ആഗോള ആണവസുരക്ഷയുടെ അടിത്തറ തകർക്കുന്ന നിലപാടുകളാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വീകരിക്കുന്നതെന്ന് ഇറാൻ. ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി മൊഹ്സെൻ റെസായിയാണ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.
ഇറാനെതിരായ യുഎസ് ആക്രമണങ്ങൾ മറ്റ് രാജ്യങ്ങൾക്കിടയിൽ ആണവായുധങ്ങൾ സ്വന്തമാക്കാനുള്ള താൽപര്യം വർധിപ്പിച്ചെന്നാണ് റെസായിയുടെ ആരോപണം. യുഎസ് ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഐഎഇഎയിലെയും എൻപിടിയിലെയും അംഗത്വം മതിയാകില്ലെന്ന ചിന്ത രാജ്യങ്ങൾക്കിടയിൽ ശക്തമാകുകയാണെന്നും അദ്ദേഹം പറഞ്ഞു. ആണവസുരക്ഷയ്ക്ക് പകരം ആണവ അരക്ഷിതാവസ്ഥയാണ് ട്രംപ് സൃഷ്ടിക്കുന്നതെന്നും റെസായി ആരോപിച്ചു.
ആണവ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും ഇറാൻ അംഗീകരിക്കുകയും പാലിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എൻപിടി അംഗമായ ഇറാൻ എല്ലാ പരിശോധനകൾക്കും സമ്മതിച്ചിട്ടുണ്ട്. ആണവ ചട്ടങ്ങളോടുള്ള ഇറാന്റെ പ്രതിബദ്ധത മറ്റേതൊരു രാജ്യത്തേക്കാളും ശക്തമാണെന്നും റെസായി കൂട്ടിച്ചേർത്തു.





