ഇന്ത്യൻ ക്യാപ്റ്റനെതിരെ വംശീയ അധിക്ഷേപം; എ.എഫ്.സിക്ക് പരാതി

എ.എഫ്.സി അണ്ടർ-17 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിനിടെ ഇന്ത്യൻ ക്യാപ്റ്റൻ ദല്ലാൽമുവോൺ ഗാംഗ്തെയ്ക്കെതിരെ പലസ്തീൻ താരം വംശീയ അധിക്ഷേപം നടത്തിയെന്ന ആരോപണത്തിൽ എ.ഐ.എഫ്.എഫ് പരാതി നൽകി. നവംബർ 17-ന് ക്വാലാലംപൂരിൽ നടന്ന സംഭവത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനോട് ആവശ്യപ്പെട്ടു. വംശീയതയ്ക്കും വിവേചനത്തിനും ഫുട്ബോളിൽ സ്ഥാനമില്ലെന്ന് വ്യക്തമാക്കിയ ഫെഡറേഷൻ ഇത്തരം പ്രവൃത്തികൾ അംഗീകരിക്കാനാകില്ലെന്നും അറിയിച്ചു. അതേസമയം, പലസ്തീനെ 4-1ന് തകർത്ത ഇന്ത്യ ഗ്രൂപ്പിൽ തുടർച്ചയായ മൂന്നാം ജയം സ്വന്തമാക്കി. ഒൻപത് പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയുടെ അടുത്ത മത്സരം മലേഷ്യക്കെതിരെയാണ്.
വിമാനപാതയിൽ ക്രെയിൻ ബൂം; തിരുവനന്തപുരത്ത് വിമാനങ്ങൾ ആകാശത്ത് വട്ടംകറങ്ങി

തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡിങ്ങിനുള്ള വ്യോമപാതയിൽ കൂറ്റൻ ക്രെയിനിന്റെ കൈ ഉയർന്നുനിന്നത് അരമണിക്കൂറോളം പരിഭ്രാന്തി സൃഷ്ടിച്ചു. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. വിമാനപാതയിലെ തടസ്സം ശ്രദ്ധയിൽപ്പെട്ട പൈലറ്റുമാർ എയർ ട്രാഫിക് കൺട്രോളിനെ വിവരം അറിയിച്ചതോടെ ഇറങ്ങാനെത്തിയ രണ്ടു വിമാനങ്ങൾ ആകാശത്ത് വട്ടംകറങ്ങി. വ്യോമസേനയുടെ എ.748 സൈനിക വിമാനവും മാലദ്വീപിൽനിന്നെത്തിയ ഇൻഡിഗോ വിമാനവുമാണ് ലാൻഡിങ് വൈകിയത്. തുടർന്ന് പോലീസും വിമാനത്താവള അധികൃതരും നടത്തിയ പരിശോധനയിൽ റൺവേ 32-ന്റെ സമീപത്തെ പറമ്പിൽ നിർത്തിയിട്ടിരുന്ന ക്രെയിനിന്റെ ബൂമാണ് തടസ്സമെന്ന് കണ്ടെത്തി. ദേശീയപാതയിലെ മുട്ടത്തറ ബെവറേജസ് ഔട്ട്ലെറ്റിന് സമീപമായിരുന്നു ക്രെയിൻ. ഏകദേശം 50 മീറ്റർ ഉയരത്തിൽ, പതിനാറുനില കെട്ടിടത്തിന് തുല്യമായ ഉയരത്തിലായിരുന്നു ക്രെയിനിന്റെ കൈ നിലയുറപ്പിച്ചിരുന്നത്. വിമാനങ്ങൾക്ക് വലിയ അപകടഭീഷണിയായതോടെ ക്രെയിൻ ബൂം താഴ്ത്തി. ഇതിനു ശേഷമാണ് വിമാനങ്ങൾക്ക് സുരക്ഷിതമായി ലാൻഡ് ചെയ്യാനായത്.
കൊച്ചിയിൽ സൈബർ തട്ടിപ്പ് വ്യാപകം; ഡോക്ടർക്ക് 1.57 കോടി രൂപ നഷ്ടം

ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതി പരിചയപ്പെടുത്തിയ വ്യാജ ട്രേഡിങ് പ്ലാറ്റ്ഫോമിൽ നിക്ഷേപിച്ച കളമശ്ശേരി സ്വദേശിയായ ഡോക്ടർക്ക് 1.57 കോടി രൂപ നഷ്ടമായി. 2025 ഒക്ടോബർ മുതൽ ഡിസംബർ വരെ ഡോക്ടറും ഭാര്യയും വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറുകയായിരുന്നു. വ്യാജ ആപ്പിൽ നിക്ഷേപവും ലാഭവും കാണിച്ച് വിശ്വസിപ്പിച്ച പ്രതികൾ പണം തിരികെ നൽകിയില്ല. സംഭവത്തിൽ കളമശ്ശേരി പോലീസ് കേസെടുത്തു. ഓൺലൈൻ ഫോറെക്സ് ട്രേഡിങ്ങിലൂടെ വൻലാഭം വാഗ്ദാനം ചെയ്ത് രായമംഗലം സ്വദേശിയിൽനിന്ന് 2.11 കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ റൂറൽ സൈബർ ക്രൈം പോലീസും കേസെടുത്തു. കഴിഞ്ഞ വർഷം ഒക്ടോബർ, നവംബർ മാസങ്ങളിലായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിപ്പിച്ചായിരുന്നു തട്ടിപ്പ്. മറ്റൊരു സംഭവത്തിൽ ക്രെഡിറ്റ് കാർഡ് ആക്ടിവേറ്റ് ചെയ്യാമെന്ന് വിശ്വസിപ്പിച്ച് മുളവുകാട് സ്വദേശിനിയായ 36-കാരിയിൽനിന്ന് 89,904 രൂപ തട്ടിയെടുത്തു. മറ്റൊരു ക്രെഡിറ്റ് കാർഡ് വഴി ആക്ടിവേഷൻ നടത്താമെന്ന് പറഞ്ഞ് ഒ.ടി.പി. കൈക്കലാക്കിയാണ് പണം തട്ടിയത്. സംഭവത്തിൽ കൊച്ചി സിറ്റി സൈബർ പോലീസ് കേസെടുത്തു.
യമുനയിൽ വിഷനുര ഭീഷണി; മലിനീകരണം രൂക്ഷം

ഡൽഹിയിലെ യമുനാ നദിയിൽ രൂപപ്പെടുന്ന കട്ടിയുള്ള വെളുത്ത വിഷനുര ഗുരുതര ആരോഗ്യ-പാരിസ്ഥിതിക ഭീഷണിയാകുന്നു. വീടുകളിൽനിന്നും വ്യവസായശാലകളിൽനിന്നും ഒഴുക്കുന്ന മലിനജലവും സോപ്പ്, ഡിറ്റർജന്റ് എന്നിവയിലെ രാസവസ്തുക്കളുമാണ് ഇതിന് പ്രധാന കാരണം. എല്ലാ വർഷവും ഛാഠ് പൂജയ്ക്കെത്തുന്ന ഭക്തർ മലിനജലത്തിൽ ഇറങ്ങി പ്രാർഥിക്കുന്നതും ആശങ്കയുണ്ടാക്കുന്നു. ഒക്ടോബർ, നവംബർ മാസങ്ങളിൽ ജലപ്രവാഹം കുറയുന്നതോടെ രാസമാലിന്യങ്ങൾ നദിയിൽ അടിഞ്ഞുകൂടി നുരയായി മാറുന്നു. ഫോസ്ഫേറ്റിന്റെ അളവ് കൂടുന്നത് പായലുകളുടെ വളർച്ചയ്ക്കും ഓക്സിജൻ കുറയുന്നതിനും കാരണമാകുന്നു. ഇത് മത്സ്യങ്ങളുൾപ്പെടെയുള്ള ജലജീവികൾക്ക് ഭീഷണിയാണ്. യമുനാ ആക്ഷൻ പ്ലാൻ ഉൾപ്പെടെ നിരവധി ശുദ്ധീകരണ പദ്ധതികൾ നടപ്പാക്കിയിട്ടും നദിയുടെ അവസ്ഥയിൽ മാറ്റമില്ല. ശുദ്ധീകരണത്തിന്റെ ഉത്തരവാദിത്തത്തെച്ചൊല്ലി ഡൽഹി, ഉത്തർപ്രദേശ് അധികൃതർ തമ്മിലുള്ള തർക്കവും തുടരുകയാണ്. മലിനീകരണത്തിന്റെ ഉറവിടങ്ങൾ തടയാതെ ശാശ്വത പരിഹാരം സാധ്യമാകില്ലെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
കോളേജുകളിൽ വിവാഹപൂർവ കൗൺസലിങ് നിർബന്ധമാക്കാൻ ശുപാർശ

സ്ത്രീധനപീഡനവും ഗാർഹികാതിക്രമവും തടയുന്നതിനായി കോളേജുകളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിവാഹപൂർവ കൗൺസലിങ് നിർബന്ധമാക്കാൻ നിയമസഭാ സമിതിയുടെ നിർദേശം. വിദ്യാസമ്പന്നർക്കിടയിലും സ്ത്രീധനത്തിന്റെ പേരിൽ ആത്മഹത്യകൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിനോട് ശുപാർശ ചെയ്തത്. 2020 മുതൽ 2025 വരെ സ്ത്രീധനപീഡനത്തെ തുടർന്ന് 43 പെൺകുട്ടികൾ ആത്മഹത്യ ചെയ്തതായും സമിതി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സ്ത്രീധനപീഡനത്തിന്റെ ദൂഷ്യഫലങ്ങൾ സ്കൂൾ, കോളേജ് പാഠ്യപദ്ധതികളിൽ ഉൾപ്പെടുത്താനും സമിതി നിർദേശിച്ചു. സ്ത്രീധനവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനൊപ്പം ഇത്തരം കേസുകളിൽ അന്വേഷണം വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാനത്തെ 35 കുടുംബക്കോടതികളിലായി ഗാർഹികപീഡനവുമായി ബന്ധപ്പെട്ട 1.17 ലക്ഷം കേസുകൾ നിലവിലുണ്ട്. കഴിഞ്ഞ ആറു വർഷത്തിനിടെ ഭർത്താവിന്റെയും ബന്ധുക്കളുടെയും അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 27,242 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസുകൾ സമയബന്ധിതമായി തീർപ്പാക്കാത്തത് പ്രതികൾ രക്ഷപ്പെടുന്നതിനും ഇരകൾക്ക് നീതി വൈകുന്നതിനും കാരണമാകുന്നതായും സമിതി ചൂണ്ടിക്കാട്ടി.
എഥനോൾ നയം തിരിച്ചടി; കോഴിത്തീറ്റ വില കുതിക്കുന്നു

ഇ-20 എഥനോൾ നയം കോഴിവളർത്തൽ മേഖലയ്ക്ക് തിരിച്ചടിയാകുന്നു. 50 കിലോയുടെ പ്രീ സ്റ്റാർട്ടർ തീറ്റയ്ക്ക് 2,750 രൂപയും സ്റ്റാർട്ടറിന് 2,715 രൂപയും ഫിനിഷറിന് 2,680 രൂപയുമായി വില ഉയർന്നു. എഥനോൾ ഉത്പാദനത്തിന് ചോളം, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നതാണ് വിലവർധനയ്ക്ക് പ്രധാന കാരണം. ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള കോഴിയിറക്കുമതി വർധിച്ചതോടെ നാടൻ കോഴികൾക്ക് വിപണിയിൽ ആവശ്യക്കാർ കുറഞ്ഞു. കൂടാതെ, ഫാമുകൾക്കുള്ള പുതിയ മലിനീകരണ നിയന്ത്രണങ്ങളും വീടുകളിൽനിന്നുള്ള അകലം 50 മീറ്ററിൽനിന്ന് 500 മീറ്ററായി ഉയർത്തിയതും ചെറുകിട കർഷകർക്ക് പ്രതിസന്ധിയാകുന്നു. സംസ്ഥാനത്തെ നാലുലക്ഷത്തോളം ചെറുകിട കോഴിഫാമുകളെയും 14 ലക്ഷത്തോളം കുടുംബങ്ങളെയും പ്രതിസന്ധി ബാധിക്കുന്നുണ്ട്. തീറ്റവില വർധന ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് കേരള പൗൾട്രി ഫാർമേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
ഖ്വെഷം ദ്വീപിന് നേരെ വീണ്ടും അമേരിക്കൻ ആക്രമണം

