മാറി, കഥ മാറി, ആളുകളും. ജെന്‍സി പിള്ളേരെ ഇനി അങ്ങനെയൊന്നും പേടിപ്പിക്കാന്‍ പറ്റില്ല.അതെന്താന്നല്ലേ… പുതിയ കാലത്തെ മലയാള സിനിമയും പ്രേക്ഷകനും ഹൊറര്‍ സിനിമകളോട് പുലര്‍ത്തുന്ന ഈ മാറ്റത്തെ നമുക്കിങ്ങനെ ഒന്ന് സ്‌റ്റൈലിഷ് ആയി നോക്കിക്കാണാം. തൊണ്ണൂറുകളില്‍ ‘ആകാശഗംഗ’യിലെ ഗാനങ്ങള്‍ കേട്ട് പുതപ്പിനടിയില്‍ ഒളിച്ചിരുന്ന ഒരു തലമുറ നമുക്കുണ്ടായിരുന്നു. എന്നാല്‍ ഇന്നത്തെ ജെന്‍സി പിള്ളേര്‍ക്ക് ‘ആകാശഗംഗ’യൊക്കെ ഒരു നൊസ്റ്റാള്‍ജിയ മാത്രമാണ്. അവര്‍ക്ക് വേണ്ടത് പേടിപ്പിക്കുക എന്നതിലുപരി ഒരു ‘എക്‌സ്പീരിയന്‍സ്’ ആണ്.അതിന് ഉദാഹരണമാണ് ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്ര പോലുള്ള സിനിമകള്‍ നേടിയ വിജയം.ഹൊററിനൊപ്പം ഹ്യൂമര്‍ ചേര്‍ത്തപ്പോള്‍ അത് മലയാളിയുടെ പേടിയുടെ സമവാക്യങ്ങളെ മാറ്റിമറിച്ചു. ഇനി ‘ഡെലുലു’ എന്നതൊ ജെന്‍സിയുടെ പ്രിയപ്പെട്ട വാക്കാണ്. അമിതമായ ഭാവനയില്‍ ജീവിക്കുന്നവര്‍ക്ക് പ്രേതത്തേക്കാള്‍ പേടി ജീവിതത്തിലെ ചില കഠിനമായ യാഥാര്‍ഥ്യങ്ങളെയാണ്. ഇനി മലയാളിയെ വെറുതെയങ്ങ് കാല്‍ച്ചിലമ്പിന്റെ ശബ്ദം കേള്‍പ്പിച്ചോ കണ്ണുരുട്ടിക്കാണിച്ചോ പേടിപ്പിക്കാന്‍ പറ്റില്ല. വേണ്ടത് സൈക്കോളജിക്കല്‍ ഹോറര്‍ ട്രിക്കാണ്.പുറത്തുള്ള പ്രേതത്തേക്കാള്‍ ഉള്ളിലുള്ള ഭയത്തെ കാട്ടിക്കൊടുക്കുക. ഡെലുലു ‘ പോലുള്ള സിനിമകള്‍ ചെയ്തത് അതാണ് കണ്ണഞ്ചിപ്പിക്കുന്ന വിഷ്വല്‍സും ചെവി തുളയ്ക്കുന്ന സൗണ്ട് ഇഫക്റ്റുകളും ഇനിയും ആവശ്യമാണ്, പക്ഷേ അത് യുക്തിക്ക് നിരക്കുന്നതാകണം.ഓള്‍ഡ് തറവാടും പാതിരാത്രിയും വിട്ട് ഉദാഹരണത്തിന് ഡിജിറ്റല്‍ സ്‌ക്രീനുകളില്‍ ഹൊറര്‍ കൊണ്ടുവരിക എന്നതാണ്. ഈ ആ പാട്ട് കേള്‍ക്കുമ്പോള്‍ ശരീരത്തില്‍ വന്ന തണുപ്പ് ഇന്നും മിസ്സ് ചെയ്യുന്നവരുണ്ട്. പക്ഷേ ഇന്നത്തെ പ്രേക്ഷകന്‍ ചോദിക്കുന്നത്: ‘പ്രേതത്തിന് എന്തിനാണ് ഇത്ര നല്ല പാട്ട്?’ ശെരിയല്ലേ.ചുരുക്കത്തില്‍ മലയാളിക്ക് പേടി കുറഞ്ഞതല്ല, മറിച്ച് പേടിക്കുന്ന രീതി മാറിയതാണ്. ഇരുട്ടിലെ പ്രേതത്തേക്കാള്‍ ഇന്ന് അവര്‍ ഭയപ്പെടുന്നത് വെളിച്ചത്തിലെ മനുഷ്യരെയാണ്…അതിനര്‍ത്ഥം ഇനി മലയാളിയെ പേടിപ്പിക്കണമെങ്കില്‍, വെറും യക്ഷിക്കഥകള്‍ മാത്രം പോരാ, അവരുടെ ചിന്തകളെ ഉലയ്ക്കുന്ന ഒരു ‘സൈക്കോ-ഹൊറര്‍’ തന്ത്രങ്ങള്‍ തന്നെ ഇറക്കേണ്ടി വരും.

