മഞ്ഞ റേഷൻ കാർഡുടമകൾക്ക് തിരിച്ചടി; റേഷൻ വിഹിതത്തിൽ വൻ വെട്ടിക്കുറയ്ക്കലിന് കേന്ദ്ര നീക്കം

രാജ്യത്തെ ഏറ്റവും പാവപ്പെട്ടവർക്കായി മഞ്ഞ റേഷൻ കാർഡുകൾ വഴി നടപ്പിലാക്കുന്ന അന്ത്യോദയ അന്നയോജന (AAY) പദ്ധതിയിൽ വലിയ മാറ്റത്തിന് കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. നിലവിൽ ഒരു കുടുംബത്തിന് പ്രതിമാസം ലഭിക്കുന്ന 35 കിലോ സൗജന്യ ഭക്ഷ്യധാന്യ വ്യവസ്ഥയിലാണ് ദേശീയ ഭക്ഷ്യഭദ്രതാ നിയമം ഭേദഗതി ചെയ്തുകൊണ്ട് മാറ്റം വരുത്താൻ കരട് തയാറാക്കിയിരിക്കുന്നത്.

പുതിയ നിയമപ്രകാരം കാർഡിലെ ഒരംഗത്തിന് 7 കിലോ വീതമേ ഭക്ഷ്യധാന്യം ലഭിക്കൂ; പരമാവധി വിഹിതം 35 കിലോയുമായിരിക്കും. ഇതോടെ അഞ്ചിൽ താഴെ അംഗങ്ങളുള്ള ചെറുകുടുംബങ്ങൾക്ക് ലഭിക്കുന്ന റേഷൻ പകുതിയിലധികമായി കുറയും. ഉദാഹരണത്തിന്, രണ്ടുപേർ മാത്രമുള്ള കുടുംബത്തിന് ഇനി മുതൽ 35 കിലോയ്ക്ക് പകരം വെറും 14 കിലോ ധാന്യമേ ലഭിക്കുകയുള്ളൂ. ഇത് കേരളം പോലുള്ള സംസ്ഥാനങ്ങളിലെ ലക്ഷക്കണക്കിന് അണുകുടുംബങ്ങൾക്ക് വലിയ തിരിച്ചടിയാകും.

വലിയ കുടുംബങ്ങളിലെയും ചെറിയ കുടുംബങ്ങളിലെയും റേഷൻ വിതരണത്തിലുള്ള അസമത്വം പരിഹരിക്കാനാണ് ഈ പരിഷ്കാരം എന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. എന്നാൽ പരമാവധി പരിധി ഉയർത്താതെ കൊണ്ടുവരുന്ന ഈ നിയന്ത്രണം പാവപ്പെട്ടവരുടെ റേഷൻ വിഹിതം നിശബ്ദമായി വെട്ടിക്കുറയ്ക്കാനുള്ള നീക്കമാണെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു. കേരളത്തിലെ 5.94 ലക്ഷത്തോളം വരുന്ന അന്ത്യോദയ കുടുംബങ്ങളെ ഈ തീരുമാനം പ്രതികൂലമായി ബാധിക്കും.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *