വാണിയപ്പാറ പള്ളിയിൽ ഒരുകല്ലറയിൽ രണ്ട് മൃതദേഹങ്ങൾ?

കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറയിൽ ഒരു മൃതദേഹത്തിന് പുറമെ പായയിൽ പൊതിഞ്ഞ മറ്റൊരു മൃതദേഹം കൂടി കണ്ടെത്തിയത് വലിയ രീതിയിലുള്ള ചർച്ചകൾക്കും ദുരൂഹതകൾക്കുമാണ് വഴിതുറന്നിരിക്കുന്നത്. സാധാരണയായി ക്രിസ്ത്യൻ ആചാരപ്രകാരം ഒരു കല്ലറയിൽ ഇത്തരത്തിൽ രണ്ട് മൃതദേഹങ്ങൾ അടക്കം ചെയ്യാറില്ലാത്തതിനാൽ, പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത് മൃതദേഹം തന്നെയാണോ എന്ന കാര്യത്തിലാണ് ഇപ്പോൾ സംശയം ഉയരുന്നത്. കല്ലറ തുറന്നപ്പോൾ ഈ അസ്വാഭാവിക കാഴ്ച ശ്രദ്ധയിൽപ്പെട്ട ഒരു നാട്ടുകാരൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് വിവരം പുറംലോകം അറിയുന്നത്. തുടർന്ന് സംഭവത്തിൽ കരിക്കോട്ടക്കരി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.വിഷയത്തിൽ പ്രദേശവാസിയായ ജിൽസ് ഉണ്ണിമാക്കൽ പ്രതികരിച്ചത് ദുരൂഹത തോന്നിയ സാഹചര്യത്തിലാണ് താൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടതെന്നാണ്. ഈ അസ്വാഭാവികതയെക്കുറിച്ച് അറിഞ്ഞവർ ആരും തന്നെ പുറത്തുപറയാൻ തയ്യാറാകാതിരുന്ന പശ്ചാത്തലത്തിലാണ് കുറിപ്പ് പങ്കുവെച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അതേസമയം, പള്ളിക്കമ്മിറ്റി തന്നെയാണ് പൊലീസിൽ വിവരം അറിയിച്ചതെന്ന് വികാരി ഫാ. ജിൽബർട്ട് കൊന്നയിൽ വ്യക്തമാക്കിയിട്ടുണ്ട്. കല്ലറയിൽ കണ്ടത് മൃതദേഹമാണെന്ന സംശയം പള്ളി അധികൃതർക്കുമുണ്ട്. ഇത് മുൻപ് പോസ്റ്റ്മോർട്ടം ചെയ്ത ഏതെങ്കിലും മൃതദേഹത്തിന്റെ അവശിഷ്ടങ്ങളാണോ എന്ന സംശയവും വികാരി പ്രകടിപ്പിക്കുന്നുണ്ട്. ഏതായാലും പൊലീസിന്റെ ഔദ്യോഗിക അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നാണ് പള്ളി അധികൃതരുടെ നിലപാട്.നിയമപരമായ അന്വേഷണത്തിലൂടെ മാത്രമേ ഇതിന് പിന്നിലെ യഥാർത്ഥ വസ്തുത എന്താണെന്ന് വ്യക്തമാകൂ.

നടക്കാനുള്ള അവകാശം മൗലികാവകാശം സുപ്രീം കോടതി

വണ്ടിയോടിക്കുന്നവരുടെ ആഡംബരത്തേക്കാൾ പ്രാധാന്യം കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്കാണ് എന്ന് അടിവരയിടുന്ന ചരിത്രപ്രധാനമായ ഒരു വിധിയാണ് രാജ്യത്തിന്റെ പരമോന്നത കോടതിയിൽ നിന്ന് വന്നിരിക്കുന്നത്.സുരക്ഷിതമായ നടപ്പാതകളിലൂടെ ( സഞ്ചരിക്കാനുള്ള അവകാശം പൗരന്റെ മൗലികാവകാശമാണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചിരിക്കുന്നു. റോഡുകളിൽ മോട്ടോർ വാഹനങ്ങളേക്കാൾ പ്രാഥമിക പരിഗണന നൽകേണ്ടത് കാൽനടയാത്രക്കാർക്കാണെന്നാണ് കോടതിയുടെ കർശന നിരീക്ഷണം.സ്കൂളിലേക്ക് നടന്നുപോയ അഞ്ചു വയസ്സുകാരൻ ടാങ്കർ ലോറിയിടിച്ച് മരിച്ച ദാരുണമായ ഒരു അപകടക്കേസ് പരിഗണിക്കവെയാണ്, ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അതുൽ എസ്. ചന്ദൂർക്കർ എന്നിവരടങ്ങിയ ബെഞ്ച് രാജ്യത്തെ റോഡ് വികസന സങ്കൽപ്പങ്ങളെത്തന്നെ മാറ്റിമറിക്കാൻ പോന്ന ഈ വിധി പുറപ്പെടുവിച്ചത്. അപകടം നടന്ന റോഡിൽ നടപ്പാതയോ സീബ്രാ ക്രോസിംഗോ ഇല്ലായിരുന്നു എന്നത് കോടതി ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(d) നൽകുന്ന സഞ്ചാര സ്വാതന്ത്ര്യം, ആർട്ടിക്കിൾ 21 ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശം എന്നിവയുടെ പരിധിയിൽ വരുന്നതാണ് ‘നടക്കാനുള്ള അവകാശം’ എന്ന് കോടതി വ്യക്തമാക്കുന്നു. മാത്രമല്ല, അഭിപ്രായ സ്വാതന്ത്ര്യം (19(1)(a)), ഒരുമിച്ചുകൂടാനുള്ള അവകാശം (19(1)(b)) എന്നിവയുമായും ഇത് ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു എന്ന് വിധിന്യായത്തിൽ പറയുന്നുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരവും സാമൂഹിക പരിഷ്കരണങ്ങളും രൂപപ്പെട്ടത് പദയാത്രകളിലൂടെയും നടത്തത്തിലൂടെയുമാണെന്ന മനോഹരമായ ചരിത്ര ഓർമ്മപ്പെടുത്തലും കോടതി നടത്തി.ഒരു സ്ഥലത്ത് റോഡുണ്ടെങ്കിൽ അവിടെ കാൽനടയാത്രക്കാർക്കായി കൃത്യമായി വേർതിരിച്ചതും നന്നായി പരിപാലിക്കുന്നതുമായ നടപ്പാതകൾ ഉണ്ടായിരിക്കണം എന്നത് നഗരവികസന അതോറിറ്റികൾ, മുൻസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ, പഞ്ചായത്തുകൾ എന്നിവരുടെ നിയമപരമായ കടമയാണ്. ഇതിൽ വീഴ്ച വരുത്തിയാൽ തദ്ദേശ സ്ഥാപനങ്ങൾക്കെതിരെ ഭരണഘടനാപരമായും സിവിൽ നിയമപ്രകാരവും നഷ്ടപരിഹാരത്തിനും പുനഃസ്ഥാപനത്തിന പൗരന്മാർക്ക് കോടതിയെ സമീപിക്കാം. ഇത് മോട്ടോർ വാഹന നിയമപ്രകാരമുള്ള ക്ലെയിമുകൾക്ക് പുറമെയായിരിക്കും.ചക്രങ്ങൾ നമ്മുടെ ഭാവനയെ കീഴടക്കിയപ്പോൾ കോർപ്പറേഷനുകളും നഗരസഭകളും വണ്ടിക്കാർക്ക് വേണ്ടി മാത്രമായി റോഡുകൾ നിർമ്മിക്കാൻ തുടങ്ങി. ഇത് മാറണം. നടപ്പാതകൾ നിർമ്മിക്കുന്നതിനും പരിപാലിക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങൾക്കുള്ള നിയമപരമായ ഉത്തരവാദിത്തം നിശ്ചയിച്ചുകൊണ്ട് കേന്ദ്രസർക്കാർ പ്രത്യേക നിയമം നിർമ്മിക്കണമെന്നും ഇതിനായി ഒരു സ്ഥിരം റെഗുലേറ്ററി ബോഡി രൂപീകരിക്കണമെന്നും സുപ്രീം കോടതി കേന്ദ്ര മന്ത്രാലയങ്ങളോടും ലോ കമ്മീഷനോടും ആവശ്യപ്പെട്ടിട്ടുണ്ട്. വികസനമെന്നാൽ വണ്ടികൾക്ക് പായാനുള്ള റോഡുകൾ മാത്രമല്ല, സാധാരണക്കാരന് പേടിയില്ലാതെ നടക്കാനുള്ള സൗകര്യം കൂടിയാണെന്ന് ഈ വിധി ഓർമ്മിപ്പിക്കുന്നു.

