‘പ്രിയദര്‍ശിനി’യിലെ കണ്ടക്ടര്‍ ആകാന്‍ സന്തോഷ് പണ്ഡിറ്റ്!ഒപ്പം സ്ത്രീകള്‍ക്ക് ഫ്രീ ടിക്കറ്റിന്റെ കൂടെ മറ്റൊരു സര്‍പ്രൈസും

സന്തോഷ് പണ്ഡിറ്റ് അഭിനയ ജീവിതം വിട്ട് ബസ്സിലേക്ക് കയറാന്‍ തീരുമാനിച്ചിരിക്കുകയാണ്. അതും കെ.എസ്.ആര്‍ടിസിയിലെ കണ്ടക്ടര്‍ ആയിട്ട്. ഇതുമായി ബന്ധപ്പെട്ട് താരം പങ്കിട്ട രസകരമായൊരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. പ്രിയദര്‍ശിനി ബസിലെ കണ്ടക്ടര്‍ ആകാന്‍ മോഹമുണ്ടെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. അങ്ങനെ ആയാള്‍ സ്ത്രീകള്‍ക്ക് ഫ്രീ ടിക്കറ്റ് മാത്രമല്ല, മധുരമുള്ളൊരു കേക്കും സൗജന്യമായി നല്‍കുമെന്നും അതിലൂടെ കൂടുതല്‍ യാത്രക്കാരെ ബസിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. കുറിപ്പിന് പിന്നാലെ നിരവധി ആളുകളാണ് കമന്റുകളുമായി രംഗത്തെത്തിയത്. പുതിയ നായികമാരെ കണ്ടെത്തല്‍ ആണോ? ചില്ലറ ആഗ്രഹം ഒന്നും അല്ലല്ലോ അണ്ണാ, ബസ്സ് ഏത് റൂട്ടില്‍ ആണെന്ന് പറയണേ, എന്നിങ്ങനെ രസകരമായ കമന്റുകളുമായി വൈറലായിരിക്കുകയാണ് പോസ്റ്റ്.

നയതന്ത്രത്തിലെ സൗഹൃദങ്ങൾ: ഇന്ത്യ സന്ദർശന ഓർമ്മകളുമായി ജോർജിയ മെലോണി

അന്താരാഷ്ട്ര രാഷ്ട്രീയത്തിലെ കടുത്ത ചർച്ചകൾക്കിടയിലും വലിയ സ്വാധീനം ചെലുത്തുന്നത് നേതാക്കൾക്കിടയിലെ വ്യക്തിപരമായ സൗഹൃദങ്ങളാണെന്ന് വ്യക്തമാക്കുകയാണ് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. തൻ്റെ പുതിയ പുസ്തകമായ ‘ജോർജിയാസ് വിഷൻ’ (Giorgia’s Vision) എന്ന ഗ്രന്ഥത്തിലൂടെ 2023-ലെ ഇന്ത്യ സന്ദർശന വേളയിലുണ്ടായ മനോഹരമായ അനുഭവങ്ങൾ അവർ പങ്കുവെക്കുന്നുണ്ട്. ജി20 ഉച്ചകോടിക്കായി ന്യൂഡൽഹിയിൽ എത്തിയപ്പോൾ നഗരത്തിലുടനീളം തനിക്ക് ലഭിച്ച വൻ സ്വീകരണത്തെക്കുറിച്ച് മെലോണി പുസ്തകത്തിൽ ഓർക്കുന്നു. റോഡിൻ്റെ ഇരുവശങ്ങളിലും തൻ്റെ ചിത്രങ്ങളടങ്ങിയ വലിയ സ്വാഗത ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. സന്ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ ഈ ബോർഡുകളിൽ ‘നന്ദി’ എന്നാക്കി മാറ്റിയത് കണ്ട ഒപ്പമുണ്ടായിരുന്ന ഇറ്റാലിയൻ ഉപപ്രധാനമന്ത്രി അന്റോണിയോ താജാനി, “നിങ്ങൾ ഡൽഹിയിൽ എവിടെയെങ്കിലും മത്സരിച്ചാൽ ഒരു പത്തുലക്ഷം വോട്ട് ഉറപ്പാണ്” എന്ന് തമാശയായി പറഞ്ഞത് മെലോണി കുറിച്ചിടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജോർജിയ മെലോണിയും തമ്മിലുള്ള ഊഷ്മളമായ സൗഹൃദം സോഷ്യൽ മീഡിയയിൽ ‘മെലോഡി’ (Melodi) എന്ന പേരിൽ ആഗോളതലത്തിൽ തന്നെ വലിയ തരംഗം സൃഷ്ടിച്ച ഒന്നാണ്. കേവലം ഔദ്യോഗിക ചടങ്ങുകൾക്കപ്പുറം ഇത്തരം പരസ്പര വിശ്വാസവും ലളിതമായ സൌഹൃദ നിമിഷങ്ങളുമാണ് ഇന്ത്യ-ഇറ്റലി ഉഭയകക്ഷി ബന്ധത്തിന് പുതിയൊരു ഊർജ്ജം നൽകുന്നതെന്ന് ഈ പുസ്തകം അടിവരയിടുന്നു. റൂപ പബ്ലിക്കേഷൻസ് പുറത്തിറക്കിയ ഈ ഗ്രന്ഥത്തിന് ആമുഖം എഴുതിയിരിക്കുന്നത് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ആണ്.

