മുഴുനീളെ ട്വിസ്റ്റും ആക്ഷന്‍ രംഗങ്ങളും…’ഐ നോബഡി’ റിവ്യൂ

സംവിധായകന്‍ നിസാം ബഷീര്‍ ഒരുക്കിയ സസ്പെന്‍സ് ത്രില്ലര്‍ ‘ഐ, നോബഡി’ ബോക്സ് ഓഫീസില്‍ എത്തിയിരിക്കുകയാണ്. പൃഥ്വിരാജ് സുകുമാരനും പാര്‍വതി തിരുവോത്തും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം, ഒരു ബാങ്ക് കൊള്ളയുടെ പശ്ചാത്തലത്തിലൊരുക്കിയ ആക്ഷന്‍ ത്രില്ലറാണ്. ഒരു നിമിഷത്തെ തീരുമാനത്തില്‍ ഒരു സാധാരണക്കാരന്‍ വലിയ പ്രതിസന്ധിയില്‍ അകപ്പെടുന്നതും, തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങളും അതിജീവനവുമാണ് ചിത്രത്തിന്റെ പ്രമേയം.തിരുവനന്തപുരം നഗരത്തില്‍ ജീവിക്കുന്ന രാജീവന്‍ എന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്. ഭാര്യ മീരയും രണ്ട് കുട്ടികളുമടങ്ങുന്ന ഒരു സാധാരണ കുടുംബമാണ് രാജീവന്റെത്. അപ്രതീക്ഷിതമായി അയാള്‍ ഒരു ബാങ്ക് കൊള്ളയ്ക്ക് സാക്ഷിയാകുന്നു. കൊള്ളക്കാര്‍ പണവുമായി കടന്നുകളയുന്നതിനിടയില്‍ രാജീവനെ ബന്ദിയാക്കുന്നു. പിന്നാലെ കൊള്ളയ്ക്ക് പിന്നില്‍ രാജീവനുമുണ്ടോ എന്ന സംശയങ്ങളും ഉയരുന്നു. നിരപരാധിത്വം തെളിയിക്കാനുള്ള രാജീവന്റെ അതിജീവനമാണ് ചിത്രത്തിന്റെ കാതല്‍. ഹക്കിം ഷാജഹാന്‍, അശോകന്‍, മധുപാല്‍, ശങ്കര്‍ രാമകൃഷ്ണന്‍, നക്ഷത്ര, ഐറാ, നിഷാന്ത് സാഗര്‍, നന്ദു, വിജയരാഘവന്‍, ഖാലിദ് റഹ്‌മാന്‍, സഞ്ജു ശിവറാം, സുധി കോപ്പ, ഇര്‍ഷാദ് അലി, ബീന ചന്ദ്രന്‍, സന അല്‍താഫ്, റോണി വര്‍ഗീസ്, മനോജ് കെ.യു, സുധി കോഴിക്കോട് തുടങ്ങിയ വമ്പന്‍ താരനിര ചിത്രത്തിലുണ്ട്. റമീസ് എം.ബിയുടെ എഡിറ്റിംഗും ജേക്‌സ് ബിജോയിയുടെ പശ്ചാത്തല സംഗീതവും സിനിമയുടെ ഫീലിങ്സ് ആളുകളിലേക്ക് എത്തിക്കുന്നുണ്ട്. ട്വിസ്റ്റും ആക്ഷനും മികച്ച മേക്കിംഗുമെല്ലാം ചിത്രത്തിലുണ്ടെങ്കിലും, തിരക്കഥയിലെ പോരായ്മ ചിത്രത്തെ ഒരു ശരാശരി അനുഭവമാക്കി മാറ്റുന്നു. അമാനുഷികമായ ഹീറോയിസം ചിത്രത്തിന്റെ ലോജിക് ഇല്ലാതാക്കുന്നു. പൃഥ്വിരാജും പാര്‍വതി തിരുവോത്തും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ച രീതിയില്‍ വൈകാരിക തീവ്രതയോടെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ കൗതുകം നിലനിര്‍ത്താന്‍ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ത്രില്ലര്‍ പ്രേമികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണിത്.

വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ നമ്മൾ മലയാളികൾ കേട്ടുപരിചയിച്ച കൂട്ടപ്പിരിച്ചുവിടൽ വാർത്തകൾ ഇന്ന് നമ്മുടെ നാട്ടിലും യാഥാർത്ഥ്യമായിരിക്കുകയാണ്.