ഇറാന്റെ ഖ്വെഷം ദ്വീപിന് നേരെ അമേരിക്ക വീണ്ടും വ്യോമാക്രമണം നടത്തി. ചൊവ്വാഴ്ച നടന്ന ആക്രമണത്തിൽ താമസമേഖലകൾക്കോ വാണിജ്യ കേന്ദ്രങ്ങൾക്കോ നാശനഷ്ടമുണ്ടായിട്ടില്ലെന്ന് ഹോർമുസ്ഗാൻ പ്രവിശ്യാ അധികൃതർ അറിയിച്ചു. അതേസമയം, ദ്വീപിൽ സ്ഫോടനശബ്ദങ്ങൾ കേട്ടതായും പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതായും റിപ്പോർട്ടുകളുണ്ട്. അമേരിക്കൻ ആക്രമണത്തിന് തൊട്ടുമുമ്പ് ബഹ്റൈനിലെ യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ഡ്രോൺ ആക്രമണം നടത്തി. നാല് ദിവസത്തിനിടെ ബഹ്റൈനു നേരെയുണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണിത്. ഷെയ്ഖ് ഈസ എയർ ബേസിലെ യുഎസ് റഡാർ സംവിധാനമാണ് ലക്ഷ്യമിട്ടതെന്ന് ഇറാൻ റവല്യൂഷണറി ഗാർഡ്സ് അറിയിച്ചു. യുഎസ്-ഇറാൻ സംഘർഷം രൂക്ഷമായതോടെ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഇറാൻ നീക്കം നടത്തുന്നുണ്ട്. നിർദേശങ്ങൾ ലംഘിക്കുന്ന കപ്പലുകൾക്ക് നേരെ ആക്രമണങ്ങളുണ്ടായതായും ഒമാൻ തീരത്തിന് സമീപം എണ്ണ ടാങ്കറുകൾക്ക് നേരെയും ആക്രമണം നടന്നതായും റിപ്പോർട്ടുകളുണ്ട്.
പാകിസ്താനെ തകർത്ത് ഇന്ത്യക്ക് പത്താം സാഫ് കിരീടം

സാഫ് ചാമ്പ്യൻഷിപ്പ് ഫുട്ബോളിൽ പാകിസ്താനെ ഒന്നിനെതിരേ രണ്ടുഗോളുകൾക്ക് തോൽപ്പിച്ച് ഇന്ത്യക്ക് പത്താം കിരീടം. പിന്നിൽ നിന്ന ശേഷം ശക്തമായി തിരിച്ചടിച്ചാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇതോടെ തുടർച്ചയായ മൂന്നാം തവണയും സാഫ് കിരീടം ഇന്ത്യക്കൊപ്പം നിന്നു. മത്സരത്തിന്റെ 58ആം മിനിറ്റിൽ പാക് താരം ജുനൈദ് ഷാ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ടീമിന് തിരിച്ചടിയായി. ആദ്യപകുതിയിൽ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ നേടാനായില്ല. എന്നാൽ ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ അലാംഗിർ ഗാസിയിലൂടെ പാകിസ്താൻ ലീഡ് നേടി. രണ്ടാം പകുതിയിൽ കൂടുതൽ ആക്രമണാത്മകമായി കളിച്ച ഇന്ത്യ 60ആം മിനിറ്റിൽ സുഹൈൽ അഹമ്മദ് ഭട്ടിന്റെ ഗോളിലൂടെ സമനില പിടിച്ചു. വലതുവിങ്ങിൽ നിന്നെത്തിയ ക്രോസ് മനോഹരമായ ഷോട്ടിലൂടെ വലയിലെത്തിച്ചാണ് ഭട്ട് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. സമനില ഗോളിന് പിന്നാലെ ഇന്ത്യ ആക്രമണം ശക്തമാക്കി. തുടർച്ചയായ മുന്നേറ്റങ്ങളിലൂടെ പാക് പ്രതിരോധത്തെ സമ്മർദത്തിലാക്കിയ ഇന്ത്യക്ക് 88ആം മിനിറ്റിൽ വിജയഗോൾ ലഭിച്ചു. പ്രതിരോധതാരം സന്ദീപ് മാണ്ഡി തകർപ്പൻ ഹെഡറിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു. അവസാന നിമിഷങ്ങളിൽ പാകിസ്താന് തിരിച്ചുവരാനായില്ല. ഇതോടെ ആവേശകരമായ പോരാട്ടത്തിൽ വിജയം സ്വന്തമാക്കിയ ഇന്ത്യ പത്താം സാഫ് കിരീടത്തിൽ മുത്തമിട്ടു.
അതിർത്തി അബദ്ധത്തിൽ കടന്ന ഇന്ത്യൻ ജവാനെ ബംഗ്ലാദേശ് സേന കസ്റ്റഡിയിലെടുത്തു