ഇന്ധന മേഖലയിൽ വിപ്ലവകരമായ മാറ്റത്തിന് ഒരുങ്ങി കേന്ദ്രസർക്കാർ

രാജ്യത്തെ ഇന്ധനമേഖലയിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. പെട്രോളിന് പകരമായി 100 ശതമാനം എഥനോൾ (E100) ഇന്ധനമായി ഉപയോഗിക്കുന്ന പദ്ധതിയുടെ ഭാഗമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തുടനീളം 5,000 ഇന്ധന വിതരണ കേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.ഇറക്കുമതി ചെലവ് കുറയ്ക്കുന്നതിനൊപ്പം കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓട്ടോമൊബൈൽ കമ്പനികളും എണ്ണ വിപണന സ്ഥാപനങ്ങളും ഈ പദ്ധതിക്കായി കൈകോർക്കുന്നത്.​നിലവിൽ പെട്രോളിൽ 20 ശതമാനം എഥനോൾ മാത്രമാണ് കലർത്തുന്നത്. എന്നാൽ പൂർണ്ണമായും എഥനോളിൽ ഓടുന്ന ഫ്‌ലെക്‌സ് ഫ്യുവൽ വാഹനങ്ങളുടെ പ്രോട്ടോടൈപ്പുകൾ മാരുതി സുസുക്കി, ടാറ്റ, ഹ്യുണ്ടായ്, ഹീറോ, ടിവിഎസ് തുടങ്ങിയ പ്രമുഖ കമ്പനികൾ ഇതിനകം വികസിപ്പിച്ചിട്ടുണ്ട്. എങ്കിലും പമ്പുകളുടെ കുറവും വിലയിലെ വ്യക്തതയില്ലായ്മയും കാരണം ഇത്തരം വാഹനങ്ങൾ വിപണിയിലെത്തിക്കാൻ കമ്പനികൾ മടിക്കുന്നു. ​സാമ്പത്തികമായി വലിയ നേട്ടമാണ് ഈ മാറ്റത്തിലൂടെ രാജ്യം പ്രതീക്ഷിക്കുന്നത്. അസംസ്‌കൃത എണ്ണ ഇറക്കുമതിക്കായി ചിലവിടുന്ന ലക്ഷക്കണക്കിന് കോടി രൂപ ലാഭിക്കാൻ കഴിയുന്നതിനൊപ്പം എഥനോൾ ഉത്പാദനത്തിലൂടെ എട്ട് കോടിയോളം കർഷകർക്ക് ഇതിന്റെ ഗുണഫലം ലഭിക്കും. നിലവിൽ ഇന്ത്യക്കാവശ്യമായ അസംസ്‌കൃത എണ്ണയുടെ 90 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്.​വെല്ലുവിളികളും ഈ മേഖലയിലുണ്ട്. സാധാരണ പെട്രോളിനെ അപേക്ഷിച്ച് എഥനോളിന് മൈലേജ് കുറവായതിനാൽ ഉപഭോക്താക്കളെ ആകർഷിക്കാൻ പെട്രോളിനേക്കാൾ കുറഞ്ഞത് 30 ശതമാനം എങ്കിലും കുറഞ്ഞ വിലയിൽ ഇന്ധനം ലഭ്യമാക്കണമെന്ന് വാഹന നിർമ്മാതാക്കൾ ആവശ്യപ്പെടുന്നു. കൂടാതെ ഫ്‌ലെക്‌സ് ഫ്യുവൽ വാഹനങ്ങൾക്ക് ജിഎസ്ടി ഇളവ് നൽകണമെന്ന ആവശ്യവും ശക്തമാണ്. ഐഒസി നേരത്തെ നടത്തിയ പൈലറ്റ് പ്രോജക്റ്റുകളിൽ തണുപ്പൻ പ്രതികരണമായിരുന്നു ലഭിച്ചത്. എന്നാൽ പുതിയ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതോടെ ഇന്ധന നയത്തിൽ വലിയ മുന്നേറ്റം ഉണ്ടാകുമെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ പ്രതീക്ഷ.