ഗൂഗിൾ, മെറ്റ ഫേസ്ബുക്കും വാട്സ്ആപ്പും ഉൾപ്പെടെയുള്ള സേവനങ്ങൾ മൈക്രോസോഫ്റ്റ് തുടങ്ങിയ ആഗോള സാങ്കേതിക കമ്പനികളിലെ സമാനമായ അവസ്ഥാവിശേഷമാണ് ഇപ്പോൾ കേരളത്തിലെ യുവാക്കളും നേരിടുന്നത്. വിവിധ വൻകിട കോർപ്പറേറ്റുകളിൽ നിന്നായി പതിനായിരത്തിലേറെ പേരാണ് രാജ്യത്താകെ പിരിച്ചുവിടൽ ഭീഷണി നേരിടുന്നത്. കഴിഞ്ഞദിവസങ്ങളിൽ കേരളത്തിൽ മാത്രം ആയിരത്തിലേറെ ഉദ്യോഗാർത്ഥികളെയാണ് യാതൊരുവിധ മുൻകൂട്ടി അറിയിപ്പുകളും നൽകാതെ കമ്പനികൾ ജോലിയിൽ നിന്ന് നീക്കിയത്.അമേരിക്കൻ ഐടി കമ്പനിയായ കോറോ ഹെൽത്തിന്റെ CareStack / CorroHealth കോഴിക്കോട്ടെയും കൊച്ചിയിലെയും ഓഫീസുകളിലായി ജോലി ചെയ്തിരുന്ന ഏകദേശം 800 മുതൽ 900 ഓളം ജീവനക്കാരെയാണ് ഒരൊറ്റ ദിവസം കൊണ്ട് മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടത്. വിവിധ രാഷ്ട്രീയ കക്ഷികളും അധികൃതരും ഇടപെട്ടതിനെ തുടർന്ന് സ്ഥാപനം താൽക്കാലികമായി തുറന്ന് പ്രവർത്തിക്കാനും പിരിച്ചുവിടൽ നടപടി മരവിപ്പിക്കാനും മാനേജ്മെന്റ് ആദ്യം തയാറായെങ്കിലും, പിന്നീട് ജീവനക്കാർക്ക് പ്രവേശനാനുമതി നിഷേധിച്ചുകൊണ്ട് ഓഫീസ് പൂട്ടി പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയാണ് ചെയ്തത്. വർക്ക് സ്പേസ് അനുവദിക്കാമെന്ന ധാരണ ലംഘിച്ച് കൊടുംവെയിലത്ത് ജീവനക്കാരെ ഓഫീസിന് പുറത്ത് നിർത്തിയ മാനേജ്മെന്റിന്റെ നിലപാട് ജനാധിപത്യവിരുദ്ധവും മനുഷ്യത്വരഹിതവുമാണെന്ന് ചൂണ്ടിക്കാട്ടി തൊഴിലാളി സംഘടനകൾ സമരരംഗത്തുണ്ട്. ഗർഭിണിയായ യുവതിയെ ഉൾപ്പെടെ ഓഫീസിന് പുറത്ത് നിർത്തിയ റൂക്ഷമായ സംഭവങ്ങൾ വരെ ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടു. എംഎൽഎ ഉമാ തോമസും ലേബർ കമ്മീഷണറും ജില്ലാ ഭരണകൂടവും വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെങ്കിലും വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന ചർച്ചയിൽ കമ്പനി പ്രതിനിധികൾ പങ്കെടുക്കാത്തത് പ്രതിസന്ധി നീട്ടുകയാണ്.കോറോ ഹെൽത്തിന് പിന്നാലെ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടാൽറോപ് (Talrop) എന്ന ടെക് കമ്പനിയിലും സമാനമായ കൂട്ടപ്പിരിച്ചുവിടൽ ഉണ്ടായി. എഐ സാങ്കേതികവിദ്യയുടെ വരവോടെ തങ്ങളുടെ 250 കോടി രൂപയുടെ ഇക്കോസിസ്റ്റം അടച്ചുപൂട്ടി അടുത്ത ബിസിനസിലേക്ക് കടക്കുകയാണെന്ന് കമ്പനി പ്രഖ്യാപിച്ചതോടെ മുന്നൂറോളം ജീവനക്കാരാണ് വഴിയിലായത്. ഇവർക്ക് കഴിഞ്ഞ 11 മാസമായി