റെഡി ടു ഡ്രിങ്ക് ബിവറേജസ് ഇനി കേരളത്തിലും; ബജറ്റിലെ പുതിയ മദ്യനയം

കഴിഞ്ഞ ദിവസം സഭയിൽ അവതരിപ്പിച്ച ബജറ്റിലെ ഏറ്റവും വലിയ ചർച്ചാവിഷയങ്ങളിൽ ഒന്നായിരുന്നു ‘വീര്യം കുറഞ്ഞ മദ്യ’ങ്ങൾക്കായുള്ള പുതിയ നികുതി ഘടന. ബിയറും വൈനും വിദേശമദ്യവുമൊക്കെ നിലവിലുള്ളപ്പോൾ ഇതെന്താണ് ഈ സംഭവം എന്ന് പലർക്കും സംശയമുണ്ടാകും. ലളിതമായി പറഞ്ഞാൽ, ആഗോളതലത്തിലും മറ്റ് മെട്രോ നഗരങ്ങളിലും വലിയ തരംഗമായ ‘റെഡി-ടു-ഡ്രിങ്ക്’ (RTD) ബിവറേജുകളും പ്രീ-മിക്സ്ഡ് കോക്ടെയിലുകളുമാണ് ഇനി നമ്മുടെ കേരളത്തിലേക്കും വരുന്നത്.
മുൻപ് ഇത്തരം മദ്യങ്ങൾക്ക് അനുമതിയുണ്ടായിരുന്നെങ്കിലും കൃത്യമായി എത്ര നികുതി ഈടാക്കണമെന്നതിൽ വ്യക്തതയില്ലാത്തതിനാൽ പ്രമുഖ കമ്പനികളൊന്നും ഇവ കേരള വിപണിയിൽ ഇറക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ പുതിയ ബജറ്റിലൂടെ സർക്കാർ ഈ നികുതി ഘടന കൃത്യമായി നിർവചിച്ചിരിക്കുകയാണ്.

ആൽക്കഹോളിന്റെ അളവ് അടിസ്ഥാനമാക്കി ഈ വിഭാഗത്തെ രണ്ടായി തിരിച്ചാണ് വിൽപ്പന നികുതി നിശ്ചയിച്ചിരിക്കുന്നത്. 0.5% മുതൽ 10% വരെ വീര്യമുള്ളവയ്ക്ക് 120 ശതമാനവും, 10% മുതൽ 20% വരെ വീര്യമുള്ളവയ്ക്ക് 175 ശതമാനവുമാണ് വിൽപ്പന നികുതി. അതേസമയം നിലവിലുള്ള സാധാരണ വിദേശമദ്യത്തിന്റെയോ (251%), ബിയറിന്റെയോ (116%), വൈനിന്റെയോ (86%) നികുതിയിലോ വീര്യത്തിലോ യാതൊരു മാറ്റവും വരുത്തിയിട്ടുമില്ല.

പുതിയ നികുതി വ്യവസ്ഥ നിലവിൽ വരുന്നതോടെ വലിയ ബിസിനസ്സ് സാധ്യതയാണ് സംസ്ഥാനത്ത് തുറക്കുന്നത്. നിലവിൽ ഗോവ, കർണാടക, മഹാരാഷ്ട്ര, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ ടൂറിസം കേന്ദ്രങ്ങളിലും മെട്രോ നഗരങ്ങളിലും മാത്രം കണ്ട് പരിചയിച്ച പല പ്രമുഖ അന്താരാഷ്ട്ര-ഇന്ത്യൻ ബ്രാൻഡുകളും ഇനി ബെവ്കോ കൗണ്ടറുകൾ വഴി ഔദ്യോഗികമായി നമ്മുടെ കൈകളിലെത്തും. അതിൽ പ്രധാനപ്പെട്ട ഒന്നാണ് വോഡ്കയോ വിസ്കിയോ കലർത്തിയ, പഴങ്ങളുടെ രുചിയുള്ള ഫ്‌ളേവേർഡ് ആൽക്കഹോളിക് ബിവറേജുകൾ. നിലവിൽ നമുക്ക് പരിചിതമായ Bacardi Breezer പോലുള്ള ബ്രാൻഡുകൾ പുതിയ നികുതി ഘടനയിലേക്ക് മാറാൻ ഇത് വഴിയൊരുക്കും. കൂടാതെ ബാറുകളിൽ പോയി മിക്സ് ചെയ്ത് വാങ്ങുന്ന വോഡ്ക മ്യൂൾ, വിസ്കി കോളിൻസ്, ജിൻ ആൻഡ് ടോണിക്, ലിറ്റ് (LIIT), നെഗ്രോണി, എസ്പ്രെസ്സോ മാർട്ടിനി തുടങ്ങിയ പ്രീമിയം കോക്ടെയിലുകൾ ഇനി ഭംഗിയുള്ള കാനുകളിലും കുപ്പികളിലുമായി നേരിട്ട് വാങ്ങി കുടിക്കാൻ പാകത്തിൽ ‘റെഡി-ടു-സർവ്’ രൂപത്തിൽ ലഭ്യമാകും.