റെഡി ടു ഡ്രിങ്ക് ബിവറേജസ് ഇനി കേരളത്തിലും; ബജറ്റിലെ പുതിയ മദ്യനയം

കഴിഞ്ഞ ദിവസം സഭയിൽ അവതരിപ്പിച്ച ബജറ്റിലെ ഏറ്റവും വലിയ ചർച്ചാവിഷയങ്ങളിൽ ഒന്നായിരുന്നു ‘വീര്യം കുറഞ്ഞ മദ്യ’ങ്ങൾക്കായുള്ള പുതിയ നികുതി ഘടന. ബിയറും വൈനും വിദേശമദ്യവുമൊക്കെ നിലവിലുള്ളപ്പോൾ ഇതെന്താണ് ഈ സംഭവം എന്ന് പലർക്കും സംശയമുണ്ടാകും. ലളിതമായി പറഞ്ഞാൽ, ആഗോളതലത്തിലും മറ്റ് മെട്രോ നഗരങ്ങളിലും വലിയ തരംഗമായ ‘റെഡി-ടു-ഡ്രിങ്ക്’ (RTD) ബിവറേജുകളും പ്രീ-മിക്സ്ഡ് കോക്ടെയിലുകളുമാണ് ഇനി നമ്മുടെ കേരളത്തിലേക്കും വരുന്നത്.മുൻപ് ഇത്തരം മദ്യങ്ങൾക്ക് അനുമതിയുണ്ടായിരുന്നെങ്കിലും കൃത്യമായി എത്ര നികുതി ഈടാക്കണമെന്നതിൽ വ്യക്തതയില്ലാത്തതിനാൽ പ്രമുഖ കമ്പനികളൊന്നും ഇവ കേരള വിപണിയിൽ ഇറക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ പുതിയ ബജറ്റിലൂടെ സർക്കാർ ഈ നികുതി ഘടന കൃത്യമായി നിർവചിച്ചിരിക്കുകയാണ്. ആൽക്കഹോളിന്റെ അളവ് അടിസ്ഥാനമാക്കി ഈ വിഭാഗത്തെ രണ്ടായി തിരിച്ചാണ് വിൽപ്പന നികുതി നിശ്ചയിച്ചിരിക്കുന്നത്. 0.5% മുതൽ 10% വരെ വീര്യമുള്ളവയ്ക്ക് 120 ശതമാനവും, 10% മുതൽ 20% വരെ വീര്യമുള്ളവയ്ക്ക് 175 ശതമാനവുമാണ് വിൽപ്പന നികുതി. അതേസമയം നിലവിലുള്ള സാധാരണ വിദേശമദ്യത്തിന്റെയോ (251%), ബിയറിന്റെയോ (116%), വൈനിന്റെയോ (86%) നികുതിയിലോ വീര്യത്തിലോ യാതൊരു മാറ്റവും വരുത്തിയിട്ടുമില്ല. പുതിയ നികുതി വ്യവസ്ഥ നിലവിൽ വരുന്നതോടെ വലിയ ബിസിനസ്സ് സാധ്യതയാണ് സംസ്ഥാനത്ത് തുറക്കുന്നത്. നിലവിൽ ഗോവ, കർണാടക, മഹാരാഷ്ട്ര, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ ടൂറിസം കേന്ദ്രങ്ങളിലും മെട്രോ നഗരങ്ങളിലും മാത്രം കണ്ട് പരിചയിച്ച പല പ്രമുഖ അന്താരാഷ്ട്ര-ഇന്ത്യൻ ബ്രാൻഡുകളും ഇനി ബെവ്കോ കൗണ്ടറുകൾ വഴി ഔദ്യോഗികമായി നമ്മുടെ കൈകളിലെത്തും. അതിൽ പ്രധാനപ്പെട്ട ഒന്നാണ് വോഡ്കയോ വിസ്കിയോ കലർത്തിയ, പഴങ്ങളുടെ രുചിയുള്ള ഫ്‌ളേവേർഡ് ആൽക്കഹോളിക് ബിവറേജുകൾ. നിലവിൽ നമുക്ക് പരിചിതമായ Bacardi Breezer പോലുള്ള ബ്രാൻഡുകൾ പുതിയ നികുതി ഘടനയിലേക്ക് മാറാൻ ഇത് വഴിയൊരുക്കും. കൂടാതെ ബാറുകളിൽ പോയി മിക്സ് ചെയ്ത് വാങ്ങുന്ന വോഡ്ക മ്യൂൾ, വിസ്കി കോളിൻസ്, ജിൻ ആൻഡ് ടോണിക്, ലിറ്റ് (LIIT), നെഗ്രോണി, എസ്പ്രെസ്സോ മാർട്ടിനി തുടങ്ങിയ പ്രീമിയം കോക്ടെയിലുകൾ ഇനി ഭംഗിയുള്ള കാനുകളിലും കുപ്പികളിലുമായി നേരിട്ട് വാങ്ങി കുടിക്കാൻ പാകത്തിൽ ‘റെഡി-ടു-സർവ്’ രൂപത്തിൽ ലഭ്യമാകും. . ഇന്ത്യൻ വിപണിയിൽ ഇതിന് ഏറെ പ്രശസ്തമായ ‘InACan’, ‘Mr. Jerry’s’, ജിൻ അടിസ്ഥാനമാക്കിയുള്ള ‘Salud’ തുടങ്ങിയ ബ്രാൻഡുകൾ ഇതോടെ കേരളത്തിലേക്കെത്തും. ഇതുകൂടാതെ കലോറി വളരെ കുറഞ്ഞ, കാർബണേറ്റഡ് വാട്ടറും ആൽക്കഹോളും നാച്ചുറൽ ഫ്ലേവറുകളും ചേർത്ത ‘ഹാർഡ് സെൽറ്റ്സർ’ വിഭാഗത്തിൽ പെടുന്ന ‘Wild Drum’, ‘IST’ തുടങ്ങിയ ബ്രാൻഡുകളും, തേൻ പുളിപ്പിച്ചുണ്ടാക്കുന്ന ആപ്പിൾ പൈയോ കോഫിയോ ഒക്കെ ഫ്ലേവറായുള്ള ‘Moonshine Meadery’യുടെ ‘മീഡ്’ (Mead) എന്ന പ്രത്യേക തരം ലൈറ്റ് മദ്യവുമെല്ലാം വരും മാസങ്ങളിൽ മലയാളിക്ക് വാങ്ങാൻ സാധിക്കും. തീർച്ചയായും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കേരളത്തിന് വരുമാന സ്രോതസ്സുകൾ കണ്ടെത്തുക എന്നത് ഈ ബജറ്റിലെ പ്രധാന വെല്ലുവിളിയായിരുന്നു. ഉപഭോഗ സംസ്കാരത്തിലെ മാറ്റങ്ങളെ ഉൾക്കൊള്ളുന്നതിനൊപ്പം സംസ്ഥാന ഖജനാവിലേക്ക് കൂടുതൽ വരുമാനമെത്തിക്കാനുള്ള ചുവടുവെപ്പായാണ് ധനവകുപ്പ് ഈ നികുതി പരിഷ്കരണത്തെ കാണുന്നത്. സാധാരണ മദ്യത്തേക്കാൾ കുറഞ്ഞ ഈ നികുതി നിരക്കുകൾ പുതിയ നിക്ഷേപകരെയും ഉപഭോക്താക്കളെയും ആകർഷിക്കുമെന്നും കോടികളുടെ വരുമാനം ഉണ്ടാകുമെന്നുമാണ് കണക്കുകൂട്ടൽ. എന്നാൽ ഈ പ്രഖ്യാപനം സഭയ്ക്കകത്തും പുറത്തും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. മുൻ എൽഡിഎഫ് സർക്കാർ കാർഷിക വിളകളിൽ നിന്നും ധാന്യങ്ങളിൽ നിന്നും ചെറുകിട വ്യവസായങ്ങളിലൂടെ മദ്യം ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെന്നും, എന്നാൽ ഇപ്പോഴത്തെ നയം വൻകിട സ്വകാര്യ കമ്പനികൾക്ക് വീര്യം കുറഞ്ഞ മദ്യം വൻതോതിൽ ഉത്പാദിപ്പിക്കാൻ അവസരമൊരുക്കുന്നതാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. എന്തായാലും നിയമപരമായ തടസ്സങ്ങൾ ബജറ്റോടെ നീങ്ങിയതിനാൽ, വരും മാസങ്ങളിൽ കമ്പനികൾ എക്സൈസ് അനുമതി വാങ്ങി ഈ വിഭാഗത്തിലുള്ള പുത്തൻ മദ്യങ്ങൾ കേരള വിപണിയിൽ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അൽഫോൻസ് പുത്രനും നടൻ നിവിൻ പോളിയും വീണ്ടും ഒന്നിക്കുന്നു

മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രെൻഡ് സെറ്ററുകളിൽ ഒന്നായ ‘പ്രേമ’ത്തിന് ശേഷം സംവിധായകൻ അൽഫോൻസ് പുത്രനും നടൻ നിവിൻ പോളിയും വീണ്ടും ഒന്നിക്കുന്നു. നീണ്ട 11 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും ഒരുമിക്കുന്ന പുതിയ പ്രോജക്റ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. നിവിൻ പോളിയുടെ കരിയറിലെ നാഴികക്കല്ലാകുന്ന 50-ാമത് ചിത്രം കൂടിയാണ് ഇത് എന്ന പ്രത്യേകതയും ഈ പുതിയ സിനിമയ്ക്കുണ്ട്. താൽക്കാലികമായി ‘എൻപി 50’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് വരും ദിവസങ്ങളിൽ കൊച്ചിയിലെ പ്രമുഖ തിയേറ്ററിൽ വച്ച് നടക്കുമെന്നാണ് ഔദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നത്.മലയാളത്തിലെ ഏറ്റവും ജനപ്രിയമായ ഒരു കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതു കൊണ്ടുതന്നെ പ്രഖ്യാപന സമയം മുതൽ സിനിമാ പ്രേമികൾക്കിടയിൽ വലിയ ഹൈപ്പാണ് ഈ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രേമത്തിന് മുൻപ് അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ആദ്യ ചിത്രമായ ‘നേര’ത്തിലും നിവിൻ പോളി തന്നെയാണ് നായകനായെത്തിയത്. നിവിൻ പോളിയുടെ കരിയറിന്റെ തുടക്കകാലത്തെ ഏറ്റവും ശ്രദ്ധേയമായ വിജയങ്ങളായിരുന്നു ഈ രണ്ട് സിനിമകളും. പ്രേമത്തിന് ശേഷം അൽഫോൻസ് പുത്രന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം ‘ഗോൾഡ്’ തിയേറ്ററുകളിൽ വേണ്ടത്ര ജനപ്രീതി നേടിയിരുന്നില്ല. അതുകൊണ്ടുതന്നെ ഈ പുതിയ ചിത്രത്തിലൂടെ അൽഫോൻസ് പുത്രന്റെ ശക്തമായ തിരിച്ചുവരവാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.സംവിധാനത്തിന് പുറമെ ഒരു നടനെന്ന നിലയിലും അൽഫോൻസ് പുത്രൻ അടുത്തിടെ മലയാള സിനിമയിൽ സജീവമായിരുന്നു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘വർഷങ്ങൾക്ക് ശേഷം’ പോലെയുള്ള ചിത്രങ്ങളിൽ അദ്ദേഹം ചെയ്ത വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനിടെ നിവിൻ പോളി-അൽഫോൻസ് പുത്രൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം മോട്ടോക്രോസ് (ബൈക്ക് റേസിംഗ്) പശ്ചാത്തലമാക്കിയുള്ള ഒന്നായിരിക്കുമെന്ന തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. എന്നാൽ സിനിമയുടെ പ്രമേയത്തെയും മറ്റു താരങ്ങളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി വലിയ ആകാംഷയോടെ കാത്തിരിക്കുകയാണ് സിനിമാ ലോകം.