യാത്രാക്ലേശം രൂക്ഷമാകും: വയനാട്ടിൽ പ്രധാന റൂട്ടുകളിലെ സ്വകാര്യ ബസുകൾ സർവീസ് നിർത്തലാക്കാൻ ഒരുങ്ങുന്നു

കെഎസ്ആർടിസിയിൽ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി വന്നതോടെ വരുമാനത്തിൽ വൻ ഇടിവ് നേരിട്ടതിനെ തുടർന്ന് വയനാട് ജില്ലയിലെ സ്വകാര്യ ബസുകൾ സർവീസ് താൽക്കാലികമായി നിർത്തലാക്കാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി നൂറിലധികം ബസുകളാണ് ഇതിനകം മോട്ടർ വാഹന വകുപ്പിന് ജി ഫോം (നിശ്ചിത കാലയളവിൽ വാഹനം നിരത്തിലിറക്കില്ല എന്ന് മുൻകൂട്ടി അറിയിക്കുന്ന ഫോം) സമർപ്പിച്ചത്. ജൂലൈ 1 മുതൽ ഈ ബസുകൾ നിരത്തിലിറങ്ങില്ല. കെഎസ്ആർടിസി സർവീസുകൾ കൂടുതലുള്ള ബത്തേരി–കൽപറ്റ, മാനന്തവാടി തുടങ്ങിയ പ്രധാന റൂട്ടുകളിലെ ബസുകളാണ് ജി ഫോം നൽകിയിട്ടുള്ളത്. സൗജന്യ യാത്ര കാരണം ദിവസേന 2,000 മുതൽ 5,000 രൂപ വരെ വരുമാന നഷ്ടം ഉണ്ടാകുന്നുണ്ടെന്നാണ് ബസുടമകളുടെ കണക്ക്. ജൂൺ 30-ഓടെ നിലവിലെ നികുതി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഉടമകളുടെ ഈ നീക്കം. ബസുകൾ കൂട്ടത്തോടെ ഓട്ടം നിർത്തുന്നത് ജില്ലയിലെ യാത്രാക്ലേശം രൂക്ഷമാക്കുമെന്ന ആശങ്ക ഉയർത്തുന്നുണ്ട്.

നടി സമാന്ത തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ മാ ഇണ്ടി ഭംഗരം ‘ പ്രൊമോഷനിടെ റിലേഷന്‍ഷിപ്പുകളെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

മുന്‍പ് ഏറെ ആരാധകരുള്ള താരജോഡികളായിരുന്ന നാഗചൈതന്യയുടെയും സമാന്തയുടെയും വിവാഹമോചനം ഒരു ഞെട്ടലോടെയായിരുന്നു ആരാധകര്‍ കേട്ടത്. ആ റിലേഷന്‍ഷിപ്പിലെ തകര്‍ച്ചയും ക്ഷണിക്കാതെ കടന്നുവന്ന രോഗവും സമാന്തയെ മാനസികമായി തകര്‍ക്കുമ്പോഴും അതില്‍ നിന്നും ഒരു ഫിനിക്‌സ് പക്ഷിയെ പോലെ പറന്നുയരുന്ന സമാന്തയെ ആണ് ആരാധകര്‍ കണ്ടത്. ഇതിനിടെ നാഗചൈതന്യ-ശോഭിത വിവാഹവും നടന്നു.വിവാഹസമയത്ത് അവര്‍ പറഞ്ഞത്‘മറ്റൊരാള്‍ വന്ന് ആ വിടവ് നികത്തുമ്പോഴാണ് ഒരാള്‍ പൂര്‍ണ്ണനാകുന്നത്’ എന്നാണ്. എന്നാല്‍ ശോഭിതയുടെ ഈ പ്രസ്താവനയെ പൂര്‍ണ്ണമായും നിരാകരിക്കുകയാണ് സമാന്ത.‘ഒരു സ്ത്രീയെന്ന നിലയില്‍ നിങ്ങളില്‍ ആത്മവിശ്വാസവും ഒരു വ്യക്തിയെന്ന നിലയില്‍ പൂര്‍ണതയും ഉണ്ടായിരിക്കണം. മറ്റൊരാള്‍ വന്ന് നമ്മളെ പൂര്‍ണ്ണയാക്കുമെന്ന് കരുതി കാത്തിരിക്കുന്നത് തെറ്റാണ്.’ എന്നാണ് സമാന്ത അഭിപ്രായപ്പെടുന്നത്.ഈ വാക്കുകള്‍ക്ക് വലിയ കൈടിയാണ് താരത്തിന് ലഭിക്കുന്നത്.ശോഭിതയുടെ പരമ്പരാഗതമായ റൊമാന്റിക് സങ്കല്‍പ്പത്തെ തേച്ചുമായ്ക്കുന്നതാണ് പ്രായോഗികവും സ്ത്രീ ശാക്തീകരണത്തിന് ഊന്നല്‍ നല്‍കുന്നതുമായ സമാന്തയുടെ നിലപാട്. ഒരു പുരുഷനുണ്ടെങ്കില്‍ മാത്രം പൂര്‍ണ്ണമാവുന്നവളല്ല പെണ്ണേ നീ… എന്ന് സമാന്ത വിളിച്ചു പറയുമ്പോള്‍, ജീവിതത്തില്‍ ഒട്ടനവധി പ്രതിസന്ധികളെ അതിജീവിച്ച്, സ്വന്തം കഠിനാധ്വാനം കൊണ്ട് കരിയറിലും ജീവിതത്തിലും വിജയം വരിച്ച ഒരു സ്ത്രീയെ ആ വാക്കുകളില്‍ കാണാന്‍ കഴിയുന്നു.ഒരു വ്യക്തി മറ്റൊരാളെ ആശ്രയിച്ചല്ല, മറിച്ച് സ്വയം പൂര്‍ണ്ണത കണ്ടെത്തണം എന്ന സമാന്തയുടെ കാഴ്ചപ്പാട് ഇന്നത്തെ കാലത്ത് ഏറെ പ്രസക്തമാണ്. മറ്റൊരാളില്‍ സന്തോഷം തിരയുന്നതിനേക്കാള്‍, നമ്മള്‍ നമ്മളെത്തന്നെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നതാണ് ഏതൊരു ആരോഗ്യകരമായ ബന്ധത്തിന്റെയും അടിത്തറ എന്നു കൂടി അടിവരയിടുന്നതാണ് സമാന്തയുടെ നിലപാട്…

