മുണ്ടത്തിക്കോട്ട് ദുരന്തം: അനുമതിയേക്കാൾ 466 മടങ്ങ് അധികം സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചു; കമ്മീഷൻ റിപ്പോർട്ട്

മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് ദുരന്തത്തിൽ റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മീഷൻ അന്വേഷണ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. അനുവദിച്ച അളവിനേക്കാൾ വളരെ അധികം സ്ഫോടകവസ്തുക്കൾ വെടിമരുന്ന് പുരയിൽ സൂക്ഷിച്ചിരുന്നതായി കമ്മീഷൻ കണ്ടെത്തി. 15 കിലോ സ്ഫോടകവസ്തുക്കൾ സൂക്ഷിക്കാനായിരുന്നു അനുമതിയെങ്കിലും വെടിക്കെട്ട് കരാറുകാർ ഇവിടെ 7,000 കിലോ വസ്തുക്കൾ സംഭരിച്ചിരുന്നു. നിരോധിത സ്ഫോടകവസ്തുവായ പൊട്ടാസ്യം ക്ലോറേറ്റ് വെടിമരുന്ന് നിർമാണത്തിന് വ്യാപകമായി ഉപയോഗിച്ചതാണ് ദുരന്തത്തിന് കാരണമായതെന്നും റിപ്പോർട്ടിൽ പറയുന്നു. ഉയർന്ന അന്തരീക്ഷ താപനിലയിൽ രാസവസ്തുക്കൾ തമ്മിലുണ്ടായ ഘർഷണമാണ് തീപിടിത്തത്തിലേക്കും തുടർന്നുണ്ടായ സ്ഫോടനത്തിലേക്കും നയിച്ചതെന്നാണ് കമ്മീഷന്റെ കണ്ടെത്തൽ. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ചേംബറിലെത്തിയാണ് കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് കൈമാറിയത്. 2026 ഏപ്രിൽ 21-നാണ് തൃശൂർ പൂരത്തിന് മുന്നോടിയായി തിരുവമ്പാടി വിഭാഗത്തിനുവേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമിച്ചിരുന്ന മുണ്ടത്തിക്കോട്ടെ വെടിമരുന്ന് പുരയിൽ വൻ സ്ഫോടനമുണ്ടായത്. ദുരന്തത്തിൽ 16 പേർ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതിനായാണ് സർക്കാർ റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ അധ്യക്ഷനായ കമ്മീഷനെ നിയോഗിച്ചത്.
അയൽവാസിയുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന സിസിടിവി സ്ഥാപിക്കരുത്; ഹൈക്കോടതി

അയൽവാസിയുടെ സ്വകാര്യതയെ ബാധിക്കുന്ന രീതിയിൽ സ്വകാര്യ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാൻ പാടില്ലെന്ന് അലഹബാദ് ഹൈക്കോടതി. മറ്റൊരാളുടെ വീടിന്റെ പ്രവേശന കവാടവും പരിസരവും നിരീക്ഷിക്കുന്ന തരത്തിൽ ക്യാമറ സ്ഥാപിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ജസ്റ്റിസ് അജിത് കുമാർ, ജസ്റ്റിസ് ഗരിമ പ്രസാദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. അയൽവാസി സ്ഥാപിച്ച സി.സി.ടി.വി ക്യാമറ തന്റെ വീടിന്റെ പ്രവേശന കവാടവും മറ്റ് ഭാഗങ്ങളും നിരീക്ഷിക്കുന്നുണ്ടെന്നും ഇത് വീട്ടിലെത്തുന്നവരുടെയും മടങ്ങിപ്പോകുന്നവരുടെയും സ്വകാര്യതയെ ബാധിക്കുന്നുവെന്നും ആരോപിച്ച് യോഗേന്ദ്ര മൗര്യ നൽകിയ റിട്ട് ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. അയൽവാസിയുടെ സ്വകാര്യത ലംഘിക്കുന്ന തരത്തിൽ ക്യാമറകൾ സ്ഥാപിക്കുന്നത് അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. എന്നാൽ, പരാതിക്കാരൻ ചൂണ്ടിക്കാട്ടിയ ക്യാമറ ഉടൻ നീക്കം ചെയ്യാൻ കോടതി ഉത്തരവിട്ടിട്ടില്ല. പകരം, പരിഹാരം തേടി ബന്ധപ്പെട്ട ജില്ലാ മജിസ്ട്രേറ്റിന് അപേക്ഷ നൽകാനാണ് നിർദേശം നൽകിയത്. ഇത്തരത്തിൽ അപേക്ഷ ലഭിച്ചാൽ വിഷയം പരിശോധിച്ച് ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്നും ജില്ലാ മജിസ്ട്രേറ്റിനോട് കോടതി നിർദേശിച്ചു.
മമിതയെ നായികയാക്കാൻ ആഗ്രഹിച്ചു, പക്ഷേ ഒഴിവാക്കിവെളിപ്പെടുത്തലുമായി സംവിധായകൻ കമൽ

പുതുതലമുറയിലെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് മമിത ബൈജുവെന്ന് സംവിധായകൻ കമൽ. ‘ഖോ ഖോ’ യിലെ പ്രകടനം കണ്ടാണ് മമിതയെ തന്റെ പുതിയ സിനിമയിലെ നായികയാക്കാൻ ആഗ്രഹിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ പുതുമുഖമായതിനാൽ നിർമാതാവും നായകനും മമിതയെ അംഗീകരിച്ചില്ല. പകരം കൂടുതൽ താരമൂല്യമുള്ള നായികയെ വേണമെന്നായിരുന്നു അവരുടെ ആവശ്യം. പിന്നീട് ‘സൂപ്പർ ശരണ്യ’ കണ്ടതോടെ മമിതയെ തന്നെ നായികയാക്കണമെന്ന തീരുമാനത്തിൽ കമൽ ഉറച്ചുനിന്നു. തുടർന്ന് നടിയെ വിളിച്ച് കഥ അവതരിപ്പിക്കുകയും ചെയ്തു. നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെ മമിത താൽപര്യത്തോടെയാണ് കേട്ടത്. എന്നാൽ വീണ്ടും നിർമാതാവും നായകനും ഇടപെട്ട് മമിതയെ ഒഴിവാക്കുകയായിരുന്നു. ഈ സംഭവം തനിക്ക് ഏറെ വിഷമമുണ്ടാക്കിയെന്നും കമൽ പറഞ്ഞു. മമിതയെ ഒഴിവാക്കി മൂന്നോ നാലോ മാസങ്ങൾക്കുള്ളിലാണ് ‘പ്രേമലു’ റിലീസ് ചെയ്ത് വലിയ വിജയമായത്. ഇതോടെ അന്നത്തെ തീരുമാനത്തിൽ നിർമാതാവിന് നഷ്ടബോധം തോന്നിയിട്ടുണ്ടാകാമെന്നും, സിനിമ ചെയ്യാൻ ഇപ്പോഴും തനിക്ക് താൽപര്യമുണ്ടെന്നും കമൽ പറഞ്ഞു.
അരികൊമ്പന്റെ കഥയുമായി തമിഴ് ചിത്രം; ടീസർ തരംഗമാകുന്നു

നാടിനെയും കാടിനെയും ഒരുപോലെ വിറപ്പിച്ച അരികൊമ്പന്റെ ജീവിതവും വനമേഖലയിൽ ജീവിക്കുന്ന മനുഷ്യരുടെ പോരാട്ടവും പ്രമേയമാക്കി ഒരുങ്ങുന്ന പുതിയ തമിഴ് ചിത്രം ‘അരികൊമ്പൻ’ തിയേറ്ററുകളിലേക്ക്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. യഥാർഥ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വൈകാരിക മുഹൂർത്തങ്ങൾക്കും ആക്ഷൻ രംഗങ്ങൾക്കും പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മലയാള ചിത്രം ‘ട്രാഫിക്കി’ന്റെ തമിഴ് റീമേക്കിൽ ആസിഫ് അലിയുടെ വേഷം അവതരിപ്പിച്ച് ശ്രദ്ധേയനായ മിഥുൻ മഹേശ്വരനാണ് ചിത്രത്തിന്റെ സംവിധായകനും നായകനും. ‘എങ്കെയും എപ്പോതും’, ‘ചെന്നൈയിൽ ഒരു നാൾ’, ‘കോക്ടെയിൽ’, ‘യുദ്ധസത്തം’ തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളിലൂടെ മിഥുൻ പ്രേക്ഷകർക്ക് പരിചിതനാണ്. തമിഴ്നാട്ടിലെ പച്ചൈമല, കൊല്ലിമല തുടങ്ങിയ മലയോര മേഖലകളുടെ പ്രകൃതിഭംഗിയിലാണ് ചിത്രീകരണം നടന്നത്. കാട്ടാനയുടെ സാന്നിധ്യവും വനത്തെ ആശ്രയിച്ച് ജീവിക്കുന്ന മനുഷ്യരുടെ അതിജീവനവുമാണ് ചിത്രം അവതരിപ്പിക്കുന്നത്. ഡിസംബർ 11ന് കേരളത്തിലും തമിഴ്നാട്ടിലും ഉൾപ്പെടെ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ‘അരികൊമ്പൻ’ റിലീസ് ചെയ്യും.
ഫഹദ് ഫാസിലിന്റെ ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ നെറ്റ്ഫ്ലിക്സ് ട്രെൻഡിങ്ങിൽ രണ്ടാമത്

എസ്. എസ് രാജമൗലി അവതരിപ്പിച്ച ഫഹദ് ഫാസിൽ ചിത്രം ട്രബിൾ ദി ട്രബിൾ ഒടിടിയിലും മികച്ച പ്രതികരണം നേടുന്നു. തിയറ്ററുകളിലെ വിജയകരമായ പ്രദർശനത്തിന് പിന്നാലെ നെറ്റ്ഫ്ലിക്സിലെത്തിയ ചിത്രം ട്രെൻഡിങ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. ഫഹദ് ഫാസിലിന്റെയും ബാലതാരം സാറയുടെയും മികച്ച പ്രകടനവും കാലഭൈരവയുടെ സംഗീതവുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങൾ. ഒരു ഫാന്റസി ഫാമിലി എന്റർടെയ്നറായ ചിത്രം ബാഹുബലി ഉൾപ്പെടെയുള്ള ബ്രഹ്മാണ്ഡ സിനിമകളുടെ നിർമ്മാതാക്കളായ ആർക്ക മീഡിയ വർക്ക്സിന്റെ പങ്കാളിത്തത്തോടെയാണ് ഒരുക്കിയത്. കൂടാതെ പതിവ് അഭിനയശൈലിയിൽനിന്ന് വ്യത്യസ്തമായ കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മലയാളത്തിൽ ശ്രദ്ധേയമായ സിനിമകൾ പ്രേക്ഷകരിലെത്തിച്ച ഭാവന സ്റ്റുഡിയോസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്. ചിത്രത്തിന്റെ ടീസറും ഗാനവും നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഫഹദ് ഫാസിലിനൊപ്പം ബാലതാരം സാറയുടെ പ്രകടനവും പ്രേക്ഷക പ്രശംസ നേടുന്നുണ്ട്. തിയറ്ററുകളിലെ സ്വീകാര്യതയ്ക്ക് പിന്നാലെ ഒടിടിയിലും ചിത്രം ട്രെൻഡിങ് പട്ടികയിൽ ഇടംപിടിച്ചത് അണിയറപ്രവർത്തകർക്ക് നേട്ടമായി.