. ഇന്ത്യൻ വിപണിയിൽ ഇതിന് ഏറെ പ്രശസ്തമായ ‘InACan’, ‘Mr. Jerry’s’, ജിൻ അടിസ്ഥാനമാക്കിയുള്ള ‘Salud’ തുടങ്ങിയ ബ്രാൻഡുകൾ ഇതോടെ കേരളത്തിലേക്കെത്തും. ഇതുകൂടാതെ കലോറി വളരെ കുറഞ്ഞ, കാർബണേറ്റഡ് വാട്ടറും ആൽക്കഹോളും നാച്ചുറൽ ഫ്ലേവറുകളും ചേർത്ത ‘ഹാർഡ് സെൽറ്റ്സർ’ വിഭാഗത്തിൽ പെടുന്ന ‘Wild Drum’, ‘IST’ തുടങ്ങിയ ബ്രാൻഡുകളും, തേൻ പുളിപ്പിച്ചുണ്ടാക്കുന്ന ആപ്പിൾ പൈയോ കോഫിയോ ഒക്കെ ഫ്ലേവറായുള്ള ‘Moonshine Meadery’യുടെ ‘മീഡ്’ (Mead) എന്ന പ്രത്യേക തരം ലൈറ്റ് മദ്യവുമെല്ലാം വരും മാസങ്ങളിൽ മലയാളിക്ക് വാങ്ങാൻ സാധിക്കും.

തീർച്ചയായും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കേരളത്തിന് വരുമാന സ്രോതസ്സുകൾ കണ്ടെത്തുക എന്നത് ഈ ബജറ്റിലെ പ്രധാന വെല്ലുവിളിയായിരുന്നു. ഉപഭോഗ സംസ്കാരത്തിലെ മാറ്റങ്ങളെ ഉൾക്കൊള്ളുന്നതിനൊപ്പം സംസ്ഥാന ഖജനാവിലേക്ക് കൂടുതൽ വരുമാനമെത്തിക്കാനുള്ള ചുവടുവെപ്പായാണ് ധനവകുപ്പ് ഈ നികുതി പരിഷ്കരണത്തെ കാണുന്നത്. സാധാരണ മദ്യത്തേക്കാൾ കുറഞ്ഞ ഈ നികുതി നിരക്കുകൾ പുതിയ നിക്ഷേപകരെയും ഉപഭോക്താക്കളെയും ആകർഷിക്കുമെന്നും കോടികളുടെ വരുമാനം ഉണ്ടാകുമെന്നുമാണ് കണക്കുകൂട്ടൽ. എന്നാൽ ഈ പ്രഖ്യാപനം സഭയ്ക്കകത്തും പുറത്തും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്.

മുൻ എൽഡിഎഫ് സർക്കാർ കാർഷിക വിളകളിൽ നിന്നും ധാന്യങ്ങളിൽ നിന്നും ചെറുകിട വ്യവസായങ്ങളിലൂടെ മദ്യം ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെന്നും, എന്നാൽ ഇപ്പോഴത്തെ നയം വൻകിട സ്വകാര്യ കമ്പനികൾക്ക് വീര്യം കുറഞ്ഞ മദ്യം വൻതോതിൽ ഉത്പാദിപ്പിക്കാൻ അവസരമൊരുക്കുന്നതാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. എന്തായാലും നിയമപരമായ തടസ്സങ്ങൾ ബജറ്റോടെ നീങ്ങിയതിനാൽ, വരും മാസങ്ങളിൽ കമ്പനികൾ എക്സൈസ് അനുമതി വാങ്ങി ഈ വിഭാഗത്തിലുള്ള പുത്തൻ മദ്യങ്ങൾ കേരള വിപണിയിൽ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories

Latest Post

മെസ്സി നേടുന്ന ഓരോ വിജയത്തിനു പിന്നിലും ഫിഫയുടെ വഴിവിട്ടസഹായവുമാണെന്ന വാദം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. എന്നാൽ ആരോപണങ്ങൾ ഉന്നയിക്കുന്നവരും സോഷ്യൽ മീഡിയയിൽ ലൈക്കടിച്ച് കടന്നുപോകുന്നവരും മറന്നുപോകുന്ന ചില പച്ചയായ വസ്തുതകളുണ്ട്.