ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി; 22 പേരെ കണ്ടെത്താൻ തിരച്ചിൽ

ഒഡീഷ തീരത്തിന് സമീപം ബംഗാൾ ഉൾക്കടലിൽ പനാമ പതാകയുള്ള ചരക്കുകപ്പൽ എംവി ഓഷ്യൻ വിന്നർ മുങ്ങി. കപ്പലുമായുള്ള ആശയവിനിമയം നഷ്ടമായതിനെ തുടർന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡും നാവികസേനയും സംയുക്തമായി വൻ തിരച്ചിൽ-രക്ഷാപ്രവർത്തനം ആരംഭിച്ചു. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരിൽ രണ്ടുപേരെ ഇതിനകം രക്ഷപ്പെടുത്തി. ശേഷിക്കുന്ന 22 പേർക്കായാണ് തിരച്ചിൽ തുടരുന്നത്. ജീവനക്കാരിൽ 20 പേർ ചൈനീസ് പൗരന്മാരും മൂന്ന് പേർ മ്യാൻമർ സ്വദേശികളും ഒരാൾ ബംഗ്ലാദേശ് പൗരനുമാണെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു. ഇരുമ്പയിരുമായി സിംഗപ്പൂരിലേക്ക് പോകുകയായിരുന്ന കപ്പൽ വെള്ളിയാഴ്ച ഒഡീഷ തീരത്തുനിന്ന് യാത്ര തിരിച്ചിരുന്നു. പരദീപ് തീരത്തുനിന്ന് ഏകദേശം 240 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ മുങ്ങിയത്. സമീപത്തുണ്ടായിരുന്ന മറ്റ് കപ്പലുകളോടും തിരച്ചിൽ-രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കപ്പൽ മുങ്ങാനിടയായ സാഹചര്യം സംബന്ധിച്ച് നിലവിൽ വ്യക്തമായ വിവരങ്ങളില്ല. കാണാതായ ജീവനക്കാരെ കണ്ടെത്തി സുരക്ഷിതരാക്കുന്നതിനാണ് രക്ഷാദൗത്യത്തിന് മുൻഗണന നൽകുന്നതെന്ന് അധികൃതർ അറിയിച്ചു.
ഓണാഘോഷത്തിനിടെ അപകടകരമായ റോഡ് ഷോ; വിദ്യാർഥികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് എംവിഡി

അങ്കമാലിയിൽ ഓണാഘോഷത്തിനിടെ അപകടകരമായ റോഡ് ഷോ നടത്തിയ വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിച്ച് മോട്ടോർ വാഹന വകുപ്പ്. തുറന്ന ലോറിയിൽ അപകടകരമായ രീതിയിൽ നൃത്തം ചെയ്ത് വാഹനം ഓടിച്ച ഫ്രിജോ, ലോനച്ചൻ എന്നിവരുടെ ഡ്രൈവിങ് ലൈസൻസാണ് എംവിഡി സസ്പെൻഡ് ചെയ്തത്. ഓണാഘോഷങ്ങളുടെ ഭാഗമായി എറണാകുളം ജില്ലയിലെ വിവിധ കോളേജുകളിൽ റോഡ് ഷോയും മോഡിഫൈ ചെയ്ത വാഹനങ്ങളിലെ അഭ്യാസ പ്രകടനങ്ങളും നടക്കുന്നതായി പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നാല് കോളേജുകളിലെ വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിച്ചത്. സമാനമായ നിയമലംഘനം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആലുവയിലും എംവിഡി കേസെടുത്തു. മൂവാറ്റുപുഴയിലെ കോളേജിൽ നിന്നുള്ള ദൃശ്യങ്ങളും എംവിഡി പരിശോധിച്ചുവരികയാണ്. നിയമലംഘനം കണ്ടെത്തിയാൽ കൂടുതൽ പേർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
മംഗളുരുവിനെ മൈസൂരു ഡിവിഷനിലേക്ക്; പാലക്കാടിന് വീണ്ടും തിരിച്ചടി

