മണ്ഡലം-മകരവിളക്ക് മഹോത്സവത്തിനായി ശബരിമല അയ്യപ്പക്ഷേത്രത്തിൽ തിങ്കളാഴ്ച വൈകിട്ട് നാലിന് നട തുറന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ആദ്യദിവസം തന്നെ സന്നിധാനത്ത് വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. നിലവിലെ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. തന്ത്രി കണ്ഠരര് ബ്രഹ്മദത്തൻ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു.
പുതുതായി ചുമതലയേൽക്കുന്ന ശബരിമല മേൽശാന്തി അരീക്കര ഇല്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തി ആയാടത്തില്ലത്ത് ദാമോദരൻ നമ്പൂതിരിയെയും ആഴിയിൽ അഗ്നി പകർന്നശേഷം സോപാനത്തേക്ക് ആനയിച്ചു. പ്രതിദിനം 80,000 പേർക്കാണ് ദർശനത്തിന് അനുമതി. ഓൺലൈൻ ബുക്കിങ് നിർബന്ധമാണ്.
നിലയ്ക്കൽ-പമ്പ പാതയിലൂടെ 60,000 പേർക്കും എരുമേലി, വണ്ടിപ്പെരിയാർ കാനനപാതകളിലൂടെ 3,000 പേർക്ക് വീതവും വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യാം. കൂടാതെ നിലയ്ക്കലിൽ 10,000 പേർക്കും എരുമേലിയിലും വണ്ടിപ്പെരിയാറിലും 2,000 പേർക്ക് വീതവും സ്പോട്ട് ബുക്കിങ് സൗകര്യമുണ്ട്.






