സ്വന്തം ചോരയിൽ പിറന്ന, ഒൻപതു മാസം ഗർഭപാത്രത്തിൽ ചുമന്നു പ്രസവിച്ച മക്കൾ തന്റേതല്ല എന്ന് കേൾക്കേണ്ടി വരുന്ന ഒരു അമ്മയുടെ മാനസികാവസ്ഥ ഊഹിക്കാവുന്നതിലും അപ്പുറമാണ്. ശാസ്ത്രം നൂറു ശതമാനം കൃത്യത അവകാശപ്പെടുന്ന ഡിഎൻഎ (DNA) പരിശോധന ഒരു അമ്മയെ സ്വന്തം മക്കളുടെ ‘ചെറിയമ്മ’യാക്കി മാറ്റിയ വിചിത്രവും എന്നാൽ സത്യവുമായ ഒരു സംഭവമാണ് അമേരിക്കയിലെ വാഷിംഗ്ടൺ സ്വദേശിയായ ലിഡിയ ഫെയർചൈൽഡ് എന്ന യുവതിയുടെ ജീവിതത്തിൽ ഉണ്ടായത്. ജനിതക ശാസ്ത്രത്തിന്റെ ചരിത്രത്തെത്തന്നെ തിരുത്തിക്കുറിക്കാൻ പ്രകൃതി ഒരുക്കിവെച്ച ഒരു വലിയ അദ്ഭുതത്തിന്റെ തുടക്കമായിരുന്നു അത്.
2002-ൽ തന്റെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകാൻ ഒരുങ്ങുന്ന സമയത്താണ് സാമ്പത്തികമായി ബുദ്ധിമുട്ടിലായ ലിഡിയ സർക്കാർ ആനുകൂല്യങ്ങൾക്കായി അപേക്ഷിക്കുന്നത്. ഇതിന്റെ നിയമപരമായ നടപടികളുടെ ഭാഗമായി മാതാപിതാക്കളുടെയും കുട്ടികളുടെയും ഡിഎൻഎ പരിശോധന നടത്താൻ അധികൃതർ ആവശ്യപ്പെട്ടു. പരിശോധനാ ഫലം വന്നപ്പോൾ അധികൃതർക്കൊപ്പം ലിഡിയയും ഞെട്ടിപ്പോയി. കുട്ടികളുടെ പിതാവിന്റെ ഡിഎൻഎ ഫലം കൃത്യമായി ഒത്തുപോയപ്പോൾ, ലിഡിയയുടെ രക്തസാമ്പിളുകൾ കുട്ടികളുമായി ഒട്ടും പൊരുത്തപ്പെടുന്നതായിരുന്നില്ല. മെഡിക്കൽ റിപ്പോർട്ട് പ്രകാരം ലിഡിയ ആ കുട്ടികളുടെ ജൈവിക മാതാവല്ല (Biological mother) എന്നായിരുന്നു കണ്ടെത്തിയത്. മറ്റാരുടെയോ കുട്ടികളെ സ്വന്തമെന്ന് കാണിച്ച് പണം തട്ടാൻ ശ്രമിക്കുന്ന വഞ്ചകിയായി ലിഡിയ മുദ്രകുത്തപ്പെട്ടു. കുട്ടികളെ അവരിൽ നിന്നും മാറ്റാനും ജയിൽ ശിക്ഷ നൽകാനും കോടതി ഉത്തരവിട്ടതോടെ ആ അമ്മ പാടെ തകർന്നുപോയി.