മംഗളുരുവിനെ പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് അടർത്തിയെടുത്ത് മൈസൂരു ഡിവിഷനിലേക്ക് മാറ്റിയതോടെ കർണാടക ലോബിയുടെ വർഷങ്ങളായുള്ള നീക്കത്തിന് വിജയം. പാലക്കാട് ഡിവിഷന്റെ ഭാഗമായിരുന്ന മംഗളുരുവിനെ സ്വന്തമാക്കാനുള്ള നീക്കത്തിനെതിരെ കേരളം പ്രതിഷേധിക്കുമ്പോൾ, ദക്ഷിണ കന്നടയിൽ ഇത് ചരിത്രവിജയമായാണ് ആഘോഷിക്കുന്നത്. നീക്കത്തിന് പിന്നിൽ പ്രവർത്തിച്ച ദക്ഷിണ കന്നട എം.പി. ബ്രിജേഷ് ചൗട്ടയ്ക്ക് അഭിനന്ദനപ്രവാഹവുമുണ്ട്. മംഗളുരുവിനായി കർണാടക ലോബി വർഷങ്ങളായി സമ്മർദം ശക്തമാക്കിയിരുന്നു. 2024 ജൂലായിൽ മംഗളുരുവിനായി ഏക റെയിൽവേ സോൺ ഭരണത്തിനുള്ള റിപ്പോർട്ട് സമർപ്പിക്കാൻ റെയിൽവേ ബോർഡ് നിർദേശം നൽകിയതായിരുന്നു നിർണായക നീക്കം. ദക്ഷിണ റെയിൽവേ, സൗത്ത് വെസ്റ്റേൺ റെയിൽവേ ജനറൽ മാനേജർമാർക്കും കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർക്കുമാണ് റിപ്പോർട്ട് ആവശ്യപ്പെട്ട് കത്തയച്ചത്. സുറത്ത്കൽ, പനമ്പൂർ, തോക്കൂർ, പടീൽ, മംഗളുരു ജംഗ്ഷൻ, മംഗളുരു സെൻട്രൽ, ഉള്ളാൽ, മഞ്ചേശ്വരം എന്നിവ ഉൾപ്പെടുന്ന മംഗളുരു സെക്ഷനായിരുന്നു നിർദേശത്തിലെ പ്രധാന ഭാഗം. ഇതിൽ സുറത്ത്കൽ മാത്രമാണ് കൊങ്കൺ റെയിൽവേയുടെ കീഴിലുള്ളത്. ബാക്കിയുള്ള സ്റ്റേഷനുകളെല്ലാം പാലക്കാട് ഡിവിഷന്റെ ഭാഗമായിരുന്നു. എന്നാൽ അന്ന് മംഗളുരു പാലക്കാടിന് നഷ്ടമാകില്ലെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജരും പാലക്കാട് ഡിവിഷൻ അധികൃതരും വ്യക്തമാക്കിയിരുന്നു. പിന്നീട് കർണാടക ലോബിയുടെ ആവശ്യം തന്നെ നിർണായകമായി. ദക്ഷിണ റെയിൽവേ, കൊങ്കൺ റെയിൽവേ കോർപ്പറേഷൻ, സൗത്ത് വെസ്റ്റേൺ റെയിൽവേ എന്നിവയുടെ കീഴിലായി മംഗളുരു മേഖല വിഭജിക്കപ്പെട്ടതിനാൽ വികസനത്തിന് തടസ്സമുണ്ടാകുന്നുവെന്നായിരുന്നു കർണാടകയുടെ പ്രധാന വാദം. 2024 ജൂലായിൽ മന്ത്രി സോമണ്ണ മംഗളുരുവിൽ പങ്കെടുത്ത യോഗത്തിലും ആവശ്യം ശക്തമായി ഉന്നയിക്കപ്പെട്ടു. പാലക്കാട് ഡിവിഷനിൽനിന്ന് മംഗളുരുവിനെ അടർത്തി സ്വതന്ത്ര നിയന്ത്രണത്തിലാക്കുക എന്ന ലക്ഷ്യം ഒടുവിൽ നടപ്പായതോടെ പാലക്കാട് ഡിവിഷന്റെ നഷ്ടങ്ങളുടെ പട്ടിക വീണ്ടും നീളുകയാണ്.
ട്രംപിന്റെ നയങ്ങൾ ആണവ അരക്ഷിതാവസ്ഥ വർധിപ്പിക്കുന്നു: ഇറാൻ

ആഗോള ആണവസുരക്ഷയുടെ അടിത്തറ തകർക്കുന്ന നിലപാടുകളാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വീകരിക്കുന്നതെന്ന് ഇറാൻ. ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി മൊഹ്സെൻ റെസായിയാണ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. ഇറാനെതിരായ യുഎസ് ആക്രമണങ്ങൾ മറ്റ് രാജ്യങ്ങൾക്കിടയിൽ ആണവായുധങ്ങൾ സ്വന്തമാക്കാനുള്ള താൽപര്യം വർധിപ്പിച്ചെന്നാണ് റെസായിയുടെ ആരോപണം. യുഎസ് ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഐഎഇഎയിലെയും എൻപിടിയിലെയും അംഗത്വം മതിയാകില്ലെന്ന ചിന്ത രാജ്യങ്ങൾക്കിടയിൽ ശക്തമാകുകയാണെന്നും അദ്ദേഹം പറഞ്ഞു. ആണവസുരക്ഷയ്ക്ക് പകരം ആണവ അരക്ഷിതാവസ്ഥയാണ് ട്രംപ് സൃഷ്ടിക്കുന്നതെന്നും റെസായി ആരോപിച്ചു. ആണവ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും ഇറാൻ അംഗീകരിക്കുകയും പാലിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എൻപിടി അംഗമായ ഇറാൻ എല്ലാ പരിശോധനകൾക്കും സമ്മതിച്ചിട്ടുണ്ട്. ആണവ ചട്ടങ്ങളോടുള്ള ഇറാന്റെ പ്രതിബദ്ധത മറ്റേതൊരു രാജ്യത്തേക്കാളും ശക്തമാണെന്നും റെസായി കൂട്ടിച്ചേർത്തു.
യുഎസ് ഉപരോധത്തിനെതിരെ ഇറാൻ; ‘സ്വതന്ത്ര രാജ്യങ്ങളുടെ പരമാധികാരത്തിന് ഭീഷണി’

ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക പുതിയ ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെ യുഎസിനെതിരെ രൂക്ഷ വിമർശനവുമായി ടെഹ്റാൻ. അമേരിക്കയുടെ നടപടി ഇറാനെ മാത്രം ബാധിക്കുന്നതല്ലെന്നും എല്ലാ സ്വതന്ത്ര രാജ്യങ്ങളുടെയും പരമാധികാരത്തിന് ഭീഷണിയാണെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബാഘേയി പറഞ്ഞു. ഇത്തരം ഉപരോധങ്ങൾ കോളനിവത്കരണത്തിന്റെ തിരിച്ചുവരവിലേക്ക് നയിച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഒരു രാജ്യത്തിനെതിരായ സാമ്പത്തിക യുദ്ധത്തിനപ്പുറമാണ് യുഎസ് നടപടികളെന്നും ബാഘേയി ആരോപിച്ചു. ഇറാനുമായി മറ്റ് രാജ്യങ്ങളിലെ സർക്കാരുകൾ, ബാങ്കുകൾ, വ്യാപാര സ്ഥാപനങ്ങൾ, വിമാനത്താവളങ്ങൾ എന്നിവ എങ്ങനെ ഇടപെടണമെന്ന് അമേരിക്ക നിർദേശിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. യുഎസ് സമ്മർദത്തിന് വഴങ്ങുന്ന രാജ്യങ്ങൾക്ക് സാമ്പത്തിക, രാഷ്ട്രീയ തീരുമാനങ്ങളിലുള്ള നിയന്ത്രണം നഷ്ടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റൊരു സ്വതന്ത്ര രാജ്യത്തെ സ്ഥാപനങ്ങൾക്ക് മേൽ ചുമത്തുന്ന ദ്വിതീയ ഉപരോധങ്ങൾക്ക് അന്താരാഷ്ട്ര നിയമത്തിൽ അടിസ്ഥാനമില്ലെന്നും ബാഘേയി വ്യക്തമാക്കി. ഇത്തരം നടപടികൾ യുഎൻ ചാർട്ടറിന്റെ രണ്ടാം അനുച്ഛേദത്തിലെ ഒന്നാം ഖണ്ഡികയുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക ഉപരോധങ്ങൾ അന്താരാഷ്ട്ര നിയമവിരുദ്ധവും തെറ്റായ നടപടിയുമാണെന്നും നാവിക ഉപരോധത്തിനൊപ്പം കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുന്നത് മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തിന് നേരെയുള്ള ഭീഷണി വർധിപ്പിക്കുമെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.