വിമാനപാതയിൽ ക്രെയിൻ ബൂം; തിരുവനന്തപുരത്ത് വിമാനങ്ങൾ ആകാശത്ത് വട്ടംകറങ്ങി

തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡിങ്ങിനുള്ള വ്യോമപാതയിൽ കൂറ്റൻ ക്രെയിനിന്റെ കൈ ഉയർന്നുനിന്നത് അരമണിക്കൂറോളം പരിഭ്രാന്തി സൃഷ്ടിച്ചു. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. വിമാനപാതയിലെ തടസ്സം ശ്രദ്ധയിൽപ്പെട്ട പൈലറ്റുമാർ എയർ ട്രാഫിക് കൺട്രോളിനെ വിവരം അറിയിച്ചതോടെ ഇറങ്ങാനെത്തിയ രണ്ടു വിമാനങ്ങൾ ആകാശത്ത് വട്ടംകറങ്ങി.

വ്യോമസേനയുടെ എ.748 സൈനിക വിമാനവും മാലദ്വീപിൽനിന്നെത്തിയ ഇൻഡിഗോ വിമാനവുമാണ് ലാൻഡിങ് വൈകിയത്. തുടർന്ന് പോലീസും വിമാനത്താവള അധികൃതരും നടത്തിയ പരിശോധനയിൽ റൺവേ 32-ന്റെ സമീപത്തെ പറമ്പിൽ നിർത്തിയിട്ടിരുന്ന ക്രെയിനിന്റെ ബൂമാണ് തടസ്സമെന്ന് കണ്ടെത്തി. ദേശീയപാതയിലെ മുട്ടത്തറ ബെവറേജസ് ഔട്ട്‌ലെറ്റിന് സമീപമായിരുന്നു ക്രെയിൻ.

ഏകദേശം 50 മീറ്റർ ഉയരത്തിൽ, പതിനാറുനില കെട്ടിടത്തിന് തുല്യമായ ഉയരത്തിലായിരുന്നു ക്രെയിനിന്റെ കൈ നിലയുറപ്പിച്ചിരുന്നത്. വിമാനങ്ങൾക്ക് വലിയ അപകടഭീഷണിയായതോടെ ക്രെയിൻ ബൂം താഴ്ത്തി. ഇതിനു ശേഷമാണ് വിമാനങ്ങൾക്ക് സുരക്ഷിതമായി ലാൻഡ് ചെയ്യാനായത്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *