ഗൂഗിൾ, മെറ്റ ഫേസ്ബുക്കും വാട്സ്ആപ്പും ഉൾപ്പെടെയുള്ള സേവനങ്ങൾ മൈക്രോസോഫ്റ്റ് തുടങ്ങിയ ആഗോള സാങ്കേതിക കമ്പനികളിലെ സമാനമായ അവസ്ഥാവിശേഷമാണ് ഇപ്പോൾ കേരളത്തിലെ യുവാക്കളും നേരിടുന്നത്.
വിവിധ വൻകിട കോർപ്പറേറ്റുകളിൽ നിന്നായി പതിനായിരത്തിലേറെ പേരാണ് രാജ്യത്താകെ പിരിച്ചുവിടൽ ഭീഷണി നേരിടുന്നത്.
കഴിഞ്ഞദിവസങ്ങളിൽ കേരളത്തിൽ മാത്രം ആയിരത്തിലേറെ ഉദ്യോഗാർത്ഥികളെയാണ് യാതൊരുവിധ മുൻകൂട്ടി അറിയിപ്പുകളും നൽകാതെ കമ്പനികൾ ജോലിയിൽ നിന്ന് നീക്കിയത്.
അമേരിക്കൻ ഐടി കമ്പനിയായ കോറോ ഹെൽത്തിന്റെ CareStack / CorroHealth കോഴിക്കോട്ടെയും കൊച്ചിയിലെയും ഓഫീസുകളിലായി ജോലി ചെയ്തിരുന്ന ഏകദേശം 800 മുതൽ 900 ഓളം ജീവനക്കാരെയാണ് ഒരൊറ്റ ദിവസം കൊണ്ട് മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടത്. വിവിധ രാഷ്ട്രീയ കക്ഷികളും അധികൃതരും ഇടപെട്ടതിനെ തുടർന്ന് സ്ഥാപനം താൽക്കാലികമായി തുറന്ന് പ്രവർത്തിക്കാനും പിരിച്ചുവിടൽ നടപടി മരവിപ്പിക്കാനും മാനേജ്മെന്റ് ആദ്യം തയാറായെങ്കിലും, പിന്നീട് ജീവനക്കാർക്ക് പ്രവേശനാനുമതി നിഷേധിച്ചുകൊണ്ട് ഓഫീസ് പൂട്ടി പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയാണ് ചെയ്തത്. വർക്ക് സ്പേസ് അനുവദിക്കാമെന്ന ധാരണ ലംഘിച്ച് കൊടുംവെയിലത്ത് ജീവനക്കാരെ ഓഫീസിന് പുറത്ത് നിർത്തിയ മാനേജ്മെന്റിന്റെ നിലപാട് ജനാധിപത്യവിരുദ്ധവും മനുഷ്യത്വരഹിതവുമാണെന്ന് ചൂണ്ടിക്കാട്ടി തൊഴിലാളി സംഘടനകൾ സമരരംഗത്തുണ്ട്.
ഗർഭിണിയായ യുവതിയെ ഉൾപ്പെടെ ഓഫീസിന് പുറത്ത് നിർത്തിയ റൂക്ഷമായ സംഭവങ്ങൾ വരെ ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടു. എംഎൽഎ ഉമാ തോമസും ലേബർ കമ്മീഷണറും ജില്ലാ ഭരണകൂടവും വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെങ്കിലും വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന ചർച്ചയിൽ കമ്പനി പ്രതിനിധികൾ പങ്കെടുക്കാത്തത് പ്രതിസന്ധി നീട്ടുകയാണ്.
കോറോ ഹെൽത്തിന് പിന്നാലെ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടാൽറോപ് (Talrop) എന്ന ടെക് കമ്പനിയിലും സമാനമായ കൂട്ടപ്പിരിച്ചുവിടൽ ഉണ്ടായി.
എഐ സാങ്കേതികവിദ്യയുടെ വരവോടെ തങ്ങളുടെ 250 കോടി രൂപയുടെ ഇക്കോസിസ്റ്റം അടച്ചുപൂട്ടി അടുത്ത ബിസിനസിലേക്ക് കടക്കുകയാണെന്ന് കമ്പനി പ്രഖ്യാപിച്ചതോടെ മുന്നൂറോളം ജീവനക്കാരാണ് വഴിയിലായത്. ഇവർക്ക് കഴിഞ്ഞ 11 മാസമായി ശമ്പളം നൽകിയിട്ടില്ലെന്ന ഗുരുതരമായ ആരോപണമാണ് ഉയരുന്നത്. മിക്ക സ്ഥാപനങ്ങളും പിരിച്ചുവിടുന്നവർക്ക് നോട്ടീസ് പിരീഡ് സാലറിയും കോമ്പൻസേഷനും മൂന്നുമാസത്തിനകം നൽകുമെന്ന് അറിയിക്കുന്നുണ്ടെങ്കിലും, നാല് വർഷത്തിലേറെയായി ജോലി ചെയ്യുന്നവർക്ക് നിയമപരമായ ഗ്രാറ്റിവിറ്റിയോ കൃത്യമായ നഷ്ടപരിഹാരമോ ലഭിച്ചിട്ടില്ലെന്നാണ് ഉദ്യോഗാർത്ഥികൾ പറയുന്നത്.
കൂട്ടമായി പുറത്താക്കപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും അമ്മമാരുമാണ്.
ഈ ഐടി ഫീൽഡിൽ മറ്റ് കമ്പനികൾ സാധാരണയായി 28 വയസ്സ് വരെയുള്ള പ്രായപരിധി നിശ്ചയിച്ച് ഫ്രഷേഴ്സിനെ മാത്രം എടുക്കാൻ താല്പര്യം കാണിക്കുന്നതിനാൽ, അനുഭവസമ്പത്തുള്ള ഈ ജീവനക്കാർക്ക് ഇനി മറ്റൊരു ജോലി കണ്ടെത്തുക എന്നത് അതീവ ദുഷ്കരമാണ്. ഒൻപത് മണിക്കൂർ ഷിഫ്റ്റ് എന്ന് പറയുമ്പോഴും പുലർച്ചെ രണ്ട് മണി വരെ ഇരുന്ന് 20 ടാർഗറ്റിന് പകരം 60 ഉം 90 ഉം ടാർഗറ്റുകൾ പൂർത്തിയാക്കി കമ്പനിയെ വളർത്തിയവരാണ് ഇവർ. ഈ ഓഫീസിലെ വരുമാനം ഉപയോഗിച്ച് ബാംഗ്ലൂരിലും മറ്റും പുതിയ ബിൽഡിംഗുകൾ തുറന്ന കമ്പനി അധികൃതർ, അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ജീവനക്കാരെ മറ്റ് റീജണൽ ഓഫീസുകളിലേക്ക് റീലൊക്കേറ്റ് ചെയ്തപ്പോൾ മലയാളികളായ ജീവനക്കാരെ മാത്രമാണ് ടാർഗറ്റ് ചെയ്ത് കൂട്ടത്തോടെ പിരിച്ചുവിട്ടത്.
കേരളത്തിലും ഇന്ത്യയിലും തൊഴിലില്ലായ്മ റൂക്ഷമായിരിക്കുന്ന ഈ കാലഘട്ടത്തിൽ, കിട്ടിയ ജോലിയിൽ ശമ്പളമോ ദീർഘകാല സുരക്ഷിതത്വമോ ഇല്ലാതെ നെട്ടോട്ടമോടുകയാണ് നമ്മുടെ യുവതലമുറ. ചികിത്സയിൽ കഴിയുന്ന പിതാവിന്റെ ആശുപത്രി ആവശ്യങ്ങൾക്ക് വേണ്ടി പോലും പണം ആവശ്യപ്പെട്ടിട്ട് കമ്പനി നൽകിയില്ലെന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും ഇതിനിടയിൽ ചർച്ചയാകുന്നുണ്ട്. അസംഘടിത തൊഴിൽ മേഖലകൾ കോർപ്പറേറ്റ് വൽക്കരിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന ഈ പതിന്മടങ്ങ് അരക്ഷിതാവസ്ഥയ്ക്ക് തൊഴിൽ നിയമങ്ങളിലെ പഴുതുകൾ ഉപയോഗിച്ചാണ് കോർപ്പറേറ്റുകൾ ന്യായീകരണം കണ്ടെത്തുന്നത്. നമ്മുടെ നാട്ടിലെ തൊഴിൽ സാഹചര്യങ്ങളിൽ യുവതലമുറ നേരിടുന്ന ഈ ചൂഷണങ്ങൾക്കെതിരെ വരുംദിവസങ്ങളിൽ ശക്തമായ നിയമനടപടികളും മുൻകരുതലുകളും ഉണ്ടായില്ലെങ്കിൽ, മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ തേടി യുവത്വം നമ്മുടെ നാടുവിടുന്നതിൽ ആരെയും കുറ്റം പറയാൻ നമുക്കാവില്ല.