താൻ കൺമുന്നിൽ പ്രസവിച്ച കുട്ടികൾ തന്റേതല്ല എന്ന് ശാസ്ത്രം പറയുമ്പോൾ ആരോട് പരാതി പറയണം എന്നറിയാത്ത അവസ്ഥയിലായിരുന്നു അവർ. ഇതിനിടയിൽ ലിഡിയ തന്റെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകി. പ്രസവമുറിയിൽ വെച്ച്, കോടതി നിരീക്ഷകന്റെ സാന്നിധ്യത്തിൽ തൊട്ടടുത്ത നിമിഷം തന്നെ കുഞ്ഞിന്റെയും അമ്മയുടെയും സാമ്പിളുകൾ ശേഖരിച്ച് വീണ്ടും പരിശോധന നടത്തി. എന്നാൽ പ്രകൃതിയെ വീണ്ടും വെല്ലുവിളിച്ചുകൊണ്ട് ആ കുഞ്ഞിന്റെയും അമ്മയല്ല ലിഡിയ എന്ന ഫലമാണ് പുറത്തുവന്നത്. ലിഡിയ ജയിലിലേക്ക് പോകുമെന്ന് ഉറപ്പായ ഘട്ടത്തിലാണ് അവരുടെ വക്കീലായ അലൻ ടിൻഡൽ ജനിതക ശാസ്ത്രത്തിലെ ‘കൈമേറിസം’ (Chimerism) എന്ന അപൂർവ പ്രതിഭാസത്തെക്കുറിച്ച് മനസ്സിലാക്കുന്നത്.
തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് മെഡിക്കൽ ലോകത്തെത്തന്നെ അത്ഭുതപ്പെടുത്തിയ ആ രഹസ്യം പുറത്തുവന്നത്. ലിഡിയയുടെ രക്തത്തിലും മുടിയിലും ഉള്ള ഡിഎൻഎ കുട്ടികളുമായി പൊരുത്തപ്പെട്ടില്ലെങ്കിലും, അവരുടെ ഗർഭപാത്രത്തിലെ കോശങ്ങളിൽ നിന്നുള്ള ഡിഎൻഎ കുട്ടികളുടേതുമായി നൂറു ശതമാനം ഒത്തുപോകുന്നതായി കണ്ടെത്തി. അമ്മയുടെ വയറ്റിൽ ഭ്രൂണമായി വളരുന്ന ഘട്ടത്തിൽ ലിഡിയയ്‌ക്കൊപ്പം ഒരു ഇരട്ടസഹോദരി കൂടി ഉണ്ടായിരുന്നു. എന്നാൽ വളർച്ചയുടെ ആദ്യ ആഴ്ചകളിൽ വെച്ച് തന്നെ ലിഡിയയുടെ ശരീരം ആ ഇരട്ടസഹോദരിയുടെ ഭ്രൂണത്തെ തന്നിലേക്ക് ആഗിരണം ചെയ്യുകയായിരുന്നു . അങ്ങനെ രണ്ട് മനുഷ്യരുടെ ഡിഎൻഎ ഘടന ഒരൊറ്റ ശരീരത്തിൽ ഒതുങ്ങി.
ലിഡിയയുടെ പ്രത്യുത്പാദന അവയവങ്ങൾ രൂപപ്പെട്ടത് ജനിക്കാതെ പോയ ആ ഇരട്ടസഹോദരിയുടെ കോശങ്ങളിൽ നിന്നായിരുന്നു. അതുകൊണ്ട് തന്നെ ലിഡിയ ജന്മം നൽകിയ കുട്ടികൾക്ക് ലഭിച്ചത് അവരുടെ ജനിക്കാതെ പോയ ചെറിയമ്മയുടെ (അമ്മയുടെ ഇരട്ടസഹോദരിയുടെ) ഡിഎൻഎ ആയിരുന്നു. ഇതുകൊണ്ടാണ് സാധാരണ ഡിഎൻഎ ടെസ്റ്റിൽ ലിഡിയ കുട്ടികളുടെ അമ്മയല്ല, പകരം ചെറിയമ്മയാണെന്ന ഫലം കാണിച്ചത്. ഒടുവിൽ ശാസ്ത്രം ഈ സത്യം അംഗീകരിക്കുകയും കോടതി ലിഡിയയ്‌ക്കെതിരെയുള്ള എല്ലാ കേസുകളും തള്ളിക്കളഞ്ഞ് മക്കളെ തിരികെ നൽകുകയും ചെയ്തു.