ശമ്പളം നൽകിയിട്ടില്ലെന്ന ഗുരുതരമായ ആരോപണമാണ് ഉയരുന്നത്. മിക്ക സ്ഥാപനങ്ങളും പിരിച്ചുവിടുന്നവർക്ക് നോട്ടീസ് പിരീഡ് സാലറിയും കോമ്പൻസേഷനും മൂന്നുമാസത്തിനകം നൽകുമെന്ന് അറിയിക്കുന്നുണ്ടെങ്കിലും, നാല് വർഷത്തിലേറെയായി ജോലി ചെയ്യുന്നവർക്ക് നിയമപരമായ ഗ്രാറ്റിവിറ്റിയോ കൃത്യമായ നഷ്ടപരിഹാരമോ ലഭിച്ചിട്ടില്ലെന്നാണ് ഉദ്യോഗാർത്ഥികൾ പറയുന്നത്.കൂട്ടമായി പുറത്താക്കപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും അമ്മമാരുമാണ്. ഈ ഐടി ഫീൽഡിൽ മറ്റ് കമ്പനികൾ സാധാരണയായി 28 വയസ്സ് വരെയുള്ള പ്രായപരിധി നിശ്ചയിച്ച് ഫ്രഷേഴ്സിനെ മാത്രം എടുക്കാൻ താല്പര്യം കാണിക്കുന്നതിനാൽ, അനുഭവസമ്പത്തുള്ള ഈ ജീവനക്കാർക്ക് ഇനി മറ്റൊരു ജോലി കണ്ടെത്തുക എന്നത് അതീവ ദുഷ്കരമാണ്. ഒൻപത് മണിക്കൂർ ഷിഫ്റ്റ് എന്ന് പറയുമ്പോഴും പുലർച്ചെ രണ്ട് മണി വരെ ഇരുന്ന് 20 ടാർഗറ്റിന് പകരം 60 ഉം 90 ഉം ടാർഗറ്റുകൾ പൂർത്തിയാക്കി കമ്പനിയെ വളർത്തിയവരാണ് ഇവർ. ഈ ഓഫീസിലെ വരുമാനം ഉപയോഗിച്ച് ബാംഗ്ലൂരിലും മറ്റും പുതിയ ബിൽഡിംഗുകൾ തുറന്ന കമ്പനി അധികൃതർ, അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ജീവനക്കാരെ മറ്റ് റീജണൽ ഓഫീസുകളിലേക്ക് റീലൊക്കേറ്റ് ചെയ്തപ്പോൾ മലയാളികളായ ജീവനക്കാരെ മാത്രമാണ് ടാർഗറ്റ് ചെയ്ത് കൂട്ടത്തോടെ പിരിച്ചുവിട്ടത്. കേരളത്തിലും ഇന്ത്യയിലും തൊഴിലില്ലായ്മ റൂക്ഷമായിരിക്കുന്ന ഈ കാലഘട്ടത്തിൽ, കിട്ടിയ ജോലിയിൽ ശമ്പളമോ ദീർഘകാല സുരക്ഷിതത്വമോ ഇല്ലാതെ നെട്ടോട്ടമോടുകയാണ് നമ്മുടെ യുവതലമുറ. ചികിത്സയിൽ കഴിയുന്ന പിതാവിന്റെ ആശുപത്രി ആവശ്യങ്ങൾക്ക് വേണ്ടി പോലും പണം ആവശ്യപ്പെട്ടിട്ട് കമ്പനി നൽകിയില്ലെന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും ഇതിനിടയിൽ ചർച്ചയാകുന്നുണ്ട്. അസംഘടിത തൊഴിൽ മേഖലകൾ കോർപ്പറേറ്റ് വൽക്കരിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന ഈ പതിന്മടങ്ങ് അരക്ഷിതാവസ്ഥയ്ക്ക് തൊഴിൽ നിയമങ്ങളിലെ പഴുതുകൾ ഉപയോഗിച്ചാണ് കോർപ്പറേറ്റുകൾ ന്യായീകരണം കണ്ടെത്തുന്നത്. നമ്മുടെ നാട്ടിലെ തൊഴിൽ സാഹചര്യങ്ങളിൽ യുവതലമുറ നേരിടുന്ന ഈ ചൂഷണങ്ങൾക്കെതിരെ വരുംദിവസങ്ങളിൽ ശക്തമായ നിയമനടപടികളും മുൻകരുതലുകളും ഉണ്ടായില്ലെങ്കിൽ, മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ തേടി യുവത്വം നമ്മുടെ നാടുവിടുന്നതിൽ ആരെയും കുറ്റം പറയാൻ നമുക്കാവില്ല.

