അരികൊമ്പന്റെ കഥയുമായി തമിഴ് ചിത്രം; ടീസർ തരംഗമാകുന്നു

നാടിനെയും കാടിനെയും ഒരുപോലെ വിറപ്പിച്ച അരികൊമ്പന്റെ ജീവിതവും വനമേഖലയിൽ ജീവിക്കുന്ന മനുഷ്യരുടെ പോരാട്ടവും പ്രമേയമാക്കി ഒരുങ്ങുന്ന പുതിയ തമിഴ് ചിത്രം ‘അരികൊമ്പൻ’ തിയേറ്ററുകളിലേക്ക്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. യഥാർഥ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വൈകാരിക മുഹൂർത്തങ്ങൾക്കും ആക്ഷൻ രംഗങ്ങൾക്കും പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

മലയാള ചിത്രം ‘ട്രാഫിക്കി’ന്റെ തമിഴ് റീമേക്കിൽ ആസിഫ് അലിയുടെ വേഷം അവതരിപ്പിച്ച് ശ്രദ്ധേയനായ മിഥുൻ മഹേശ്വരനാണ് ചിത്രത്തിന്റെ സംവിധായകനും നായകനും. ‘എങ്കെയും എപ്പോതും’, ‘ചെന്നൈയിൽ ഒരു നാൾ’, ‘കോക്ടെയിൽ’, ‘യുദ്ധസത്തം’ തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളിലൂടെ മിഥുൻ പ്രേക്ഷകർക്ക് പരിചിതനാണ്.

തമിഴ്‌നാട്ടിലെ പച്ചൈമല, കൊല്ലിമല തുടങ്ങിയ മലയോര മേഖലകളുടെ പ്രകൃതിഭംഗിയിലാണ് ചിത്രീകരണം നടന്നത്. കാട്ടാനയുടെ സാന്നിധ്യവും വനത്തെ ആശ്രയിച്ച് ജീവിക്കുന്ന മനുഷ്യരുടെ അതിജീവനവുമാണ് ചിത്രം അവതരിപ്പിക്കുന്നത്. ഡിസംബർ 11ന് കേരളത്തിലും തമിഴ്‌നാട്ടിലും ഉൾപ്പെടെ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ‘അരികൊമ്പൻ’ റിലീസ് ചെയ്യും.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *