റെയിൽവേ യാത്രകളിൽ കർശന നിയന്ത്രണങ്ങളുമായി ഇന്ത്യൻ റെയിൽവേ രംഗത്ത്. ടിക്കറ്റ് ഇല്ലാതെ ട്രെയിനുകളിൽ യാത്ര ചെയ്യുന്നവർക്ക് ഇനി വലിയ തുക പിഴയായി നൽകേണ്ടി വരും. യാത്രക്കാരിൽ നിന്ന് ഈടാക്കാവുന്ന ഏറ്റവും കുറഞ്ഞ പിഴ തുക 250 രൂപയിൽ നിന്നും 500 രൂപയാക്കി ഇരട്ടിയാക്കി വർദ്ധിപ്പിച്ചുകൊണ്ടാണ് റെയിൽവേ പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. 2026 ജൂൺ 26 മുതൽ ഈ പുതിയ നിയമം രാജ്യത്തുടനീളം പ്രാബല്യത്തിൽ വരും.
2026-ലെ ജൻ വിശ്വാസ് നിയമപ്രകാരം, 1989-ലെ റെയിൽവേ ആക്റ്റിലെ 137, 138 വകുപ്പുകളിൽ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് പിഴ വർദ്ധന നടപ്പിലാക്കുന്നത്. ശരിയായ ടിക്കറ്റില്ലാതെ യാത്ര ചെയ്യുക, അസാധുവായ ടിക്കറ്റുകൾ ഉപയോഗിക്കുക, അല്ലെങ്കിൽ യാത്രയ്ക്ക് അനുയോജ്യമല്ലാത്ത ക്ലാസുകളിൽ യാത്ര ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങൾക്കാണ് ഈ ഉയർന്ന പിഴ ഈടാക്കുക. ടിക്കറ്റ് നിരക്കിനും മറ്റ് അധിക ചാർജുകൾക്കും പുറമെയാണ് ഈ 500 രൂപ കുറഞ്ഞ പിഴയായി നൽകേണ്ടി വരുന്നത്.
പുതിയ നിയമപ്രകാരം പിഴ അടയ്ക്കാൻ തയ്യാറാകാത്ത യാത്രക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്ക് ആറ് മാസം വരെ തടവോ അല്ലെങ്കിൽ കോടതി വഴി വലിയ തുക പിഴയോ അടയ്ക്കേണ്ടി വരും. യാത്രക്കാരുടെ സൗകര്യപ്രദവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുന്നതിനാണ് ഈ നടപടിയെന്നും, എല്ലാവരും കൃത്യമായി ടിക്കറ്റ് എടുത്ത് യാത്ര ചെയ്യണമെന്നും വെസ്റ്റേൺ റെയിൽവേ അധികൃതർ കർശനമായി നിർദ്ദേശിക്കുന്നു.





