ഇ-20 എഥനോൾ നയം കോഴിവളർത്തൽ മേഖലയ്ക്ക് തിരിച്ചടിയാകുന്നു. 50 കിലോയുടെ പ്രീ സ്റ്റാർട്ടർ തീറ്റയ്ക്ക് 2,750 രൂപയും സ്റ്റാർട്ടറിന് 2,715 രൂപയും ഫിനിഷറിന് 2,680 രൂപയുമായി വില ഉയർന്നു. എഥനോൾ ഉത്പാദനത്തിന് ചോളം, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നതാണ് വിലവർധനയ്ക്ക് പ്രധാന കാരണം.
ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള കോഴിയിറക്കുമതി വർധിച്ചതോടെ നാടൻ കോഴികൾക്ക് വിപണിയിൽ ആവശ്യക്കാർ കുറഞ്ഞു. കൂടാതെ, ഫാമുകൾക്കുള്ള പുതിയ മലിനീകരണ നിയന്ത്രണങ്ങളും വീടുകളിൽനിന്നുള്ള അകലം 50 മീറ്ററിൽനിന്ന് 500 മീറ്ററായി ഉയർത്തിയതും ചെറുകിട കർഷകർക്ക് പ്രതിസന്ധിയാകുന്നു.
സംസ്ഥാനത്തെ നാലുലക്ഷത്തോളം ചെറുകിട കോഴിഫാമുകളെയും 14 ലക്ഷത്തോളം കുടുംബങ്ങളെയും പ്രതിസന്ധി ബാധിക്കുന്നുണ്ട്. തീറ്റവില വർധന ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് കേരള പൗൾട്രി ഫാർമേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.