സൈബർ ട്രോളുകൾക്കിടയിലും സ്വന്തമായി സാമ്രാജ്യം തീർത്ത അലിൻ ജോസ്; പിന്തുണയുമായി ടിനി ടോം

സോഷ്യൽ മീഡിയയിലൂടെയും സിനിമാ റിവ്യൂകളിലൂടെയും മലയാളിക്ക് സുപരിചിതനായ അലിൻ ജോസ് പെരേരയെ അഭിനന്ദിച്ച് നടൻ ടിനി ടോം പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ മാധ്യമങ്ങളിൽ നിറയുന്നത്. മറ്റാരുടെയും സഹായമില്ലാതെ സ്വന്തം അധ്വാനം കൊണ്ട് മാത്രം ജീവിതത്തിൽ വിജയം കണ്ടെത്തിയ വ്യക്തിയാണ് അലിൻ എന്ന് ടിനി ടോം വ്യക്തമാക്കുന്നു. സമൂഹമാധ്യമങ്ങളിൽ നിരന്തരം പരിഹാസങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടും അതിനെയെല്ലാം അതിജീവിച്ച് മുന്നേറാൻ അലിന് സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ചില ഉദ്ഘാടന ചടങ്ങുകളിൽ അലിൻ പങ്കെടുത്തതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റർ കണ്ടപ്പോഴാണ് തനിക്ക് ഈ കുറിപ്പ് എഴുതാൻ തോന്നിയതെന്ന് ടിനി ടോം പറയുന്നു. പലരും അലിന്റെ പ്രകടനങ്ങളെയും രീതികളെയും വിമർശിക്കാറുണ്ടെങ്കിലും, ഇന്ന് ഒരു ആശുപത്രിയുടെ ഉദ്ഘാടകൻ എന്ന നിലയിലേക്ക് വരെ അവൻ വളർന്നു കഴിഞ്ഞു. അവനെ ചീത്തവിളിക്കുന്നവർ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്, തന്റെ അന്വേഷണത്തിൽ ഒരു ദിവസം കുറഞ്ഞത് അയ്യായിരം രൂപയെങ്കിലും അലിൻ സമ്പാദിക്കുന്നുണ്ട്. മറ്റുള്ളവരെ അധിക്ഷേപിക്കുന്നവർ സ്വന്തം ജീവിതത്തിൽ എന്താണ് നേടുന്നതെന്ന് ചിന്തിക്കണമെന്നും ടിനി ടോം കുറിച്ചു. മുൻപൊരു വിവാഹച്ചടങ്ങിൽ വെച്ച് അലിൻ ജോസിന് കടുത്ത അപമാനങ്ങൾ നേരിടേണ്ടി വന്നതും അവനെ അവിടെനിന്ന് ഇറക്കിവിട്ടതും കണ്ട് തന്റെ മനസ്സ് തകർന്നുവെന്ന് ടിനി ടോം വെളിപ്പെടുത്തി. അവൻ ആരോടും ഒരു ദ്രോഹവും ചെയ്തിട്ടില്ല, ആരുടെയും സ്വത്ത് മോഷ്ടിച്ചിട്ടുമില്ല. ഒരാളെ ഇഷ്ടമല്ലെങ്കിൽ അവരിൽ നിന്ന് അകലം പാലിക്കാം, എന്നാൽ എന്തിനാണ് ക്രൂരമായി ഉപദ്രവിക്കുന്നത്? അവനും ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമുള്ള വ്യക്തിയാണ്. ഇന്ന് കേരളമറിയുന്ന ഒരു സെലിബ്രിറ്റിയായി അലിൻ മാറുമ്പോൾ, അവനെ പരിഹസിച്ചവർക്ക് ഭാവിയിൽ തിരിഞ്ഞുനോക്കാൻ സ്വന്തമായി യാതൊരു നേട്ടവുമുണ്ടാകില്ല. മറ്റുള്ളവരെ തെറിവിളിക്കാൻ സമയം കളയാതെ സ്വന്തം കഴിവ് തെളിയിക്കാൻ ശ്രമിക്കണമെന്നും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പ്ലാറ്റ്‌ഫോമുകളിൽ തിരഞ്ഞാൽ പോലും അലിൻ സ്വയം വളർന്നുവന്ന ചരിത്രം കാണാൻ സാധിക്കുമെന്നും ടിനി ടോം കൂട്ടിച്ചേർത്തു.

ഒരു മണിക്കൂർ മരംവെട്ടിയാൽ അരലക്ഷം രൂപ! കാനഡയിലെ ‘ബ്ലൂ കോളർ’ ജോലിയുടെ വരുമാനം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

ഓഫീസ് ജോലികൾക്കും വൈറ്റ് കോളർ പദവികൾക്കും പിന്നാലെ പായുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ യുവാക്കൾക്ക് കാനഡയിൽ നിന്നുള്ള ഒരു വാർത്ത ഇപ്പോൾ വലിയ അത്ഭുതമായി മാറിയിരിക്കുകയാണ്. തന്റെ വീടിന് ചുറ്റുമുള്ള മരച്ചില്ലകൾ വെട്ടിമാറ്റാൻ വന്ന ഒരു തൊഴിലാളിക്ക് കേവലം ഒരു മണിക്കൂർ നേരത്തെ ജോലിക്ക് 700 കനേഡിയൻ ഡോളർ, അതായത് ഏകദേശം 49,000-ത്തിലധികം ഇന്ത്യൻ രൂപ നൽകേണ്ടി വന്ന അനുഭവം ‘വിശാൽ’ എന്ന ഇന്ത്യൻ യുവാവ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ശരിയായ ഉപകരണങ്ങളും കൃത്യമായ നൈപുണ്യവുമുണ്ടെങ്കിൽ കാനഡ പോലുള്ള വികസിത രാജ്യങ്ങളിൽ ഇത്തരം ബ്ലൂ കോളർ ജോലികളിലൂടെ എത്രത്തോളം വലിയ തുക സമ്പാദിക്കാം എന്ന് ഈ സംഭവം വ്യക്തമാക്കുന്നു. വേനൽക്കാലത്ത് മരംവെട്ടിയും ശീതകാലത്ത് മഞ്ഞുമാറ്റിയും വർഷം മുഴുവൻ വലിയ വരുമാനം നേടുന്ന ഇത്തരം തൊഴിലാളികൾക്ക് അവിടെ വൻ ഡിമാൻഡാണ്. എന്നാൽ, ഒറ്റനോട്ടത്തിൽ വലിയ ലാഭമെന്ന് തോന്നുമെങ്കിലും ഈ തുകയ്ക്ക് പിന്നിൽ കഠിനമായ ശാരീരിക അധ്വാനവും ഉയർന്ന അപകടസാധ്യതയും അടങ്ങിയിട്ടുണ്ടെന്ന് യുവാവ് ഓർമ്മിപ്പിക്കുന്നു. വിലകൂടിയ അത്യാധുനിക യന്ത്രങ്ങൾ, ട്രക്കുകൾ, ഇന്ധനച്ചെലവ്, ഇൻഷുറൻസ്, കനത്ത നികുതി എന്നിവയെല്ലാം കഴിഞ്ഞ് ഈ തുകയിൽ നിന്ന് വലിയൊരു ഭാഗം ബിസിനസ്സ് ചിലവുകളിലേക്ക് പോകാറുണ്ടെന്നാണ് കാനഡയിലെ ബിസിനസ്സ് രീതികളെക്കുറിച്ച് അറിയുന്നവർ വ്യക്തമാക്കുന്നത്. എങ്കിലും പ്ലംബിംഗ്, ഇലക്ട്രിക്കൽ, ലാൻഡ്സ്കേപ്പിംഗ് തുടങ്ങിയ പരമ്പരാഗത ഇതര ജോലികൾക്ക് വിദേശരാജ്യങ്ങളിൽ ലഭിക്കുന്ന വലിയ വരുമാന സാധ്യതകളെക്കുറിച്ചുള്ള ചർച്ചകൾക്ക് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ തുടക്കമിട്ടിരിക്കുകയാണ്.

ഡിഎൻഎ ടെസ്റ്റിൽ ചെറിയമ്മയായി മാറിയ പെറ്റമ്മ;  ശാസ്ത്രത്തെ ഞെട്ടിച്ച ലിഡിയ

സ്വന്തം ചോരയിൽ പിറന്ന, ഒൻപതു മാസം ഗർഭപാത്രത്തിൽ ചുമന്നു പ്രസവിച്ച മക്കൾ തന്റേതല്ല എന്ന് കേൾക്കേണ്ടി വരുന്ന ഒരു അമ്മയുടെ മാനസികാവസ്ഥ ഊഹിക്കാവുന്നതിലും അപ്പുറമാണ്. ശാസ്ത്രം നൂറു ശതമാനം കൃത്യത അവകാശപ്പെടുന്ന ഡിഎൻഎ (DNA) പരിശോധന ഒരു അമ്മയെ സ്വന്തം മക്കളുടെ ‘ചെറിയമ്മ’യാക്കി മാറ്റിയ വിചിത്രവും എന്നാൽ സത്യവുമായ ഒരു സംഭവമാണ് അമേരിക്കയിലെ വാഷിംഗ്ടൺ സ്വദേശിയായ ലിഡിയ ഫെയർചൈൽഡ് എന്ന യുവതിയുടെ ജീവിതത്തിൽ ഉണ്ടായത്. ജനിതക ശാസ്ത്രത്തിന്റെ ചരിത്രത്തെത്തന്നെ തിരുത്തിക്കുറിക്കാൻ പ്രകൃതി ഒരുക്കിവെച്ച ഒരു വലിയ അദ്ഭുതത്തിന്റെ തുടക്കമായിരുന്നു അത്. 2002-ൽ തന്റെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകാൻ ഒരുങ്ങുന്ന സമയത്താണ് സാമ്പത്തികമായി ബുദ്ധിമുട്ടിലായ ലിഡിയ സർക്കാർ ആനുകൂല്യങ്ങൾക്കായി അപേക്ഷിക്കുന്നത്. ഇതിന്റെ നിയമപരമായ നടപടികളുടെ ഭാഗമായി മാതാപിതാക്കളുടെയും കുട്ടികളുടെയും ഡിഎൻഎ പരിശോധന നടത്താൻ അധികൃതർ ആവശ്യപ്പെട്ടു. പരിശോധനാ ഫലം വന്നപ്പോൾ അധികൃതർക്കൊപ്പം ലിഡിയയും ഞെട്ടിപ്പോയി. കുട്ടികളുടെ പിതാവിന്റെ ഡിഎൻഎ ഫലം കൃത്യമായി ഒത്തുപോയപ്പോൾ, ലിഡിയയുടെ രക്തസാമ്പിളുകൾ കുട്ടികളുമായി ഒട്ടും പൊരുത്തപ്പെടുന്നതായിരുന്നില്ല. മെഡിക്കൽ റിപ്പോർട്ട് പ്രകാരം ലിഡിയ ആ കുട്ടികളുടെ ജൈവിക മാതാവല്ല (Biological mother) എന്നായിരുന്നു കണ്ടെത്തിയത്. മറ്റാരുടെയോ കുട്ടികളെ സ്വന്തമെന്ന് കാണിച്ച് പണം തട്ടാൻ ശ്രമിക്കുന്ന വഞ്ചകിയായി ലിഡിയ മുദ്രകുത്തപ്പെട്ടു. കുട്ടികളെ അവരിൽ നിന്നും മാറ്റാനും ജയിൽ ശിക്ഷ നൽകാനും കോടതി ഉത്തരവിട്ടതോടെ ആ അമ്മ പാടെ തകർന്നുപോയി. താൻ കൺമുന്നിൽ പ്രസവിച്ച കുട്ടികൾ തന്റേതല്ല എന്ന് ശാസ്ത്രം പറയുമ്പോൾ ആരോട് പരാതി പറയണം എന്നറിയാത്ത അവസ്ഥയിലായിരുന്നു അവർ. ഇതിനിടയിൽ ലിഡിയ തന്റെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകി. പ്രസവമുറിയിൽ വെച്ച്, കോടതി നിരീക്ഷകന്റെ സാന്നിധ്യത്തിൽ തൊട്ടടുത്ത നിമിഷം തന്നെ കുഞ്ഞിന്റെയും അമ്മയുടെയും സാമ്പിളുകൾ ശേഖരിച്ച് വീണ്ടും പരിശോധന നടത്തി. എന്നാൽ പ്രകൃതിയെ വീണ്ടും വെല്ലുവിളിച്ചുകൊണ്ട് ആ കുഞ്ഞിന്റെയും അമ്മയല്ല ലിഡിയ എന്ന ഫലമാണ് പുറത്തുവന്നത്. ലിഡിയ ജയിലിലേക്ക് പോകുമെന്ന് ഉറപ്പായ ഘട്ടത്തിലാണ് അവരുടെ വക്കീലായ അലൻ ടിൻഡൽ ജനിതക ശാസ്ത്രത്തിലെ ‘കൈമേറിസം’ (Chimerism) എന്ന അപൂർവ പ്രതിഭാസത്തെക്കുറിച്ച് മനസ്സിലാക്കുന്നത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് മെഡിക്കൽ ലോകത്തെത്തന്നെ അത്ഭുതപ്പെടുത്തിയ ആ രഹസ്യം പുറത്തുവന്നത്. ലിഡിയയുടെ രക്തത്തിലും മുടിയിലും ഉള്ള ഡിഎൻഎ കുട്ടികളുമായി പൊരുത്തപ്പെട്ടില്ലെങ്കിലും, അവരുടെ ഗർഭപാത്രത്തിലെ കോശങ്ങളിൽ നിന്നുള്ള ഡിഎൻഎ കുട്ടികളുടേതുമായി നൂറു ശതമാനം ഒത്തുപോകുന്നതായി കണ്ടെത്തി. അമ്മയുടെ വയറ്റിൽ ഭ്രൂണമായി വളരുന്ന ഘട്ടത്തിൽ ലിഡിയയ്‌ക്കൊപ്പം ഒരു ഇരട്ടസഹോദരി കൂടി ഉണ്ടായിരുന്നു. എന്നാൽ വളർച്ചയുടെ ആദ്യ ആഴ്ചകളിൽ വെച്ച് തന്നെ ലിഡിയയുടെ ശരീരം ആ ഇരട്ടസഹോദരിയുടെ ഭ്രൂണത്തെ തന്നിലേക്ക് ആഗിരണം ചെയ്യുകയായിരുന്നു . അങ്ങനെ രണ്ട് മനുഷ്യരുടെ ഡിഎൻഎ ഘടന ഒരൊറ്റ ശരീരത്തിൽ ഒതുങ്ങി. ലിഡിയയുടെ പ്രത്യുത്പാദന അവയവങ്ങൾ രൂപപ്പെട്ടത് ജനിക്കാതെ പോയ ആ ഇരട്ടസഹോദരിയുടെ കോശങ്ങളിൽ നിന്നായിരുന്നു. അതുകൊണ്ട് തന്നെ ലിഡിയ ജന്മം നൽകിയ കുട്ടികൾക്ക് ലഭിച്ചത് അവരുടെ ജനിക്കാതെ പോയ ചെറിയമ്മയുടെ (അമ്മയുടെ ഇരട്ടസഹോദരിയുടെ) ഡിഎൻഎ ആയിരുന്നു. ഇതുകൊണ്ടാണ് സാധാരണ ഡിഎൻഎ ടെസ്റ്റിൽ ലിഡിയ കുട്ടികളുടെ അമ്മയല്ല, പകരം ചെറിയമ്മയാണെന്ന ഫലം കാണിച്ചത്. ഒടുവിൽ ശാസ്ത്രം ഈ സത്യം അംഗീകരിക്കുകയും കോടതി ലിഡിയയ്‌ക്കെതിരെയുള്ള എല്ലാ കേസുകളും തള്ളിക്കളഞ്ഞ് മക്കളെ തിരികെ നൽകുകയും ചെയ്തു.

തരംഗമായി കോക്രോച്ച് ജനത പാർട്ടി

ഇന്ത്യൻ സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കണ്ണ് തള്ളിക്കുന്ന രീതിയിലാണ് ‘കോക്രോച്ച് ജനത പാർട്ടി’ എന്ന പുത്തൻ കൂട്ടായ്മ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ ഇതിനോടകം തന്നെ 2.9 മില്യൺ (29 ലക്ഷം) ഫോളോവേഴ്സിനെ സ്വന്തമാക്കാൻ ഈ പ്രസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്. നിലവിൽ യുവജന പ്രതിഷേധങ്ങളുടെ ഏറ്റവും പുതിയതും ശക്തവുമായ മുഖമായി ഇത് മാറിയിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ അഭിജീത് ദിപ് കെ സ്ഥാപിച്ച ഈ വിചിത്രമായ കൂട്ടായ്മ, രാഷ്ട്രീയ പരിഹാസത്തിലൂടെ രാജ്യത്തെ തൊഴിലില്ലായ്മ, അഴിമതി തുടങ്ങിയ പ്രസക്തമായ ജനകീയ വിഷയങ്ങൾ ഉന്നയിച്ചാണ് ദേശീയ ശ്രദ്ധ ആകെ ആകർഷിക്കുന്നത്. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സൂര്യകാന്തിന്റെ ഒരു പരാമർശത്തിൽ നിന്നാണ് ഈ വലിയ സമൂഹ മാധ്യമ പ്രസ്ഥാനത്തിന്റെ തുടക്കം കുറിച്ചത്. ഇന്ത്യൻ യുവാക്കളെ അദ്ദേഹം പാറ്റകളെന്നും പരാന്നഭോജികളെന്നും വിളിച്ച് ആക്ഷേപിച്ചു എന്ന് ആരോപിച്ചാണ് സമൂഹ മാധ്യമങ്ങളിൽ ഈ പുതിയ കൂട്ടായ്മ രൂപം കൊണ്ടത്. എന്നാൽ തന്റെ വാക്കുകൾ പൂർണ്ണമായും തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് ജസ്റ്റിസ് സൂര്യകാന്ത് പിന്നീട് വിശദീകരണം നൽകുകയുണ്ടായി. എങ്കിലും ഈ പ്രതിഷേധ കൂട്ടായ്മ യുവാക്കൾക്കിടയിൽ കാട്ടുതീ പോലെ വളരെ വേഗത്തിൽ പടർന്നു പന്തലിക്കുകയായിരുന്നു. ‘യുവാക്കളുടെ, യുവാക്കളാൽ, യുവാക്കൾക്ക് വേണ്ടിയുള്ള ഒരു രാഷ്ട്രീയ മുന്നണി’ എന്ന പരസ്യ പ്രഖ്യാപനത്തോടെയാണ് ഈ കൂട്ടായ്മ തങ്ങളുടെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്. വെറുമൊരു തമാശ എന്നതിനപ്പുറം, വ്യവസ്ഥിതികളോടുള്ള കടുത്ത അമർഷവും പരിഹാസവും കലർന്ന വീഡിയോകളും റീലുകളുമാണ് ഇതിലൂടെ യുവാക്കൾ നിരന്തരം പങ്കുവെക്കുന്നത്. നിലവിലെ അധികാര വർഗ്ഗത്തിനുംBoone തലമുറയിലെ രാഷ്ട്രീയ വ്യവസ്ഥിതികൾക്കും എതിരെ ഡിജിറ്റൽ യുഗത്തിൽ യുവാക്കൾ നടത്തുന്ന വേറിട്ടൊരു സമരമുറയായിട്ടാണ് സമൂഹ മാധ്യമ ലോകം ഇതിനെ വിലയിരുത്തുന്നത്.