കേരളത്തിൽ ലഹരിമാഫിയയുടെ പ്രവർത്തനം വേരോടെ അറുക്കുക എന്ന ലക്ഷ്യത്തോടെ ആഭ്യന്തര വകുപ്പ് ആവിഷ്കരിച്ച ‘ഓപ്പറേഷൻ തൂഫാൻ; ദി നാർക്കോ ഹണ്ട്’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ലഹരി വിരുദ്ധ വേട്ടയായി വിഭാവനം ചെയ്തിരിക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ വെച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവ്വഹിക്കും.
സിന്തറ്റിക്, കെമിക്കൽ മരുന്നുകളുടെ അതിവേഗ വ്യാപനത്തെ തടയാൻ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഈ ഡിജിറ്റൽ യുഗത്തിന് അനുയോജ്യമായ രീതിയിൽ കേരള പോലീസ് പദ്ധതി നടപ്പിലാക്കുന്നത്.
ഈ പദ്ധതിയുടെ ഭാഗമായി ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് രഹസ്യമായി കൈമാറാൻ പ്രത്യേക ആപ്പുകളും വാട്സാപ്പ് ചാറ്റ്ബോട്ടുകളും സജ്ജമാക്കും. ക്യാമ്പസുകളും റസിഡൻഷ്യൽ മേഖലകളും കേന്ദ്രീകരിച്ച് ഹോട്ട്സ്പോട്ടുകൾ കണ്ടെത്തുകയും ഡ്രോണുകളുടെ സഹായത്തോടെ സ്മാർട്ട് പട്രോളിംഗ് നടത്തുകയും ചെയ്യും. കുട്ടികളെ ലഹരിക്ക് ഇരയാക്കുന്ന സംഘങ്ങളെ കണ്ടെത്തുക, കുറ്റവാളികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുക, സ്കൂൾ പരിസരങ്ങളിലെ പുകയില വിൽപനയും ഡി.ജെ പാർട്ടികളിലെ ലഹരി ഉപയോഗവും തടയുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങൾ. കൂടാതെ അയൽ സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാരുമായി സഹകരിച്ച് അന്തർസംസ്ഥാന ലഹരി കടത്ത് തടയാൻ സംയുക്ത നിരീക്ഷണം ശക്തമാക്കും.
സ്കൂൾ തലത്തിൽ പ്രത്യേക കരിക്കുലം ഉൾപ്പെടുത്തിയും പൊതുജന പങ്കാളിത്തം ഉറപ്പാക്കിയും ലഹരിക്കെതിരായ ഈ പോരാട്ടത്തെ ഒരു വലിയ ജനകീയ മുന്നേറ്റമാക്കി മാറ്റാനാണ് ആഭ്യന്തര വകുപ്പ് ലക്ഷ്യമിടുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, എക്സൈസ്, ഗതാഗതം തുടങ്ങി വിവിധ സർക്കാർ വകുപ്പുകളുടെ കൃത്യമായ ഏകോപനത്തോടെയാണ് ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്.