ആ ഇഡിയറ്റുകള്‍ വീണ്ടും വരുന്നു…

ഒരിക്കല്‍ ബോക്‌സ് ഓഫിസിനെ ഇളക്കി മറിച്ച് തരംഗമായ ആ ‘ഇഡിയറ്റുകള്‍’ വീണ്ടും വരുന്നു. ജനപ്രിയ നോവലിസ്റ്റ് ചേതന്‍ ഭഗത്തിന്റെ തൂലികയില്‍ തെളിഞ്ഞ, സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിയിലൂടെ ഹൃദയം കവര്‍ന്ന കഥ ഒടുവില്‍ സിനിമാ പ്രേമികളും ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.’ത്രീ ഇഡിയറ്റ്‌സി’ന്റെ രണ്ടാം ഭാഗമാണ് ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുന്നത്. 2009-ലാണ് ആമിര്‍ ഖാന്‍ നായകനായ ചിത്രം പുറത്തിറങ്ങിയത്.കോളജ് സുഹൃത്തുക്കളായ റാഞ്ചോ, ഫര്‍ഹാന്‍, രാജു എന്നിവരുടെ ജീവിതകഥ പറയുന്ന, ഒരുപാട് ചിരിപ്പിക്കുകയും അത്രത്തോളം ചിന്തിപ്പിക്കുകയും ചെയ്യുന്ന ചിത്രം ബോക്‌സ് ഓഫിസില്‍ ഒരു തരംഗം തന്നെ സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗമുണ്ടാവുമെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകന്‍ ഹിരാനി.കോളജ് സുഹൃത്തുക്കളായ റാഞ്ചോ, ഫര്‍ഹാന്‍, രാജു എന്നിവരുടെ പില്‍ക്കാല ജീവിതത്തിലേക്കാണ് ചിത്രം സഞ്ചരിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.പ്രോജക്ട് അതിന്റെ പ്രാരംഭ ഘട്ടത്തിലാണ്, ആമിര്‍ ഖാന് പ്രാഥമിക ആശയം ഇഷ്ടമായെന്നും അദ്ദേഹം പറയുന്നു. രണ്ടാംഭാഗത്തിലും ചിത്രം ത്രീ ഇഡിയറ്റ്‌സിനെ ചുറ്റിപറ്റിയാണ് മുന്നോട്ടുപോകുന്നതെന്നും ഹിരാനി വ്യക്തമാക്കി.

‘പദയാത്ര’ തുടങ്ങുന്നു…മമ്മൂട്ടി – അടൂർ ഗോപാലകൃഷ്ണൻ ചിത്രത്തിന് U/A 13+ സർട്ടിഫിക്കറ്റ്!

മമ്മൂട്ടി – അടൂർ ഗോപാല കൃഷ്ണൻ കൂട്ടുകെട്ട് ‘പദയാത്ര’യുടെ ഏറ്റവും പുതിയ വിശേഷങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. സെൻസറിംഗ് നടപടികൾ വിജയകരമായി പൂർത്തിയാക്കിയ ചിത്രത്തിന് സെൻസർ ബോർഡ് U/A 13+ സർട്ടിഫിക്കറ്റ് ആണ് നൽകിയിരിക്കുന്നത്. വലിയ കാത്തിരിപ്പോടെ പ്രേക്ഷകർ ഉറ്റുനോക്കുന്ന ഈ ചിത്രത്തിൽ തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ‘ഡോക്ടർ ദേവദാസ്’ എന്നാണ് അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര്. അടൂർ ചിത്രങ്ങളുടെ പതിവ് ശൈലിയിൽ നിന്നും വേറിട്ടുനിൽക്കുന്നതും, അതേസമയം സാമൂഹിക പ്രസക്തിയുള്ളതുമായ ഒരു മികച്ച ദൃശ്യാനുഭവമായിരിക്കും ‘പദയാത്ര’ എന്നാണ് പുറത്ത് വരുന്ന സൂചനകൾ. ഏകദേശം 1 മണിക്കൂറും 53 മിനിറ്റും ദൈർഘ്യമുള്ള ചിത്രം പ്രേക്ഷകരെ മടുപ്പിക്കാതെ കഥ പറഞ്ഞുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി ഉടൻ തന്നെ അണിയറപ്രവർത്തകർ പ്രഖ്യാപിക്കും.

“റൊണാൾഡോ യുഗം കഴിഞ്ഞു എന്ന് കേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.

2018ൽ പറഞ്ഞു.2022ൽ വീണ്ടും,2026 ലോകകപ്പിന്റെ ആദ്യ മത്സരത്തിന് ശേഷവും അതേ വാക്കുകൾ ആവർത്തിക്കപ്പെട്ടു. പക്ഷേ ലോക ഫുട്ബോളിൽ ചില താരങ്ങളുണ്ട്. അവർ വിമർശനങ്ങൾക്ക് മറുപടി നൽകുന്നത് വാക്കുകൾ കൊണ്ടല്ല, റെക്കോർഡുകൾ കൊണ്ടാണ്. ഉസ്ബെക്കിസ്ഥാനെതിരായ മത്സരത്തിൽ ഇരട്ടഗോളുമായി പോർച്ചുഗലിനെ വിജയത്തിലേക്ക് നയിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ, ലോകകപ്പ് ചരിത്രത്തിലെ മറ്റാർക്കും എത്തിപ്പിടിക്കാനാകാത്ത ഒരു കൊടുമുടിയിലേക്കാണ് നടന്നുകയറിയത്. 2006, 2010, 2014, 2018, 2022, 2026… ആറ് വ്യത്യസ്ത ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന നേട്ടം ഇനി അദ്ദേഹത്തിന്റെ പേരിലാണ്. 20 വർഷം. ഒരു ഫുട്ബോൾ താരത്തിന്റെ മുഴുവൻ കരിയറിനേക്കാൾ ദൈർഘ്യമുള്ള കാലയളവ്. ആ കാലയളവിൽ ലോക ഫുട്ബോൾ കണ്ടത് നിരവധി സൂപ്പർ താരങ്ങളുടെ ഉദയവും അസ്തമയവും. പക്ഷേ റൊണാൾഡോ ഇപ്പോഴും ലോകകപ്പ് വേദിയിൽ ഗോൾ നേടിക്കൊണ്ടിരിക്കുന്നു. 41-ാം വയസിൽ ലോകകപ്പിൽ ഇരട്ടഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടവും അദ്ദേഹം സ്വന്തമാക്കി. പ്രായം ഒരു സംഖ്യ മാത്രമാണെന്ന് പറയുന്ന വാചകത്തിന് ജീവനുള്ള തെളിവായി വീണ്ടും മാറി. മെസിയും റൊണാൾഡോയും തമ്മിലുള്ള താരതമ്യങ്ങൾ തുടരും. റെക്കോർഡുകൾ മാറും. അഭിപ്രായങ്ങൾ മാറും. പക്ഷേ ഒരു കാര്യം നിഷേധിക്കാൻ സാധിക്കില്ല. 2006 ലോകകപ്പിൽ ആദ്യ ഗോൾ നേടിയ ആ യുവാവ്, 2026 ലോകകപ്പിലും ഗോൾ നേടുകയാണ്. അത് വെറും സ്ഥിരതയല്ല. അത് ഒരു തലമുറയെ മറികടന്ന അതിജീവനമാണ്. “അവസാനിച്ചു” എന്ന് തോന്നുന്ന ഓരോ തവണയും, സ്വന്തം കഥയുടെ അടുത്ത അധ്യായം എഴുതുന്ന മനുഷ്യനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. “കാലം തോൽപ്പിക്കാൻ ശ്രമിച്ചവൻ… കാലത്തെ തന്നെ റെക്കോർഡാക്കി മാറ്റി.”

മഞ്ഞ റേഷൻ കാർഡുടമകൾക്ക് തിരിച്ചടി; റേഷൻ വിഹിതത്തിൽ വൻ വെട്ടിക്കുറയ്ക്കലിന് കേന്ദ്ര നീക്കം

രാജ്യത്തെ ഏറ്റവും പാവപ്പെട്ടവർക്കായി മഞ്ഞ റേഷൻ കാർഡുകൾ വഴി നടപ്പിലാക്കുന്ന അന്ത്യോദയ അന്നയോജന (AAY) പദ്ധതിയിൽ വലിയ മാറ്റത്തിന് കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. നിലവിൽ ഒരു കുടുംബത്തിന് പ്രതിമാസം ലഭിക്കുന്ന 35 കിലോ സൗജന്യ ഭക്ഷ്യധാന്യ വ്യവസ്ഥയിലാണ് ദേശീയ ഭക്ഷ്യഭദ്രതാ നിയമം ഭേദഗതി ചെയ്തുകൊണ്ട് മാറ്റം വരുത്താൻ കരട് തയാറാക്കിയിരിക്കുന്നത്. പുതിയ നിയമപ്രകാരം കാർഡിലെ ഒരംഗത്തിന് 7 കിലോ വീതമേ ഭക്ഷ്യധാന്യം ലഭിക്കൂ; പരമാവധി വിഹിതം 35 കിലോയുമായിരിക്കും. ഇതോടെ അഞ്ചിൽ താഴെ അംഗങ്ങളുള്ള ചെറുകുടുംബങ്ങൾക്ക് ലഭിക്കുന്ന റേഷൻ പകുതിയിലധികമായി കുറയും. ഉദാഹരണത്തിന്, രണ്ടുപേർ മാത്രമുള്ള കുടുംബത്തിന് ഇനി മുതൽ 35 കിലോയ്ക്ക് പകരം വെറും 14 കിലോ ധാന്യമേ ലഭിക്കുകയുള്ളൂ. ഇത് കേരളം പോലുള്ള സംസ്ഥാനങ്ങളിലെ ലക്ഷക്കണക്കിന് അണുകുടുംബങ്ങൾക്ക് വലിയ തിരിച്ചടിയാകും. വലിയ കുടുംബങ്ങളിലെയും ചെറിയ കുടുംബങ്ങളിലെയും റേഷൻ വിതരണത്തിലുള്ള അസമത്വം പരിഹരിക്കാനാണ് ഈ പരിഷ്കാരം എന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. എന്നാൽ പരമാവധി പരിധി ഉയർത്താതെ കൊണ്ടുവരുന്ന ഈ നിയന്ത്രണം പാവപ്പെട്ടവരുടെ റേഷൻ വിഹിതം നിശബ്ദമായി വെട്ടിക്കുറയ്ക്കാനുള്ള നീക്കമാണെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു. കേരളത്തിലെ 5.94 ലക്ഷത്തോളം വരുന്ന അന്ത്യോദയ കുടുംബങ്ങളെ ഈ തീരുമാനം പ്രതികൂലമായി ബാധിക്കും.

തട്ടുകടകൾ ഇനി ആധുനികം; കേരളത്തിലുടനീളം ‘ഫൂഡ് വെൻഡിങ് സോണുകൾ’ വരുന്നു

കേരളത്തിലെ തെരുവോര ഭക്ഷണശാലകളിലെ (തട്ടുകടകൾ) ശുചിത്വവും സുരക്ഷിതത്വവും ഉറപ്പാക്കാൻ വലിയൊരു പദ്ധതിയുമായി സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് രംഗത്തെത്തിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കോർപറേഷനുകളിലും നഗരസഭകളിലും തട്ടുകടകൾക്കായി മാത്രമായി പ്രത്യേക മേഖലകൾ അഥവാ ‘ഫൂഡ് വെൻഡിങ് സോണുകൾ’ നിശ്ചയിക്കും. ഈ വിഷയത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉടൻ തന്നെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും കത്തയക്കും. ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ (FSSAI) സാമ്പത്തിക സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇത്തരം പ്രത്യേക സോണുകളിൽ ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും ആവശ്യമായ മികച്ച ഇരിപ്പിടങ്ങൾ, തെരുവ് വിളക്കുകൾ, കൃത്യമായ മാലിന്യ നിർമാർജന സംവിധാനം, പൈപ്പ് കണക്ഷനുകൾ, ശുദ്ധമായ കുടിവെള്ളം തുടങ്ങിയ അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ ഭക്ഷ്യസുരക്ഷാ വകുപ്പ് നേരിട്ട് ഒരുക്കി നൽകും.തട്ടുകടകളിലെ നിലവിലുള്ള വൃത്തിഹീനമായ അന്തരീക്ഷം പൂർണ്ണമായും മാറ്റിയെടുക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിനായി ഇത്തരം സോണുകളിൽ സ്ഥാപിക്കുന്ന തട്ടുകടകൾക്കെല്ലാം ഒരേ തരത്തിലുള്ള ആധുനിക മാതൃകയും ഡിസൈനും ആയിരിക്കും നിശ്ചയിക്കുക. കോഴിക്കോട് ബീച്ചിൽ വിജയകരമായി നടപ്പാക്കിയ സ്ട്രീറ്റ് ഫൂഡ് ഹബ് പദ്ധതി മാതൃകയാക്കിയാണ് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഇത് സംസ്ഥാനവ്യാപകമാക്കുന്നത്.