ഹിറ്റടിച്ച്പോണാല്‍ പോട്ടും പോടാ..സോഷ്യല്‍ മീഡിയ കീഴടക്കി പ്ലൂട്ടോയിലെ പുതിയ ഗാനം!

ആരാധകര്‍ കാത്തിരുന്ന ‘പ്ലൂട്ടോ’യിലെ പുതിയ റാപ്പ് ഗാനം പുറത്തിറങ്ങി.’പോനാല്‍ പോട്ടും പോടാ’എന്ന് തുടങ്ങുന്ന വേറിട്ടൊരു സാഡ് റാപ്പാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിക്കഴിഞ്ഞു.നീരജ് മാധവ് തന്നെയാണ് ഈ പാട്ടിന്റെ വരികള്‍ എഴുതി, ഈണം പകര്‍ന്ന് ആലപിച്ചിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ‘ആര്‍സീ’ ആണ് ഗാനത്തിന്റെ നിര്‍മാണം. ആദിത്യന്‍ ചന്ദ്രശേഖര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നീരജ് മാധവിനൊപ്പം അല്‍ത്താഫ് സലിം ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. ചിത്രത്തില്‍ ഒരു അന്യഗ്രഹജീവിയായാണ് അല്‍ത്താഫ് വേഷമിടുന്നത്. വേറിട്ടൊരു മേക്കോവറിലെത്തുന്ന അജു വര്‍ഗീസിന്റെ ലുക്കും ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഓര്‍ക്കിഡ് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ റെജു കുമാര്‍, രശ്മി റെജു എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ആര്‍ഷ ബൈജു, സുബിന്‍ താര്‍സന്‍, ദിനേശ് പ്രഭാകര്‍, വിനീത് തട്ടില്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്നുണ്ട്.കേരളത്തില്‍ സെഞ്ച്വറി ഫിലിംസും ജി.സി.സിയില്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസുമാണ് വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.വിഷ്ണു ശര്‍മ്മ ഛായാഗ്രഹണവും നിയാസ് മുഹമ്മദ് രചനയും നിര്‍വഹിക്കുന്ന ചിത്രത്തിലെ വി.എഫ്.എക്‌സ് രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത് ‘ഫ്‌ലൈയിംഗ് പ്ലൂട്ടോ’ ആണ്. ചിത്രം ജൂലൈ 30-ന് തിയേറ്ററുകളില്‍ എത്തും.

മമ്മൂട്ടി-നിതീഷ് സഹദേവ് കൂട്ടുകെട്ടില്‍,മമ്മൂട്ടി കമ്പനിയുടെ ഏറ്റവും ചെലവേറിയ ചിത്രം ലോഡിങ്…

മമ്മൂട്ടിയെ നായകനാക്കി നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. മമ്മൂട്ടി കമ്പനിയുടെ ഒന്‍പതാമത്തെതും ഏറ്റവും ചെലവേറിയതുമായ ചിത്രമാണിത്. ഫാലിമി’ക്ക് ശേഷം നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ഫിക്ഷണല്‍ ലോകത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഡാര്‍ക്ക് ഹ്യൂമര്‍ മാസ് ആക്ഷന്‍ എന്റര്‍ടൈനറാണ്. കേരള – തമിഴ്നാട് അതിര്‍ത്തിയിലെ ഗ്യാങ്സ്റ്റര്‍മാരുടെ കഥ പറയുന്ന സിനിമയില്‍ ഒരു 9 വയസ്സുകാരിയുടെ കഥാപാത്രമാണ് കഥയെ നയിക്കുന്നത്. ജിംഷി ഖാലിദ് ക്യാമറയും നിതീഷ് സഹദേവിനൊപ്പം അനുരാജ് ഒ.ബി രചനയും നിര്‍വഹിക്കുന്നു. നിലവില്‍ ചെന്നൈയില്‍ രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം ഓം ചാപ്റ്റര്‍ വണിന്റെ -ന്റെ അവസാന ഷെഡ്യൂളിലാണ് മമ്മൂട്ടി. നസീറുദ്ദീന്‍ ഷാ, സായ് പല്ലവി എന്നിവരടങ്ങുന്ന വന്‍ താരനിര അണിനിരക്കുന്ന ഈ ചിത്രത്തിന് ശേഷം ജൂലൈ പകുതിയോടെ മമ്മൂട്ടി നിതീഷ് സഹദേവ് ചിത്രത്തില്‍ ജോയിന്‍ ചെയ്യും.

