‘കുമ്പളങ്ങി’ക്ക് ശേഷം മധു സി.നാരായണൻ വരുന്നു…നായകനായി നസ്‌ലെനും

മലയാള സിനിമയിൽ നിന്ന് പാൻ ഇന്ത്യൻ തലത്തിൽ വരെ ചർച്ച ചെയ്യപ്പെട്ട ‘കുമ്പളങ്ങി നൈറ്റ്സ്’ ഓർമ്മയില്ലേ? ആ കൾട്ട് ക്ലാസിക് ചിത്രം തിയേറ്ററുകളിൽ എത്തിച്ചിട്ട് ഏഴ് വർഷങ്ങൾ പിന്നിടുമ്പോഴും സംവിധായകൻ മധു സി. നാരായണന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു സിനിമാപ്രേമികൾ.ഇപ്പോഴിതാ ആ കാത്തിരിപ്പിന് വിരാമമാകുന്നു. മധു സി. നാരായണൻ ഒരുക്കുന്ന പുതിയ ചിത്രത്തിൽ യൂത്തിന്റെ പ്രിയതാരം നസ്‌ലെനാണ് നായകനായെത്തുന്നത്.യൂത്തിനൊപ്പം വലിയൊരു ഫാമിലി ഓഡിയൻസിനെയും കൈയിലെടുത്ത നസ്‌ലെൻ, മധു സി. നാരായണൻ ചിത്രത്തിലൂടെ കരിയറിലെ മറ്റൊരു വലിയ ലാൻഡ്മാർക്കിലേക്ക് കടക്കുകയാണ്. ജൂലൈ അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് മലയാളിക്ക് ഒട്ടനവധി മാന്ത്രിക ഗാനങ്ങൾ സമ്മാനിച്ച റെക്സ് വിജയൻ ആണ്. ‘സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള’ ഒരു സിനിമയായിരിക്കും ഇതെന്നാണ് പുറത്തുവരുന്ന സൂചനകൾ. അനന്തു പ്രൊഡക്ഷൻസിന്റെ ബാനറിൽ അനന്ദു ആണ് ചിത്രം നിർമ്മിക്കുന്നത്.
കോഹ്‌ലിയുടെ ആർസിബി സാമ്രാജ്യത്തിന്റെ സുവർണ അധ്യായം

ആർസിബിയുടെ തുടക്കം മുതൽ ഇന്നുവരെ, കഴിഞ്ഞ ഇരുപതോളം വർഷങ്ങളായി ആ ഫ്രാഞ്ചൈസിയുടെ എല്ലാ ഉയർച്ചതാഴ്ചകളിലും കൂടെയുണ്ടായിരുന്ന ഒരേയൊരു പേരേയുള്ളൂ വിരാട് കോഹ്‌ലി. ഐപിഎൽ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ എഴുതപ്പെടേണ്ട ഒന്നാണ് നമ്മൾ കണ്ടത്. നീണ്ട പതിനെട്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ വർഷം ആദ്യ കിരീടം ചൂടിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, ഈ വർഷവും ആ കിരീടം നിലനിർത്തിക്കൊണ്ട് തങ്ങളുടെ രണ്ടാം കപ്പ് സ്വന്തമാക്കിയിരിക്കുകയാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് തകർത്താണ് ആർസിബി തങ്ങളുടെ ബാക്ക്-ടു-ബാക്ക് കിരീടനേട്ടം ആഘോഷമാക്കിയത്. ഇതോടെ ചെന്നൈ സൂപ്പർ കിങ്സിനും മുംബൈ ഇന്ത്യൻസിനും ശേഷം ഐപിഎൽ കിരീടം നിലനിർത്തുന്ന ചരിത്രത്തിലെ മൂന്നാമത്തെ മാത്രം ടീമായി ബംഗളൂരു മാറി. കിരീടമില്ലാത്ത വർഷങ്ങളിലെ കടുത്ത പരിഹാസങ്ങളിൽ നിന്നും കരിയറിലെ മോശം