പട്രോളിംഗിനിടെ വഴിതെറ്റി ബംഗ്ലാദേശ് അതിർത്തിക്കുള്ളിൽ പ്രവേശിച്ച ഇന്ത്യൻ ജവാനെ ബോർഡർ ഗാർഡ് ബംഗ്ലാദേശ് (ബി.ജി.ബി) കസ്റ്റഡിയിലെടുത്തു. അതിർത്തി അടയാളങ്ങൾ വ്യക്തമല്ലാത്ത മേഖലയിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് ജവാന് അബദ്ധം സംഭവിച്ചതെന്നാണ് ഇന്ത്യൻ സൈനിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ ബി.എസ്.എഫ് ഉദ്യോഗസ്ഥർ ഇടപെടുകയും ജവാന്റെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. ജവാനെ തിരികെ എത്തിക്കുന്നതിനായി ബി.എസ്.എഫും ബി.ജി.ബിയും തമ്മിൽ ഉന്നതതല ചർച്ചകളും ഫ്ലാഗ് മീറ്റിംഗിനുള്ള നീക്കങ്ങളും പുരോഗമിക്കുകയാണ്. ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി ജവാനെ സുരക്ഷിതമായി ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് പ്രതീക്ഷ. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി സുരക്ഷാ സഹകരണ പ്രോട്ടോക്കോളുകൾ അനുസരിച്ചാണ് തുടർനടപടികൾ സ്വീകരിക്കുന്നത്.
ശബരിമലയിൽ മണ്ഡലകാലത്തിന് തുടക്കമായി; വ്രതശുദ്ധിയുടെ 41 ദിനരാത്രങ്ങളിലേക്ക് ഭക്തർ

മണ്ഡലം-മകരവിളക്ക് മഹോത്സവത്തിനായി ശബരിമല അയ്യപ്പക്ഷേത്രത്തിൽ തിങ്കളാഴ്ച വൈകിട്ട് നാലിന് നട തുറന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ആദ്യദിവസം തന്നെ സന്നിധാനത്ത് വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. നിലവിലെ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. തന്ത്രി കണ്ഠരര് ബ്രഹ്മദത്തൻ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു. പുതുതായി ചുമതലയേൽക്കുന്ന ശബരിമല മേൽശാന്തി അരീക്കര ഇല്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തി ആയാടത്തില്ലത്ത് ദാമോദരൻ നമ്പൂതിരിയെയും ആഴിയിൽ അഗ്നി പകർന്നശേഷം സോപാനത്തേക്ക് ആനയിച്ചു. പ്രതിദിനം 80,000 പേർക്കാണ് ദർശനത്തിന് അനുമതി. ഓൺലൈൻ ബുക്കിങ് നിർബന്ധമാണ്. നിലയ്ക്കൽ-പമ്പ പാതയിലൂടെ 60,000 പേർക്കും എരുമേലി, വണ്ടിപ്പെരിയാർ കാനനപാതകളിലൂടെ 3,000 പേർക്ക് വീതവും വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യാം. കൂടാതെ നിലയ്ക്കലിൽ 10,000 പേർക്കും എരുമേലിയിലും വണ്ടിപ്പെരിയാറിലും 2,000 പേർക്ക് വീതവും സ്പോട്ട് ബുക്കിങ് സൗകര്യമുണ്ട്.