ഇന്ത്യ – ന്യൂസിലൻഡ് ബന്ധത്തിൽ പുതിയ ചരിത്രം

ഇന്ത്യ-ന്യൂസിലൻഡ് ഉഭയകക്ഷി ബന്ധത്തിൽ ചരിത്രപരമായ പുതിയ അധ്യായം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം പൂർത്തിയായി. സഹകരണം ശക്തിപ്പെടുത്തുന്നതിനും ആഗോള സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനുമായി പുതിയൊരു തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് നീങ്ങുന്ന ഇന്ത്യയും ന്യൂസിലൻഡും യഥാർത്ഥത്തിൽ ‘സ്വാഭാവിക പങ്കാളികൾ’ ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സനുമായി നടത്തിയ ഉന്നതതല ചർച്ചയ്ക്കിടെയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. നീണ്ട 40 വർഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ന്യൂസിലൻഡ് സന്ദർശിക്കുന്നത് എന്ന പ്രത്യേകതയും രണ്ട് ദിവസത്തെ ഈ ഔദ്യോഗിക സന്ദർശനത്തിനുണ്ട്. ഇന്ത്യ-ന്യൂസിലൻഡ് ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനുള്ള പിന്തുണ നൽകിയതിന് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സനോടും ന്യൂസിലൻഡ് ജനതയോടും പ്രധാനമന്ത്രി മോദി തന്റെ നന്ദി രേഖപ്പെടുത്തി. പുതിയ തന്ത്രപ്രധാന പങ്കാളിത്തത്തിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുതിയൊരു തലത്തിലേക്ക് ഉയരുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൂടുതൽ ഊർജത്തോടെയും ആത്മവിശ്വാസത്തോടെയും മുന്നോട്ട് പോകാൻ ഈ നാഴികക്കല്ല് ഇരുരാജ്യങ്ങളെയും പ്രചോദിപ്പിക്കുമെന്നും, തന്റെ സന്ദർശനത്തിലൂടെ ഇന്ത്യ-ന്യൂസിലൻഡ് ബന്ധത്തിൽ പുതിയൊരു ഘട്ടത്തിന് തുടക്കമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് പുതിയ കരുത്ത് പകരുന്ന ‘ചരിത്രപരമായ നാഴികക്കല്ലാണ്’ ഈ കൂടിക്കാഴ്ചയെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിലെ (എഫ്‌ടിഎ) പുരോഗതിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേകം പ്രശംസിച്ചു. ക്രിസ്റ്റഫർ ലക്സൻ ഇന്ത്യ സന്ദർശിച്ചപ്പോഴാണ് എഫ്‌ടിഎ നടപടികൾക്ക് തുടക്കമായതെന്നും, ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ കരാർ യാഥാർഥ്യമാക്കാൻ ന്യൂസിലൻഡ് ഭരണകൂടം ഒരുമിച്ച് പ്രവർത്തിച്ച രീതി ആഗോളതലത്തിൽ തന്നെ അപൂർവമായ ഒരു നേട്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളും പങ്കിടുന്ന ശക്തമായ ജനാധിപത്യ മൂല്യങ്ങളാണ് ഇന്ത്യയെയും ന്യൂസിലൻഡിനെയും കൂടുതൽ അടുത്ത പങ്കാളികളാക്കുന്നത്. ഈ സഹകരണം വരുംദിവസങ്ങളിൽ ഇന്തോ-പസഫിക് മേഖലയിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങൾക്ക് വലിയ രീതിയിൽ കരുത്ത് പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സന്ദർശനം ഉഭയകക്ഷി ബന്ധങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുകയും ആഗോള സമാധാനം, സ്ഥിരത, സുരക്ഷ എന്നിവയ്ക്കായുള്ള കൂട്ടായ സംഭാവന വർധിപ്പിക്കുകയും ചെയ്യുമെന്ന് ഉറപ്പുണ്ടെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, സമാധാനത്തിന് വേണ്ടി നിലകൊള്ളുകയും സമാധാനത്തിലൂടെ ആഗോള ക്ഷേമത്തിനായി പ്രവർത്തിക്കുകയും ചെയ്തുകൊണ്ട് ഇരുരാജ്യങ്ങൾക്കും ലോകത്തിനുതന്നെ മാതൃകയായ ഒരു പ്രേരകശക്തിയായി മാറാൻ സാധിക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.