ഫോമിൽ നിന്നും പോരാടി ലോഗോയിലെ സിംഹത്തെപ്പോലെ കോഹ്‌ലി തിരിച്ചുവന്ന കഥ ഏതൊരു കായികപ്രേമിക്കും വലിയൊരു പ്രചോദനമാണ്. തുടർച്ചയായ രണ്ടാം ഐപിഎൽ കിരീടം ബംഗളൂരുവിൽ എത്തിച്ചുകൊണ്ട് വിരാട് കോഹ്‌ലി തന്റെ കരിയറിലെ ഏറ്റവും സുവർണ്ണമായ അധ്യായമാണ് ഇപ്പോൾ എഴുതിച്ചേർത്തിരിക്കുന്നത്. ഈ അവിശ്വസനീയമായ വിജയത്തിന് പിന്നിൽ ആർസിബിയുടെ സ്വന്തം വിരാട് കോഹ്‌ലിയുടെ അസാധ്യ പ്രകടനമായിരുന്നു പ്രധാനം. ഗുജറാത്ത് ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗളൂരുവിനായി 42 പന്തിൽ പുറത്താകാതെ 75 റൺസ് അടിച്ചുകൂട്ടിയാണ് കോഹ്‌ലി ടീമിനെ വിജയതീരത്ത് എത്തിച്ചത്. ഐപിഎൽ ചരിത്രത്തിലെ തന്റെ ഏറ്റവും വേഗമേറിയ അർധസെഞ്ചുറി കൂടിയാണ് ഫൈനലിൽ കോഹ്‌ലി കുറിച്ചത്. മത്സരത്തിന്റെ അവസാന പന്തിൽ ലോങ് ഓണിന് മുകളിലൂടെ സിക്സർ പറത്തിക്കൊണ്ട് അദ്ദേഹം കളി അവസാനിപ്പിച്ചപ്പോൾ, അത് വർഷങ്ങളായി തങ്ങളെ പരിഹസിച്ചവർക്കുള്ള വായടപ്പൻ മറുപടി കൂടിയായിരുന്നു. ഈ സീസണിൽ ആകെ 16 ഇന്നിങ്സുകളിൽ നിന്ന് 56.25 ശരാശരിയിലും 165.84 എന്ന തകർപ്പൻ സ്ട്രൈക്ക് റേറ്റിലും 675 റൺസാണ് കോഹ്‌ലി അക്കൗണ്ടിലാക്കിയത്. ഇതിൽ കൊൽക്കത്തയ്ക്ക് എതിരെ നേടിയ പുറത്താകാതെയുള്ള 105 റൺസും അഞ്ച് അർധസെഞ്ചുറികളും ഉൾപ്പെടുന്നു. റൺവേട്ടയിൽ മുന്നിൽ നിൽക്കുന്നതിനൊപ്പം ടീമിനെ വീണ്ടും ചാമ്പ്യന്മാരാക്കാൻ കഴിഞ്ഞതാണ് വിരാടിന് ഈ സീസണിലെ ഏറ്റവും വലിയ നേട്ടം. കിരീടനേട്ടത്തിന് പിന്നാലെ കോഹ്‌ലി പങ്കുവെച്ച ഇൻസ്റ്റാഗ്രാം സ്റ്റോറിയും സോഷ്യൽ മീഡിയയിൽ ആരാധകർ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ആർസിബി എന്ന ഫ്രാഞ്ചൈസിയുടെ തുടക്കം മുതൽ ഇത്രയും ദശകങ്ങളായി ആ ടീമിന്റെ കൂടെയുള്ള ഒരേയൊരു താരം വിരാട് കോഹ്‌ലി മാത്രമാണ്. ഒട്ടനവധി തോൽവികളും നിരാശകളും ഒരു കിരീടം പോലുമില്ലാത്ത വർഷങ്ങളും കടന്നുപോയിട്ടും ആർസിബി എന്ന വികാരത്തെ നെഞ്ചോട് ചേർത്തുപിടിച്ച കോഹ്‌ലിയുടെ ത്യാഗത്തിനുള്ള പ്രതിഫലമാണ് ഈ തുടർച്ചയായ രണ്ട് കിരീടങ്ങൾ. കരിയറിന്റെ പല ഘട്ടങ്ങളിലും ബാറ്റിംഗിൽ ഫോം കണ്ടെത്താനാകാതെ കടുത്ത വിമർശനങ്ങൾ നേരിടേണ്ടി വന്നപ്പോഴും ആർസിബിയും കോഹ്‌ലിയും പരസ്പരം കൈവിട്ടില്ല. ടീമിന്റെ ക്യാപ്റ്റൻ രജത് പടിദാറും