വേനലവധിക്ക് വിരാമമിട്ടുകൊണ്ട് സംസ്ഥാനത്തെ വിദ്യാലയങ്ങൾ ഇന്ന് വീണ്ടും സജീവമാവുകയാണ്. പുതിയ പ്രതീക്ഷകളും പുസ്തകസഞ്ചികളുമായി ലക്ഷക്കണക്കിന് കുരുന്നുകളാണ് ഇന്ന് അക്ഷരമുറ്റത്തേക്ക് ചുവടുവെക്കുന്നത്. പുതിയ അധ്യയനവർഷത്തെ വരവേൽക്കാൻ സംസ്ഥാനത്തുടനീളമുള്ള വിദ്യാലയങ്ങൾ എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയാക്കിക്കഴിഞ്ഞു. ഈ വർഷത്തെ സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം തിരുവനന്തപുരം പട്ടം ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ വെച്ചാണ് നടക്കുന്നത്. മുഖ്യമന്ത്രി വി.ഡി സതീശൻ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കും.
വിദ്യാർത്ഥിനികൾക്കായി സർക്കാർ പ്രഖ്യാപിച്ച ആർത്തവ അവധി ഉൾപ്പെടെയുള്ള പുരോഗമനപരമായ തീരുമാനങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ പ്രവേശനോത്സവം നടക്കുന്നത് എന്നത് ഈ അധ്യയനവർഷത്തെ കൂടുതൽ സവിശേഷമാക്കുന്നുണ്ട്.
സംസ്ഥാനമൊട്ടാകെ പ്രവേശനോത്സവ ലഹരിയിലാറുമ്പോഴും കാസർകോട് ജില്ലയിൽ രണ്ട് വ്യത്യസ്ത പ്രവേശനോത്സവങ്ങളാണ് ഇത്തവണ നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്. സ്കൂൾ പ്രവേശനോത്സവത്തിന്റെ വേദി മാറ്റിയതുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിയോജിപ്പുകളും സമ്മർദ്ദങ്ങളുമാണ് ഇതിന് കാരണം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ കൈകോട്ടുകടവ് സ്കൂളിലും, ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചായോത്ത് സ്കൂളിലുമാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. ചായോത്ത് സ്കൂളിൽ കാഞ്ഞങ്ങാട് എംഎൽഎ ഗോവിന്ദൻ പള്ളിക്കാപ്പിലും, കൈകോട്ടുകടവ് സ്കൂളിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫും ജില്ലാതല ഉദ്ഘാടനങ്ങൾ നിർവ്വഹിക്കും.
എങ്കിലും ആദ്യമായി സ്കൂളിലെത്തുന്ന ഒന്നാം ക്ലാസുകാരെ മധുരവും സമ്മാനങ്ങളും നൽകി വരവേൽക്കാനാണ് അധ്യാപകരും രക്ഷിതാക്കളും പൂർവ്വവിദ്യാർത്ഥികളും ഒരുങ്ങിയിരിക്കുന്നത്. കുട്ടികളെ സ്വീകരിക്കാൻ ക്ലാസ് മുറികൾ തോരണങ്ങൾ തൂക്കിയും ചിത്രങ്ങൾ വരച്ചും മനോഹരമാക്കിയിട്ടുണ്ട്. വിദ്യാലയങ്ങളും പരിസരവും ശുചീകരിക്കുന്നതിനൊപ്പം കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള വിപുലമായ ക്രമീകരണങ്ങളും പൂർത്തിയായിട്ടുണ്ട്. കുരുന്നുകളുടെ കളിചിരികളും കളിക്കൂട്ടുകാരുടെ ഒത്തുചേരലുകളുമായി കേരളത്തിലെ അക്ഷരമുറ്റങ്ങൾ ഇനി സജീവമാകും.