ട്രെയിനിലെ കള്ളവണ്ടി യാത്രയ്ക്ക് പൂട്ടുവീഴും; ടിക്കറ്റില്ലാ യാത്രയ്ക്കുള്ള പിഴ റെയിൽവേ ഇരട്ടിയാക്കി

റെയിൽവേ യാത്രകളിൽ കർശന നിയന്ത്രണങ്ങളുമായി ഇന്ത്യൻ റെയിൽവേ രംഗത്ത്. ടിക്കറ്റ് ഇല്ലാതെ ട്രെയിനുകളിൽ യാത്ര ചെയ്യുന്നവർക്ക് ഇനി വലിയ തുക പിഴയായി നൽകേണ്ടി വരും. യാത്രക്കാരിൽ നിന്ന് ഈടാക്കാവുന്ന ഏറ്റവും കുറഞ്ഞ പിഴ തുക 250 രൂപയിൽ നിന്നും 500 രൂപയാക്കി ഇരട്ടിയാക്കി വർദ്ധിപ്പിച്ചുകൊണ്ടാണ് റെയിൽവേ പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. 2026 ജൂൺ 26 മുതൽ ഈ പുതിയ നിയമം രാജ്യത്തുടനീളം പ്രാബല്യത്തിൽ വരും. 2026-ലെ ജൻ വിശ്വാസ് നിയമപ്രകാരം, 1989-ലെ റെയിൽവേ ആക്റ്റിലെ 137, 138 വകുപ്പുകളിൽ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് പിഴ വർദ്ധന നടപ്പിലാക്കുന്നത്. ശരിയായ ടിക്കറ്റില്ലാതെ യാത്ര ചെയ്യുക, അസാധുവായ ടിക്കറ്റുകൾ ഉപയോഗിക്കുക, അല്ലെങ്കിൽ യാത്രയ്ക്ക് അനുയോജ്യമല്ലാത്ത ക്ലാസുകളിൽ യാത്ര ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങൾക്കാണ് ഈ ഉയർന്ന പിഴ ഈടാക്കുക. ടിക്കറ്റ് നിരക്കിനും മറ്റ് അധിക ചാർജുകൾക്കും പുറമെയാണ് ഈ 500 രൂപ കുറഞ്ഞ പിഴയായി നൽകേണ്ടി വരുന്നത്. പുതിയ നിയമപ്രകാരം പിഴ അടയ്ക്കാൻ തയ്യാറാകാത്ത യാത്രക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്ക് ആറ് മാസം വരെ തടവോ അല്ലെങ്കിൽ കോടതി വഴി വലിയ തുക പിഴയോ അടയ്ക്കേണ്ടി വരും. യാത്രക്കാരുടെ സൗകര്യപ്രദവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുന്നതിനാണ് ഈ നടപടിയെന്നും, എല്ലാവരും കൃത്യമായി ടിക്കറ്റ് എടുത്ത് യാത്ര ചെയ്യണമെന്നും വെസ്റ്റേൺ റെയിൽവേ അധികൃതർ കർശനമായി നിർദ്ദേശിക്കുന്നു.