ഫൈനലിൽ മൂന്ന് നിർണ്ണായക വിക്കറ്റുകളുമായി തിളങ്ങിയ റസിഖ് സലാമും മികച്ച ബൗളിംഗ് കാഴ്ചവെച്ച ഭുവനേശ്വർ കുമാറും അടങ്ങുന്ന സംഘം ഈ സീസണിൽ ഉടനീളം കാണിച്ച ആധിപത്യം ചെറുതല്ല. ആദ്യ കിരീടത്തിനായി വർഷങ്ങളോളം കാത്തിരിക്കേണ്ടി വന്നവർക്ക് അടുത്ത കിരീടം നേടാൻ വെറും ഒരു വർഷം മാത്രമേ കാത്തിരിക്കേണ്ടി വന്നുള്ളൂ എന്നത് ഏതൊരു ആർസിബി ആരാധകനും അഭിമാനത്തോടെ ഓർക്കാവുന്ന കാര്യമാണ്. വിജയപരാജയങ്ങളുടെ എല്ലാ ഘട്ടങ്ങളിലും ആർസിബിയെ താങ്ങിനിർത്തിയ വിരാട് കോഹ്‌ലി എന്ന ഇതിഹാസം ഒടുവിൽ ടീമിനെ ഒരു വലിയ സാമ്രാജ്യമാക്കി വളർത്തിയിരിക്കുകയാണ്.
അതിരു കടന്നു പ്രണയം…പാക് യുവാവ് പിടിയിൽ

ഓൺലൈൻ വഴി തുടങ്ങിയ പ്രണയത്തിനൊടുവിൽ കാമുകിയെ നേരിൽ കാണാൻ അതിർത്തി മറികടന്ന് ഇന്ത്യയിലെത്തിയ പാകിസ്ഥാൻ അധിനിവേശ കാശ്മീർ സ്വദേശി പിടിയിൽ.ജമ്മു കശ്മീരിലെ ഉറി സെക്ടറിലുള്ള യുവതിയെ തേടിയെത്തിയ 22-കാരനായ സീഷാൻ അഹമ്മദ് മീറാണ് ഇന്ത്യൻ അതിർത്തിക്കുള്ളിൽ വെച്ച് സൈന്യത്തിന്റെ പിടിയിലായത്. ഞായറാഴ്ച രാവിലെ ഒൻപതരയോടെ ഉറിയിലെ സിലിക്കോട്ട് മേഖലയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ഇയാളെ സൈന്യം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് അതിർത്തികൾ നിസ്സാരമാക്കിയ ഈ ‘ഓൺലൈൻ പ്രണയകഥ’ പുറത്തുവരുന്നത്. പാക് അധിനിവേശ കശ്മീരിലെ മുസാഫറാബാദ് സ്വദേശിയായ സീഷാന്റെ പക്കൽ നിന്നും പാകിസ്ഥാൻ തിരിച്ചറിയൽ കാർഡും സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെടുത്തു. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ഉറി സ്വദേശിനിയായ ഇറാം ബാനു എന്ന യുവതിയുമായി താൻ കടുത്ത പ്രണയത്തിലാണെന്നും, അവളെ കാണാൻ വേണ്ടിയാണ് നിയന്ത്രണ രേഖ മറികടന്നതെന്നും യുവാവ് സമ്മതിച്ചിട്ടുണ്ട്. ഓൺലൈൻ വഴി പരിചയപ്പെട്ട ഇരുവരും നിരന്തരം സമ്പർക്കം പുലർത്തിയിരുന്നതായി അധികൃതർ വ്യക്തമാക്കുന്നു. നിലവിൽ സീഷാനെയും ഇയാൾ കാണാനെത്തിയ യുവതിയെയും സുരക്ഷാ ഏജൻസികൾ ചോദ്യം ചെയ്തുവരികയാണ്. യുവാവിന്റെ മൊഴികളിലെ സത്യബോധവും അതോടൊപ്പം ഇതിന് പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യങ്ങളുണ്ടോ എന്നും സുരക്ഷാ ഉദ്യോഗസ്ഥർ വിശദമായി പരിശോധിക്കുന്നുണ്ട്.
