അങ്കമാലിയിൽ ഓണാഘോഷത്തിനിടെ അപകടകരമായ റോഡ് ഷോ നടത്തിയ വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിച്ച് മോട്ടോർ വാഹന വകുപ്പ്. തുറന്ന ലോറിയിൽ അപകടകരമായ രീതിയിൽ നൃത്തം ചെയ്ത് വാഹനം ഓടിച്ച ഫ്രിജോ, ലോനച്ചൻ എന്നിവരുടെ ഡ്രൈവിങ് ലൈസൻസാണ് എംവിഡി സസ്പെൻഡ് ചെയ്തത്.
ഓണാഘോഷങ്ങളുടെ ഭാഗമായി എറണാകുളം ജില്ലയിലെ വിവിധ കോളേജുകളിൽ റോഡ് ഷോയും മോഡിഫൈ ചെയ്ത വാഹനങ്ങളിലെ അഭ്യാസ പ്രകടനങ്ങളും നടക്കുന്നതായി പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നാല് കോളേജുകളിലെ വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിച്ചത്.
സമാനമായ നിയമലംഘനം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആലുവയിലും എംവിഡി കേസെടുത്തു. മൂവാറ്റുപുഴയിലെ കോളേജിൽ നിന്നുള്ള ദൃശ്യങ്ങളും എംവിഡി പരിശോധിച്ചുവരികയാണ്. നിയമലംഘനം കണ്ടെത്തിയാൽ കൂടുതൽ പേർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.





