ഡൽഹിയിലെ യമുനാ നദിയിൽ രൂപപ്പെടുന്ന കട്ടിയുള്ള വെളുത്ത വിഷനുര ഗുരുതര ആരോഗ്യ-പാരിസ്ഥിതിക ഭീഷണിയാകുന്നു. വീടുകളിൽനിന്നും വ്യവസായശാലകളിൽനിന്നും ഒഴുക്കുന്ന മലിനജലവും സോപ്പ്, ഡിറ്റർജന്റ് എന്നിവയിലെ രാസവസ്തുക്കളുമാണ് ഇതിന് പ്രധാന കാരണം. എല്ലാ വർഷവും ഛാഠ് പൂജയ്ക്കെത്തുന്ന ഭക്തർ മലിനജലത്തിൽ ഇറങ്ങി പ്രാർഥിക്കുന്നതും ആശങ്കയുണ്ടാക്കുന്നു.
ഒക്ടോബർ, നവംബർ മാസങ്ങളിൽ ജലപ്രവാഹം കുറയുന്നതോടെ രാസമാലിന്യങ്ങൾ നദിയിൽ അടിഞ്ഞുകൂടി നുരയായി മാറുന്നു. ഫോസ്ഫേറ്റിന്റെ അളവ് കൂടുന്നത് പായലുകളുടെ വളർച്ചയ്ക്കും ഓക്സിജൻ കുറയുന്നതിനും കാരണമാകുന്നു. ഇത് മത്സ്യങ്ങളുൾപ്പെടെയുള്ള ജലജീവികൾക്ക് ഭീഷണിയാണ്.
യമുനാ ആക്ഷൻ പ്ലാൻ ഉൾപ്പെടെ നിരവധി ശുദ്ധീകരണ പദ്ധതികൾ നടപ്പാക്കിയിട്ടും നദിയുടെ അവസ്ഥയിൽ മാറ്റമില്ല. ശുദ്ധീകരണത്തിന്റെ ഉത്തരവാദിത്തത്തെച്ചൊല്ലി ഡൽഹി, ഉത്തർപ്രദേശ് അധികൃതർ തമ്മിലുള്ള തർക്കവും തുടരുകയാണ്. മലിനീകരണത്തിന്റെ ഉറവിടങ്ങൾ തടയാതെ ശാശ്വത പരിഹാരം സാധ്യമാകില്ലെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.