മിൽമ പാൽ, തൈര് വില വർധന: പുതിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ

മിൽമ പാലിനും തൈരിനും ഇന്ന് മുതൽ വില വർധനവ് നിലവിൽ വന്നു. പാൽ ലിറ്ററിന് നാല് രൂപയും തൈര് കിലോഗ്രാമിന് പത്ത് രൂപയുമാണ് വർധിപ്പിച്ചിരിക്കുന്നത്. ഉത്പാദനച്ചെലവ് ക്രമാതീതമായി വർധിച്ച സാഹചര്യത്തിലാണ് ഈ വിലക്കയറ്റം അനിവാര്യമായതെന്ന് മിൽമ നേരത്തെ വ്യക്തമാക്കിയിരുന്നു. ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാൽ പുതിയ പാക്കറ്റുകൾ വിപണിയിൽ എത്തുന്നത് വരെ പഴയ വില രേഖപ്പെടുത്തിയ കവറുകളിലായിരിക്കും പാൽ ലഭ്യമാവുക. നെയ്യ് ഉൾപ്പെടെയുള്ള മറ്റ് മിൽമ ഉൽപ്പന്നങ്ങളുടെ വിലയും വരും ദിവസങ്ങളിൽ ഉയരാൻ സാധ്യതയുണ്ട്.വർധിപ്പിച്ച വിലയുടെ 83.75 ശതമാനവും നേരിട്ട് കർഷകർക്ക് ലഭിക്കുന്ന രീതിയിലാണ് വിതരണം ക്രമീകരിച്ചിരിക്കുന്നത്. ഇതിലൂടെ ലിറ്ററിന് 3.33 രൂപ വീതം കർഷകരുടെ വരുമാനത്തിൽ അധികമായി ലഭിക്കും. ബാക്കി വരുന്ന തുകയിൽ 6.25 ശതമാനം വീതം പാൽ സൊസൈറ്റികൾക്കും വിതരണക്കാർക്കും നൽകും. മിൽമയുടെ പ്രവർത്തനങ്ങൾക്കായി 2.5 ശതമാനം തുക മാറ്റിവെക്കുമ്പോൾ 0.75 ശതമാനം കർഷക ക്ഷേമനിധിയിലേക്കും 0.5 ശതമാനം പ്ലാസ്റ്റിക് മാലിന്യ നിർമാർജന പദ്ധതികൾക്കുമായാണ് വിനിയോഗിക്കുന്നത്. പുതിയ നിരക്കുകൾ പ്രകാരം മഞ്ഞ കവർ പാലിന് 27 രൂപയും, നീല, ഓറഞ്ച് കവർ പാലുകൾക്ക് 30 രൂപ വീതവുമാണ് വില. പച്ച കവർ പാലിന് 32 രൂപയും ഒരു ലിറ്റർ കൗ മിൽക് ബോട്ടിലിന് 75 രൂപയുമാണ് പുതിയ വില. തൈര് ക്ലാസിക് 40 രൂപയ്ക്കും തൈര് എലൈറ്റ് 45 രൂപയ്ക്കുമാണ് ഇനി ലഭിക്കുക. പാചകവാതകത്തിന് പിന്നാലെ പാലിനും തൈരിനും കൂടി വില കൂടിയതോടെ ഹോട്ടൽ ഭക്ഷണത്തിന്റെ ചെലവ് ഇനിയും ഉയരുമെന്ന ആശങ്കയിലാണ് ഹോട്ടലുടമകളും സാധാരണക്കാരും.
