സ്ത്രീധനപീഡനവും ഗാർഹികാതിക്രമവും തടയുന്നതിനായി കോളേജുകളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിവാഹപൂർവ കൗൺസലിങ് നിർബന്ധമാക്കാൻ നിയമസഭാ സമിതിയുടെ നിർദേശം. വിദ്യാസമ്പന്നർക്കിടയിലും സ്ത്രീധനത്തിന്റെ പേരിൽ ആത്മഹത്യകൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിനോട് ശുപാർശ ചെയ്തത്. 2020 മുതൽ 2025 വരെ സ്ത്രീധനപീഡനത്തെ തുടർന്ന് 43 പെൺകുട്ടികൾ ആത്മഹത്യ ചെയ്തതായും സമിതി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സ്ത്രീധനപീഡനത്തിന്റെ ദൂഷ്യഫലങ്ങൾ സ്കൂൾ, കോളേജ് പാഠ്യപദ്ധതികളിൽ ഉൾപ്പെടുത്താനും സമിതി നിർദേശിച്ചു. സ്ത്രീധനവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനൊപ്പം ഇത്തരം കേസുകളിൽ അന്വേഷണം വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ 35 കുടുംബക്കോടതികളിലായി ഗാർഹികപീഡനവുമായി ബന്ധപ്പെട്ട 1.17 ലക്ഷം കേസുകൾ നിലവിലുണ്ട്. കഴിഞ്ഞ ആറു വർഷത്തിനിടെ ഭർത്താവിന്റെയും ബന്ധുക്കളുടെയും അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 27,242 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസുകൾ സമയബന്ധിതമായി തീർപ്പാക്കാത്തത് പ്രതികൾ രക്ഷപ്പെടുന്നതിനും ഇരകൾക്ക് നീതി വൈകുന്നതിനും കാരണമാകുന്നതായും സമിതി ചൂണ്ടിക്കാട്ടി.