വാണിജ്യ സിലിണ്ടര്‍ വില വീണ്ടും കൂട്ടി; ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല

രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു. വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന്റെ വിലയിലാണ് ഇപ്പോൾ വൻ വർധനവുണ്ടായിരിക്കുന്നത്. എന്നാൽ, ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ നിലവിൽ മാറ്റമില്ലെന്നത് മാത്രമാണ് ആശ്വാസം.പുതുക്കിയ വില ജൂൺ 1 മുതൽ പ്രാബല്യത്തിൽ വന്നു. 19 കിലോഗ്രാം വാണിജ്യസിലിണ്ടറിന് ഡൽഹിയിൽ 42 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഡൽഹിയിൽ സിലിണ്ടറിന് 3113.50 രൂപയായി. അഞ്ച് കിലോഗ്രാം സിലിണ്ടറിന് 11 രൂപയും വർധിപ്പിച്ചു. ഡൽഹിയിൽ വില 821.50 രൂപയും കൊൽക്കത്തയിൽ 19 കിലോ സിലിണ്ടറിന് 50 രൂപയും കൂട്ടി. ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ നിലവിൽ മാറ്റമില്ലെന്നാണ് റിപ്പോർട്ട്. തുടര്‍ച്ചയായുണ്ടാകുന്ന ഈ വിലവര്‍ധനവ് ഹോട്ടല്‍ വ്യവസായത്തെ കടുത്ത അനിശ്ചിതത്വത്തിലേക്കാണ് തള്ളിവിടുന്നത്.പശ്ചിമേഷ്യൻ രാജ്യങ്ങളിലെ രാഷ്ട്രീയ പ്രതിസന്ധിയാണ് പെട്ടെന്നുള്ള ഈ വിലവർധനവിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. മെയ് ആദ്യവാരത്തിലും വാണിജ്യ സിലിണ്ടറുകൾക്ക് 900 രൂപയിലേറെ വർധിപ്പിച്ചിരുന്നു. പൈപ്പ് വഴി പ്രകൃതി വാതകം ലഭിക്കുന്ന പിഎൻജി കണക്ഷനുള്ള വീടുകളിൽ ഇനി മുതൽ എൽപിജി സിലിണ്ടറുകൾ ഉപയോഗിക്കാൻ അനുവാദമില്ല. പിഎൻജി കണക്ഷനുള്ള ഉപഭോക്താക്കൾ തങ്ങളുടെ എൽപിജി സിലിണ്ടറും കണക്ഷനും നിർബന്ധമായും സറണ്ടർ ചെയ്യേണ്ടിവരും. പിഎൻജി സൗകര്യമില്ലാത്ത മറ്റ് പ്രദേശങ്ങളിലേക്ക് താമസം മാറുന്ന സാഹചര്യമുണ്ടായാൽ എൽപിജി കണക്ഷനുകൾ പുനഃസ്ഥാപിച്ചു നൽകും തുടങ്ങിയ നിബന്ധനകൾ ഗ്യാസ് കമ്പനികൾ ഇതിനകം തന്നെ ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്.
ബെംഗളൂരുവിലെ ബസ് കണ്ടക്ടർ ടു ഇന്ത്യൻ സിനിമയുടെ ‘തലൈവർ’; സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്ന ആ ഐഡന്റിറ്റി കാർഡ്

ഇന്ത്യൻ സിനിമയിലെ ഇതിഹാസമായി മാറുന്നതിനും മുൻപ്, ബെംഗളൂരുവിലെ തിരക്കേറിയ തെരുവുകളിൽ 10എ നമ്പർ ബസിൽ ടിക്കറ്റ് കീറി നൽകിയിരുന്ന ഒരു സാധാരണക്കാരനുണ്ടായിരുന്നു—ശിവാജി റാവു ഗെയ്ക്‌വാദ്. അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായ അദ്ദേഹത്തിന്റെ 1971-ലെ പഴയൊരു ഐഡന്റിറ്റി കാർഡ്, ആ പഴയ ഓർമ്മകളെ വീണ്ടും ജനമനസ്സുകളിലേക്ക് എത്തിച്ചിരിക്കുകയാണ്. വെറും 275 രൂപ പ്രതിമാസ ശമ്പളം വാങ്ങിയിരുന്ന ആ ഇരുപതുകാരൻ കണ്ടക്ടറിൽ നിന്നും, ഇന്ന് കോടിക്കണക്കിന് ആരാധകരുടെ ഹൃദയം കവർന്ന്, ഒരു സിനിമയ്ക്ക് 150 കോടിയിലധികം പ്രതിഫലം വാങ്ങുന്ന ‘സൂപ്പർസ്റ്റാർ രജനീകാന്ത്’ എന്ന പദവിയിലേക്കുള്ള വളർച്ച കേവലമൊരു സിനിമാക്കഥയേക്കാൾ വിസ്മയിപ്പിക്കുന്നതാണ്. പണത്തിന്റെയോ പ്രശസ്തിയുടെയോ കണക്കുകൾക്കപ്പുറം, കഠിനാധ്വാനത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമാണ് ഈ കാർഡ്.അന്ന് ബെംഗളൂരുവിലെ സിറ്റി ബസുകളിൽ യാത്രക്കാർക്കായി അസാധാരണമായ വേഗത്തിൽ നോട്ടുകൾ എണ്ണുകയും, സ്റ്റൈലായി ടിക്കറ്റ് കീറുകയും, ചടുലതയോടെ വിസിൽ മുഴക്കുകയും ചെയ്തിരുന്ന ആ ചെറുപ്പക്കാരനിലാണ് ഇന്ന് ലോകം കാണുന്ന പല ‘രജനി ട്രേഡ്‌മാർക്കുകളും’ രൂപപ്പെട്ടത്. എത്ര വലിയ ഉയരങ്ങളിൽ എത്തിയിട്ടും തന്റെ ഭൂതകാലത്തെയോ, സിനിമാമോഹങ്ങൾക്ക് കൂട്ടായിരുന്ന ബസ് ഡ്രൈവർ രാജ് ബഹാദൂറിനെപ്പോലെയുള്ള സുഹൃത്തുക്കളെയോ അദ്ദേഹം മറന്നിട്ടില്ല. ഏതാനും മാസങ്ങൾക്ക് മുൻപ് ജയനഗറിലെ ബസ് ഡിപ്പോയിൽ അപ്രതീക്ഷിതമായി സന്ദർശനം നടത്തി അവിടുത്തെ ജീവനക്കാർക്കൊപ്പം സമയം ചെലവഴിച്ച രജനീകാന്ത്, എളിയ തുടക്കങ്ങളിൽ നിന്ന് വരുന്നവർക്ക് ഇന്നും വലിയൊരു പ്രചോദനമാണ്.
ലഹരിമാഫിയയുടെ വേരറുക്കാൻ ‘ഓപ്പറേഷൻ തൂഫാൻ’; സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച

കേരളത്തിൽ ലഹരിമാഫിയയുടെ പ്രവർത്തനം വേരോടെ അറുക്കുക എന്ന ലക്ഷ്യത്തോടെ ആഭ്യന്തര വകുപ്പ് ആവിഷ്കരിച്ച ‘ഓപ്പറേഷൻ തൂഫാൻ; ദി നാർക്കോ ഹണ്ട്’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ലഹരി വിരുദ്ധ വേട്ടയായി വിഭാവനം ചെയ്തിരിക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ വെച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവ്വഹിക്കും. സിന്തറ്റിക്, കെമിക്കൽ മരുന്നുകളുടെ അതിവേഗ വ്യാപനത്തെ തടയാൻ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഈ ഡിജിറ്റൽ യുഗത്തിന് അനുയോജ്യമായ രീതിയിൽ കേരള പോലീസ് പദ്ധതി നടപ്പിലാക്കുന്നത്.ഈ പദ്ധതിയുടെ ഭാഗമായി ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് രഹസ്യമായി കൈമാറാൻ പ്രത്യേക ആപ്പുകളും വാട്സാപ്പ് ചാറ്റ്‌ബോട്ടുകളും സജ്ജമാക്കും. ക്യാമ്പസുകളും റസിഡൻഷ്യൽ മേഖലകളും കേന്ദ്രീകരിച്ച് ഹോട്ട്‌സ്പോട്ടുകൾ കണ്ടെത്തുകയും ഡ്രോണുകളുടെ സഹായത്തോടെ സ്മാർട്ട് പട്രോളിംഗ് നടത്തുകയും ചെയ്യും. കുട്ടികളെ ലഹരിക്ക് ഇരയാക്കുന്ന സംഘങ്ങളെ കണ്ടെത്തുക, കുറ്റവാളികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുക, സ്കൂൾ പരിസരങ്ങളിലെ പുകയില വിൽപനയും ഡി.ജെ പാർട്ടികളിലെ ലഹരി ഉപയോഗവും തടയുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങൾ. കൂടാതെ അയൽ സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാരുമായി സഹകരിച്ച് അന്തർസംസ്ഥാന ലഹരി കടത്ത് തടയാൻ സംയുക്ത നിരീക്ഷണം ശക്തമാക്കും. സ്കൂൾ തലത്തിൽ പ്രത്യേക കരിക്കുലം ഉൾപ്പെടുത്തിയും പൊതുജന പങ്കാളിത്തം ഉറപ്പാക്കിയും ലഹരിക്കെതിരായ ഈ പോരാട്ടത്തെ ഒരു വലിയ ജനകീയ മുന്നേറ്റമാക്കി മാറ്റാനാണ് ആഭ്യന്തര വകുപ്പ് ലക്ഷ്യമിടുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, എക്സൈസ്, ഗതാഗതം തുടങ്ങി വിവിധ സർക്കാർ വകുപ്പുകളുടെ കൃത്യമായ ഏകോപനത്തോടെയാണ് ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്.
പുഞ്ചിരിയും പുസ്തകസഞ്ചിയുമായി കുരുന്നുകൾ അക്ഷരമുറ്റത്തേക്ക്; പുതിയ അധ്യയനവർഷത്തെ വരവേറ്റ് കേരളം

വേനലവധിക്ക് വിരാമമിട്ടുകൊണ്ട് സംസ്ഥാനത്തെ വിദ്യാലയങ്ങൾ ഇന്ന് വീണ്ടും സജീവമാവുകയാണ്. പുതിയ പ്രതീക്ഷകളും പുസ്തകസഞ്ചികളുമായി ലക്ഷക്കണക്കിന് കുരുന്നുകളാണ് ഇന്ന് അക്ഷരമുറ്റത്തേക്ക് ചുവടുവെക്കുന്നത്. പുതിയ അധ്യയനവർഷത്തെ വരവേൽക്കാൻ സംസ്ഥാനത്തുടനീളമുള്ള വിദ്യാലയങ്ങൾ എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയാക്കിക്കഴിഞ്ഞു. ഈ വർഷത്തെ സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം തിരുവനന്തപുരം പട്ടം ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ വെച്ചാണ് നടക്കുന്നത്. മുഖ്യമന്ത്രി വി.ഡി സതീശൻ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കും. വിദ്യാർത്ഥിനികൾക്കായി സർക്കാർ പ്രഖ്യാപിച്ച ആർത്തവ അവധി ഉൾപ്പെടെയുള്ള പുരോഗമനപരമായ തീരുമാനങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ പ്രവേശനോത്സവം നടക്കുന്നത് എന്നത് ഈ അധ്യയനവർഷത്തെ കൂടുതൽ സവിശേഷമാക്കുന്നുണ്ട്.സംസ്ഥാനമൊട്ടാകെ പ്രവേശനോത്സവ ലഹരിയിലാറുമ്പോഴും കാസർകോട് ജില്ലയിൽ രണ്ട് വ്യത്യസ്ത പ്രവേശനോത്സവങ്ങളാണ് ഇത്തവണ നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്. സ്കൂൾ പ്രവേശനോത്സവത്തിന്റെ വേദി മാറ്റിയതുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിയോജിപ്പുകളും സമ്മർദ്ദങ്ങളുമാണ് ഇതിന് കാരണം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ കൈകോട്ടുകടവ് സ്കൂളിലും, ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചായോത്ത് സ്കൂളിലുമാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. ചായോത്ത് സ്കൂളിൽ കാഞ്ഞങ്ങാട് എംഎൽഎ ഗോവിന്ദൻ പള്ളിക്കാപ്പിലും, കൈകോട്ടുകടവ് സ്കൂളിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫും ജില്ലാതല ഉദ്ഘാടനങ്ങൾ നിർവ്വഹിക്കും. എങ്കിലും ആദ്യമായി സ്കൂളിലെത്തുന്ന ഒന്നാം ക്ലാസുകാരെ മധുരവും സമ്മാനങ്ങളും നൽകി വരവേൽക്കാനാണ് അധ്യാപകരും രക്ഷിതാക്കളും പൂർവ്വവിദ്യാർത്ഥികളും ഒരുങ്ങിയിരിക്കുന്നത്. കുട്ടികളെ സ്വീകരിക്കാൻ ക്ലാസ് മുറികൾ തോരണങ്ങൾ തൂക്കിയും ചിത്രങ്ങൾ വരച്ചും മനോഹരമാക്കിയിട്ടുണ്ട്. വിദ്യാലയങ്ങളും പരിസരവും ശുചീകരിക്കുന്നതിനൊപ്പം കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള വിപുലമായ ക്രമീകരണങ്ങളും പൂർത്തിയായിട്ടുണ്ട്. കുരുന്നുകളുടെ കളിചിരികളും കളിക്കൂട്ടുകാരുടെ ഒത്തുചേരലുകളുമായി കേരളത്തിലെ അക്ഷരമുറ്റങ്ങൾ ഇനി സജീവമാകും.